പൊതു വിഭാഗം

ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്…

ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല.
1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്.
ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്.
ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയ
പുതിയ കൊറിയൻ കാറുകൾ ഒരെണ്ണം സെക്കൻഡ് ഹാൻഡ് ജാപ്പനീസ് കാറിന്റെ വിലക്ക് കിട്ടും, എന്നാൽ അതൊരെണ്ണം എടുക്കാം എന്ന് ഇസ്രാർ.
അപ്പോൾ മുറ്റത്ത് ഒരു മിത്സുബിഷി പജേരോ വന്നു നിന്നു. അതിൽ നിന്നും ഒരു മുപ്പത് വയസ്സുള്ള സ്ത്രീ ഇറങ്ങി വന്നു.
നിങ്ങൾ പുതിയതായി വന്നതാണ് അല്ലേ?
അതേ.
പേരൊക്കെ പറഞ്ഞു പരിചയപ്പെട്ടു. അടുത്ത ക്വർട്ടേഴ്സിലെ താമസക്കാർ ആയിരിക്കും എന്നാണ് കരുതിയത്.
നിങ്ങൾക്ക് വീട്ടിലെ ജോലിക്ക് ആരെയെങ്കിലും വേണ്ടി വരുമല്ലോ ?
വരും
എന്നാൽ എൻറെ നന്പർ എടുത്തോളൂ. ആവശ്യം വരുന്പോൾ വിളിക്കണം.
നിങ്ങൾക്ക് വീട്ടുജോലിക്കാരെ ആരെയെങ്കിലും അറിയാമോ ?
ഇല്ല, ഞാൻ തന്നെയാണ് ജോലികൾ ചെയ്യാൻ പോകുന്നത്.
അതാണ് ബ്രൂണൈ. സന്പത്ത് സുൽത്താനിൽ മാത്രമല്ല, താഴെ തട്ടിൽ വരെ ഉണ്ട്.
ആരോഗ്യവും വിദ്യാഭ്യാസവും സൗജന്യമാണ്, വിദേശ വിദ്യാഭ്യാസത്തിന് അനവധി സ്‌കോളർഷിപ്പുകൾ വേറെ.
സർക്കാർ ചിലവിൽ ഗേറ്റഡ് കമ്മ്യൂണിറ്റികൾ ഉണ്ടാക്കി ഗ്രാമങ്ങളിൽ ഉള്ളവർക്ക് സൗജന്യമായി കൊടുക്കും.
ഇങ്ങനെ സന്പന്നമായി ജീവിക്കുന്ന ബ്രൂണൈയിൽ പക്ഷെ ആളുകൾക്ക് നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ശീലം ഉണ്ട്.
അവർ ഭക്ഷണം ഒട്ടും പാഴാക്കില്ല.
അവിടെ ഒരു കല്യാണത്തിന് പോയാൽ ഓരോ ടേബിളിലും പത്തുപേർക്കുള്ള ഭക്ഷണം ബഫേ പോലെ വച്ചിരിക്കുകയാണ്. നമ്മൾ ചുറ്റും ഇരിക്കുന്നു. പ്രാർത്ഥന കഴിഞ്ഞാൽ “മക്കാൻ” എന്ന് ആതിഥേയൻ പറയുന്നു. പിന്നെ ചുറ്റുമുള്ളവർ ആ ഭക്ഷണം കഴിക്കുന്നു.
അതിൽ അല്പം എങ്കിലും ബാക്കി ഉണ്ടെങ്കിൽ അത് പൊതിഞ്ഞു കയ്യിൽ എടുക്കുന്നു. ടേബിൾ കാലി.
ഓഫീസിലെ കാര്യവും വ്യത്യസ്തമല്ല. പാർട്ടി കഴിഞ്ഞാൽ ഉടൻ എല്ലാവരും ബാക്കിയുള്ളത് പൊതിഞ്ഞെടുക്കും. എത്ര ഉയർന്ന ഉദ്യോഗസ്ഥരാണെങ്കിലും അതിൽ മാറ്റമില്ല.
ലോകത്തെല്ലായിടത്തും ഇങ്ങനെ അല്ല എന്നറിയാമല്ലോ. ബ്രൂണെയ്ക്കു ശേഷം ഞാൻ ഒമാനിലേക്ക് ആണ് പോയത്. ബ്രൂണൈയെ അപേക്ഷിച്ച് സന്പന്ന രാജ്യം ഒന്നുമല്ല ഒമാൻ എങ്കിലും അവിടെ അഞ്ചു പേരെ ഭക്ഷണത്തിന് വിളിച്ചാൽ പതിനഞ്ചുപേർക്ക് ഭക്ഷണം ഉണ്ടാക്കുന്നതാണ് രീതി.
ഓഫീസ് പാർട്ടികളും വ്യത്യസ്തമല്ല. കൂടുതൽ ഭക്ഷണം കാണിക്കുന്നത് ആതിഥേയ മര്യാദയുടെ ഭാഗമാണ്.
കേരളത്തിലും കാര്യങ്ങൾ വ്യത്യസ്ഥമല്ല
ഭക്ഷണം കഴിച്ചാൽ ആരും പൊതിഞ്ഞു കെട്ടാനൊന്നും നിൽക്കില്ല.
എങ്ങനെയാണ് ബ്രൂണെയിൽ ഇത്തരത്തിൽ ഒരു സംസ്കാരം ഉണ്ടായത്?
ബ്രൂണെയിൽ എല്ലാക്കാലത്തും ഇത്തരം സംസ്കാരം ഉണ്ടായിരുന്നോ ?
ഇല്ല.
1897 ൽ എണ്ണ കണ്ടുപിടിക്കപ്പെട്ട രാജ്യമാണ് ബ്രൂണൈ. 1929 മുതൽ ഷെൽ അവിടെ ഉണ്ട്. അക്കാലത്ത് തന്നെ ആ രാജ്യം സന്പന്നമാണ്. അന്ന് തന്നെ മലയാളികൾ അവിടെ പോയി തുടങ്ങിയിട്ടുണ്ട്.
(ഗൾഫ് രാജ്യങ്ങളിൽ എണ്ണ ഉണ്ടെന്ന് കണ്ടുപിടിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്, അവർ എണ്ണകൊണ്ട് സന്പന്നമാകുന്നത് 1970 കളിലും).
എന്നാൽ എണ്ണയിൽ സന്പന്നമായ മറ്റു രാജ്യങ്ങൾക്ക് ഇല്ലാത്ത ഒരു ജീവിതാനുഭവം ബ്രൂണൈക്ക് ഉണ്ടായി.
1941 ഡിസംബർ പതിനാറു മുതൽ 1945 ജൂൺ പത്തു വരെ ബ്രൂണൈ ജപ്പാന്റെ അധീനതയിൽ ആയിരുന്നു.
ഈ കാലഘട്ടത്തിൽ ബ്രൂണൈ സാന്പത്തികമായി തകർന്നു. ഭക്ഷണത്തിനും വസ്ത്രത്തിനും ഉൾപ്പടെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും ആളുകൾ ബുദ്ധിമുട്ടി. പട്ടിണിയും ദാരിദ്ര്യവും നിത്യസംഭവമായി. നഗരങ്ങൾ വിട്ട് ആളുകൾ കാട്ടിലേക്ക് കയറി. വസ്ത്രത്തിന് പകരം മരത്തിന്റെ തൊലി വരെ ആളുകൾക്ക് ഉപയോഗിക്കേണ്ടി വന്നു എന്നൊക്കെയാണ് ചരിത്രം പറയുന്നത്!
ഭക്ഷണത്തിന്റെ വില ശരിക്കറിഞ്ഞ ഒരു സമൂഹം അവിടെ ഉണ്ടായി.
അതിൻറെ ബാക്കിപത്രമാണ് ആ നൂറ്റാണ്ടിന്റെ അവസാനവും ഞാൻ അവിടെ കണ്ട പെരുമാറ്റ രീതികൾ.
ഇന്നിപ്പോൾ യുദ്ധം കണ്ട തലമുറ ഒന്നും ബാക്കി ഉണ്ടാവില്ല, ആളുകളുടെ സ്വഭാവവും മാറും. അതാണ് ലോകം.
ഇതൊക്കെ ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.
ഇന്നിപ്പോൾ ഈ പുതുവർഷത്തിൽ ഞാൻ ഇത് വീണ്ടും ഓർത്തു.
പട്ടിണിയും മറ്റു ക്ഷാമവും ഒന്നുമുണ്ടായില്ലെങ്കിലും തീഷ്ണമായ പല ജീവിത അനുഭവങ്ങളിലൂടെയാണ് നമ്മളും കഴിഞ്ഞ രണ്ടു വർഷമായി കടന്നു പോകുന്നത്.
ഇതിൽ നിന്നും നാം എന്താണ് പഠിച്ചത് ? എന്താണ് നാം പഠിക്കേണ്ടത് ?
കൊറോണക്കാലത്തിന് മുൻപ് പുച്ഛം സ്ഥായീഭാവം ആയ ഒരു സമൂഹമായിരുന്നു നമ്മുടേത്. നമ്മളെ ഒഴിച്ച് മറ്റുള്ളവരെ, മറ്റുള്ള എന്തിനെയും ഇകഴ്ത്തിക്കാണുന്ന രീതി.
പക്ഷെ നമ്മൾ ആരിൽ നിന്നും വ്യത്യസ്തരല്ലെന്നും പരസ്പര ബന്ധിതവും പരസ്പരം ആശ്രയിക്കുന്നതുമായ ഒരു സമൂഹമാണ് ലോകം എന്നും നമുക്ക് മനസ്സിലായിക്കാണണം. രോഗവും വാക്സിനും ഒരുപോലെ നമ്മിലേക്ക് വന്നത് മറ്റിടങ്ങളിൽ നിന്നാണ്.
എത്ര വേഗത്തിൽ അതിരുകൾ അടയാമെന്നും തൊഴിലുകൾ ഇല്ലാതാകുമെന്നും നാം കണ്ടു.
ഹോട്ടൽ മാനേജർമാർക്ക് റോഡ് സൈഡിൽ മീൻ വിൽക്കുന്ന ജോലിയിലേക്ക് മാറേണ്ടി വരുമെന്ന് നമുക്ക് മനസ്സിലായി.
സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിച്ചാൽ ഏതൊരു പ്രതിസന്ധിയേയും നേരിടാം എന്ന് നമുക്ക് മനസ്സിലായി.
വിദ്യാഭ്യാസത്തിൽ, ആരോഗ്യ രംഗത്ത് നാം ചിന്തിക്കാത്ത മാറ്റങ്ങൾ ചിന്തിക്കുന്നതിലും വേഗത്തിൽ നമ്മുടെ ചുറ്റും എത്തി.
ഇതൊക്കെ നമ്മുടെ അടിസ്ഥാനമായ ചിന്തകളിൽ ഒരു മാറ്റം ഉണ്ടാക്കുമെന്ന് ഞാൻ വെറുതെ മോഹിച്ചു പോയി.
കൊറോണ കഴിയുന്പോഴും നമ്മൾ ഇപ്പോഴും ഭൂതക്കണ്ണാടിയും ആയി മറ്റുള്ളവരുടെ കുറ്റവും നോക്കി ഇരുപ്പാണ്. പങ്കാളിയുടെ, അയൽക്കാരുടെ, അന്യ സംസ്ഥാനക്കാരുടെ, എതിർ പാർട്ടിയുടെ, അന്യ മതത്തിന്റെ, സർക്കാരിന്റെ, നേതൃത്വത്തിന്റെ കുറ്റം തിരഞ്ഞുപിടിച്ച് അതിനെ പെരുപ്പിച്ചു കാട്ടുന്നതിൽ ആണ് നമ്മുടെ മിടുക്ക്, നമ്മുടെ സന്തോഷവും.
ഇത് മാറണം.
ഭൂതക്കണ്ണാടി മാറ്റി വച്ചിട്ട് നമ്മൾ ദൂരമാപിനി എടുക്കണം.
ലോകം അതിശയകരമായ രീതിയിൽ മാറുകയാണ്. മാറ്റം നമ്മുടെ ചുറ്റും ഉണ്ട്. കാലത്തിലും ദേശത്തിലും അല്പം ദൂരേക്ക് നോക്കിയാൽ നമുക്ക് മാറ്റത്തിന്റെ മായാജാലം കാണാം.
സന്പദ് വ്യവസ്ഥയുടെ എല്ലാ തലത്തിലേക്കും കടന്നു കയറുന്ന പുതിയ സാങ്കേതിക വിദ്യകൾ. നിർമ്മിത ബുദ്ധി, റോബോട്ട്, ഡ്രോണുകൾ, ഇന്റർനെറ്റ് ഓഫ് തിങ്കിങ്സ്, ജനിതക മാറ്റങ്ങൾ, ടെക്‌നോളജിയും ബയോളജിയും തമ്മിലുള്ള കൂടിച്ചേരൽ എന്നിങ്ങനെ.
തൊഴിൽ എടുക്കുന്നത് ആഴ്ചയിൽ ആറു ദിവസത്തിൽ നിന്നും മൂന്നു ദിവസത്തിലേക്ക് ചുരുങ്ങുന്ന ലോകം.
ശരാശരി ആയുർ ദൈർഖ്യം എഴുപതിൽ നിന്നും നൂറിലേക്ക് പോകുന്ന കാലം.
സൗരോർജ്ജത്തിൽ വരുന്ന മാറ്റങ്ങളോടെ വൈദ്യുതി സൗജന്യമാകുന്ന കാലം.
ഓൺലൈൻ പഠനം വ്യാപകമാകുന്നതോടെ വിദ്യാഭ്യാസം സർവത്രികകവും സൗജന്യവുമാകുന്ന ലോകം.
ലോകത്തെ ഭൂരിഭാഗം തൊഴിലുകളും എവിടെയും ഇരുന്നു ചെയ്യാൻ സാധിക്കുന്നതോടെ മതിലുകൾ ഇല്ലാതാകുന്ന തൊഴിൽ ലോകം.
കൃഷിയുൾപ്പടെയുള്ള തൊഴിലുകളിൽ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്ന പ്രൊഡക്ടിവിറ്റി വിപ്ലവം, അത് സന്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന്ന കുതിച്ചു കയറ്റം.
ആളുകളുടെ കയ്യിൽ സമയവും ആയുസ്സും പണവും ഉണ്ടാകുന്നതോടെ അതിരുകൾ ഇല്ലാതാകുന്ന യാത്രകൾ.
ഇതിന്റെ സൂചനകൾ നമുക്ക് ചുറ്റുമുണ്ട്. ഈ സാദ്ധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണങ്ങൾ എവിടെയും ഉണ്ട്. ഇത് നടപ്പിലാക്കാൻ കഴിവുള്ള വിദ്യാഭ്യാസമുള്ള തലമുറ വളർന്നു വരുന്നുണ്ട്.
പക്ഷെ മാറ്റങ്ങളുടെ ഈ ലോകം നമ്മൾ കാണുന്നുണ്ടോ ?,
ഇല്ല.
കാരണം, നമ്മൾ ഭൂതക്കണ്ണാടിയും പിടിച്ചിരിപ്പാണ്.
നമ്മൾ കാണുന്നതെല്ലാം കുഴപ്പങ്ങൾ ആണ്. ജാതി, മതം, ലഹരി, സെക്സ്, രാഷ്ട്രീയം. എവിടെയും പ്രശ്നങ്ങൾ മാത്രം.
പ്രശ്നങ്ങൾ ഇല്ല എന്നല്ല. ചുറ്റുമുള്ള പ്രശ്നങ്ങളിലേക്ക് ഭൂതക്കണ്ണാടിയും പിടിച്ചിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞിരുന്നാൽ മാറുന്ന ലോകം നമ്മളെ കടന്നു പോകും. ഇപ്പോൾ തന്നെ കേരളത്തിന് ഇടത്തും വലത്തും ഉള്ള ലോകം നമ്മുടെ മുന്നിലാണ്.
2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.
ഒരു മഹാമാരി ഇത്രയും മാറ്റമെങ്കിലും നമ്മളിൽ ഉണ്ടാക്കണം.
പുതുവത്സരാശംസകൾ!!!
മുരളി തുമ്മാരുകുടി

Leave a Comment