പൊതു വിഭാഗം

ഭാവിയുടെ രേഖാ ചിത്രം

മനോരമയുടെ രേഖാ ചിത്രത്തെ കളിയാക്കുക എന്നത് മലയാളികളുടെ ദേശീയ വിനോദമാണ്. പുതിയ ലോകത്ത് ചിത്രങ്ങൾ അക്ഷരങ്ങളെ തള്ളിപ്പുറത്താക്കുകയാണ്. ലോകത്തെ വിദ്യയുമുള്ള പുതിയ തലമുറക്ക് ഇമോജികളിൽ കൂടി മാത്രം പരസ്പരം വികാരങ്ങൾ പങ്കുവെക്കാൻ സാധിക്കുന്നു. ഭാഷ പോയി ഈജിപ്തിലെ പോലെ ഹൈറോഗ്‌ലൈഫിക്സ് ലേക്ക് കാര്യങ്ങൾ ചെന്നെത്തുമോ എന്ന് സംശയിക്കുന്ന ആളുകൾ വരെയുണ്ട്.
 
അതിനൊക്കെ കുറെ സമയം എടുക്കും. പക്ഷെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം പറയാം. പത്രങ്ങളിലും പ്രസിദ്ധീകരങ്ങളിലും രേഖാചിത്രം ഉണ്ടാക്കുക എന്നത് വലിയ തൊഴിൽ രംഗമായി മാറുകയാണ്. ലണ്ടനിലെ ഫൈനാൻഷ്യൽ ടൈംസ് അറുപത് പേരെയാണ് ഡേറ്റ വിഷലൈസേഷന് മാത്രമായി നിയമിച്ചിരിക്കുന്നത്. ഏത് സമയത്ത് ഏതു തരം മാപ്പുകളും ചാർട്ടുകളുമാണ് ഉണ്ടാക്കേണ്ടതെന്നതിന് ഭാഷയിലെ ഡിക്ഷ്ണറി പോലെ ഒരു ചാർട്ട് ഡിക്ഷണറി അവർ ഉണ്ടാക്കിയിട്ടുണ്ട് (ഫ്രീ കിട്ടില്ല, ചുളയിറക്കണം).
 
ഇനിയുള്ള കാലത്ത് രേഖാചിത്രങ്ങളുടെ പ്രാധാന്യം കൂടുകയേ ഉള്ളൂ. എല്ലാ മാധ്യമങ്ങളും ഇതിനൊക്കെ കൂടുതൽ ആളുകളെ നിയമിച്ച് തുടങ്ങണം. കുട്ടികൾ ഈ രംഗത്ത് കരിയർ ഉണ്ടാക്കാൻ ശ്രമിക്കണം.
 
ഇടുക്കി അണക്കെട്ടു തുറന്നാൽ എന്ത് സംഭവിക്കുമെന്നതിന്റെ മനോരമ ഗ്രാഫിക്സ് ആണിത്. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ലതാണ്. ഇടുക്കിയുടെ കൂടെ തന്നെ ഇടമലയാറും തുറന്നാൽ എന്ത് സംഭവിക്കും, 2013-ൽ വെള്ളം എവിടം വരെയെത്തി, തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കത്തിൽ എവിടം വരെയെത്തി എന്നൊക്കെക്കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ പ്രായോജനപ്രദമായേനേ.
 
കേരളത്തിലെ എൻജിനീയറിങ് കോളേജിലെ കുട്ടികളോട് ഒരിക്കൽക്കൂടി പറയുന്നു. ഈ വർഷം അണക്കെട്ട് തുറന്നാലും ഇല്ലെങ്കിലും ഈ അണക്കെട്ട് തുറക്കേണ്ടി വരുന്നതും കോടനാട് മുതൽ എറണാകുളം വരെ വെള്ളപ്പൊക്കം ഉണ്ടാകുന്നതുമായ സാഹചര്യങ്ങൾ ഇനി ഓരോ വർഷവും കൂടി വരാൻ പോവുകയാണ്. നിങ്ങൾ കാലാവസ്ഥ വ്യതിയാനം, സമുദ്രനിരപ്പിന്റെ വർദ്ധന, ഡാമുകൾ തുറക്കുന്ന സാഹചര്യം, ഡാമുകൾ പൊട്ടുന്ന സാഹചര്യം ഇവയെല്ലാം ചേർത്ത് ഒരു മോഡൽ ഉണ്ടാക്കണം. ഇപ്പോഴത്തെ പോലെ ആളുകളും അധികാരികളും “അണക്കെട്ട് തുറക്കുമ്പോൾ അറിയാമല്ലോ വെള്ളം ഇവിടെ എത്തുന്നത്” എന്ന മട്ടിൽ പരസ്പരം നോക്കുന്ന സ്ഥിതി ഉണ്ടാക്കരുത്.
 
മനോരമ ടീമിന് ആശംസകൾ. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഈ ഗ്രാഫിക്സ് പരിപാടി കൂടുതൽ ഊർജ്ജിതമാക്കണം
 
https://www.ft.com/chart-doctor
 
മുരളി തുമ്മാരുകുടി

Leave a Comment