പൊതു വിഭാഗം

ബോറടിക്കുന്പോൾ ഓർക്കേണ്ടത്…

ഓരോ വേനലവധിക്ക് മുൻപും ഞാൻ അവധിക്കാലത്തെ മുങ്ങിമരണത്തെപ്പറ്റി പോസ്റ്റ് ഇടാറുണ്ട്. ആദ്യകാലങ്ങളിൽ ധാരാളം പേർ ഇത് ഷെയർ ചെയ്യുമായിരുന്നു. ഇത്തവണത്തെ പോസ്റ്റ് സാധാരണയുള്ളതിന്റെ മൂന്നിലൊന്നു പേരുപോലും ഷെയർ ചെയ്തില്ല. ആളുകൾക്ക് ബോറടിച്ചു കാണണം.
 
ഇതിൽ അത്ഭുതമില്ല, കാരണം ഞാൻ പറയുന്നതിൽ ഒരു പുതുമയുമില്ല. “വേനലവധി വരുന്നു, കുട്ടികൾ പരിചയമില്ലത്ത സ്ഥലത്ത് വേണ്ടത്ര മേൽനോട്ടമില്ലാതെ പോയി അപകടത്തിൽപ്പെടും. അപകടത്തിൽ പെടുന്ന ആളെ രക്ഷിക്കാൻ മറ്റൊരാൾ എടുത്തു ചാടി അപകടത്തിൻറെ വ്യാപ്തി വർദ്ധിപ്പിക്കും. ഓരോ വേനൽക്കാലവും മുങ്ങിമരണം സംഭവിച്ച വീട്ടിലെ അച്ഛനമ്മമാർക്ക് മറക്കാൻ പറ്റാത്തതാകും. അതുകൊണ്ട് സൂക്ഷിക്കണം. ഇതാണ് സന്ദേശം, ഓരോ വർഷവും പറയുന്നു.
പക്ഷെ ഈ സന്ദേശം ഇനിയും കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിയിട്ടില്ല എന്നാണ് ഇന്നത്തെ മരണങ്ങൾ സൂചിപ്പിക്കുന്നത്. ഇതെന്തൊരു കഷ്ടമാണ് ?
 
വായനക്കാർ ഒരു കാര്യം ഓർക്കണം. 2012 ൽ വർഷം ആയിരത്തി അഞ്ഞൂറ് പേർ മുങ്ങി മരിച്ചിരുന്നത് രണ്ടായിരത്തി പതിനഞ്ചായപ്പോൾ ആയിരത്തി ഇരുന്നൂറ് പേരായി, അതായത് മുന്നൂറ് ജീവനുകൾ നമ്മുടെ ശ്രമം കൊണ്ട് രക്ഷപെട്ടിട്ടുണ്ട്. എൻറെ ഊഹം ശരിയാണെങ്കിൽ കേരളത്തിലെ മുങ്ങി മരണ സംഖ്യ ഇപ്പോൾ ആയിരത്തിൽ താഴെ എത്തിയിട്ടുണ്ട്. നിർഭാഗ്യവശാൽ സർക്കാർ ഈ കണക്കുകൾ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല. നിങ്ങളുടെയെല്ലാം ശ്രമഫലമായിട്ടാണ് ജലസുരക്ഷയുടെ സന്ദേശം കൂടുതൽ ആളുകളിൽ എത്തുന്നതും ജീവൻ രക്ഷപെടുന്നതും. ദുരന്ത ലഘൂകരണത്തിൻറെ ഒരു പ്രശ്നം എന്തെന്നാൽ നമ്മുടെ സന്ദേശങ്ങൾ കാരണം മുൻകരുതൽ എടുത്ത് ഒരു ജീവൻ രക്ഷപെടുന്പോൾ ആ കാര്യം അവരോ നമ്മളോ അറിയുന്നില്ല. നമ്മുടെ ശ്രമങ്ങൾക്ക് ഒരു അംഗീകാരവും കിട്ടുകയുമില്ല. എന്നാലും നമ്മൾ ശ്രമം തുടർന്നു കൊണ്ടേയിരിക്കണം.
 
എൻറെ വായനക്കാരോട് ഒരു വാക്ക്. ഞാൻ മറ്റുള്ള വിഷയങ്ങൾ പോസ്റ്റുന്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മാത്രം ലൈക്കോ ഷെയറോ ചെയ്താൽ മതി. എന്നാൽ സുരക്ഷയെപ്പറ്റി പറയുന്പോൾ മുൻ-പിൻ ചിന്തിക്കാതെ ഷെയർ ചെയ്യണം. എത്രയോ കാര്യങ്ങൾ നിങ്ങൾ ഷെയർ ചെയ്യുന്നു. നിങ്ങളുടെ ഈ ഒരു ഷെയർ കാരണം ഒരു ജീവനെങ്കിലും രക്ഷപെട്ടാൽ അത്രയും ആയില്ലേ. പോയാൽ ഒരു ഷെയർ, കിട്ടിയാൽ ഒരു ജീവൻ!
 
മുരളി തുമ്മാരുകുടി
ജനീവ, ഏപ്രിൽ 22, 2019
 
https://www.marunadanmalayali.com/more/obituary/three-students-died-at-enath-144601

Leave a Comment