പൊതു വിഭാഗം

ബെന്നിച്ചേട്ടനും ഞാനും

എം എൽ എ യും, യു ഡി എഫ് കൺവീനറുമായ ശ്രീ ബെന്നി ബെഹനാനെ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥനും എഴുത്തുകാരനും ആകുന്നതിന് മുൻപേ ഞാൻ അറിയും. എന്നെപ്പോലെ അദ്ദേഹവും വെങ്ങോലക്കാരനാണ്. എല്ലാ വെങ്ങോലക്കാർക്കും എന്ന പോലെ എനിക്കും അദ്ദേഹം ബെന്നിച്ചേട്ടൻ ആണ്.
 
ബെന്നിച്ചേട്ടന്റെ അച്ഛനും എൻറെ അമ്മാവനും വലിയ സുഹൃത്തുക്കളായിരുന്നു. ബെന്നിച്ചേട്ടന്റെ അച്ഛൻ ശ്രീ ഓ തോമസ് സാർ ഞങ്ങളുടെ ചരിത്രാധ്യാപകനായിരുന്നു. അതിന് മുൻപ് ഞങ്ങൾ പഠിച്ച സ്‌കൂൾ സ്ഥാപിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. അതിനും മുൻപേ വെങ്ങോലയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാര്യം വെങ്ങോല മുഴുവൻ നടന്ന് ഉച്ചഭാഷിണിയിലൂടെ അറിയിച്ചത് തോമസ് സാർ ആയിരുന്നു എന്ന് എൻറെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. വെങ്ങോലയിലെ ആദ്യത്തെ കോൺഗ്രസ് പ്രവർത്തകനും നേതാവുമായിരുന്നു അദ്ദേഹം.
 
വെങ്ങോലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു എന്റെ അമ്മാവൻ. വെങ്ങോലയിൽ സഹകരണ സംഘവും ലൈബ്രറിയും ഒക്കെ ഉണ്ടാക്കുന്നതിൽ മുൻകൈ എടുത്തത് അമ്മാവനാണ്. അമ്മാവനും തോമസ് സാറും നേരിട്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ സമൂഹത്തിന് നന്മ ചെയ്യുന്നതിൽ അവർ തീർച്ചയായും മത്സരിച്ചിട്ടുണ്ട്. എല്ലാക്കാലത്തും ആരോഗ്യകരമായ ബന്ധം അവർ തമ്മിലുണ്ടായിരുന്നു. സ്‌കൂളിന് വേണ്ടി പിരിവിനായി തോമസ് സാർ അമ്മാവന്റെ അടുത്ത് വന്നിട്ടുണ്ട്. സംഘത്തിന് വേണ്ടി അമ്മാവൻ തോമസ് സാറിന്റെ അടുത്തും. സാറും അമ്മാവനും ഇന്നില്ല, അവർ ഉണ്ടാക്കിയ പ്രസ്ഥാനങ്ങൾ നാടിന് നന്മ ചെയ്ത് ഇന്നും നിലനിൽക്കുന്നു. രാഷ്ട്രീയത്തിൽ കോൺഗ്രസ്സും കമ്യൂണിസ്റ്റും ആയ ആളുകളോട് അന്നും ഇന്നും എനിക്ക് വ്യക്തിപരമായ ബന്ധവും ബഹുമാനവുമുണ്ട്. നന്മ ചെയ്യുന്നവർക്ക് അത് ഏത് വഴിയും ആകാം.
 
തോമസ് സാറിന്റെ മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു ബെന്നിച്ചേട്ടൻ. ചെറുപ്പത്തിലേ ചേട്ടൻ രാഷ്ട്രീയത്തിൽ ഇറങ്ങി. ഞാൻ വെങ്ങോലപ്പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കാലത്ത് തന്നെ ബെന്നിച്ചേട്ടൻ കെ എസ് യു പ്രസിഡണ്ട് ആണ്. കേരളത്തിലെ തന്നെ ഏറ്റവും നല്ല രാഷ്ട്രീയ പ്രസംഗികരിൽ ഒരാളും. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിലെ നിർണ്ണായക സാന്നിധ്യമാണ്. രാഷ്ട്രീയമായി വിജയങ്ങളും ആരോപണങ്ങളും ഉണ്ടായി. അന്നും ഇന്നും മുഴുവൻ സമയ കോൺഗ്രസുകാരനായി, സംഘടനാ പ്രവർത്തകനായി ജനങ്ങളുടെ നടുവിലാണ്.
എനിക്ക് അന്നും ഇന്നും ബെന്നിച്ചേട്ടൻ ഒരുപോലെയാണ്. ഏത് ജനക്കൂട്ടത്തിന് നടുവിലും തിരിച്ചറിയും, കുശലം പറയും, ഏത് പരിപാടിക്കായി വിളിച്ചാലും അവിടെ ഓടിയെത്തും. എന്ത് സഹായം വേണമെങ്കിലും ചെയ്യും.
 
ബെന്നിച്ചേട്ടന്റെ പ്രവർത്തനത്തിനും കഴിവിനും അനുസരിച്ചുള്ള പാർലിമെന്ററി സ്ഥാനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്ന വിശ്വാസക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ നാട്ടിൽ നിന്നും തന്നെ അദ്ദേഹം തിരഞ്ഞെടുപ്പിന് നിൽക്കുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ചെറിയൊരു ആരോഗ്യപ്രശ്നത്താൽ ചേട്ടൻ വിശ്രമത്തിലായതുകൊണ്ട് ഇത്തവണ നേരിൽ കാണാൻ പറ്റിയില്ല. ചേട്ടൻ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നും തിരഞ്ഞെടുപ്പിൽ വിജയിക്കട്ടെ എന്നും ആശംസിക്കുന്നു..!
 
മുരളി തുമ്മാരുകുടി
 
 

Leave a Comment