പൊതു വിഭാഗം

ബുദ്ധിമുട്ടുള്ള കാലത്ത് തൊഴിൽ അന്വേഷിക്കുന്പോൾ !

“ചേട്ടാ, സാന്പത്തികമായി വളരെ ഞെരുക്കത്തിലാണ്, ഒരു നല്ല ജോലി കിട്ടിയാലേ പിടിച്ചുനിൽക്കാൻ പറ്റൂ, എൻറെ ബയോഡാറ്റ ഒന്ന് പരിഗണിക്കണം.”
 
“സർ, എന്റെ ജോലിസ്ഥലത്ത് ആകെ പ്രശ്നമാണ്, അതുകൊണ്ട് ഞാനിവിടെനിന്നും മാറാൻ ശ്രമിക്കുകയാണ്, എൻറെ ആപ്ലിക്കേഷൻ ഒന്ന് പരിഗണിക്കണം.”
 
ഇത്തരത്തിലുള്ള അനവധി മെസ്സേജുകൾ ലോകത്ത് പലയിടത്തുനിന്നും എനിക്കു വരാറുണ്ട്.
 
നിങ്ങൾ ഒരു പ്രസ്ഥാനം നടത്തുകയാണെങ്കിൽ, എവിടെയെങ്കിലും സൂപ്പർവൈസറോ മനേജരോ ആണെങ്കിൽ നിങ്ങൾക്കും ഇത്തരം സന്ദേശങ്ങൾ കിട്ടിയിട്ടുണ്ടാകും. വിദേശത്ത് നിന്നും നാട്ടിലെത്തിയാൽ ഇത്തരം ആവശ്യങ്ങളുമായി വരുന്നവരും ഉണ്ട്.
എഴുതുന്നവർ ആത്മാർത്ഥമായാണെഴുതുന്നത് എന്ന കാര്യത്തിൽ സംശയമില്ല. നിങ്ങളുടെ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ നിങ്ങളുടെ പ്രശ്നങ്ങൾ പറയാമെങ്കിലും നിങ്ങൾ എവിടെയാണോ ജോലിയന്വേഷിക്കുന്നത് അവരോട് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പറയുകയെന്നത് ഒരു തൊഴിൽ അന്വേഷിക്കുന്പോൾ ചെയ്യാവുന്ന ഏറ്റവും വലിയ അബദ്ധമാണ്. ഇവിടെ, നിങ്ങളുടെ അപേക്ഷ പരിഗണിക്കാതിരിക്കാനുള്ള സാധ്യത ഏതാണ്ട് നൂറു ശതമാനമാണ്.
 
ഇതിന് പല കാരണങ്ങൾ ഉണ്ട്.
 
1. ഒരു പ്രസ്ഥാനം നടത്തുന്നവരുടെ (സ്വന്തം സ്ഥാപനം ആണെങ്കിലും മറ്റുള്ളവരുടെ സ്ഥാപനം മാനേജ് ചെയ്യുന്നതാണെങ്കിലും) പ്രധാന ഉദ്ദേശം അത് നന്നായി നടത്തുക എന്നതാണ്. നാട്ടിലെ ആളുകളുടെ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കുക എന്നതല്ല.
 
2. അതുകൊണ്ടുതന്നെ ഒരു ഒഴിവുണ്ടെങ്കിൽ അതിന് ഏറ്റവും ചേർന്നയാളെ കണ്ടുപിടിക്കാനാണ് പ്രൊഫഷണലായിട്ടുള്ള ഏതൊരു സൂപ്പർവൈസറും ശ്രമിക്കുക. അല്ലാതെ അപേക്ഷിക്കുന്നവരിൽ ഏറ്റവുംകൂടുതൽ പ്രശ്നങ്ങളുള്ളവരെ കണ്ടുപിടിച്ച് അവർക്ക് തൊഴിൽ കൊടുത്ത് ‘ആശ്വാസം’ നൽകുക എന്നതല്ല.
 
3. ജോലിസ്ഥലത്തേക്ക് ഒരാൾ വരുന്പോൾ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ എന്താണെന്നറിയാനുള്ള സംവിധാനം സാധാരണഗതിയിൽ നമുക്കില്ല. പക്ഷെ വ്യക്തിജീവിതത്തിൽ അധികം കുഴപ്പമൊന്നുമില്ലാതെ ജോലിയിൽ ഫോക്കസ് ചെയ്യാൻ പറ്റുന്നവരെയാണ് പൊതുവെ തൊഴിൽ ദാതാക്കൾക്കിഷ്ടം. നമ്മുടെ കുഴപ്പങ്ങൾ അവരോടു പറഞ്ഞാൽ “ഇവിടെത്തന്നെ ആവശ്യത്തിനുള്ളകുഴപ്പങ്ങൾ ഉണ്ടല്ലോ, എന്തിനാണ് പുറമെനിന്നും പ്രശ്നങ്ങളെടുത്തുവെക്കുന്നത്” എന്നാവും ആളുകൾ ചിന്തിക്കുക.
 
4. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ മറ്റുള്ളവരോ സാഹചര്യങ്ങളോ ആണെന്നാണ് നമ്മൾ കരുതുന്നത്. പക്ഷെ നമുക്കു ചുറ്റുമുളളവർ കരുതുന്നത് അങ്ങനെയല്ല ! ആരോഗ്യപ്രശ്നം ഒഴിച്ചുള്ള വ്യക്തിപരമോ സ്വകാര്യമോ ആയ പ്രശ്നങ്ങൾ ആരെങ്കിലും നമ്മളോട് പറഞ്ഞാൽ, ആ പറയുന്നയാൾക്കും അതിലൊരു പങ്കുണ്ടെന്നാണ് നമ്മൾ മനസിലാക്കുക (അങ്ങനെയല്ലെങ്കിൽത്തന്നെയും). അങ്ങനെ സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരാളെ ജോലിക്കെടുക്കുന്നതിന് ആളുകൾ മടിക്കും.
 
5. ഒഫിഷ്യലായിട്ടുള്ള കത്തുകളിൽ വ്യക്തിപരമായ പ്രശ്നങ്ങളെഴുതുന്നത് ഒട്ടും പ്രൊഫഷണലല്ലാത്ത കാര്യമാണ്. ഈ ഒറ്റക്കാര്യം കൊണ്ടുതന്നെ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
 
ചെയ്യേണ്ടത് ഇതാണ്. വ്യകതിജീവിതത്തിലെ പ്രശ്നങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും സാന്പത്തിക ഉപദേശകരും കൗൺസിലർമാരുമായി ചർച്ചചെയ്ത് പരിഹരിക്കാൻ ശ്രമിക്കുക. സാധിക്കുമെങ്കിൽ നിങ്ങളുടെ വ്യ്കതിജീവിതത്തിലെ പ്രശ്നങ്ങൾ ഒരുകാരണവശാലും നിങ്ങളുടെ തൊഴിലിടത്തെക്ക് കൊണ്ടുപോകാതിരിക്കുക. നിങ്ങൾ പുതിയതായി തൊഴിൽ അന്വേഷിക്കുന്ന സ്ഥലത്ത് ഒരിക്കലും നിങ്ങളുടെ സ്വകാര്യബുദ്ധിമുട്ടുകൾ പറയരുത്.
 
നിങ്ങൾക്ക് ഭിന്നശേഷിയോ രോഗമോ കാരണം തൊഴിൽ കാര്യത്തിൽ ഏതെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ (ഉദാഹരണത്തിന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട്) ഉണ്ടെങ്കിൽ ജോലിയുടെ ഇന്റർവ്യൂ സ്റ്റേജിൽ അത് പറയുന്നതിൽ ഒരു തെറ്റുമില്ല. മാത്രമല്ല, അതാണ് ശരിയും.
മുരളി തുമ്മാരുകുടി, Neeraja Janaki

Leave a Comment