പൊതു വിഭാഗം

ബജറ്റിലെ വിദ്യാഭ്യാസം.

പണ്ടൊക്കെ ഇന്ത്യയിലെ ബജറ്റവതരണം ലൈവ് ആയി കേൾക്കാൻ ശ്രമിക്കുമായിരുന്നു. ടി വി ചർച്ച, പിറ്റേന്നത്തെ പത്രം, പാൽക്കിവാലയുടെ ബജറ്റ് അനാലിസിസ് പ്രസംഗം, ഇതൊക്കെ കഴിഞ്ഞാലാണ് ഒരു ബജറ്റ് സൈക്കിൾ പൂർത്തിയായിരുന്നത്.
 
ഇപ്പോൾ ഇത്രയൊന്നും ശ്രദ്ധിക്കാറില്ല. ഓരോ വർഷവും പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം വലുതാണ്. നികുതിപിരിവിന്റെ ശതമാനത്തിലുള്ള കണക്കെല്ലാം കൃത്യമായി കൂടുന്പോൾ നയപരമായി പറയുന്ന കാര്യങ്ങൾ പതുക്കെ മാത്രമേ മുന്നേറാറുള്ളൂ. അപ്പോൾ പ്രസംഗങ്ങളും അതിന്റെ വിശകലനവും കേട്ട് സന്തോഷിച്ചിട്ട് വലിയ കാര്യമൊന്നുമില്ല.
 
സ്റ്റഡി ഇൻ ഇന്ത്യ എന്നതാണ് ഈ തവണത്തെ ബജറ്റിലെ ഒരു പ്രധാന ഇനമായി പത്രത്തിൽ ഉള്ളത്. നല്ല കാര്യം.
“The ‘Study in India’ campaign by the central government, announced by finance minister Nirmala Sitharaman during her Budget speech on Friday, is bound to get a big thumbs up from the international student community, especially from those in Ethiopia, Nigeria and Afghanistan.”
 
ഈ വാർത്ത പക്ഷെ കഴിഞ്ഞ ബജറ്റിന് ശേഷം വന്നതാണ്.
 
ഇത് കേട്ട് ഞാൻ ആഫ്രിക്കയിലും ഏഷ്യയിലും ഒക്കെയുള്ള കുറച്ചു വിദ്യാർത്ഥികളോട് ഇന്ത്യയിൽ അപേക്ഷിക്കാൻ പറഞ്ഞു. നമ്മുടെ യൂണിവേഴ്സിറ്റികളിൽ നിന്ന് അവർക്ക് ഒരു മറുപടി കിട്ടുക എന്നത് തന്നെ വെല്ലുവിളിയാണ്. അഡ്മിഷന്റെ കാര്യം പറയാനുമില്ല.
 
(കോഴിക്കോട് യൂണിവേഴ്സിറ്റി ഇക്കാര്യത്തിൽ വളരെ കാര്യക്ഷമമാണ്). അഡ്മിഷൻ കിട്ടിയാലും വിസ കിട്ടുക എന്നത് അതിലും ബുദ്ധിമുട്ടാണ്. ഇതെല്ലാം കഴിഞ്ഞു നാട്ടിൽ വിദ്യാഭ്യാസത്തിനായി എത്തുന്നവർ നേരിടുന്ന അനവധി വെല്ലുവിളികൾ അവർ പറഞ്ഞു കേട്ടിട്ടുണ്ട്. താമസ സ്ഥലം കിട്ടാത്തത്, കറുത്ത വർഗ്ഗക്കാരോട് നാം കാണിക്കുന്ന വിവേചനം, രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിൽ എത്തുന്പോൾ ഉള്ള വെല്ലുവിളികൾ എന്നിങ്ങനെ. അതുകൊണ്ട് ഞാൻ ഇപ്പോൾ ആരെയും ഇക്കാര്യത്തിന് പ്രോത്സാഹിപ്പിക്കാറില്ല.
 
അടിസ്ഥാനപരമായി നല്ല ഈ ആശയത്തെ നടപ്പിലാക്കാൻ എല്ലാവരും ഒത്തുപിടിക്കണം. നമ്മുടെ വിദ്യാഭ്യാസ വകുപ്പും, വിദേശകാര്യ വകുപ്പും, ആഭ്യന്തരവകുപ്പും ഒരുമിച്ചു ശ്രമിച്ചാൽ ഒരു വർഷം പത്തുലക്ഷം വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിൽ എത്തിക്കാം എന്നതിൽ എനിക്കൊരു സംശയവുമില്ല.
ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുമെന്നും വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന കാര്യമാണ്. നല്ല കാര്യമാണ്. പക്ഷെ വെല്ലുവിളികൾ ഇവിടെയും ഉണ്ട്. IISER പോലെ ഒന്നാം തരം യൂണിവേഴ്സിറ്റികൾ നൽകിയ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രിക്ക് പോലും പി എസ് സി പരീക്ഷക്ക് ഇരിക്കാനും അധ്യാപകരാകാനും സാധുത ഇല്ല എന്നുപറഞ്ഞ് ഉദ്യോഗാർത്ഥികളെ നട്ടം തിരിച്ച നാടാണ്. മൂന്നോ നാലോ വർഷം പഠിച്ചു ഡിഗ്രിയും ആയി വരുന്പോൾ അതിന് തുല്യത ഇല്ല എന്നൊന്നും പറയില്ല എന്ന് ഉറപ്പില്ലെന്ന് മാത്രമല്ല, അതിനുള്ള എല്ലാ സാധ്യതയും ഉണ്ട് താനും. ഇക്കാര്യം ആദ്യമേ പരിഹരിച്ചിട്ട് വേണം കുട്ടികളെ ഈ വഴിക്കു പറഞ്ഞുവിടാൻ.
 
ഒരു കാര്യം ഇഷ്ടപ്പെട്ടു. ഇന്ത്യയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് INSAT പരീക്ഷ തുടങ്ങുന്നു. ഐ ഐ ടിയിൽ നിന്ന് അമേരിക്കയിൽ പഠിക്കാൻ പോകാൻ ജി ആർ ഇ ക്ക് തയ്യാറെടുക്കുന്പോൾ മനുഷ്യരൊന്നും ഉപയോഗിക്കാത്ത കടുകട്ടിയായ ഇംഗ്ളീഷ് പദങ്ങൾ കാണാതെ പഠിക്കുന്ന കാലത്തേ ഉള്ളൊരു മോഹമാണ്, ഈ അമേരിക്കക്കാരെക്കൊണ്ട് ഹിന്ദിയിലെ കടുകട്ടി വാക്കുകൾ കാണാതെ പഠിപ്പിക്കുന്ന ഒരു കാലം വരണേ എന്ന്. ആ അച്ഛേ ദിൻ ആണ് വരുന്നത്. സന്തോഷം!
 
മുരളി തുമ്മാരുകുടി

Leave a Comment