പൊതു വിഭാഗം

ഫ്രാങ്ക് ആയി പറയുന്പോൾ…

സ്വന്തം അഭിപ്രായം ഒരു കൂസലില്ലാതെ വെട്ടിത്തുറന്നു പറയുന്നവർ നമ്മുടെയെല്ലാം ചുറ്റിലുമുണ്ട്. തന്റെ വാക്കുകൾ കേട്ട് മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നോ അവർക്ക് വിഷമമുണ്ടാക്കുമോ എന്നൊന്നും അവർ ചിന്തിക്കില്ല. ‘ഞാൻ ഇങ്ങനെയൊക്കെയാണ്’ എന്ന് വലിയ കാര്യമായി അവർ പറഞ്ഞുകൊണ്ട് നടക്കുകയും ചെയ്യും.
 
സത്യത്തിൽ മനസ്സിൽ തോന്നുന്നത് വിളിച്ചുപറയാൻ പ്രത്യേകിച്ച് സംഭവമൊന്നും ആകേണ്ട കാര്യമില്ല. സാമാന്യ ബുദ്ധിയും ഔചിത്യബോധവുമുള്ള മനുഷ്യർ എന്തെങ്കിലും മനസ്സിൽ വന്നുകഴിഞ്ഞാൽ അത് പറയുന്നതിന് മുൻപ് അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും, മറ്റുള്ളവരെ ബാധിക്കുന്നത് പിന്നീട് എങ്ങനെ നമ്മളെ ബാധിക്കും, നമ്മുടെ നാളെയെ എങ്ങനെ ബാധിക്കും, ഇന്നലത്തെ അഭിപ്രായവുമായി എങ്ങനെ ചേർന്ന് പോകുന്നു, നമ്മൾ താമസിക്കുന്ന രാജ്യത്ത്, ഇരിക്കുന്ന ചുറ്റുപാടിൽ ഒക്കെ ഈ അഭിപ്രായം പറയുന്നത് ശരിയാണോ എന്നൊക്കയുള്ള പലതരം ‘ഫിൽറ്ററുകളിൽ’ കൂടി കടത്തിവിട്ടു നോക്കും. ഇത് വളർച്ചയുടെ ഭാഗമായി നാം ആർജ്ജിക്കുന്ന ഒരു കഴിവാണ്. കൂടുതൽ പക്വത വരുന്നതോടെ ഈ ഫിൽറ്ററുകൾ എല്ലാം ഓട്ടോമാറ്റിക് പോലെയാകും. സാധാരണ ആളുകൾ സംസാരിക്കുന്ന അതേ സ്പീഡിൽ തന്നെ നമ്മൾ സംസാരിക്കുമെങ്കിലും ഈ ഫിൽറ്ററിൽ കൂടി അഭിപ്രായം കടന്നുപോയിട്ടുണ്ടാകും.
 
ഈ ‘ഫ്രാങ്കൻമാർക്ക്’ ഇത്തരം ഫിൽട്ടർ ഒന്നുമില്ല. സമൂഹത്തിലെ വളർച്ച അവരുടെ ബ്രെയിനിനെ ബാധിച്ചിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ഫ്രാങ്ക് ആയി അഭിപ്രായം പറയുന്നവരെ എനിക്കൊട്ടും ഇഷ്ടമല്ല.
 
ഒരു കാര്യം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മറ്റുളളവരെപ്പറ്റി ഫ്രാങ്ക് ആയി അഭിപ്രായം പറയുന്നവർക്ക് അവരുടെ തന്നെ മരുന്ന് തിരിച്ചു കിട്ടുന്പോൾ വലിയ വിഷമമാണ്. അവർ ഫ്രാങ്ക് ആയി പറയുന്നത് നമ്മൾ കേൾക്കണമെന്നും നമ്മൾ അവരെപ്പറ്റി ഡിപ്ലോമാറ്റിക്ക് ആയി പറയണമെന്നുമാണ് അവരുടെ ആഗ്രഹം.
സാധാരണഗതിയിൽ ഞാൻ ഒടുക്കത്തെ ഡിപ്ലോമാറ്റിക്ക് ആണെങ്കിലും ഇത്തരം ആളുകളെ തിരഞ്ഞുപിടിച്ച് സത്യത്തിൽ ഞാൻ അവരെപ്പറ്റി എന്താണ് ചിന്തിക്കുന്നതെന്ന് നേരിട്ട് പറഞ്ഞുകൊടുക്കുന്നത് ചെറുപ്പകാലം മുതൽ എൻറെ ഹോബിയാണ്. അക്കാലം തൊട്ടേ ചൊറിയന്മാരായ കാരണവന്മാർ പോലും സൂക്ഷിച്ചേ ഞാനുള്ളപ്പോൾ അഭിപ്രയം പറയാറുള്ളൂ.
ഫേസ്ബുക്കിലും സ്ഥിതി വ്യത്യസ്തമല്ല.
 
അതുകൊണ്ട് ഫ്രാങ്കൻമാർ ക്ഷമിക്കണം. ഫ്രാങ്ക് ആയിട്ടുള്ള അഭിപ്രായം കേൾക്കാനുള്ള മനക്കട്ടി ഇല്ലെങ്കിൽ ‘അളിയൻ ഈ പേജിൽ ഫ്രാങ്ക് ആയിട്ടുള്ള അഭിപ്രായവും ആയി വരരുത്.’
 
ചുമ്മാ പറഞ്ഞു എന്നേ ഉള്ളൂ…
 
മുരളി തുമ്മാരുകുടി
 

Leave a Comment