പൊതു വിഭാഗം

ഫേസ്ബുക്ക് രാജ്യത്തെ പൗരന്മാർ…

ലോകത്ത് 780 കോടി ജനങ്ങൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. അതിൽ 450 കോടി ആളുകൾ ഇന്റർനെറ്റിൽ പരസ്പര ബന്ധിതമാണെന്നാണ് മറ്റൊരു കണക്ക്.
 
ലോകത്തെ 250 കോടി ജനങ്ങൾക്കാണ് 2019 അവസാനം ഫേസ്ബുക്കിൽ അംഗത്വമുള്ളത്.
 
ലോകത്ത് ഇരുന്നൂറോളം രാജ്യങ്ങളുണ്ട്. യു എൻ അംഗരാജ്യങ്ങൾ തന്നെ 193.
 
ഇതിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് ചൈനയിലാണ്, 140 കോടിയോളം.
ഞാൻ പറഞ്ഞു വരുന്നത്, ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തെക്കാൾ ആളുകൾ ഫേസ്ബുക്കിലുണ്ട്.
എന്നാൽപ്പിന്നെ അവരെ ഒരു രാജ്യമായി അങ്ങ് പ്രഖ്യാപിച്ചു കൂടെ? ഫേസ്ബുക്ക് പേജ് ഉള്ളവർക്കെല്ലാം പൗരത്വവും കൊടുക്കാം !
 
ഇപ്പോഴത്തെ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് അതിനൊരു പരിമിതിയുണ്ട്. ഓരോ രാജ്യത്തിനും പരമാധികാരമുള്ള ഒരു തുണ്ട് ഭൂമിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. അതുകൊണ്ടാണ് 110 ഏക്കർ മാത്രമുള്ള വത്തിക്കാൻ സ്വതന്ത്ര രാജ്യമായിരിക്കുന്നതും അതിലും എത്രയോ കൂടുതൽ ഏക്കറുള്ള നമ്മുടെ തേയില എസ്റേറ്റുകളും റബ്ബർ എസ്റേറ്റുകളും രാജ്യമല്ലാതിരിക്കുന്നതും.
 
പക്ഷെ ഈ നിയമങ്ങളെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ്, അതുകൊണ്ട് തന്നെ മനുഷ്യർക്ക് മാറ്റാവുന്നതും ആണ്.
അതിന് മുൻപ് എന്താണ് ഒരു രാജ്യത്തെ പൗരത്വം കൊണ്ട് ഒരാൾക്ക് ലഭിക്കുന്നത് എന്ന് നോക്കാം.
 
1. ജീവനും സ്വത്തിനും സംരക്ഷണം.
2. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ കാര്യങ്ങൾ നേടുന്നതിനുള്ള സഹായം
3. വയസ്സുകാലത്തെ സംരക്ഷണം.
4. സ്വന്തം ഇഷ്ടപ്രകാരം പങ്കാളി, ജീവിത രീതി, മതം, ഇതെല്ലാം തിരഞ്ഞെടുക്കാനുള്ള അവകാശം.
5. സ്വന്തം രാജ്യത്തെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം.
6. സ്വന്തം രാജ്യത്ത് ഭരണാധികാരിയാകാൻ വേണ്ടി ശ്രമിക്കാനുള്ള അവകാശം.
7. മറ്റു രാജ്യങ്ങളിൽ പോയി കുഴപ്പത്തിലായാൽ സഹായം കിട്ടാനുള്ള അവകാശം
7. സ്വന്തം അഭിപ്രായങ്ങൾ പറയാനുള്ള അവകാശം.
 
ഇതൊക്കെ ഏറ്റവും അടിസ്ഥാനമാണെന്ന് തോന്നിയാലും ലോകത്തെ അനവധി രാജ്യങ്ങളിൽ പൗരന്മാർക്ക് ഈ അവകാശങ്ങൾ പലതുമില്ല. ഉദാഹരണത്തിന് സ്വന്തം രാജ്യത്തെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ലോകത്തെ ശതകോടിക്കണക്കിന് പൗരന്മാർക്കും ഇല്ല. സ്വന്തം രാജ്യത്തെ ഭരണാധികാരിയാകാൻ ശ്രമിക്കുന്നത് ലോകത്തെ അനവധി രാജ്യങ്ങളിൽ പൗരത്വമോ എന്തിന് തലയോ പോകാനുള്ള എളുപ്പ വഴിയാണ് !.
 
പൗരത്വത്തിന് പകരമായി നമ്മൾ രാജ്യത്തിന് തിരിച്ചു കൊടുക്കേണ്ട ചിലതുമുണ്ട്.
 
1. ആ രാജ്യത്തെ ഭരണഘടനയെ അംഗീകരിക്കുക.
2. ആ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുക.
3. കരം കൊടുക്കുക.
4 . രാജ്യാതിർത്തികൾ സംരക്ഷിക്കാൻ വേണ്ടിവന്നാൽ ആയുധമെടുത്തും പോരാടുക.
 
നിലവിൽ നമ്മുടെ പൗരത്വം നമ്മൾ അല്ല തിരഞ്ഞെടുക്കുന്നത്, നമ്മൾ എവിടെ ജനിച്ചോ അല്ലെങ്കിൽ നമ്മുടെ അച്ഛനമ്മമാർ എവിടെ ജനിച്ചോ, അതനുസരിച്ചാണ് നമ്മുടെ പൗരത്വം തീരുമാനിക്കപ്പെടുന്നത്. സ്വന്തം ഇഷ്ടപ്രകാരം പൗരത്വം കിട്ടുക എന്നതോ, ഒരു രാജ്യത്തെ പൗരത്വം മാറ്റി മറ്റൊരു രാജ്യത്തെ പൗരത്വം കിട്ടുക എന്നതോ ലോകത്തെ ബഹുഭൂരിപക്ഷത്തിനും എളുപ്പമുള്ള കാര്യമല്ല. മുള്ളുവേലിയുൾപ്പടെ അതിരുകൾ ഉള്ളൊരു ലോകത്താണ് നമ്മൾ ഇന്നും ജീവിക്കുന്നത്.
 
നാളെ പക്ഷെ അങ്ങനെ ആകണമെന്നില്ല. അങ്ങനെ ആയിരിക്കില്ല എന്നതാണ് എന്റെ വിശ്വാസം. ഇതിന് രണ്ടു കാരണങ്ങൾ ഉണ്ട്.
ഒന്നാമത് ഇന്റർനെറ്റ് എന്ന പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്ന പരസ്പര ബന്ധത്തിൽ കൂടി അതിരുകളില്ലാത്ത മഹാ സാമ്രാജ്യങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളെക്കാളും സാന്പത്തിക ശേഷിയും അവരുടെ അംഗങ്ങളെപ്പറ്റി അറിവും, അവരെ നിയന്ത്രിക്കാനുള്ള കഴിവുമുള്ള ആഗോളഭീമന്മാർ ഇപ്പോൾ തന്നെ ലോകത്തുണ്ട്. ഇത് ഇനിയും വളരാൻ പോവുകയാണ്. അതിർത്തിയും പട്ടാളവും ആയി കാര്യങ്ങൾ ചിന്തിക്കുന്ന രാജ്യങ്ങൾക്ക് അതിരുകളില്ലാത്ത ഈ സാമ്രാജ്യങ്ങളോട് മത്സരിക്കാൻ പറ്റാതെ വരും. സ്വന്തം നിലനിൽപ്പിനും വരുമാനത്തിനും ഇത്തരം ആഗോളഭീമന്മാരെ ആശ്രയിക്കേണ്ടി വരുന്ന രാജ്യങ്ങളെല്ലാം അവരുടെ അതിരുകൾ തുറന്നിടാൻ നിർബന്ധിതമാകും.
 
രണ്ടാമത് ലോകത്തെ ഭൂരിപക്ഷം ആളുകളും ഇപ്പോൾ തന്നെ നഗരങ്ങളിളാണ് ജീവിക്കുന്നത്. ഇത് ബഹുഭൂരിപക്ഷം ആകുന്ന ഒരു കാലം അതിവിദൂരമല്ല. ലോകത്തിലെ മിക്ക ആളുകൾക്കും കൂടുതൽ താല്പര്യമുള്ളത് അവർ ജീവിക്കുന്ന നഗരത്തിന്റെ കാര്യത്തിലാണ്. കാരണം അവിടുത്തെ ജലം, വായു, ട്രാഫിക്ക്, സുരക്ഷ, ഭരണത്തിലുള്ള പങ്കാളിത്തം, നല്ല നേതൃത്വം, അഭിപ്രായ സ്വാതന്ത്ര്യം ഇവയെല്ലാമാണ് ആളുകൾക്ക് പ്രധാനം. അവിടേക്ക് നികുതി കൊടുക്കാനാണ് ആളുകൾക്ക് താൽപര്യം. കാരണം, അവരുടെ നികുതിപ്പണം അവർക്ക് വേണ്ടിയാണ് ചിലവാക്കുന്നതെന്ന് ആളുകൾക്ക് ഉറപ്പിക്കാം. അവിടുത്തെ ഭരണ സംവിധാനത്തിലും ഭരണ നേതൃത്വത്തിലുമാണ് ആളുകൾക്ക് കൂടുതൽ താൽപര്യമുണ്ടാവുക. കാരണം അതിന്റെ ഫലങ്ങൾ അടുത്തും പെട്ടെന്നുമാണ്.
 
അതിരുകളില്ലാത്ത ഒരു ലോകം വരുന്പോൾ ഇത്തരം കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന നഗരങ്ങളിലേക്കാണ് ലോകത്തിലെ മിടുക്കന്മാരും മിടുക്കികളും ഒഴുകിയെത്താൻ പോകുന്നത്. അങ്ങനെ മിടുക്കന്മാരും മിടുക്കികളും ഒഴുകിയെത്തുന്ന നഗരങ്ങളാണ് സാന്പത്തികമായും സാമൂഹ്യമായും മുന്നോട്ടു കുതിക്കാൻ പോകുന്നത്. ഈ നഗരങ്ങൾക്ക് ഇന്ന് നമ്മൾ ഹോട്ടലിന് റിവ്യൂവും സ്റ്റാറും കൊടുക്കുന്നത് പോലെ ആളുകൾ റേറ്റിംഗ് കൊടുക്കും. ഓരോ നഗരവും അവരുടെ റേറ്റിങ്ങിനനുസരിച്ച് അവരുടെ ‘പൗരത്വത്തിന്’ കൂടുതൽ വില വെക്കും, റേറ്റിങ് കൂട്ടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും.
 
അതുകൊണ്ട് തന്നെ നാളത്തെ പൗരത്വങ്ങൾ രണ്ടു തരത്തിൽ ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. അതിരുകളില്ലാത്ത ആഗോള നെറ്റ്‌വർക്കുകളിൽ ഉള്ള അംഗത്വം. ജീവിക്കുന്ന നഗരത്തിലുള്ള പൗരത്വം. മറ്റുള്ളതെല്ലാം അപ്രസക്തമാകും.
 
അതും ഒരു കിനാശ്ശേരി..!
 
മുരളി തുമ്മാരുകുടി
 

Leave a Comment