പൊതു വിഭാഗം

ഫിൻലാൻഡിലെ പെട്ടി

നോക്കിയ ഫോൺ ലോകപ്രശസ്തമാകുന്നത് വരെ ഫിൻലാൻഡ് എന്ന രാജ്യത്തെപ്പറ്റി ലോകത്ത് അധികമാരും കേട്ടിട്ട് തന്നെ ഉണ്ടായിരുന്നില്ല. യൂറോപ്പിലെ താരതമ്യേന പാവപ്പെട്ട ഒരു രാജ്യമായിരുന്നു ഫിൻലാൻഡ് നാല്പത് വർഷം മുൻപ് വരെ. അത്ര വലിയ ജനസംഖ്യ ഒന്നുമില്ല, 5.5 million, കുറെ നാൾ സ്വീഡനും പിന്നെ റഷ്യയും ഒക്കെ കയ്യടക്കി വച്ചിരുന്ന സ്ഥലമാണ്. വിപ്ലവത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയത്, എന്നാലും ആയിരത്തി തൊള്ളായിരത്തി അൻപതുകൾ വരെ കൃഷി തന്നെ ആയിരുന്നു പ്രധാന വരുമാന മാർഗ്ഗം. പക്ഷെ ഇപ്പോൾ വ്യാവസായികമായി പുരോഗമിച്ചു, ലോകത്തെ മുൻ നിരയിലുള്ള ആളോഹരി വരുമാനം ഉണ്ട്. അതിലുപരി കുറഞ്ഞ ശിശുമരണ നിരക്ക്, കൂടിയ ആയുർദൈർഘ്യം എന്നിവയിലൊക്കെ ലോകത്തിന്റെ മുൻപന്തിയിലാണ്.

ഫിൻലാൻഡിനെ ഇപ്പോൾ ലോകം ഏറ്റവും മാതൃകയായി കാണുന്നത് അവരുടെ വിദ്യാഭ്യാസ രീതികളിൽ ആണ്. ലോകത്തെ സ്‌കൂൾ കുട്ടികളുടെ പ്രകടനം അളക്കുന്ന PISA റാങ്കിങ്ങിൽ വർഷങ്ങളായി ഫിൻലാൻഡ് മുന്നിട്ടു നിൽക്കുകയാണ് (http://www.oecd.org/pisa/).

എങ്ങനെയാണ് കേരളത്തിന്റെ ആറിലൊന്നു മാത്രം ജനസംഖ്യയുള്ള ഒരു കുഞ്ഞു രാജ്യം ഒരു തലമുറകൊണ്ട് ലോകത്തിന് മാതൃകയായത് ?

കഥ തുടങ്ങുന്നത് ഒരു ചെറിയ പെട്ടിയിൽ നിന്നാണ്. കൂടുതൽ ജനങ്ങൾ ഗ്രാമങ്ങളിൽ താമസിക്കുകയും വിദ്യാഭ്യാസം ലഭിക്കാതിരിക്കുകയും ചെയ്തതിനാൽ ആളുകളുടെ അറിവില്ലായ്മയുടെ ഫലമായി ഫിൻലാൻഡിൽ ശിശു മരണനിരക്ക് ഏറെ കൂടുതൽ ആയിരുന്നു. ഇതിനെ മറികടക്കാൻ ഫിൻലാൻഡ് ഒരു ചെറിയ പദ്ധതി തുടങ്ങി. ഗർഭിണികളായ സ്ത്രീകൾക്ക് കുട്ടി ഉണ്ടാകുന്നതിന് മുൻപ് ഒരു കുട്ടിക്ക് ആദ്യത്തെ മാസങ്ങളിൽ ആവശ്യമായ വസ്തുക്കൾ, കുഞ്ഞുടുപ്പും, നാപ്പിയും, ചെറിയ പുതപ്പും അടക്കം ഒരു ചെറിയ പെട്ടിയിലാക്കി സർക്കാരിന്റെ വക സമ്മാനമായി കൊടുക്കും. എന്നാൽ ഇത് കിട്ടണമെങ്കിൽ ഒരു കണ്ടീഷൻ ഉണ്ട്, ഗർഭിണികൾ ആദ്യം ഒരു ഡോക്ടറെ പോയി കാണണം.

ഈ പദ്ധതി നന്നായി ഫലിച്ചു. അമ്മമാർക്ക് പരിചരണം കിട്ടി, ശിശുമരണ നിരക്ക് കുറഞ്ഞു, അതോടെ ഓരോ കുടുംബത്തിലെ കുട്ടികളുടെ എണ്ണവും കൂടി. ഉള്ള കുട്ടികൾക്ക് സൗജന്യമായ വിദ്യാഭ്യാസവും കൂടി നൽകിയതോടെ ഫിൻലാൻഡ് വികസനത്തിന്റെ പാതയിലേക്ക് കയറി. ഇപ്പോൾ ലോകത്തെ ഏറ്റവും നല്ല മറ്റേർണിറ്റി ആനുകൂല്യങ്ങൾ കിട്ടുന്ന ഒരു രാജ്യമാണ് ഫിൻലാൻഡ് . അമ്മക്ക് നാല് മാസവും അച്ഛന് രണ്ടു മാസവും പ്രസവ അവധിയുമുണ്ട്. സ്വയം തൊഴിൽ കണ്ടെത്തിയവർക്കും ജോലി ഇല്ലാത്തവർക്ക് പോലും പ്രസവ സമയത്ത് പ്രത്യേക അലവൻസും ഉണ്ട്. കുട്ടിയുണ്ടായാലുള്ള ആനുകൂല്യങ്ങൾ വേറെയും. (http://www.inhabitots.com/finlands-family-benefits-prove-why-its-ranked-the-number-one-place-in-the-world-to-be-a-parent/)

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഫിൻലാൻഡ് ഒരു മാതൃകയാണ്. പ്രാഥമിക വിദ്യാഭാസം തുടങ്ങുന്നത് ഏഴു വയസ്സിൽ, ലോകത്ത് ഏറ്റവും വൈകി വിദ്യാഭ്യാസം തുടങ്ങുന്നത് ഇവിടെയാണെങ്കിലും പത്തു വർഷത്തെ പഠനം കഴിയുമ്പോൾ ലോകത്തിന്റെ മുൻ നിരയിൽ ആണിവിടത്തെ കുട്ടികൾ. മൂന്ന് വയസ്സിൽ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞു വിടുന്നത് നല്ലതല്ല എന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ കാണിക്കുന്നത്, ഇതൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഫിൻലാൻഡിൽ നന്നായി ശമ്പളം കിട്ടുന്നതും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ ഒരു ജോലി പ്രൈമറി സ്‌കൂൾ അധ്യാപകരുടേതാണ്. ബിരുദാനന്തര ബിരുദവും പി എച്ച് ഡി യും ഉള്ള അനവധി ആളുകളാണ് സ്‌കൂളിൽ പഠിപ്പിക്കുന്നത്. കുട്ടികളെ കണക്കും സയൻസും ഒന്നും വേറെ വേറെ പഠിപ്പിക്കാതെ ഓരോ പ്രശ്നങ്ങളെപ്പറ്റി പഠിപ്പിച്ച് അതിനു ചേർന്ന കണക്കോ സയൻസോ സാമൂഹ്യപാഠമോ പഠിപ്പിക്കുകയും ചെയ്യുന്ന പുതിയ രീതി ഇവരിപ്പോൾ പരീക്ഷിക്കുകയാണ്. ഇഗ്ളീഷിൽ കൂട്ടെഴുത്തൊക്കെ നിർത്തി ആ സമയം കമ്പൂട്ടറിൽ ടൈപ്പിംഗ് ആണ് അവർ പഠിപ്പിക്കുന്നത്. ഫിൻലാൻഡിലെ വിദ്യാഭ്യാസ പരീക്ഷണങ്ങൾ എല്ലാം മറ്റു രാജ്യങ്ങൾ ശ്രദ്ധിക്കുകയാണ്.

മാനവശേഷി വികസനമാണ് ഫിൻലാൻഡിന്റെ വികസനത്തിന്റെ ആണിക്കല്ല്. അതിനു വേണ്ടി ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവകരമായ മാറ്റങ്ങൾ അവർ പരീക്ഷിക്കുന്നു. ഇതിനൊക്കെ നേതൃത്വം നൽകുന്നത് ചെറുപ്പക്കാരായ മന്ത്രിമാരാണ്. ഇപ്പോൾ ഒരു വനിതാ മന്ത്രിയാണ് വിദ്യാഭ്യാസമന്ത്രി. പ്രായം മുപ്പത്തി അഞ്ചിലും താഴെ.

‘അധ്യാപകർ ആണ് ഫിൻലാൻഡിന്റെ വിജയത്തിന്റെ രഹസ്യം, ഫിൻലാന്റിലെ പുതിയ തലമുറ നല്ല അധ്യാപകർ ആകുന്നതാണ് സ്വപ്നം കാണുന്നത്’ എന്നാണ് അടുത്തയിടെ അബുദാബിയിലെ വിദ്യാഭ്യാസ കോൺഫറൻസിൽ ഇവർ പറഞ്ഞത്. അധ്യാപനം മഹത്തായ തൊഴിൽ എന്നൊക്ക മേനി പറയുമെങ്കിലും നമ്മുടെ സ്‌കൂൾ അധ്യാപകരെ നമ്മുടെ സമൂഹം വേണ്ട പോലെ വിലമതിക്കുന്നുണ്ടോ ? പതിനായിരം രൂപയിലും താഴെയാണ് ഇപ്പോഴും കേരളത്തിലെ ആയിരക്കണക്കിന് സ്‌കൂൾ അധ്യാപകരുടെ ശമ്പളം. സ്‌കൂളുകൾ, അത് സർക്കാരോ സ്വകാര്യമോ എയ്‌ഡടോ അൺ എയ്‌ഡടോ ആകട്ടെ നമ്മുടെ അടുത്ത തലമുറയെ വാർത്തെടുക്കുന്നവർക്ക് നല്ല ശമ്പളം ഉറപ്പാക്കണം. സ്‌കൂൾ അധ്യാപകർക്ക് കോളേജ് അധ്യാപകരേക്കാൾ ശമ്പളം കുറച്ചു കൊടുക്കേണ്ട ഒരു കാര്യവുമില്ല. ശിശുരോഗ വിദഗ്ദ്ധർക്ക് മറ്റു ഡോക്ടർമാരെക്കാൾ ശമ്പളം കുറക്കാറില്ലല്ലോ ? ഇക്കാര്യത്തിൽ നമ്മൾ കാണിക്കുന്ന അലംഭാവമാണ് പിൽക്കാലത്ത് നമ്മുടെ വികസന പാതയിൽ തടസ്സങ്ങളായി വരുന്നത്. (http://www.thenational.ae/uae/finlands-secret-to-success-is-teachers-abu-dhabi-forum-hears)

ഫിൻലാൻഡ് ഇപ്പോൾ സമ്പന്ന രാജ്യം ആണെന്ന് പറഞ്ഞല്ലോ. എന്നിട്ടും അവർ ഇപ്പോഴും വന്ന വഴി മറന്നിട്ടില്ല. ഫിൻലാൻഡിൽ അമ്മയാകാൻ പോകുന്ന ഓരോ സ്ത്രീക്കും, അവർ നാട്ടുകാരി ആണെങ്കിലും വന്നു താമസിക്കുന്നതാണെങ്കിലും, സർക്കാരിന്റെ പെട്ടി സമ്മാനമായി ഇപ്പോഴും ഉണ്ട്. എത്ര സമ്പന്നരാണെങ്കിലും ഫിൻലാൻഡുകാർ ഈ പെട്ടി പോയി മേടിക്കും. അതിലെ സമ്മാനം എല്ലാം എടുത്തിട്ട് കുട്ടിക്കിടക്ക അടിയിലിട്ടിട്ടാണ് ഫിൻലാൻഡിലെ കുട്ടികൾ ആദ്യ രാത്രി കഴിയുന്നത്. ഫിൻലാൻഡിൽ ജനിക്കുന്ന ഓരോ കുട്ടിയും, അത് മന്ത്രിയുടെ വീട്ടിൽ ആയാലും മരം വെട്ടുകാരന്റെ വീട്ടിൽ ആണെങ്കിലും അവർക്ക് ജീവിതത്തിൽ ഒരേ തുടക്കമാണ് ലഭിക്കുന്നത് എന്ന സന്ദേശം കൂടിയാണ് ഈ പെട്ടി നൽകുന്നത്.

Leave a Comment