പൊതു വിഭാഗം

ഫിൻലാന്റിലെ പുതിയ വിദേശകാര്യ മന്ത്രി.

യൂറോപ്പിലെ ആദ്യത്തെ ഗ്രീൻ പാർട്ടി മന്ത്രിയായിരുന്നു ഫിൻലാന്റിലെ പെക്ക ഹാവിസ്‌റ്റോ, 1995 ൽ. 2013 ൽ അദ്ദേഹം വീണ്ടും മന്ത്രിയായി. ഇന്നലെ പുതിയ വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്തു.
 
യൂറോപ്പിലെങ്ങും ഗ്രീൻ പാർട്ടികൾ കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. പണ്ടൊക്കെ ഒരു ചെറിയ കക്ഷിയായി പരിസ്ഥിതി മന്ത്രാലയം മാത്രം കൈകാര്യം ചെയ്തിരുന്നവർ കൂടുതൽ ശക്തിയാർജ്ജിച്ച് വിദേശ കാര്യ മന്ത്രാലയം വരെ എത്തി എന്നത് പ്രതീക്ഷക്ക് വക നൽകുന്നു.
 
സ്വീഡനിലെ സ്‌കൂൾ വിദ്യാർത്ഥിയായ ഗ്രെറ്റ തുൻബർഗ് ആണിപ്പോൾ യൂറോപ്പിലെങ്ങും ഗ്രീൻ പാർട്ടികളുടെ അജണ്ട നിശ്ചയിക്കുന്നത്. നിങ്ങളുടെ തലമുറ പരാജയപ്പെട്ടു, ഞങ്ങളോട് തെറ്റ് ചെയ്തു എന്ന് പഴയ തലമുറയുടെ മുഖത്ത് നോക്കി അവർ പറയുന്നു. ആളുകൾ അത് ശ്രദ്ധിക്കുന്നു, സ്‌കൂളിൽ പോകാതെ അവർ നടത്തിത്തുടങ്ങിയ ഒറ്റയാൾ സമരം ലോകം മുഴുവൻ ഏറ്റെടുക്കുന്നു.
 
പരിസ്ഥിതി സംരക്ഷണം രാഷ്ട്രീയത്തിന്റെ മധ്യത്തിൽ വരാതെ കേരളത്തിലും പരിസ്ഥിതി പ്രശ്നങ്ങളിൽ മാറ്റമുണ്ടാകില്ല. ഇപ്പോൾ ഭരണത്തിൽ ഉള്ളവരും പ്രതിപക്ഷത്തുള്ളവരും മാത്രമല്ല വോട്ടു ചെയ്യുന്ന തലമുറയും ഇക്കാര്യത്തിൽ പരാജയപ്പെട്ടു എന്നും, പുതിയ തലമുറയുടെ അവസരങ്ങൾ കുറച്ചു എന്നുമുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. വെല്ലുവിളികൾ നേരിടാൻ പുതിയ തലമുറ തയ്യാറാകുമോ, അതോ കാര്യങ്ങൾ അവർക്കു വേണ്ടി മറ്റുള്ളവർ ശരിയാക്കുമെന്ന് വിശ്വസിച്ച് സ്‌കൂളിൽ പോയി പഠിച്ചുകൊണ്ടിരിക്കുമോ എന്നതാണ് യഥാർത്ഥത്തിൽ നാം ശ്രദ്ധിക്കേണ്ടത്. ഗ്രെറ്റയുടെ ശ്രമങ്ങൾ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നും, അനുകരിക്കപ്പെടുന്നില്ല എന്നതും വിഷമത്തോടെ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
 
ഐക്യരാഷ്ട്ര സഭയിൽ ജോലിക്ക് കയറുന്ന കാലത്ത് പെക്ക ഹാവിസ്‌റ്റോ എൻറെ ബോസ് ആയിരുന്നു. എൻറെ പല കഥകളിലും പെക്ക ഒരു കഥാപാത്രമാണ്. ഞാൻ (പ്രധാന)മന്ത്രി ആകുന്ന കാലത്ത് ഇദ്ദേഹത്തെയാണ് റോൾ മോഡലായി കണ്ടുവെച്ചിരിക്കുന്നത്. പറ്റിയാൽ അദ്ദേഹത്തെ കേരളത്തിൽ ഒരിക്കൽ എത്തിക്കാൻ സാധിക്കുമോ എന്ന് നോക്കട്ടെ. ഹരിത രാഷ്ട്രീയം എന്താണെന്ന് ഒരു ചായ് പേ ചർച്ച സംഘടിപ്പിക്കാം.
 
മുരളി തുമ്മാരുകുടി
 

Leave a Comment