പൊതു വിഭാഗം

പ്ലാനിങ്ങ് ബോർഡിലെ പഠന റിപ്പോർട്ടുകൾ…

കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ് കുട്ടനാടിനെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് വായിച്ച കാര്യം ഞാൻ ഒരിക്കൽ എഴുതിയിരുന്നല്ലോ. അതന്വേഷിച്ചാണ് ഞാൻ പ്ലാനിങ്ങ് ബോർഡിന്റെ വെബ്‌സൈറ്റിൽ എത്തിയത്.
ആദ്യമേ പറയട്ടെ, ഈ വെബ്‌സൈറ്റ് അല്പം പഴഞ്ചനാണ്. മൊബൈലിൽ തുറക്കാൻ നോക്കിയാൽ തുറക്കില്ല. ആദ്യത്തെ പേജിൽ പോയി desktop view സെലക്റ്റ് ചെയ്താൽ കിട്ടുന്ന പേജ് വായിക്കാൻ ഭൂതക്കണ്ണാടി വേണം.
 
എൺപത് ശതമാനത്തിലധികം ആളുകളും ഇന്റർനെറ്റ് നോക്കുന്നത് മൊബൈൽ ഫോണിലാണെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇനി അത് കൂടി വരികയേ ഉള്ളൂ. ലോകത്തെന്പാടും ആളുകൾ അവരുടെ വെബ്‌സൈറ്റ് മൊബൈൽ ഫ്രണ്ട്‌ലി ആക്കുന്പോൾ പ്ലാനിങ്ങ് ബോർഡിന്റെ ഉൾപ്പടെയുള്ള സർക്കാർ വെബ്‌സൈറ്റുകൾ മിക്കവാറും ഇപ്പോഴും പഴയത് പോലെ തുടരുന്നു. മാറ്റം ആവശ്യമാണ്. ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്.
അതല്ല ഇന്നത്തെ എൻറെ പ്രധാന വിഷയം. ഡെസ്ക് ടോപ്പിൽ പോയി വെബ്‌സൈറ്റ് നോക്കുന്പോൾ അവിടെ പബ്ലിക്കേഷൻസ് എന്നൊരു ലിങ്ക് ഉണ്ട്, അതിൽ തന്നെ താഴെ പോയാൽ റിപ്പോർട്ട്, അതിൻറെ താഴെ study reports. കുട്ടനാട് പഠനം നോക്കിയ ദിവസം തന്നെ ഞാൻ അത് കണ്ടു.
 
നല്ല വിഷയങ്ങളാണ് Challenges in Urban Drinking Water Management Kerala
Study- Quality of Higher Education
Employment Of Migrant Labourers
ഈ വിഷയങ്ങളിൽ പ്ലാനിംഗ് ബോർഡ് പഠനങ്ങൾ നടത്തിയിരുന്നു എന്നെനിക്കറിയില്ലായിരുന്നു. ഇത് വായിക്കണമെന്ന് അന്നേ തീരുമാനിച്ചു.
ഈ വീക്കെൻഡിൽ വീണ്ടും പ്ലാനിങ്ങ് ബോർഡ് വെബ്‌സൈറ്റിൽ എത്തി, കാര്യങ്ങൾ നോക്കി. ആദ്യം അല്പം നിരാശയായി. ഈ പഠനങ്ങൾ വാസ്തവത്തിൽ പ്ലാനിങ്ങ് ബോർഡിന്റെ അല്ല, അവരുമായി ചേർന്ന് യൂണിവേഴ്സിറ്റികളിലെ ഇന്റേൺസ് നടത്തുന്നതാണ്.
“Any views or options presented in these reports are solely those of the interns and do not necessarily represent those of Government / State Planning Board”
എന്നാദ്യമേ പറഞ്ഞിട്ടുണ്ട്. ചെറിയ അക്ഷരം ആയതിനാൽ ഞാൻ ശ്രദ്ധിച്ചില്ല.
 
ഇന്റേൺസ് എഴുതി എന്നതല്ല നിരാശക്ക് കാരണം. മിടുക്കരായ കുട്ടികളാണ് ലോകമെന്പാടും ഇപ്പോൾ പുതിയ ആശയങ്ങൾ കൊണ്ടുവരുന്നത്. അതിനാൽ പ്ലാനിങ്ങ് ബോർഡ് അവരെ ഉപയോഗിക്കുന്നുവെന്നത് ഏറ്റവും നല്ല കാര്യമാണ്.
പക്ഷെ ഈ പഠന റിപ്പോർട്ടുകളുടെ വെബ്‌പേജിൽ പറഞ്ഞ കാര്യമല്ല റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
 
ഉദാഹരണത്തിന് “Challenges in Urban Drinking Water Management Kerala” എന്ന് കേൾക്കുന്പോൾ നമ്മൾ കരുതുന്നത് ഇത് കേരളം ഒട്ടാകെയുള്ള പഠനമാണെന്നാണല്ലോ. വാസ്തവത്തിൽ യഥാർത്ഥ പഠനം ” Challenges in Urban Drinking Water Management in Kerala: Case Study of Kochi Municipal Corporation” ആണ്.
 
അതുപോലെ Study- Quality of Higher Education എന്ന റിപ്പോർട്ട് വാസ്തവത്തിൽ “A study of Quality of Higher Education: Quality of Faculty in the Departments of Economics in Kerala” ആണ്.
 
ഇതുകൊണ്ടും പഠനത്തിന്റെ മികവോ ഉപയോഗമോ കുറയുന്നില്ല. മറിച്ച് നമ്മൾ എന്താണോ പ്രതീക്ഷിക്കുന്നത് അതല്ല കിട്ടുന്നത് എന്ന് കാണുന്പോൾ ഉള്ള ഒരു വിഷമം, അത്രയേ ഉള്ളൂ. എളുപ്പത്തിൽ ശരിയാക്കാവുന്ന കാര്യമാണ്.
 
ഏറ്റവും പ്രധാനം സാമൂഹ്യമായി ഗുണകരമായ കാര്യങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ ഉപയോഗിക്കാൻ പ്ലാനിങ്ങ് ബോർഡ് അവസരങ്ങൾ നൽകുന്നു എന്നതാണ്. വാസ്തവത്തിൽ കേരളത്തിൽ ബിരുദപഠനം നടത്തുന്ന ഓരോ കുട്ടികളെക്കൊണ്ടും ഒറ്റക്കോ ചെറിയ സംഘങ്ങൾ ആയോ നമ്മുടെ നാടിന് ഉപയോഗമുള്ള വിഷയങ്ങളിൽ ഇത്തരം പഠനങ്ങൾ നടത്തിയാൽ പഞ്ചായത്ത് മുതൽ പ്ലാനിങ്ങ് ബോർഡ് വരെയുള്ള സ്ഥാപനങ്ങൾക്ക് വലിയ മുതൽക്കൂട്ടാണ്. ഈ കാര്യത്തിൽ പ്ലാനിങ്ങ് ബോർഡ് കാണിക്കുന്ന മാതൃക നല്ലതാണ്, പിന്തുടരേണ്ടതും.
 
മുരളി തുമ്മാരുകുടി

Leave a Comment