പൊതു വിഭാഗം

പ്രളയത്തിന്റെ നഷ്ടക്കണക്കുകൾ.

കേരളത്തിലെ ദുരന്തത്തിന്റെ നഷ്ടക്കണക്കുകൾ പലതും നിങ്ങൾ കണ്ടിരിക്കുമല്ലോ. നമ്മൾ അയ്യായിരം കോടി ചോദിച്ചു, ഇന്നിപ്പോൾ മൂവായിരം കോടി തന്നു എന്ന വാർത്തകളും ശ്രദ്ധിച്ചുകാണും.
 
ലോകത്ത് എല്ലായിടത്തും നഷ്ടം കണക്കാക്കുന്നത് ഒരുപോലെയല്ല. ചില സ്ഥലത്ത് കെട്ടിടങ്ങളുടേയും പാലങ്ങളുടെയും ആശുപത്രികളുടെയും നാശങ്ങളുടെ കണക്കെടുക്കും. ചിലയിടങ്ങളിൽ അത് കൂടാതെ കൃഷി നാശവും, വളർത്തുമൃഗങ്ങൾക്ക് ഉണ്ടായ നാശവും ചേർക്കും.
 
ഒരു റെസ്റ്റോറന്റിൽ നൂറു കസേരകൾ ഒഴുകിപ്പോയാൽ അവരുടെ നഷ്ടം പഴയ കസേരയുടെ വില മാത്രമല്ല, പുതിയ കസേര വരുന്നത് വരെ റെസ്റ്റോറന്റ് നടത്താൻ പറ്റാത്തതിന്റെ നഷ്ടം കൂടിയാണെന്ന് ഞാൻ ഒരിക്കൽ പറഞ്ഞല്ലോ. ഇംഗ്ളീഷിൽ ഒന്നാമത്തേതിന് ‘damage’ എന്നും രണ്ടാമത്തേതിന് ‘loss’ എന്നും പറയും. നാശ നഷ്ടം എന്ന് മലയാളത്തിലും പറയാം. അതുപോലെ തന്നെ പുതിയ നൂറു കസേരകൾ വാങ്ങിയാലേ കച്ചവടം തുടങ്ങാൻ പറ്റൂ. അതിന് പഴയ കസേരകളേക്കാൾ വില വരാം, അതിനാണ് നീഡ്‌സ് എന്ന് പറയുന്നത്.
 
കേരളത്തിലെ ദുരന്തത്തിൽ ഐക്യ രാഷ്ട്രസഭ ‘post disaster needs assessment’ നടത്തിയിരുന്നു. ദുരന്തത്തിന്റെ മൊത്തം damage 10557കോടി രൂപ, losses 26720 കോടി രൂപ, recovery needs 30739 എന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്.
നമ്മുടെ പ്രളയത്തിന്റെ മൊത്തം നഷ്ടമാണ് ഇതെന്ന് ചിന്തിക്കേണ്ട. ഒന്നാമത് സ്വകാര്യ സ്ഥാപനങ്ങളുടെ നഷ്ടങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല, രണ്ടാമത് വീടിൻറെ നഷ്ടം എന്നാൽ വീടിനുള്ളിലുള്ള വസ്‌തുവകകളുടെ നഷ്ടം ഉൾപ്പെട്ടതല്ല (വികസിത രാജ്യങ്ങളിൽ ഇൻഷുറൻസ് കമ്പനികളാണ് ആ നഷ്ടം കണക്കുകൂട്ടുന്നതും നികത്തുന്നതും, അതുകൊണ്ടാണ് കേരളത്തേതിലും വളരെ ചെറിയതായിരുന്ന ജപ്പാനിലെ പ്രളയം കേരളത്തിലേതിലും ഏറെ നഷ്ടം ഉള്ളതായി കണക്കിൽ വരുന്നത്). അവസാനമായി പരിസ്ഥിതി നാശം, ചേന്ദമംഗലം കൈത്തറിയും ആറന്മുള കണ്ണാടിയും പോലെ സാംസ്‌കാരിക പ്രാധാന്യമുള്ള സംവിധാനങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ പണത്തിലേക്ക് കണക്കാക്കാൻ ബുദ്ധിമുട്ടാണ്. നമ്മുടെ പുനർ നിർമ്മാണ ചെലവുകൾക്ക് വേണ്ട ഏറ്റവും ചെറിയ തുക എന്ന തരത്തിൽ ഇതിനെ കണ്ടാൽ മതി.
 
PDNA എന്നത് പക്ഷെ നഷ്ടത്തിന്റെ കണക്കുകൂട്ടൽ മാത്രമല്ല, പുനർ നിർമ്മാണത്തിനുള്ള മാർഗ്ഗ രേഖ കൂടിയാണ്. പുനർ നിർമ്മാണത്തിന് നാല് അടിസ്ഥാന തത്വങ്ങൾ ഈ റിപ്പോർട്ട് മുന്നോട്ട് വച്ചിട്ടുണ്ട്.
 
Pillar 1: Integrated water resources management (IWRM)
Pillar 2: Eco-sensitive and risk-informed approaches to land use and settlements
Pillar 3: Inclusive and people centred approach
Pillar 4: Knowledge, innovation, and technology
 
ഇത് കൂടാതെ പുനർ നിർമ്മാണത്തിനുള്ള പുതിയ ഏജൻസികൾ ഉണ്ടാക്കുന്നത് ഉൾപ്പടെ ലോകത്തു നിന്നും ദുരന്ത പുനരധിവാസത്തിനുള്ള അനവധി മാതൃകകൾ റിപ്പോർട്ടിൽ ഉണ്ട്.
ഓരോ വർഷത്തിലും എട്ടോ പത്തോ PDNA ഐക്യരാഷ്ട്രസഭ നടത്താറുണ്ട്. പത്ത് യു എൻ ഏജൻസികളാണ് കേരളത്തിലെ പഠനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലെ നഷ്ടങ്ങൾ പഠിക്കുകയും ലോകത്തെ പുനർ നിർമ്മാണത്തിന്റെ രീതികൾ പറയുകയും മാത്രമല്ല ഈ റിപ്പോർട്ട് ചെയ്യുന്നത്. മറിച്ച് കേരളത്തിലെ നല്ല പാഠങ്ങൾ ലോകത്തെ അറിയിക്കുക കൂടിയാണ്. അടുത്ത വർഷം ജനീവയിൽ നടക്കാൻ പോകുന്ന ലോക പുനർ നിർമ്മാണ കോൺഫറൻസിൽ കേരളം ഒരു പ്രത്യേക കേസ് സ്റ്റഡി ആയി വരാൻ പോവുകയാണ്.
 
കേരള ഗവൺമെന്റ് പുനർ നിർമ്മാണത്തിന്റെ അടിസ്ഥാനമായി ഈ പഠനം ഉപയോഗിക്കപ്പെടുന്നു എന്നത് ഒരു നല്ല കാര്യമാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം നടക്കുന്ന സെമിനാറുകളിൽ ഇവ ചർച്ച ചെയ്യപ്പെടട്ടെ. ഇതിന്റെ Executive Summary ആദ്യത്തെ കമന്റിൽ ഉണ്ട്. ഫുൾ റിപ്പോർട്ട് താമസിയാതെ ഓൺലൈനിൽ വരും. താല്പര്യമുള്ളവർ എനിക്ക് എഴുതിയാലും മതി. thummarukudy@gmail.com
 
മുരളി തുമ്മാരുകുടി

Leave a Comment