പൊതു വിഭാഗം

പ്രളയം: പാകിസ്ഥാനിൽ നിന്നുള്ള പാഠങ്ങൾ

2010 ൽ പാകിസ്ഥാനിൽ വലിയൊരു പ്രളയം ഉണ്ടായി. പാകിസ്താനിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ആയിരുന്നു അത്. പാകിസ്ഥാന്റെ മൂന്നിലൊന്നോളം ഭാഗം വെള്ളത്തിനടിയിലായി, രണ്ടായിരത്തോളം ആളുകൾ മരിച്ചു, കോടിക്കണക്കിനാളുകൾ ദുരിതത്തിലായി, സാന്പത്തിക നഷ്ടം രണ്ടുലക്ഷം കോടി രൂപക്കും മുകളിലായി.

നൂറ്റാണ്ടിൽ ഒരിക്കലൊക്കെയാണ് ഇത്തരം പ്രളയങ്ങൾ ഉണ്ടാകാറുള്ളത്. കാര്യം മഴയുടെ അളവ് നൂറു വർഷത്തിൽ ഒരിക്കൽ ഉള്ള പോലെ എന്ന് പറയുന്പോൾ അത് കൃത്യമായി നൂറു വർഷത്തിൽ ഒരിക്കൽ വരുക എന്നല്ല, ഓരോ വർഷവും അത്തരം മഴയുണ്ടാകാൻ നൂറിലൊന്നു സാധ്യത ഉണ്ടെന്നാണ്. എന്നാൽ പോലും അടുപ്പിച്ചടുപ്പിച്ച് ഇത്തരം പ്രളയങ്ങൾ വരാറില്ല.

പക്ഷെ 2022 ൽ പാകിസ്ഥാനിൽ വീണ്ടും പ്രളയം ഉണ്ടായി, മൂന്നിലൊന്നു ഭാഗം വെള്ളത്തിലായി, ആയിരത്തി അഞ്ഞൂറ് പേർ മരിച്ചു, രണ്ടു ലക്ഷം കോടി രൂപയുടെ മുകളിൽ സാന്പത്തിക നഷ്ടം ഉണ്ടായി. വീണ്ടും നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായി.

2010 ൽ തായ്‌ലണ്ടിലേയും പാകിസ്ഥാനിലേയും പ്രളയങ്ങൾ പഠിച്ചതിൽ നിന്നാണ് കേരളത്തിൽ ഒരു വൻ പ്രളയം ഉണ്ടാകുമെന്ന് ഞാൻ 2012 ൽ മുന്നറിയിപ്പ് നൽകിയത്.

കേരളത്തിലെ അതിന് മുൻപുള്ള വൻ പ്രളയം 1923 ലായിരുന്നല്ലോ. 2018 ൽ പ്രളയം എത്തിയപ്പോൾ ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ആണെന്നും ഇനി വലിയൊരു പ്രളയം അടുത്തെങ്ങും ഉണ്ടാകാൻ സാധ്യതയില്ലെന്നും വെറുതെ മോഹിക്കുന്നവർ ഉണ്ട്.

അത് പക്ഷെ അസ്ഥാനത്താണ്. കാലാവസ്ഥ പ്രവചനങ്ങൾ തന്നെ പറയുന്നത് നൂറ്റാണ്ടിൽ ഒരിക്കൽ വരുന്ന മഴ ഇനിയിപ്പോൾ നാല്പത് വർഷത്തിൽ ഒരിക്കൽ വരുമെന്നാണ്. നാൽപതു വർഷത്തിനിടയിൽ വരുന്ന മഴയാകട്ടെ എന്ന് വേണമെങ്കിലും വരാം.

2018 ൽ നിന്നും നമ്മൾ കുറച്ചു പാഠങ്ങൾ ഒക്കെ പഠിച്ചിട്ടുണ്ട്. ഡാം ഓപ്പറേഷനിൽ അല്പം കൂടി പ്രൊഫഷണലിസം വന്നിട്ടുണ്ട്. പക്ഷെ ഡാം തുറന്നു വിട്ടാൽ വെള്ളം എവിടെ എത്തും എന്നൊക്കെയുള്ള കണക്കുകൾ അനവധി വെബ്‌സൈറ്റുകളിൽ ഉണ്ടെങ്കിലും ജനങ്ങളിൽ എത്തിയിട്ടില്ല. ഇത് മാറണം. കേരളത്തിന്റെ പ്രളയപ്രവചനങ്ങൾ ഒരു ആപ്പ് ആയി ലഭ്യമാക്കണം. നമ്മൾ കേരളത്തിലെ ഏതൊരു പ്രദേശത്ത് നിൽക്കുകയാണെങ്കിലും അവിടെ മഴകൊണ്ടൊ ഡാം മൂലമോ പ്രളയം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് ആർക്കും അറിയാൻ സാദിക്കണം. വീട് വക്കുന്നതിലും റോഡുണ്ടാക്കുന്നതിലും ഈ കാര്യങ്ങൾ ആളുകൾ ഉപയോഗിച്ച് തുടങ്ങണം. പ്രളയ സാധ്യതയുള്ള ഓരോ ഗ്രാമത്തിനും വേണ്ടത്ര പ്ലാനിങ്ങുകൾ വേണം. കഴിഞ്ഞ പ്രളയ കാലത്ത് ആശുപത്രികളും സർക്കാർ ഓഫീസുകളും എല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു. ഈ ക്രിട്ടിക്കൽ ഇൻഫ്രാ സ്ട്രക്ച്ചർ ഒക്കെ പ്രളയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പ്ലാൻ ചെയ്തിട്ടുണ്ടോ?

കുട്ടനാട്ടിലും അതിലേക്ക് വരുന്ന നദികളിലും ‘റൂം ഫോർ ദി റിവർ’ കൂടുതൽ വേഗത്തിൽ നടപ്പിലാക്കണം. ഇതിനൊക്കെ സമയം എടുക്കുമെന്ന് നെതെർലാൻഡ്‌സിലെ കണക്കുകൾ കാണിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നമുക്കിനി നാല്പതോ നൂറോ വർഷം ഉണ്ട് അടുത്ത പ്രളയത്തിലേക്ക് എന്ന് പ്രതീക്ഷ വേണ്ട, അടുത്ത വർഷം തൊട്ട് എന്നും ഇതുണ്ടാകാം.

കഴിഞ്ഞ പ്രളയം ഉണ്ടായപ്പോൾ വെള്ളം എവിടെ വരെ എത്തി എന്നത് മാർക്ക് ചെയ്ത് വക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. സർക്കാർ ഓഫീസുകളിൽ ഒക്കെ അത് മാർക്ക് ചെയ്യണം എന്ന ഉത്തരവും കണ്ടിരുന്നു. പക്ഷെ പ്രായോഗികമായി നോക്കുന്പോൾ അപൂർവ്വം സ്ഥലങ്ങളിൽ ഒഴിച്ച് ഈ വിവരം ഇപ്പോഴും ലഭ്യമല്ല. സ്ഥലവില കുറയും എന്നോർത്ത് മിക്കവരും ഈ വിവരം മറച്ചു വെക്കാനാണ് ശ്രമിക്കുന്നതും.

മനുഷ്യനേ മറവിയുള്ളൂ, പ്രകൃതിക്കില്ല. രണ്ടാമൻ പറയുന്നത് കേട്ടാൽ ദുഃഖിക്കേണ്ട എന്നാണല്ലോ.

മുരളി തുമ്മാരുകുടി

May be an image of 2 people and outdoors

Leave a Comment