പൊതു വിഭാഗം

പ്രതീക്ഷയുടെ ചില തുരുത്തുകൾ…

കഴിഞ്ഞ വർഷം എൻറെ സുഹൃത്തായ ഹുസൈന്റെ കൂടെ യാദൃശ്ചികമായാണ് ഞാൻ കടലുണ്ടിയിൽ നിന്നുള്ള Akbar Ahmed നെ കണ്ടു മുട്ടുന്നത്. സൗദിയിൽ ഉന്നത ഉദ്യോഗം വഹിക്കുന്ന ആൾ മുപ്പത് വർഷമായി പ്രവാസിയാണ്. പത്തു മിനുട്ട് സംസാരിക്കാൻ പോയ ഞാൻ ഒരു മുഴുവൻ വൈകുന്നേരവും പിറ്റേ ദിവസം പകലും അദ്ദേഹത്തിൻറെ കൂടെ ചിലവഴിച്ചു.
 
സിദ്ധാർത്ഥിന്റെ പെയിന്റിങ്ങ് എക്സിബിഷൻ കാണാൻ അദ്ദേഹം കുടുംബസമേതം വന്നിരുന്നു. സൗദിയിൽ നിന്നും വിമാനമിറങ്ങി നേരെ വന്നത് ദർബാർ ഹാളിലേക്കാണ്.
 
“ഞങ്ങൾ നാട്ടിൽ ഭിന്നശേഷി ഉള്ളവർക്കായി ഒരു ചെറിയ സ്ഥാപനം തുടങ്ങിയിട്ടുണ്ട്, അടുത്ത തവണ മുരളി നാട്ടിൽ വരുമ്പോൾ അവിടെ വരണം” എന്നദ്ദേഹം പറഞ്ഞു, സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു.
 
അതുകൊണ്ട് ഇത്തവണ യാത്ര കോഴിക്കോട്ടേക്ക് ആക്കി. വിമാനം ഇറങ്ങി നേരെ പോയത് കടലുണ്ടിക്കാണ്. പതിവുപോലെ അദ്ദേഹത്തിൻറെ വീട്ടിൽ ഗംഭീര ലഞ്ച്. (രണ്ടേ രണ്ട് ഡിഷ് മാത്രമേ പാടുള്ളൂ എന്ന് മുൻ‌കൂർ അറിയിച്ച് സമ്മതിച്ചതാണ്, എത്ര ഉണ്ടായിരുന്നുവെന്ന് എണ്ണാൻ പോലും പറ്റിയില്ല).
 
ലഞ്ചിന്‌ ശേഷം അദ്ദേഹം നേതൃത്വം നൽകുന്ന Hopeshore Multidisciplinary School For Special Needs സന്ദർശിക്കാൻ പോയി. കടലിന്റെ തീരത്തു തന്നെയാണ് സ്‌കൂൾ കെട്ടിടം. ഓട്ടിസം സ്പെക്ട്രത്തിൽ ഉള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും കൗൺസലിംഗ് നടത്തി, വേണ്ടവർക്ക് ഫിസിയോതെറാപ്പി നടത്തി, അവരെ സാധാരണ സ്‌കൂളുകളിൽ ഇൻക്ലൂസിവ് എഡ്യൂക്കേഷന് തയ്യാറാക്കുക എന്നതാണ് സ്‌കൂളിന്റെ ലക്‌ഷ്യം.
 
ഏറ്റവും വൃത്തിയോടെ, കുട്ടികൾക്ക് സൗഹൃദപരമായ രീതിയിലാണ് സ്‌കൂളിലെ മുറികൾ സജ്ജമാക്കിയിരിക്കുന്നത്. നല്ല വിദ്യാഭ്യാസമുള്ള സ്റ്റാഫ്, ചെറുപ്പമെങ്കിലും ഏറെ അറിവും താല്പര്യവുമുള്ള ഒരു Fayis Parekkatt, ഇതെല്ലാം മാനേജ് ചെയ്യുന്ന Naju Kadalundi, ഇവർക്കെല്ലാം എല്ലാവിധ സഹായങ്ങളും നൽകുന്ന നല്ലവരായ നാട്ടുകാർ.
 
കുട്ടികളുടെ മാതാപിതാക്കളോട് ഞാൻ ഏറെ സമയം സംസാരിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ ചിന്തകൾ വ്യക്തിജീവിതത്തിലെ പരിചയത്തിൽ നിന്നും എനിക്കറിയാം. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ കൈവിടരുതെന്നും, നമ്മുടെ കുട്ടികളുടെ കഴിവുകൾ എന്ത് തന്നെ ആയാലും അത് കണ്ടെത്തണമെന്നും, അവരെ അഭിമാനത്തോടെ മറ്റുള്ളവരുടെ മുന്നിൽ നിർത്തണമെന്നുമെല്ലാം ഞാൻ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾ, പ്രത്യേകിച്ചും അമ്മമാർ മിക്കവാറും ജീവിതത്തിലെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് കുട്ടികൾക്ക് വേണ്ടി ജീവിക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിലും സ്വന്തം സന്തോഷവും ആരോഗ്യവും ശ്രദ്ധിക്കണമെന്നും പറ്റുമ്പോൾ ഒക്കെ കുട്ടികളുമായി യാത്ര ചെയ്യണമെന്നുമൊക്കെ ഞാൻ അവരോട് പറഞ്ഞു.
 
സ്‌കൂൾ തുടങ്ങുന്നതിന് മുൻപ് ഇവർ ചെയ്ത മറ്റൊരു കാര്യവും എന്നെ അതിശയിപ്പിച്ചു. ആ നാട്ടിൽ ഭിന്നശേഷിയുള്ള എത്ര കുട്ടികളുണ്ട്, അവർക്ക് എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളത് എന്നൊക്കെ ഒരു സർവ്വേ നടത്തി. അതിൻറെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുത്തത്. നാട്ടിൽ ഇങ്ങനെ ശാസ്ത്രീയമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അപൂർവമാണല്ലോ.
 
ഏറെ സന്തോഷത്തോടെയാണ് കടലുണ്ടിയിൽ നിന്നും മടങ്ങിയത്. ഇന്നലെ ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടിരുന്നു. വെങ്ങോലയിലും ഭിന്നശേഷിക്കാരുടെ ഒരു സർവ്വേ നടത്തണമെന്നും, ആവശ്യമെങ്കിൽ അവർക്കുവേണ്ടി ഇങ്ങനൊരു പ്രസ്ഥാനം നാട്ടുകാരുടെ സഹകരണത്തോടെ തുടങ്ങാമെന്നും ഞാൻ പറഞ്ഞു. പ്രസിഡണ്ട് അത് സമ്മതിച്ചിട്ടുണ്ട്.
 
ഫേസ്ബുക്ക് മാത്രം വായിച്ചു കേരളത്തെ അറിയുമ്പോൾ ജാതികൊണ്ടും മതം കൊണ്ടും രാഷ്ട്രീയം കൊണ്ടും പണം കൊണ്ടും വിഭജിക്കപ്പെട്ട കേരളം മാത്രമേ നാം കാണുന്നുള്ളൂ. എന്നാൽ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും രാഷ്ട്രീയത്തിനും അതീതമായി സമൂഹത്തിന്റെ നന്മക്കായി മാത്രം പ്രവർത്തിക്കുന്നവർ എവിടെയും ഉണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ കേരളത്തിന് മൊത്തം മാതൃകയാണ്.
 
ആശയുടെ തീരത്തിന് എല്ലാ ആശംസകളും. നിങ്ങൾ ഈ Hopeshore Multidisciplinary School For Special Needs പേജ് ലൈക്ക് ചെയ്യണം, ഇവരെ പ്രോത്സാഹിപ്പിക്കണം. ഇത്തരം സ്ഥാപനങ്ങൾ കേരളത്തിലാകെ ഉണ്ടാകട്ടെ. ഭിന്നശേഷിയു ള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പ്രത്യാശയുടെ ചക്രവാളം ഇനിയും ഏറെ വലുതാകട്ടെ….

Leave a Comment