പൊതു വിഭാഗം

പ്രണയ(രോഗം) മാറാത്തവർക്ക് വേണ്ടി

പെൺകുട്ടികളിൽ വർദ്ധിച്ചു വരുന്ന പ്രണയരോഗത്തെ പ്രതിരോധിക്കാനുള്ള ചില സ്പിരിച്വൽ ട്രെയിനിങ്ങിനെ കുറിച്ചുള്ള പോസ്റ്റ് വായിച്ചു.

കേരളത്തിൽ പ്രണയം വർദ്ധിച്ചു വരികയാണെന്നതിൽ സംശയം ഇല്ല. വരട്ടെ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലോകത്തിൽ കേരളം പോലെ അപൂർവ്വം പിന്നോക്ക പ്രദേശങ്ങളിലേ പ്രണയം ഇല്ലാതെ മനുഷ്യർ പങ്കാളിയെ കണ്ടെത്തുന്നുള്ളൂ. അതുകൊണ്ട് ഇതൊരു രോഗമാണെങ്കിൽ അതൊരു സാംക്രമിക രോഗം ആകട്ടെ എന്നാണെന്റെ ആഗ്രഹം. കേരളം മുഴുവൻ പടരട്ടെ.a

കേരളത്തിൽ പ്രണയം എന്നത് ജീവൻ വരെ പോകാൻ വഴിയുള്ള ഒന്നാണെന്നാണ് കെവിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. പ്രേമിച്ചു കല്യാണം ഒന്നും കഴിച്ചിട്ടില്ലെങ്കിലും പ്രേമിച്ചവർക്ക് വേണ്ടി പ്രേമ ലേഖനം എഴുതിക്കൊടുക്കൽ തൊട്ടു കള്ള ജാതകം അറേഞ്ച് ചെയ്യുന്നത് വരെയുള്ള സഹായങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ പ്രണയക്കാരുടെ എണ്ണം കൂടി വരികയും അവരുടെ ജീവൻ പോകാൻ സാധ്യത ഉണ്ടാവുകയും ചെയ്യുന്നതിനാൽ പ്രണയിക്കുന്നവർക്ക് വേണ്ടി ഒരു കോഴ്സ് നടത്തിയാലോ എന്നൊരു ആലോചന ഉണ്ട്.

താഴെ പറയുന്ന വിഷയങ്ങൾ ആണ് കോഴ്സിൽ ഉള്ളത്

1. പ്രണയിക്കുന്നവരുടെ അവകാശവും ഇന്ത്യൻ നിയമങ്ങളും (ഭരണഘടനാവകാശങ്ങൾ ഉൾപ്പടെ)
2. വിവാഹവും നിയമവും
3. സ്വവർഗ്ഗാനുരാഗം, ഇന്ത്യയും ലോകവും
4. മിശ്രവിവാഹവും നിയമവും
5. വിവാഹമില്ലാതെ ഒരുമിച്ചു ജീവിക്കൽ, നിയമ വശങ്ങൾ
6 . പീഡനവും ഇന്ത്യൻ നിയമവും
7. വിവാഹമോചനവും നിയമവും
8. പോലീസിന്റെയും കോടതിയുടേയും സഹായം തേടേണ്ടതെപ്പോൾ
9. പ്രണയവും ജീവിതവും

ആദ്യത്തെ കോഴ്സ് ഏതാണെങ്കിലും എൻ്റെ സുഹൃത്ത് അനിലിനോട് Anilkumar Anilkumar K N Kariyath (കേരള യുക്തി വാദി സംഘം) പറഞ്ഞു നടത്തുന്നുണ്ട്. വക്കീലും, പോലീസും, കൗൺസലറും ഉൾപ്പെട്ടതായിരിക്കും പരിശീലക സംഘം. ഓഫിസിൽ വെബിനാർ നടത്തിയ പരിചയത്തിൽ കുറേ കോഴ്സ് ഓൺലൈൻ ആയിട്ടും നടത്തണം, അപ്പോൾ കേരളത്തിന് പുറത്തുള്ളവർക്കും, പ്രണയം പുറത്തു പറയാൻ മടിയുള്ളവർക്കും, വീട്ടു തടങ്കലിൽ ഉള്ള പ്രണയക്കാർക്കും ഉപയോഗപ്രദം ആകുമല്ലോ. ഒരിക്കൽ നടത്തിക്കഴിഞ്ഞാൽ പിന്നെ പ്രോഗ്രസീവ് ആയ ഒരു കേരളം വേണം എന്ന് തോന്നുന്ന ഏത് സംഘടനക്കും ഈ കോഴ്സ് ഏറ്റെടുത്ത് നടത്താം, സിലബസും റീഡിങ് മെറ്റീരിയലും ഒക്കെ ഫ്രീ ആയി തരാം. രെജിസ്ട്രേഷൻ നടത്തി ഫീസ് മേടിച്ചാലും കുഴപ്പമില്ല.

പ്രണയ രോഗം ഉള്ള കുട്ടികളുടെ ബന്ധുക്കൾക്ക് കോഴ്സ് ഫ്രീ ആയിരിക്കും, സ്ഥലത്തെ സദാചാര പോലീസിന്റെ സർട്ടിഫിക്കറ്റും ആയി വന്നാൽ മതി.

മുരളി തുമ്മാരുകുടി

Leave a Comment