പൊതു വിഭാഗം

പ്രകൃതിയും മനുഷ്യനും – ചില പാഠങ്ങൾ

എന്റെ ചെറുപ്പകാലത്ത് ജീവിതത്തിൽ പ്രകൃതിക്കുള്ള സ്ഥാനം കൂടുതൽ വ്യക്തമായിരുന്നു. ചോറിനുള്ള അരി വരുന്നത് പാടത്തു നിന്നാണ്, കറിക്കുള്ള പച്ചക്കറി പറന്പിൽ നിന്നും. തേങ്ങയിൽ നിന്ന് വെളിച്ചെണ്ണ മാത്രമല്ല സ്‌കൂളിൽ ഫീസ് കൊടുക്കാനുള്ള പണവും കിട്ടും. പാല് പശുവിൽ നിന്നും, വെള്ളം കിണറ്റിൽ നിന്നും. കളിക്കുന്നത് പറന്പിലും പാടത്തിലും, കുളിക്കുന്നത് തോട്ടിലും കുളത്തിലും. തേച്ചു കുളിക്കുന്ന ഇഞ്ച പറന്പിൽ നിന്നാണ്, പനി വന്നാൽ മരുന്നായി തുളസിയും കുരുമുളകും പറന്പിൽ നിന്നു തന്നെ.
 
ഇങ്ങനെ പ്രകൃതിയോടൊത്ത് ജീവിക്കുന്പോൾ പ്രകൃതി ഇല്ലെങ്കിൽ നമ്മൾ ഇല്ല എന്ന ബോധം നമുക്ക് വേഗത്തിൽ സ്വാഭാവികമായി ഉണ്ടാകും, ആരും പറഞ്ഞുതരേണ്ട കാര്യമില്ല.
പക്ഷെ ഇപ്പോഴത്തെ സ്ഥിതി അതല്ല. അരി വരുന്നത് സൂപ്പർമാർക്കറ്റിൽ നിന്നോ റേഷൻ കടയിൽ നിന്നോ ആണ്. പച്ചക്കറി വരുന്നത് കടയിൽ നിന്ന്, കളിക്കുന്നത് കംപ്യൂട്ടറിൽ, കുളിക്കുന്നത് കുളിമുറിയിൽ, വെള്ളം വരുന്നത് പൈപ്പിൽ നിന്ന്, പാല് തരുന്നത് മിൽമ. കുളിക്കാനുള്ള ഷാംപൂവും കുടിക്കാനുള്ള മരുന്നും ഫാർമസിയിൽ നിന്ന് തന്നെ.
 
വാസ്തവത്തിൽ അരി ഇപ്പോഴും ഉണ്ടാകുന്നത് പാടത്ത് നിന്നുതന്നെയാണ്, വെള്ളം ഇപ്പോഴും പ്രകൃതിയിൽ നിന്നാണ്, മിൽമയുടെ പാലും പശുവിന്റെ അകിടിൽ നിന്നും വരുന്നത് തന്നെയാണ്. പക്ഷെ ഇവ തമ്മിലുള്ള പ്രത്യക്ഷ ബന്ധം നമുക്ക് ദൃശ്യമല്ല. അതുകൊണ്ട് തന്നെ പ്രകൃതിക്ക് നാശം ഉണ്ടാകുന്പോൾ അത് നമ്മുടെ ജീവിതത്തെയും ജീവനേയും ബാധിക്കുമെന്ന് നമുക്ക് ഒരു തോന്നലില്ല.
 
അറിയാതെ വന്ന ഈ അവധിക്കാലത്ത് ലോകത്തെന്പാടുമുള്ള കുട്ടികളെ പ്രകൃതിയുമായി പുനർ ബന്ധിക്കാൻ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഒരു പ്രോജക്റ്റ് തുടങ്ങിയിട്ടുണ്ട്. മുപ്പത് ദിവസത്തെ “Earth School” എന്നാണ് ഇതിന്റെ പേര്. നാഷണൽ ജോഗ്രഫിക് മുതൽ ബി ബി സി വരെയുള്ള സ്ഥാപനങ്ങളിൽ നിന്നുമുള്ള മെറ്റീരിയൽ ഉപയോഗിച്ച് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.
താല്പര്യമുള്ളവർ, കുട്ടികളും അധ്യാപകരും, ഒന്നാമത്തെ കമന്റിലുള്ള ലിങ്ക് ഫോളോ ചെയ്യുക. മറ്റുളളവർ ഇതൊന്ന് ഷെയർ ചെയ്യുകയോ അധ്യാപകരായിട്ടുള്ള സുഹൃത്തുക്കളെ ടാഗ് ചെയ്യുകയോ ചെയ്യാം.
 
മുരളി തുമ്മാരുകുടി
 
#earthschool

Leave a Comment