പൊതു വിഭാഗം

പൊന്നുരുക്കുന്നിടത്തെ പൂച്ച…

സംഘിയാണെന്നും നിയോലിബറൽ ആണെന്നും ഇടതുപക്ഷക്കാരൻ ആണെന്നുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ എനിക്കെതിരെ ആരോപണം ഉണ്ടായിട്ടുണ്ടെങ്കിലും ഞാനൊരു കോൺഗ്രസുകാരനാണെന്ന് എൻറെ കോൺഗ്രസ്സ് സുഹൃത്തുക്കൾ പോലും ആരോപിച്ചിട്ടില്ല.
 
ആയതിനാൽ കെ പി സി സി പുതിയ പട്ടിക ഉണ്ടാക്കുന്നതിൽ ഞാൻ അഭിപ്രായം പറഞ്ഞാൽ കിട്ടാത്ത മുന്തിരി പുളിക്കുന്നത് കൊണ്ടാണെന്ന് ആരും പറയുകയുമില്ല. അതുകൊണ്ട് ഈ ‘ബ്രോക്കർ വേലായുധൻ’ ഇക്കാര്യത്തിൽ ഒരഭിപ്രായം പറയാം.
ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയത്തിൽ കോൺഗ്രസിന് സ്ഥാനമുണ്ടെന്നും ശക്തമായ ഒരു കോൺഗ്രസ്സ് ഇന്ത്യയിലും കേരളത്തിലും ഫോഴ്‌സ് ഫോർ ഗുഡ് ആണെന്നും ചിന്തിക്കുന്നവർ കോൺഗ്രസിന് പുറത്തും അനവധിയുണ്ട്. ഞാൻ അതിൽ ഒരാളാണ്.
 
അങ്ങനെ ഒരാളെ സംബന്ധിച്ചിടത്തോളം കോൺഗ്രസിന്റെ പുതിയ നേതൃത്വ പട്ടിക എന്ന പത്രത്തിൽ കണ്ട ലിസ്റ്റുകൾ വളരെ നിരാശാജനകമാണ്.
 
ഡെമോഗ്രഫി ഈസ് ഡെസ്ടിനി എന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. അതുപോലെ ഇന്നത്തെ നേതൃത്വമാണ് നാളത്തെ പാർട്ടിയുടെ രൂപവും ശക്തിയും നിർണ്ണയിക്കുന്നത്. അപ്പോൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ 2020 ന് അപ്പുറത്തേക്ക് കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ സംവിധാനമുണ്ടാക്കുന്പോൾ അതിൽ സ്ത്രീകൾക്കും യുവാക്കൾക്കും വളരെ കുറച്ചു മാത്രം പ്രാതിനിധ്യം കൊടുക്കുന്നത് എന്ത് സന്ദേശമാണ് പാർട്ടിക്കകത്തും പുറത്തുമുള്ളവർക്ക് നൽകുന്നത്?
 
ശക്തമായ ഒരു പാർട്ടിയായി കോൺഗ്രസ്സ് തിരിച്ചു വരണമെങ്കിൽ നേതൃത്വത്തിൽ പകുതിയെങ്കിലും യുവാക്കളും സ്ത്രീകളും ആകണം എന്നൊരു ചിന്തയെങ്കിലും വേണം. എന്നിട്ട് ഒരു തുടക്കം എന്ന രീതിയിൽ മൂന്നിലൊന്നെങ്കിലും പ്രാതിനിധ്യം ഈ ലിസ്റ്റിൽ തന്നെ കൊണ്ടുവരികയും വേണം.
 
അതൊക്കെ ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരിയുടെ ഭാഗമാണ്.
 
മുരളി തുമ്മാരുകുടി
 

Leave a Comment