പൊതു വിഭാഗം

പൈനായിരം രൂപയുടെ പ്രസംഗം.

കഴിഞ്ഞ ദിവസം എനിക്കൊരു ഇ-മെയിൽ കിട്ടി. ഒരു സമ്മേളനത്തിൽ പങ്കെടുക്കാനാനുള്ള ക്ഷണമാണ്. താമസവും വണ്ടിക്കൂലിയും കൂടാതെ രണ്ടായിരത്തി അഞ്ഞൂറ് ഫ്രാങ്ക് പ്രസംഗക്കൂലിയും കിട്ടും. ഒരു മണിക്കൂർ പ്രസംഗം, ശേഷം അരമണിക്കൂർ ചോദ്യോത്തരം. പ്രസംഗത്തിന്റെ ഒരു കരട് രൂപം മുൻകൂർ അയച്ചുകൊടുക്കണം, കൂലി പ്രസംഗം കഴിയുമ്പോൾ.

ഞാൻ വലിയ പ്രസംഗക്കാരൻ ഒന്നുമല്ലെന്ന് മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. അതേ സമയം പ്രസംഗമല്ല, മറ്റെന്തു തന്നെ നാം മറ്റെരെക്കൊണ്ടെങ്കിലും ചെയ്യിച്ചാൽ അതിന് കൂലി കൊടുക്കണമെന്ന നിർബന്ധ ബുദ്ധിക്കാരനുമാണ്. അതുകൊണ്ടുതന്നെ ഈ ഇ-മെയിൽ എന്നെ സന്തോഷിപ്പിച്ചു.

വികസിതരാജ്യങ്ങളിൽ പ്രസംഗത്തിന് കൂലി കൊടുക്കുന്നത് വലിയ സംഭവമൊന്നുമല്ല. ബിൽ ക്ലിന്റനാണ് ലോകത്തിൽ ഒരു പ്രസംഗത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ആൾ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഒരു പ്രസംഗത്തിന് രണ്ടു കോടി രൂപ വരെ വാങ്ങുമത്രേ. പ്രസംഗിക്കാൻ അറിയാവുന്നവരായ മുൻ രാജ്യത്തലവന്മാർക്കെല്ലാം തന്നെ ഒരു പ്രസംഗത്തിന് ഒരു ലക്ഷം ഡോളറിൽ കൂടുതൽ കൂലി കിട്ടും. പേരുകേട്ട ടി വി അവതാരകർക്കൊക്കെ ഇരുപത്തിയയ്യായിരം തൊട്ട് അൻപതിനായിരം വരെയും. ഞാനൊക്കെ തുടക്കക്കാരനായത് കൊണ്ടാണ് രണ്ടായിരത്തി അഞ്ഞൂറിന്റെ ഓഫർ.

നാട്ടിൽ പക്ഷെ, മതപ്രസംഗം ഒഴിച്ചുള്ള പ്രസംഗത്തിന് കാര്യമായ വരുമാനമില്ല. ഒരു പ്രസംഗത്തിന് ഒരുലക്ഷം രൂപ വരെ പ്രതിഫലം പറ്റുന്ന മതപ്രഭാഷകർ നാട്ടിലുണ്ടെന്നാണ് പറഞ്ഞറിവ്. അതേസമയം അക്കാദമിക് സെമിനാറുകളിലെത്തുന്നവർക്ക് ആയിരം രൂപയിലും താഴെയാണ് കൂലി. ലൈബ്രറിയിലും മറ്റും പ്രസംഗിക്കാൻ വരുന്നവർക്ക് കൂലി വല്ലതും കിട്ടിയാൽ തന്നെ ഭാഗ്യം.

ഇത് സത്യത്തിൽ കഷ്ടമാണ്. നന്നായി പ്രസംഗിക്കാൻ കഴിയുക എന്നത് ഒരു കലയാണ്. നാട്ടുകാരുടെ മുന്നിൽ നിന്ന് ബബ്ബബ്ബ അടിക്കാതെ സംസാരിക്കണമെങ്കിൽ അറിവും ഭാഷയും അനുഭവവുമൊക്കെ വേണം. അപ്പോൾ ലൈബ്രറിയുടെ വാർഷികമായാലും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ശില്പശാലയാണെങ്കിലും പ്രസംഗിക്കാൻ വരുന്നവർക്ക് അവരുടെ അറിവിന്റെ കൂലി കൊടുക്കാൻ ഒരു പ്രയാസവും കാണിക്കേണ്ട കാര്യമില്ല, വാങ്ങുന്നതിനും.

ലൈബ്രറി വാർഷികമൊക്കെ പോട്ടെ. അത് വോട്ടു കിട്ടാൻ താല്പര്യമുള്ളവർക്കും രാഷ്ട്രീയത്തിലിറങ്ങാൻ താല്പര്യമുള്ളവർക്കും വിടാം. കേരളത്തിൽ വൻ സ്കോപ്പുള്ള ഒരു പദ്ധതിയാണ് അക്കാദമിക് സെമിനാറുകൾ. യു ജി സി യും, എ ഐ സി ടി ഇ യുമൊക്കെ അക്രഡിറ്റേഷന് നാഷണലും ഇന്റർ നാഷണലുമായ സെമിനാറുകൾ നിർബന്ധമാക്കിയതോടെ കേരളത്തിലെ ആയിരക്കണക്കിന് കോളേജുകൾ സെമിനാറുകൾ നടത്താൻ നെട്ടോട്ടം ഓടുകയാണ്. ഇതിനുവേണ്ടി സ്വകാര്യ മാനേജ്മെന്റും സർക്കാരും യു ജി സി തന്നെയും കാശിറക്കുന്നുണ്ട്. ഇന്റർനാഷണൽ എന്നൊക്കെ പറയുമ്പോൾ ‘കീഴ്പയ്യൂരിലെ ഒരു വിത്തു മതി.’ അതുകൊണ്ടുതന്നെ അന്താരാഷ്ട്രക്കാരൻ ആയ ഞാൻ നാട്ടിലെത്തുമ്പോൾ ഞാനൊരു പ്രാസംഗികനല്ലെന്ന് കരഞ്ഞുപറഞ്ഞാലും ചുരുങ്ങിയത് രണ്ടു സെമിനാറെങ്കിലും ഉറപ്പാണ്.

കോളേജുകളിൽ സെമിനാർ നടത്തുന്നതെല്ലാം നല്ല കാര്യമാണ്. പക്ഷെ, പ്രാസംഗികർക്ക് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും കൊടുക്കണം. അപ്പോൾ അവരോട് വേണ്ടതുപോലെ തയ്യാറെടുത്തു വരാനും പറയാം. എന്നിട്ട് കുട്ടികളുമായി അര മണിക്കൂർ സംവാദം നിർബന്ധമാക്കണം. പഴയ പവർ പോയിന്റുമായി നടക്കുന്നവരെ കൂവി ഓടിക്കണം. സെമിനാർ എന്നാൽ മൈതാനപ്രസംഗമല്ലെന്ന് പ്രസംഗികരും കുട്ടികളും അങ്ങനെ മനസ്സിലാക്കട്ടെ.

കേരളത്തിലെ ആയിരക്കണക്കിന് കോളേജുകളിൽ സെമിനാറും വർക്ക് ഷോപ്പുമൊക്കെ അടങ്കലായി നടത്തിക്കൊടുക്കുന്ന ഒരു സ്ഥാപനത്തിന് നല്ല സ്കോപ്പുണ്ടെന്ന് എന്റെ ഒരു വായനക്കാരൻ ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ എഞ്ചിനീറിംഗ് കോളേജിലെ പ്രോജക്ടുകൾ ഉണ്ടാക്കിക്കൊടുക്കുന്നത് വൻ ബിസിനസ്സാണ്. അതുപോലെ ഒരു കോൺഫറൻസിന് അൻപതിനായിരം തൊട്ട് ഒരു ലക്ഷം വരെ ചാർജ് ചെയ്താലും വർഷത്തിൽ അഞ്ഞൂറ് കോൺഫറൻസുകൾ കിട്ടിയാൽ അഞ്ചു കോടിയുടെ ബിസിനസ്സായി. മുടക്കുമുതൽ ഒന്നും വേണ്ട താനും.

എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിലൊന്നും എനിക്ക് താല്പര്യമില്ല എന്നു ഞാൻ പറഞ്ഞല്ലോ. ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകയാണ് ഹോബിയും പ്രധാന ലക്ഷ്യവും. അതുകൊണ്ടുതന്നെ പ്രാസംഗികർക്ക് വേണ്ടി ഒരു വെബ് സൈറ്റ് തുടങ്ങുക എന്നൊരാശയമുണ്ട്. പ്രസംഗിക്കാൻ താല്പര്യവും കഴിവുമുള്ളവർക്ക് വന്ന് രജിസ്റ്റർ ചെയ്യാം. വേണമെങ്കിൽ അവരുടെ ഒരു പ്രസംഗത്തിന്റെ വീഡിയോയും പോസ്റ്റ് ചെയ്യാം. ബന്ധപ്പെടേണ്ട അഡ്രസ്സും പ്രതീക്ഷിക്കുന്ന മിനിമം പ്രസംഗക്കൂലിയും സൂചിപ്പിക്കാം. ഇതിലൊന്നും ഒരു മടിയും പിശുക്കും വിചാരിക്കേണ്ട കാര്യമില്ല. ഒരു നാട മുറിക്കാൻ സിനിമാതാരത്തിനെയോ ക്രിക്കറ്റ് താരത്തെയോ സംഘടിപ്പിക്കാൻ ലക്ഷങ്ങളും കോടികളും മുടക്കുന്ന നാടാണിത്. നാടുനീളെ ഫ്രീയായി പ്രസംഗിച്ചു നടന്ന് നമ്മൾ തന്നെയാണ് നമുക്ക് വിലയില്ലാതാക്കിയത്. ഇത് മാറ്റിയെടുക്കാനുള്ള ഒരവസരം കൂടിയാണിത്.

ഐഡിയ എന്റെ സ്വന്തമൊന്നുമല്ല. സ്വിറ്റ്സർലാൻഡിൽ ഇപ്പോൾ തന്നെ നിലവിലുള്ള കാര്യമാണ്. ഫേസ്‌ബുക്കിന്റെ കാലത്ത് ഒറിജിനൽ ഐഡിയക്കല്ല, ഐഡിയ നന്നായി നടപ്പാക്കുന്നവർക്കാണ് കാശ് കിട്ടുന്നത്. ഫേസ്‌ബുക്ക് തന്നെ ഒറിജിനൽ അല്ലല്ലോ.

Leave a Comment