പൊതു വിഭാഗം

പുള്ളിക്കാരൻ വെള്ളമടിച്ചാൽ…

1999 ലാണ് ഞാൻ ഒമാനിൽ ജോലിക്കെത്തുന്നത്. ബ്രൂണൈയിൽ എന്റെ ബോസായിരുന്ന ആൾ ഷെല്ലിന്റെ തന്നെ ഒമാനിലെ സ്ഥാപനമായ പെട്രോളിയം ഡെവലപ്പ്മെന്റ് ഒമാനിൽ എത്തി, കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്നേയും അങ്ങോട്ട് വിളിച്ചു, ഞാൻ എത്തി.
 
ബോസിനെ കാണാൻ എല്ലാ രണ്ടു മാസവും കൂടുന്പോൾ ഒരാൾ വരും. ഓമനികളുടെ വേഷമാണ് ഇട്ടിരുന്നത്. ചിലപ്പോൾ അയാളുടെ കൂടെ ഒരു കുട്ടിയുണ്ടാകും. സാധാരണ ദേഷ്യം പിടിക്കാത്ത ബോസ് അയാളുമായി വഴക്കിടുന്നതു കാണാം, പിന്നെ രണ്ടു മാസത്തേക്ക് അയാളെ കാണില്ല.
 
ഒരിക്കൽ ഞാൻ ചോദിച്ചു “അതാരാണ് ?”
“അത് നമ്മുടെ ഒരു സ്റ്റാഫ് ആണ് ?
“എന്നിട്ട് സ്റ്റാഫ് മീറ്റിംഗിന് ഒന്നും കാണുന്നില്ലല്ലോ?”
“അതാണ് പുള്ളിയുടെ പ്രശ്നം. ഫുൾ വെള്ളമടിയാണ്, രാവിലെ മുതൽ ക്ലബ്ബിൽ ഉണ്ടാകും, വൈകീട്ട് ആയാലേ പോകൂ. ഓഫിസിൽ വരില്ല. ഇവിടെ നിന്നും മാറ്റി മരുഭൂമിയുടെ ഉൾഭാഗത്ത് ഒരു ജോലി കൊടുത്തു, പക്ഷെ അവിടെയും അയാൾ പോകില്ല. കള്ളുകുടി തന്നെ. രണ്ടു മാസം കൂടുന്പോൾ ഞാൻ സാലറി കട്ട് ചെയ്യും. അപ്പോൾ പരാതി പറയാൻ വരുന്നതാണ്. അന്പത് വയസ്സാകാത്തത് കൊണ്ട് കന്പനി നിയമം അനുസരിച്ച് അയാളെ പിരിച്ചു വിടാനും പറ്റില്ല, അതിന് ആറുമാസം കൂടി കഴിയണം”, ഇതാണ് പ്രശ്നം.
 
തൽക്കാലം നമുക്ക് അദ്ദേഹത്തെ അൽ മസ്കറ്റി എന്ന് വിളിക്കാം. ഞാൻ എന്റെ സഹപ്രവർത്തകരോട് അദ്ദേഹത്തെപ്പറ്റി ചോദിച്ചു. എല്ലാവർക്കും ഒരേ അഭിപ്രായമാണ്. കള്ളുകുടിയനാണ്, ഉഴപ്പനാണ്, യൂസ് ലെസ്സ് ആണ്.
 
എനിക്കെന്തോ അദ്ദേഹത്തോട് ഒരു മമത തോന്നി. കാര്യം വെള്ളമടി ഒന്നുമില്ലെങ്കിലും എന്റെ അച്ഛൻ ഓഫീസിലൊന്നും പോകാതെ ഇരിക്കാറുള്ള ഒരാളാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് കൃത്യമായി സ്ഥിരം ഓഫീസിൽ പോകുന്നത് ഒരു വലിയ സംഭവമാണെന്നുള്ള ചിന്തയൊന്നും എനിക്കില്ല. ലോകത്തിലുള്ള എല്ലാവർക്കും എന്തെങ്കിലും കഴിവുകളും നന്മകളും ഉണ്ടാകുമെന്ന് എനിക്കൊരു വിശ്വാസവുമുണ്ട്. മദ്യപാനം മോശമാണെന്ന ചിന്ത അന്നുമില്ല, ഇന്നുമില്ല.
 
ഇയ്യാളിലും എന്തെങ്കിലും നന്മ കാണണം.
 
“ബോസ്, മസ്കറ്റിയെ എനിക്ക് അസിസ്റ്റന്റ് ആയി തരണം. ആറുമാസം ഞാൻ നോക്കട്ടെ, പറ്റിയില്ലെങ്കിൽ പിരിച്ചു വിടാമല്ലോ!”
അടുത്ത തവണ മസ്കറ്റി ഓഫീസിൽ എത്തിയപ്പോൾ ബോസ് എന്നെ വിളിച്ചു പരിചയപ്പെടുത്തി. ഞാൻ മസ്കറ്റിയേയും കൂട്ടി ക്ലബ്ബിലേക്ക് പോയി.
 
ക്ലബ്ബിലെ എല്ലാവർക്കും ബാർ മാൻ മുതൽ മാനേജർ വരെയുള്ളവർക്ക് മസ്കറ്റി പരിചിതനാണ്. എല്ലാവരും സ്നേഹത്തോടെയാണ് അദ്ദേഹത്തോട് പെരുമാറുന്നത്. ഞാൻ പുള്ളിയുടെ കൂടെ ഇരുന്നു സംസാരിച്ചു.
“രാവിലെ എത്ര മണിക്ക് ഇവിടെ വരും ?”
“പന്ത്രണ്ട് മണിക്ക്?”
“വൈകീട്ട് എപ്പോൾ പോകും?”
“പതിനൊന്നു മണിയാകും”
“ഫുൾ ടൈം വെള്ളമടിയാണോ?”
“അല്ല, വൈകുന്നേരമായാൽ ചീട്ടും സ്‌നൂക്കറും കളിക്കും.”
“അപ്പോൾ രാവിലെ പതിനൊന്ന് വരെ ഫ്രീ ആണ് അല്ലേ?”
“അതേ”
ഞങ്ങൾ അവിടെ ഇരിക്കുന്പോൾ ഓരോരുത്തരായി വന്ന് ആളോട് ഹലോ പറയുന്നുണ്ട്, കെട്ടിപ്പിടിക്കുന്നുണ്ട്, മൂക്ക് മുട്ടിക്കുന്നുണ്ട്. പൊതുവെ ജോലിക്കാരുടെ ഇടയിൽ മാത്രമല്ല അവിടുത്തെ സ്ഥിരം ആളുകളുടെ ഇടയിലും മസ്കറ്റി പോപ്പുലർ ആണെന്ന് എനിക്ക് മനസ്സിലായി.
 
“എനിക്ക് ഒരാളുടെ അത്യാവശ്യം ഉണ്ട്, ആഴ്ചയിൽ രണ്ടു ദിവസം ഇവിടുത്തെ പരിസ്ഥിതി മന്ത്രാലയത്തിൽ പോയി കുറച്ചു പേപ്പർ അവിടെ കൊടുക്കണം. അവിടുന്ന് എന്തെങ്കിലും ഉണ്ടങ്കിൽ തിരിച്ചു കൊണ്ടുവരണം. ബാക്കി സമയം മസ്കറ്റി എന്ത് ചെയ്യുമെന്ന് ഞാൻ അന്വേഷിക്കില്ല. സമ്മതിച്ചോ?”
“ശരി ബോസ്, പക്ഷെ എനിക്ക് ഒരു ഓഫീസ് കാർ വേണം, നല്ല കാറില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ നമ്മളെ മൈൻഡ് ചെയ്യില്ല.”
“അതേറ്റു.”
 
അങ്ങനെ മസ്കറ്റി എന്റെ അസിസ്റ്റന്റ് ആയി. ഞാൻ പുള്ളിക്ക് ഒരു ഓഫീസ് കാർ സംഘടിപ്പിച്ചു കൊടുത്തു.
രണ്ടുമാസം കഴിഞ്ഞപ്പോൾ പുള്ളി എന്നെ വിളിച്ചു.
“ബോസ്, ഒരു പ്രശ്നമുണ്ട്. എന്റെ കാർ ഒന്ന് ഓഫീസിലേക്ക് കൊണ്ടുപോകണം.”
“എന്ത് പറ്റി രമണാ…”
“ഞാൻ ഇന്നലെ സ്മാൾ അടിച്ച് വണ്ടി ഓടിച്ചു, പോലീസ് പിടിച്ചു. ഞാനിപ്പോൾ ജയിലിലാണ്, വണ്ടി ജയിൽ വളപ്പിലുണ്ട്, ഇന്നലെ ഞാൻ ഓഫിസിലെ കാറാണ് ഉപയോഗിച്ചത്. അത് ഇവിടെ കിടക്കുന്നത് മോശമല്ലേ?”
ഞാൻ പോയി വണ്ടിയെടുത്തു. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ ജയിൽ വാസം കഴിഞ്ഞു മസ്ക്കറ്റി ഓഫിസിലെത്തി. ഓഫീസ് സമയത്ത് വെള്ളമടിക്കരുതെന്നും വെള്ളമടിച്ചാൽ ഓഫീസ് വണ്ടിയെടുക്കരുതെന്നും ഞാൻ കരാറുണ്ടാക്കി.
 
ആദ്യമൊക്കെ ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ പുള്ളിയെ കാണാറുള്ളൂ. പിന്നെ ഞാൻ എന്റെ തൊട്ടടുത്ത് പുള്ളിക്ക് ഒരു ടേബിൾ ഇട്ടു കൊടുത്തു. “ഓഫിസിൽ വരികയൊന്നും വേണ്ട, പക്ഷെ വന്നാൽ ഇവിടെ ഇരിക്കാമല്ലോ.”
പതുക്കെ പതുക്കെ മസ്കറ്റി എല്ലാ ദിവസവും ഓഫിസിൽ വരാൻ തുടങ്ങി. രാവിലെ കുറച്ചു പത്രങ്ങളുമായി വരും, പതിനൊന്നു വരെ ഇരിക്കും, പണിയുണ്ടെങ്കിൽ പോകും, ഇല്ലെങ്കിൽ ക്ലബ്ബിൽ പോകും.
ഒരിക്കൽ ഓഫിസിലെത്തിയപ്പോൾ ആളുടെ മേശയിൽ ഒരു കന്പ്യൂട്ടർ ഉണ്ട്.
“ഇതെന്താണ് ബോസ്?, എനിക്കിതൊന്നും അറിഞ്ഞുകൂട”
“ഓ, അതിനിപ്പോ അറിയാനൊന്നുമില്ല. പത്രം വായിക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ ഇതിലുണ്ട്. പിന്നെ ‘അതുക്കും മീതെ’ ഉള്ള കാര്യങ്ങളും.”
ഗൂഗിൾ പ്രചാരമായി വരുന്ന കാലമാണ്. ഞാൻ ആളെ സെർച്ചിങ്ങും കാര്യങ്ങളും പഠിപ്പിച്ചു,
മസ്ക്കറ്റി ഉച്ചക്ക് ഊണ് വരെ ഓഫീസിൽ ഇരിക്കാൻ തുടങ്ങി.
 
ഒരിക്കൽ സർക്കാർ ഉദ്യോഗസ്ഥരെയും കൂട്ടി എനിക്ക് ഒരു ഓയിൽ ഫീൽഡ് വിസിറ്റ് ചെയ്യേണ്ടി വന്നു. ഓരോ മാസവും ഉള്ളതാണ്. വലിയ ടെൻഷനുള്ള പണിയാണ്. അവരുടെ സ്ഥാനവും വലിപ്പവും നോക്കി പ്രോട്ടോക്കോൾ ശരിയാക്കണം, വാഹനങ്ങൾ അറേഞ്ച് ചെയ്യണം, ഫീൽഡിൽ താമസം ശരിയാക്കണം, ഫീൽഡ് വിസിറ്റിൽ എന്തെങ്കിലും കുഴപ്പം കണ്ടുപിടിച്ചാൽ പണി വേറെ.
 
“മസ്കറ്റി, അടുത്തയാഴ്ച എനിക്ക് ഒരു ഫീൽഡ് വിസിറ്റ് ഉണ്ട്. കുറച്ചു ഉദ്യോഗസ്ഥരും കൂടെക്കാണും. എന്നെ ഒന്ന് സഹായിക്കാമോ?”
അപ്പോഴേക്കും മസ്കറ്റിക്ക് എന്നെ കുറേശ്ശേ ഇഷ്ടമായി തുടങ്ങിയിരുന്നു. പോരാത്തതിന് സർക്കാർ ഉദ്യോഗസ്ഥരെ അപ്പോഴേക്കും പരിചയമായിക്കഴിഞ്ഞല്ലോ.
“ശരി ബോസ്.”
 
ഞാൻ മസ്കറ്റിക്ക് ഗവൺമെന്റ് ലിയസോൺ ഓഫീസർ എന്ന വിസിറ്റിങ് കാർഡ് അടിച്ചു കൊടുത്തു. ജീവിതത്തിൽ ആദ്യമായിട്ടാണ് മസ്കറ്റിക്ക് ഒരു വിസിറ്റിംഗ് കാർഡ് കിട്ടുന്നത്.
ഫീൽഡ് വിസിറ്റിന് മസ്കറ്റിയുടെ കൂടെ പോയ എന്റെ കണ്ണ് തളളി.
ഞങ്ങളുടെ കന്പനിക്ക് സ്വന്തമായി വിമാനങ്ങളും വിമാനത്താവളവും ഒക്കെയുണ്ട്. മസ്ക്കറ്റിലെ എയർപോർട്ടിൽ അന്ന് ഞങ്ങൾക്ക് മാത്രമായി ഒരു ഭാഗമുണ്ട്. അവിടെ ഞാൻ എത്തുന്പോൾ മസ്ക്കറ്റി ഞങ്ങളുടെ എല്ലാവരുടെയും ബോർഡിങ് പാസും റെഡിയാക്കി സ്ഥലത്തുണ്ട്.
 
ഫീൽഡിൽ എത്തിയപ്പോൾ അവിടെ കാറുകൾ റെഡി, താമസിക്കുന്ന ക്യാന്പിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വി ഐ പി റൂം, റൂമിൽ പ്രത്യേകം പഴങ്ങളുടെ ഒരു ബാസ്‌ക്കറ്റ്.
 
“ഇതൊക്കെ എങ്ങനെ സാധിക്കുന്നെടേ?”
 
“ഇവരൊക്കെ എന്റെ കൂടെ കള്ളുകുടിക്കുന്നവരാണ് ബോസ്”
ഞങ്ങളുടെ കന്പനിക്ക് അന്ന് മരുഭൂമിയിൽ എട്ട് വിമാനത്താവളങ്ങൾ ഉണ്ട്. പക്ഷെ എല്ലാത്തിലും എല്ലാ ദിവസവും വിമാനം ഇറങ്ങില്ല. ചില സ്ഥലത്ത് ആഴ്‌ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം. അപ്പോൾ ആ ഓയിൽ ഫീൽഡ് വിസിറ്റ് ചെയ്യണമെങ്കിൽ ഒന്നുകിൽ ഒന്നോ രണ്ടോ ദിവസം മരുഭൂമിയിൽ താമസിക്കണം, അല്ലെങ്കിൽ വിസിറ്റ് കഴിഞ്ഞ് നൂറോ ഇരുന്നൂറോ കിലോമീറ്റർ മരുഭൂമിയിലെ ചൂടിൽ ഡ്രൈവ് ചെയ്യണം.
മസ്ക്കറ്റി കൂടെ ഉണ്ടെങ്കിൽ അതൊന്നും പ്രശ്നമല്ല.
 
“ബോസ്, ഇന്ന് ഞാൻ വിമാനം ഈ വഴി തിരിച്ചു വിടാം”
അതല്പം ഓവറല്ലേ എന്ന് നിങ്ങൾക്ക് തോന്നാം, എനിക്കും തോന്നി.
“എങ്ങനെ ഫ്രണ്ട്?”
“ഈ പൈലറ്റുമാരൊക്കെ എന്റെ സ്‌നൂക്കർ ഫ്രണ്ട്സ് ആണ്, സർക്കാർ ഉദ്യോഗസ്ഥരുണ്ട് എന്ന് പറഞ്ഞാൽ വഴിമാറാൻ അവർക്ക് അധികാരമുണ്ട്.”
 
പിന്നീടുള്ള കാലം മസ്കറ്റിയുടെ ഉയർച്ചയുടെ കാലമായിരുന്നു. സർക്കാരുമായിട്ടുള്ള ബന്ധവും ഫീൽഡിലെ സന്ദർശനങ്ങളും അത്രയും നന്നായി നടന്ന കാലമില്ല. ഓരോ പ്രോജക്ടിലും പെർമിറ്റുകൾ സമയത്തിനും നേരെത്തെ എത്തി. ഒരാഴ്ച ഒരു റിഗ് വെറുതെ നിൽക്കേണ്ടി വന്നാൽ പതിനായിരക്കണക്കിന് ഡോളറിന്റെ ചിലവാണ്. പണ്ടൊക്കെ സർക്കാരിൽ നിന്നുള്ള ഇൻസ്പെക്ഷന് വേണ്ടി മൂന്നോ നാലോ ആഴ്ച വെയിറ്റ് ചെയ്യുന്നത് അസാധാരണമല്ലായിരുന്നു. മസ്കറ്റി ഫീൽഡിൽ എത്തിയതോടെ വിസിറ്റ് സമയത്തിന് നടന്നു, നടക്കാൻ വൈകിയാൽ പോലും പ്രോജക്ട് സ്റ്റാർട്ട് ചെയ്യാൻ ഉദ്യോഗസ്‌ഥർ അനുവാദം നൽകി.
2001 ൽ സൗലിയ എന്ന എണ്ണപ്പാടത്ത് വലിയൊരു തീപിടുത്തമുണ്ടായി. അത് കന്പനി കൈകാര്യം ചെയ്യുന്ന വിഷമകരമായ സമയത്ത് മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർ കന്പനിയോട് ഒപ്പം നിന്നു. അവരെ എല്ലാ കാര്യത്തിലും ഉൾപ്പെടുത്തി അൽ മസ്കറ്റി മുന്നിലുണ്ടായിരുന്നു. കന്പനിക്ക് സാന്പത്തികമായി മാത്രമല്ല സൽപ്പേരിലും ഗുണം അൽ മസ്കറ്റിയുടെ ഡിപ്ലോമസി കൊണ്ടുണ്ടായി.
 
ഡിപ്പാർട്ട്മെന്റിൽ മസ്കറ്റിക്ക് നല്ല പേരായി, ബെസ്റ്റ് എംപ്ലോയീ കാഷ് അവാർഡ് പല തവണ വാങ്ങി.
 
മസ്കറ്റിയെ പിരിച്ചുവിടുന്നതിനെപ്പറ്റി ആളുകൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാലം വന്നു.
 
2001 ൽ ഞാൻ കാലിഫോർണിയയിലെ പ്രശസ്തമായ ബെർക്കിലി യൂണിവേഴ്സിറ്റിയിൽ നേതൃത്വ പഠനത്തിനെത്തി.
 
അവിടെ അവർ മാനേജമെന്റ് രംഗത്തെ പുതിയ രീതികളെപ്പറ്റി പറഞ്ഞു തുടങ്ങി.
 
വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്പോൾ ഓരോ പുതിയ മേധാവി വരുന്പോഴും ഇത്തരത്തിലുള്ള ഒരു പരിപാടിയുണ്ട്. ഇതിന് മുൻപിരുന്ന ആൾ ഒരു മണ്ടനായിരുന്നുമെന്നും (അല്ലെങ്കിൽ മണ്ടി), ഞാൻ ‘ഇപ്പൊ ശരിയാക്കും’ എന്നുമാണ് പുതിയതായി വരുന്ന ഓരോരുത്തരുടെയും ചിന്ത. ഇതിന് വേണ്ടി സ്ഥാപനത്തിലേക്ക് ചില ചേഞ്ച് മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റുകളെ അഴിച്ചു വിടും. അവർ ആ പ്രസ്ഥാനത്തിൽ എന്താണ് തെറ്റുള്ളത്, കുറവുള്ളത് എന്നൊക്കെ ഭൂതക്കണ്ണാടി വെച്ച് കണ്ടുപിടിക്കും. അത് പരിഹരിക്കാൻ ചില നിർദ്ദേശങ്ങൾ നൽകും, ഭാരിച്ച കൺസൾട്ടൻസി ഫീസ് മേടിച്ചിട്ട് പോകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ മേധാവി സ്ഥാപനത്തെ അഴിച്ചു പണിയും. പൊതുവെ അല്പം കൂടി കുളമാക്കും. അപ്പോഴേക്കും അയാളുടെ സമയം കഴിയും, പുതിയ ആൾ വരും, ചേഞ്ച് മാനേജ്‌മെന്റുമായി പുതിയ കൺസൾട്ടന്റുമാരും.
 
(ഈ കൺസൾട്ടന്റുമാർ എന്നെ എപ്പോഴും ഓർമ്മിപ്പിക്കുന്നത് നാട്ടിലെ ജ്യോത്സ്യന്മാരെ ആണ്. ഏതൊരു കുടുംബത്തിലും എന്തെങ്കിലും ‘പ്രശ്നത്തിനായി’ ഇവരെ സമീപിച്ചാൽ അവർ കവടി നിരത്തി കുറച്ചു ദോഷങ്ങൾ കണ്ടുപിടിക്കും. പറന്പിൽ യക്ഷി, ഗന്ധർവ്വൻ, ഗതി കിട്ടാത്ത ബ്രഹ്മ രക്ഷസ് ഒക്കെ എങ്ങനെയും കാണും. ഇവരെ ആവാഹിച്ചെടുക്കാൻ മന്ത്രവാദം, ഹോമം, ആവാഹനം. ഇതൊക്കെ കഴിഞ്ഞ് ഒഴിവു നോക്കി കാര്യങ്ങൾ ശരിയായി എന്നും പറഞ്ഞ് കാശുമേടിച്ച് അവർ പോകും. പ്രശ്നം അതുപോലെതന്നെ കിടക്കും. അടുത്ത ജ്യോൽസ്യൻ വരുന്നു, നമ്മൾ പണ്ട് ആവാഹിച്ചെടുത്ത കാരണവന്മാരും ബ്രഹ്മരക്ഷസും വീണ്ടും പറന്പിലുണ്ടെന്ന് പറയുന്നു. വീണ്ടും മന്ത്രം, തന്ത്രം, ഹോമം ആവാഹനം. അത് തന്നെ രീതി !)
 
കുറ്റങ്ങൾ കണ്ടുപിടിക്കുന്ന ഈ പരന്പരാഗത രീതി തെറ്റാണെന്നു ചിന്തിക്കുന്ന മാനേജമെന്റ് വിദഗ്ദ്ധർ ഉണ്ട്. ഇതിനെപ്പറ്റിയാണ് ബെർക്കിലിയിലെ ക്‌ളാസ്. ഡേവിഡ് കൂപ്പറൈഡർ (David Cooperrider) മുന്നോട്ടുവെച്ച അപ്രീഷിയേറ്റീവ് ഇൻക്വയറി (Appreciative Inquiry) എന്ന തിയറിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അപ്രീഷിയേറ്റീവ് ഇൻക്വയറി കുറ്റം കണ്ടുപിടിക്കുന്ന രീതിയിൽനിന്നും വിഭിന്നമാണ്‌. അതായത്, കുറവുകൾ അന്വേഷിക്കുന്നതിനു പകരം നിലവിലുള്ള സിസ്റ്റത്തിന്റെ ശക്തി എന്തിലാണ്, ഏതു മേഖലയിലാണ് കൂടുതൽ പെർഫോം ചെയ്യാൻ സാധിക്കുന്നത് എന്ന് മനസിലാക്കി, അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാവരിലും, എല്ലാ സ്ഥാപനങ്ങൾക്കും എന്തെങ്കിലും വിധത്തിലുള്ള പോസിറ്റീവ് വശം ഉണ്ടായിരിക്കും എന്ന ധാരണയാണ് ഇതിനാധാരം. ‘വിജയം’ ഒരിക്കലും ആകസ്മികമല്ല ! അതുകൊണ്ടുതന്നെ, തോൽവി എങ്ങനെ സംഭവിച്ചു എന്നതിനേക്കാൾ ഏതു കാര്യത്തിലാണ്/എന്തു ചെയ്തപ്പോഴാണ് മുൻപ് വിജയിച്ചത്/ഫലപ്രാപ്തിയുണ്ടായത് എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
 
വാസ്തവത്തിൽ ഓരോ ആളുകളും സ്ഥാപനങ്ങളും മുന്നിൽ വരുന്പോൾ അതിലെ നെഗറ്റീവ് ആയ കാര്യങ്ങൾ ആണ് നമ്മളെല്ലാം ആദ്യം കാണുന്നതും ആലോചിക്കുന്നതും. അത് മനുഷ്യ സഹജമാണ്. പക്ഷെ അതുകൊണ്ട് കാര്യമില്ല. ആ സാഹചര്യത്തിൽ പോസിറ്റീവ് ആയ സംഗതികൾ കണ്ടെത്താൻ, ഓരോ മനുഷ്യരിലുമുള്ള പോസിറ്റീവ് ആയ കഴിവുകൾ കണ്ടെത്താൻ നമുക്ക് ശ്രമിക്കാവുന്നതാണ്. ഈ കഴിവുകളുടെ പേരിൽ അവരെ നമ്മൾ അനുമോദിച്ചാൽ, അവരുടെ ഈ കഴിവുകൾ ഉപയോഗിക്കാനുള്ള അവസരം ഉണ്ടാക്കിയാൽ പിന്നെ നമുക്ക് അവരെ പിടിച്ചാൽ കിട്ടില്ല. പക്ഷെ സാധാരണ ആളുകൾ അത് ചെയ്യാറില്ല. കാലാകാലമായി ആളുകളേയും സ്ഥാപനങ്ങളേയും നന്നാക്കി എടുക്കാനാണ് വ്യക്തികളും കൺസൾട്ടന്റുമാരും ശ്രമിക്കുന്നത്. commonsense is not no common എന്ന പ്രയോഗം അർത്ഥവത്താണ്.
 
വ്യക്തി ജീവിതത്തിലും ഓഫീസിലും മറ്റുളളവരുമായി ബന്ധപ്പെടുന്ന ഏതൊരു സാഹചര്യത്തിലും ഓർക്കുക. നമ്മുടെ ചുറ്റിലുമുള്ള എല്ലാവരിലും എന്തെങ്കിലും കഴിവുകളും നന്മകളും ഉണ്ട്. കുറ്റങ്ങളും കുറവുകളും ഏറെ ഉണ്ടാകാം, കൂടുതൽ പോലും ഉണ്ടാകാം. പക്ഷെ ആ വ്യക്തിയെ നിങ്ങൾക്കോ സമൂഹത്തിനോ ഗുണമുളളതാക്കി മാറ്റണമെങ്കിൽ അയാളുടെ കുറവുകൾ പരിഹരിക്കുന്നതല്ല, ഉള്ള കഴിവുകൾ പോഷിപ്പിക്കുന്നതും അതിൽ അവർക്ക് ആത്മ വിശ്വാസം ഉണ്ടാക്കുന്നതുമാണ് കൂടുതൽ എളുപ്പ വഴി.
 
ഇതൊക്കെ കൊണ്ട് മസ്കറ്റി ഡീസന്റായിപ്പോയി എന്ന തെറ്റിദ്ധാരണ നിങ്ങൾക്ക് വേണ്ട കേട്ടോ.
2003 ൽ ഞാൻ ഒമാനിൽ നിന്നും ജനീവയിലേക്ക് വന്നു. 2006 ൽ ലെബനിലെ യുദ്ധകാലത്ത് ഞാൻ ബെയ്‌റൂട്ടിലായിരുന്നു. ഒരു ദിവസം എന്റെ ബോസ് എന്നെ വിളിച്ചു.
“ആരാണീ അൽ മസ്ക്കറ്റി”
“എന്റെ ഒരു അടുത്ത സുഹൃത്താണ്”, “എന്ത് പറ്റി”
“ഒന്നുമില്ല, പുള്ളിയുടെ എഴുത്തുണ്ടായിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല”.
തിരിച്ചു വന്നപ്പോഴാണ് ഞാൻ കഥയറിയുന്നത്.
ബെയ്‌റൂട്ടിലേക്ക് പോയ ഞാൻ എന്റെ ഓഫീസ് മെയിലിൽ ഒരു ഓട്ടോ റിപ്ലേ എഴുതിയിരുന്നു.
“I am on mission for extended period to a conflict location. I may not have access to email in this period. if you need anything urgent, please contact my supervisor Mr. ….”
ആ ദിവസങ്ങളിൽ ബോസിന് ഒരു മെയിൽ കിട്ടി.
“ഞാൻ മുരളിയുടെ ഫ്രണ്ട് ആണ്. എന്റെ കാർ ഒരു ലാംപ് പോസ്റ്റിൽ ഇടിച്ചു പോസ്റ്റ് ഒടിഞ്ഞു പോയി. പോലീസ് എന്റെ കാർ പിടിച്ചു വെച്ചിരിക്കയാണ്. ഇരുനൂറു റിയാൽ കൊടുത്താലേ കാർ തിരിച്ചു കിട്ടൂ. ഞാൻ മുരളിക്ക് എഴുതി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താങ്കൾക്ക് എഴുതാൻ മുരളി പറഞ്ഞിട്ടുണ്ട്”
എന്താണെങ്കിലും യുദ്ധരംഗത്തുള്ള എന്നെയും പോലീസ് സ്റേഷനിലിരിക്കുന്ന സുഹൃത്തിനെയും വിഷമിപ്പിക്കേണ്ട എന്ന് കരുതി ബോസ് അഞ്ഞൂറ് ഫ്രാങ്ക് അയച്ചു കൊടുത്ത് കാര്യം ശരിയാക്കി !
 
മസ്കറ്റിയുടെ വാഹനം നിഷ്കളങ്കമായി പോസ്റ്റിൽ ഇടിച്ചതല്ലെന്നും രാത്രി പതിനൊന്നു മണിക്ക് വീട്ടിൽ പോകാൻ ശ്രമിച്ച മസ്കറ്റിയെ പറ്റിക്കാൻ അന്ന് വരെ റോഡിന്റെ സൈഡിൽ നിന്ന പോസ്റ്റ് റോഡിന്റെ നാടുവിൽപോയി നിന്നതാണെന്നും ഞാൻ ബോസ്സിനോട് പറഞ്ഞില്ല. ബോസിന് അഞ്ഞൂറ് ഫ്രാങ്ക് കൊടുത്തു കാര്യം സെറ്റിൽമെന്റ് ആക്കി.
 
മുരളി തുമ്മാരുകുടി , Neeraja Janaki

Leave a Comment