പൊതു വിഭാഗം

പുക മാറുന്പോൾ ശ്രദ്ധ മാറരുത്

ബ്രഹ്മപുരത്തു നിന്നും നല്ല വാർത്തകൾ ആണ് ഇന്ന് രാവിലെ വായിച്ചത്

അഗ്നിബാധ നിയന്ത്രണാധീനം ആക്കിയെന്നും പുക വമിക്കുന്നത് മാറി എന്നും കളക്ടറുടെ പോസ്റ്റ്. ഇതിന് വേണ്ടി രാ പകൽ അധ്വാനിച്ചവർക്ക് നന്ദി. അഭിനന്ദനങ്ങൾ.

മാലിന്യ കൂന്പാരത്തിനിടയിലെ ചൂടുള്ള ഭാഗം കണ്ടെത്തി തീ പിടിക്കുന്നതിന് മുൻപ് തന്നെ പ്രതിരോധം ഏർപ്പെടുത്താൻ ഇൻഫ്രാ റെഡ് ഡ്രോൺ എത്തിയെന്ന് വാർത്ത. ലാൻഡ്‌ഫിൽ ഫയർ എന്നത് ഒറ്റത്തവണ കൊണ്ട് മാറുന്ന ഒന്നല്ല. വീണ്ടും വരും. പഴയ മാലിന്യങ്ങൾ നീക്കുകയും പുതിയ സംവിധാനങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് വരെ നിതാന്തമായ ജാഗ്രത ആവശ്യമാണ്.

കൊച്ചിയിലെ മാലിന്യ സംസ്കരണ രംഗത്ത് കൃത്യമായ ഇടപെടലുകൾ സമയബന്ധിതമായി നടപ്പിലാക്കും എന്നുള്ള മന്ത്രി ശ്രീ. രാജീവിന്റെ വിശദമായ പോസ്റ്റ്

മാലിന്യ വിഷയത്തിൽ ഞാൻ എഴുതിയ പോസ്റ്റിനോട് പ്രതികരിച്ച് ശ്രീ. തോമസ് ഐസക്ക് എഴുതിയിരുന്നു. കേരളത്തിലെ ഖരമാലിന്യ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെ പറ്റി ഞങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായം ആണ് ഉള്ളത്. അതവിടെ നിൽക്കട്ടെ.

എന്നാൽ ഒരു കാര്യത്തിൽ ഞാൻ അദ്ദേഹത്തോട് പൂർണ്ണമായും യോജിക്കുന്നു. ബ്രഹ്മപുരത്തുണ്ടായ സംഭവം സമൂഹത്തിന്റെ, കോടതിയുടെ, സർക്കാരിന്റെ ഒക്കെ ശ്രദ്ധയിലും മുൻഗണനയിലും ഈ വിഷയം എത്തിച്ചിട്ടുണ്ട്. പുകയൊഴിയുന്പോൾ നിസ്സാരമായ മറ്റു വിഷയങ്ങൾ ചാനലുകളിൽ എത്തുന്പോൾ ഈ ശ്രദ്ധ മാറാതിരുന്നാൽ കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ എന്പാടും നല്ല മാലിന്യ നിർമ്മാർജ്ജന സംവിധാനം കൊണ്ടുവരാൻ നമുക്ക് സാധിക്കും. സാധിക്കണം.

2019 ഫെബ്രുവരിയിൽ, അതായത് ഏതാണ്ട് ഇതേ സീസണിൽ, ബ്രഹ്മപുരത്ത് തീപിടുത്തവും കൊച്ചിയിൽ പുകയും ഉണ്ടായിരുന്നു. അന്ന് ഞാൻ രണ്ടു ലേഖനങ്ങൾ എഴുതിയിരുന്നു. അന്നും ഞാൻ പ്രകടിപ്പിച്ചത് ഇതേ ആഗ്രഹമാണ്. പുക മാറുന്പോൾ ശ്രദ്ധ മാറരുത്. അങ്ങനെ സംഭവിച്ചാൽ 2019 ലേക്കാൾ വലിയ പ്രശ്നമായി മാലിന്യം രണ്ടായിരത്തി ഇരുപത്തി മൂന്നിൽ തിരിച്ചെത്തിയത് പോലെ അത് വീണ്ടും നമ്മുടെ പുറകേ വരും.

പഴയ ലിങ്കുകൾ കമന്റിൽ ഉണ്ട്. ഇനി സമയത്തിന് പറഞ്ഞില്ല എന്ന് പറയരുത്. പതിവ് പോലെ സമയത്തിന് മുൻപേ പറഞ്ഞിരുന്നു.

മുരളി തുമ്മാരുകുടി

Leave a Comment