പൊതു വിഭാഗം

പുകയിൽ മുങ്ങിയ ഒരു ഓർമ്മ.

കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും വായൂമലിനീകരണത്താൽ ആളുകൾ ബുദ്ധിമുട്ടുകയാണ്. എന്റെ സുഹൃത്ത് Sajan Gopalan സാജനിൽ നിന്ന് വായൂമലിനീകരണത്തിന്റെ നിലയെപ്പറ്റിയും ആളുകളുടെ ജീവിതത്തെപ്പറ്റിയും അപ്പപ്പോൾ വ്യവരങ്ങൾ ലഭിക്കുന്നുണ്ട്. ഇതാദ്യമായിട്ടല്ല ഡൽഹിയിൽ ഇത്രയും ഉയർന്ന അന്തരീക്ഷ മലിനീകരണത്തിന്റെ എപ്പിസോഡുകൾ ഉണ്ടാകുന്നത്. എങ്ങനെയാണ് ഇത്തരം വായൂമലിനീകരണം ഉണ്ടാകുന്നത്. അത് ആളുകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും, തൽക്കാലം ഇതിൽനിന്ന് രക്ഷനേടാനുള്ള വഴി, വരും വർഷങ്ങളിൽ ഈ ദുരന്തം ഒഴിവാക്കാൻ സർക്കാരിന് എന്തുചെയ്യാൻ സാധിക്കും എന്നൊന്നും കൃത്യമായ വിവരങ്ങൾ ഒരിടത്തും ലഭ്യമല്ല.

ഇരുപത് വർഷം മുമ്പ് ഞാനും ഇത്തരം ഒരു കുഴപ്പത്തിൽ പെട്ടിട്ടുണ്ട്, 1998-ലെ എൽ-നിനോയുടെ സമയത്ത്. ഇന്തോനേഷ്യയിലെ കലിമന്താനിലെ കാടുകൾക്ക് തീപിടിച്ച് ബ്രൂണെ രാജ്യത്തെയാകെ പുക മൂടി. ഡൽഹിയിൽ കാണുന്നതിലും ഭയാനകമായ മലിനീകരണമായിരുന്നു അത്. ഷെല്ലിലെ ജോലിക്കാരായ മറുനാട്ടുകാർ പലരും സ്ഥലം വിട്ടാലോ എന്നുപോലും ചിന്തിച്ചു. അതേസമയം ഒരു ദുരന്ത സാഹചര്യത്തിൽ നാട്ടുകാരെ വിട്ട് ഓടിപ്പോരുന്നത് കമ്പനിയുടെ അന്തസ്സിനെ ബാധിക്കുമെന്നും, അതൊഴിവാക്കണമെന്നും മാനേജ്മെന്റ് തീരുമാനിച്ചു. കമ്പനിയിലെ ഉദ്യോഗസ്ഥരെ പറഞ്ഞുമനസ്സിലാക്കാനും വായൂമലിനീകരണത്തിന്റെ ആഘാതം കുറക്കാനുമുള്ള ഉത്തരവാദിത്തം എനിക്കാണ് ലഭിച്ചത് (https://www.researchgate.net/publication/225494546_Haze_Research_in_Brunei_Darussalam_During_the_1998_Episode). അന്ന് പഠിച്ച കുറച്ച് പാഠങ്ങൾ ഇവിടെ പങ്കുവെക്കാം, ഡൽഹിയിലുള്ളവർക്കായി.

സുതാര്യത പ്രധാനം: ഏത് ദുരന്തസാഹചര്യത്തിലും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുക എന്നത് പരമപ്രധാനമാണ്. നമുക്ക് അറിയുന്ന കാര്യങ്ങൾ അവരുമായി പങ്കുവെക്കണം. ഇല്ലെങ്കിൽ വേറെ ആരെങ്കിലും ശുദ്ധ മണ്ടത്തരം ഒക്കെ പറയും, ജനങ്ങൾ അത് വിശ്വസിക്കുകയും ചെയ്യും. നമുക്കറിയില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയണം. വെറുതെ “ആശങ്കാകുലർ ആകേണ്ട” എന്നൊക്കെ പറഞ്ഞാൽ ക്രെഡിബിലിറ്റി പോവുകയേ ഉള്ളൂ. പൊതുജനങ്ങളിൽനിന്നും പരാതികളും ഉപദേശങ്ങളും സ്വീകരിക്കാനുള്ള സൗകര്യങ്ങളുണ്ടായിരിക്കണം. 1998-ൽ ഇന്റർനെറ്റ് പ്രചാരത്തിലാകുന്നതേയുള്ളു, വാട്സ് ആപ്പും ഫേസ്ബുക്കുമില്ല. എന്നിട്ടും ഞങ്ങൾ ഒരു haze information page ഉണ്ടാക്കി. കമ്പനി ഓരോ മണിക്കൂറിലും വിവരങ്ങൾ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. അധികം താമസിയാതെ രാജ്യത്തിൻറെ മൊത്തം information പേജായി അതുമാറി. സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിന് ഇത്തരത്തിൽ ഒരു പേജ് ഉണ്ട് (https://app.cpcbccr.com/ccr/#/dashboard-emergency-stats). ഇതിന്റെ കൂടെ വ്യക്തിപരമായും കുടുംബത്തിലും സ്ഥാപനങ്ങളിലും എന്തൊക്കെ മുൻകരുതലാണ് എടുക്കേണ്ടതെന്ന് പറഞ്ഞാൽ വളരെ ഉപകാരമാകും.

അപകടസാധ്യതയുള്ളവരുടെ സംരക്ഷണം: വായൂമലിനീകരണത്തിലെ പ്രധാന ഇരകൾ ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങളുള്ളവർ, കുട്ടികൾ, വൃദ്ധർ, മറ്റു രോഗികൾ എന്നിവരാണ്. ഏതു സംരക്ഷണവും ഇവർക്കാണ് ആദ്യം ലഭ്യമാക്കേണ്ടത്. ഡൽഹിയിലെ പ്രത്യേക സാഹചര്യത്തിൽ വീടില്ലാതെ വെളിമ്പ്രദേശത്ത് കഴിയുന്നവരും അടച്ചുറപ്പുള്ള വീടില്ലാത്തവരും ഇതിൽ ഉൾപ്പെടും.

വ്യക്തിപരമായ സംരക്ഷണം: കടുത്ത വായൂമലിനീകരണം നേരിടുന്ന സമയത്ത് അതിന്റെ കാരണങ്ങളെക്കുറിച്ചോ പരിഹാര നയങ്ങളെക്കുറിച്ചോ വെറുതെ പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല. വ്യക്തിപരമായ സംരക്ഷണമാണ് പ്രധാനം. സാധിക്കുന്നവരെല്ലാം വീടിനുള്ളിലേക്ക് മലിനവായു കടക്കുന്നത് കുറക്കാൻ വാതിലും ജനലും അടച്ചിടുക, കൂടുതൽ വായൂമലിനീകരണമുള്ള സമയത്ത് പുറത്തിറങ്ങാതിരിക്കുക, കുട്ടികൾ പുറത്ത് കളിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതൊക്കെയാണ് ഒന്നാം നിര പ്രതിരോധങ്ങൾ.

വായൂമലിനീകരണത്തിനെതിരെ മാസ്കും എയർ ഫിൽട്ടറുമാണ് സാധാരണ ഉപയോഗിക്കുന്ന എളുപ്പമാർഗ്ഗങ്ങൾ. വായുവിൽ എന്തുതരം മലിനീകരണമാണുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ ഫലപ്രാപ്തി. സാധാരണഗതിയിൽ പ്രധാനമായി പൊടിപടലങ്ങളാണ് വായൂമലിനീകരണത്തിലുള്ളത്. അതിൽ തന്നെ പല വലുപ്പത്തിലുള്ളതുണ്ട്. 2.5 മൈക്രോണിന് താഴെയുള്ളവയാണ് ഏറ്റവും കുഴപ്പമുണ്ടാക്കുന്നത്. ഫിൽട്ടറും മാസ്‌ക്കും വാങ്ങുമ്പോൾ 2.5 മൈക്രോണിനെ പ്രതിരോധിക്കുന്നതായിരിക്കണം അവ. അത്തരം ഫിൽട്ടറുണ്ടെങ്കിൽ ബെഡ്‌റൂമിൽ വെക്കണം. (അവിടെയാണല്ലോ ദിവസത്തിൽ എട്ട് മണിക്കൂറെങ്കിലും നാം ചെലവാക്കുന്നത്). ബെഡ്‌റൂം എല്ലാസമയത്തും അടച്ചിടുകയും വേണം.

വായൂമലിനീകരണത്തിന്റെ കാലത്ത് ആളുകളുടെ പ്രധാന പേടി മലിനവായുവിൽ എന്തൊക്കെ വിഷാംശങ്ങളുണ്ട് എന്നതാണ്. കാൻസറുണ്ടാക്കുന്ന രാസപദാർത്ഥങ്ങൾ വാഹനത്തിലെ പുകയിൽനിന്നും ഫാക്ടറികളിൽനിന്നും വരുന്നുണ്ടോ എന്നതുൾപ്പെടെ. ഇക്കാര്യത്തിനാണ് ബ്രൂണെയിൽ ഞങ്ങൾ ഏറെ സമയം ചെലവിട്ടത്. വാസ്തവത്തിൽ പച്ച മരവും ഇലയും ഭാഗികമായി കത്തുമ്പോളുണ്ടാകുന്ന പുക വലിയ അപകടകാരിയാണ്. (താഴെ കാണുന്ന ഞങ്ങളുടെ പഠനം നോക്കുക, https://www.researchgate.net/publication/221952703_Chemical_Characterisation_of_the_Haze_in_Brunei_Darussalam_during_the_1998_Episode). ഡൽഹിയിലിപ്പോൾ ഉണ്ടാകുന്ന വായൂമലിനീകരണത്തിൽ എന്തൊക്കെ വിഷാംശങ്ങളാണ് ഉള്ളതെന്നറിയാനുള്ള ഒരു ശാസ്ത്രീയപഠനവും ഞാൻ കണ്ടിട്ടില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ പറയണം. NEERI യിലും ഡൽഹിയിലെ ഐ ഐ ടി യിലും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിലും ഉള്ള എന്റെ സുഹൃത്തുക്കളോട് ഇത്തരത്തിൽ ഒരു പഠനം നടത്തുന്നുണ്ടോ എന്ന് ഞാൻ അന്വേഷിച്ചിട്ടുണ്ട്. അതിന് കുറച്ചു സമയമെടുക്കുമെന്നതിനാൽ ഈ വർഷം അതിന്റെ റിസൾട്ട് വരുമെന്ന പ്രതീക്ഷയില്ല.

എവിടെനിന്നാണ് ഈ പൊടിയും പുകയുമെല്ലാം വരുന്നത്?: ബ്രൂണെയിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. ഇന്തോനേഷ്യയിൽ മണ്ണിലുള്ള പീറ്റ് എന്ന വസ്തു, അടിക്കാടുകൾ, ചിലയിടത്ത് വൻ മരങ്ങൾ ഒക്കെ ആയിരുന്നു കത്തിയിരുന്നത്. ഉപഗ്രഹചിത്രങ്ങളിൽ അത് കൃത്യമായി കാണാമായിരുന്നു. അത് കൊണ്ട് തന്നെ എന്ത് ചെയ്യണം എന്നതും വ്യക്തമായിരുന്നു. വിമാനങ്ങളിലും ഹെലികോപ്റ്ററിലും വെള്ളമെത്തിച്ച് ദിവസങ്ങളോളം അഗ്നിശമനം നടത്തി. കൂടുതൽ സ്ഥലത്തേക്ക് തീ പടരാതിരിക്കാൻ ഫയർ ബ്രേക്കുകൾ ഉണ്ടാക്കി. ഡൽഹിയിലെ കാര്യത്തിൽ ഓരോ വർഷവും ഓരോ കാരണങ്ങളാണ് പറയുന്നത്. കഴിഞ്ഞവർഷം ഹരിയാനയിലെ വൈക്കോലിന് തീയിടുന്നതാണ് എന്നതായിരുന്നു ന്യായമെങ്കിൽ ഈ വർഷം അത് ഗൾഫിൽനിന്നുവരുന്ന പൊടിക്കാറ്റാണ് (http://www.livemint.com/Politics/wFrEJ9EEbHberW5nW1B0zJ/Dust-storm-in-Middle-East-also-behind-Delhi-smog-crisis-SAF.html). അതിനുമുമ്പത്തെ വർഷം ദീപാവലിയുടെ പടക്കം. ഇതിലേതെങ്കിലുമാണോ, ഇതെല്ലാം കൂടിയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്ന് വേഗത്തിൽ കണ്ടുപിടിച്ചേ തീരൂ. കാരണം, ഡൽഹി പോലുള്ള ഒരു വൻ നഗരത്തിൽ ഇത്തരം പ്രശ്നങ്ങൾ വർഷാവർഷമുണ്ടായാൽ, അതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ട്. ആരോഗ്യപരമായും, (https://www.ncbi.nlm.nih.gov/pmc/articles/PMC3612296/) സാമ്പത്തികമായും. (https://timesofindia.indiatimes.com/city/mumbai/air-pollution-killed-81000-in-delhi-mumbai-cost-rs-70000-crore-in-2015/articleshow/56656252.cms). അതൊഴിവാക്കണമെങ്കിൽ അടിസ്ഥാനകാരണം കണ്ടെത്തിയേ തീരൂ.

വാസ്തവത്തിൽ ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഉപഗ്രഹചിത്രങ്ങളുടെ കാലത്ത് ഒരാഴ്ചത്തെ ചിത്രങ്ങൾ പരിശോധിച്ചാൽ തന്നെ ഇതിന്റെ കാരണം പിടികിട്ടും. ഇന്ത്യക്കാണെങ്കിൽ സ്വന്തം ഉപഗ്രഹമുണ്ട്. ദൽഹി വഴി പോകുമ്പോൾ പ്രത്യേകമായി ഒന്നു ശ്രദ്ധിക്കാൻ പ്രോഗ്രാം ചെയ്താൽ എവിടെ നിന്നാണ് ഈ പ്രശ്നം വരുന്നത്, അതോ ഡൽഹിയിൽ തന്നെ ഉണ്ടാകുന്നതാണോ എന്നൊക്കെ എളുപ്പത്തിൽ കണ്ടുപിടിക്കാം. അതിനനുസരിച്ച് പരിഹാരവും തേടാം.

ഡൽഹിക്ക് പുറത്തുനടക്കുന്നത് എന്തായാലും, ഡൽഹിയിലെ വാഹനങ്ങളിൽനിന്നുള്ള വായൂമലിനീകരണം അതിനെ വഷളാക്കുന്നുണ്ടെന്നതിൽ സംശയം വേണ്ട. അന്തമില്ലാതെയാണ് ഡൽഹിയിൽ വാഹനങ്ങൾ വരുന്നത് (http://www.thehindubusinessline.com/news/national/number-of-new-registered-vehicles-in-delhi-rose-64-in-201516/article9449491.ece). വാഹനങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും ഇന്ധനത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഗ്രഹങ്ങളുടെയോ ഉപഗ്രഹങ്ങളുടെയോ സഹായമൊന്നും വേണ്ട. ബുധന് മൗഢ്യം ഉണ്ടാകാതിരുന്നാൽ മതി.

വാഹനങ്ങൾ ഡൽഹിയിൽ പുതിയതല്ലാത്തതുകൊണ്ട്, തണുപ്പുകാലത്ത് മാത്രം പ്രശ്നം വഷളാകുന്നതെന്തുകൊണ്ട് ? Inversion എന്ന പ്രതിഭാസം ആണിതിന് കാരണം. സാധാരണഗതിയിൽ ഭൂമിയിൽനിന്ന് ഉയരത്തിലേക്ക് പോകുംതോറും തണുപ്പ് കൂടും. തണുത്ത വായുവിന് സാന്ദ്രത കൂടുന്നത് കൊണ്ട് അത് താഴേക്ക് വരും, ഭൂമിയുടെ ഉപരിതലത്തിലുള്ള ചൂടുള്ള വായു മുകളിലേക്കും. താഴെയുണ്ടാകുന്ന വായൂമലിനീകരണം വാഹനത്തിൽ നിന്നായാലും എന്തിൽ നിന്നായാലും അങ്ങനെ നേർത്ത് നേർത്ത് വരും. തണുപ്പുകാലത്ത് ചില സാഹചര്യങ്ങളിൽ ഭൂമിയോടടുത്ത വായു തണുത്തും മുകളിലുള്ളത് ചൂടായും ഇരിക്കും. ഇതിനാണ് Inversion എന്നുപറയുന്നത്. ഈ സാഹചര്യത്തിൽ താഴെനിന്നും ഘനമുള്ള വായു മുകളിലേക്ക് ഉയരില്ല. നഗരത്തിന്റെ മുകളിൽ ഒരു പുതപ്പ് പോലെ അത് മലിനവായുവിനെ തടഞ്ഞുനിർത്തി കൊഴുപ്പിക്കും. കടൽത്തീരത്തും ചുറ്റും മലകളുള്ള നഗരങ്ങളിലുമാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. ഇത്തരം പ്രതിഭാസമുണ്ടായാൽ പിന്നെ “ജാങ്കോ, നീ പെട്ടു”.

സാധാരണഗതിയിൽ തണുപ്പുള്ള രാത്രികളിലാണ് ഇൻവേർഷൻ തുടങ്ങുന്നത്. രാവിലെ വീടുകളിൽനിന്നും ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽനിന്നുമുള്ള പുകയും അന്തരീക്ഷത്തിലെ ഈർപ്പവും കൂടിക്കലരുന്നതോടെ ‘smog’ (smoke + fog) എന്ന മിശ്രിതം അന്തരീക്ഷത്തിൽ നിറയും, അതിനകത്തു തന്നെ വേറെയും രാസ പ്രവർത്തനങ്ങൾ നടക്കും. പുതിയ വായുമാലിന്യങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇത് നമ്മുടെ കാഴ്ചയുടെ ദൂരത്തെ (visibility) കുറയ്ക്കും. ട്രാഫിക്കിന്റെ സ്പീഡ് കുറയുന്നതോടെ വായൂമലിനീകരണത്തോത് വീണ്ടും കൂടും. വാഹനങ്ങൾ അപകടത്തിൽ പെടും, വിമാനങ്ങളുടെ സർവീസിനെയും ഇത് ബാധിക്കും. ജനജീവിതം ദുഃസഹമാകും. ലോസ് ആഞ്ചലസിലാണ് ഈ പ്രതിഭാസം ആദ്യം ശ്രദ്ധിക്കപ്പെട്ടതും പഠനവിധേയമാക്കിയതും (http://www.laweekly.com/news/history-of-smog-2140714). ഡൽഹിയിലെ ഇപ്പോഴത്തെ സ്ഥിതിയിൽ ഇത്തരം കാര്യങ്ങൾ പഠിക്കേണ്ടതാണ്. നല്ല സൂര്യപ്രകാശം കിട്ടിക്കഴിയുമ്പോളാണ് പൊതുവെ ഇൻവേർഷൻ മാറിപ്പോകുന്നത്. ചില സ്ഥലങ്ങളിൽ അതുകൊണ്ടുതന്നെ രാവിലെ ഉള്ളത്ര വായു മലിനീകരണം വൈകുന്നേരങ്ങളിൽ കാണാറില്ല.

ഇൻവേർഷൻ വരും, പോകും. അതിൽ നമുക്കധികമൊന്നും ചെയ്യാനില്ല. എന്നാൽ അന്തരീക്ഷത്തിലേക്ക് നാം എന്തെല്ലാം പുറന്തള്ളുന്നു എന്നതും പ്രധാനമാണ്. അവിടെയാണ് നിയന്ത്രണം സാധ്യമാകുന്നത്. ഇതിന് ശാസ്ത്രജ്ഞജന്മാരും ഭരണകർത്താക്കളും ഒരുമിച്ച് പ്രവർത്തിക്കണം. വാഹനങ്ങളുടെ എണ്ണം സ്ഥിരമായി നിയന്ത്രിക്കാനും, പലതരം വ്യവസായങ്ങൾ ജനവാസകേന്ദ്രങ്ങളിൽ നിന്ന് മാറ്റി സ്ഥാപിക്കാനും, ഇപ്പോൾ ഉപയോഗിക്കുന്ന ഇന്ധനങ്ങളായ കൽക്കരിയിൽനിന്നും ഡീസലിൽനിന്നും ഗ്യാസിലേക്കും വൈദ്യുതിയിലേക്കും മാറ്റാനുമുള്ള നയപരമായ തീരുമാനങ്ങൾക്ക് ജനപിന്തുണ ഏറ്റവുമെളുപ്പം കിട്ടാൻ പറ്റിയ സമയമാണിത്. ഒരു ദുരന്തവും നാം പാഴാക്കിക്കളയരുത്.

ഡൽഹിയിലുള്ള സുഹൃത്തുക്കൾ സുരക്ഷിതരായിരിക്കൂ…

Leave a Comment