പൊതു വിഭാഗം

‘പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം!’

സിവിൽ എഞ്ചിനീയറിങ്ങും പഠിച്ച് കോതമംഗലത്ത് നിന്നും പോയ ഞാൻ പി എഛ് ഡി ഗവേഷണം ചെയ്തത് പ്രധാനമായും ബയോടെക്‌നോളജിയിൽ ആണ്. എന്നിട്ട് ചെയ്യാൻ പോയ ജോലിയോ, എക്കണോമിക്സ് പഠിപ്പിക്കുക എന്നതും.
 
1993 ൽ ബോംബെയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് റിസർച്ചിൽ ഗവേഷകനായി ചേർന്ന എനിക്ക് ആദ്യം കിട്ടിയത് ബോംബെയിലെ വായു മലിനീകരണം എത്രമാത്രം സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട് എന്ന് പഠിക്കാനുള്ള ഒരു ലോകബാങ്ക് പ്രോജക്ടിന്റെ ചുമതലയാണ്.
 
വായു മലിനീകരണം പല തരത്തിൽ സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന്;
 
1. ലക്ഷക്കണക്കിന് ആളുകൾക്ക് ശ്വാസകോശ സംബന്ധമായ രോഗം ഉണ്ടാക്കുകയോ, ഉണ്ടായിരുന്ന രോഗം വഷളാക്കുകയോ ചെയ്യും.
 
2. ആയിരക്കണക്കിന് ആളുകൾ ആയുസെത്താതെ മരിക്കും (ലോകത്തിൽ ഒരു വർഷം ഇരുപത് ലക്ഷത്തിലധികം ആളുകൾ വായുമലിനീകരണം മൂലം അവർ ജീവിക്കേണ്ട പ്രായം എത്താതെ മരിക്കുന്നുണ്ടെന്നാണ് കണക്ക്).
 
3. വായു മലിനീകരണമുള്ള സ്ഥലത്തേക്ക് ടൂറിസ്റ്റ് ആയി വരാൻ ആളുകൾ മടിക്കും.
 
4. കൂടുതൽ വായുമലിനീകരണമുള്ള സ്ഥലത്ത് വീടു വെക്കാനോ വാങ്ങാനോ ആളുകൾ താല്പര്യപ്പെടില്ലാത്തതിനാൽ ആ പ്രദേശങ്ങളിൽ വീടുകൾക്ക് വിലയില്ലാതാകും.
 
ഇത്തരം ഓരോ കാരണങ്ങൾ കണക്കുകൂട്ടാൻ ധാരാളം ഡേറ്റ വേണ്ടി വരും. ബോംബെയിൽ ഏറ്റവും വിലയുള്ളത് അന്നും ഇന്നും ഫ്ളാറ്റുകൾക്കാണല്ലോ. അതുകൊണ്ട് തൽക്കാലം റിയൽ എസ്റ്റേറ്റ് വിലയും വായുമലിനീകരണവും മാത്രമെടുക്കാം.
ബോംബെയിലെ ഫ്ലാറ്റുകളുടെ വിലയും ആ പ്രദേശത്തെ വായു മലിനീകരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് ചോദ്യം.
 
ഇതിന്റെ ഉത്തരം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. സാധാരണനിലയിൽ ഫ്ലാറ്റ് വാങ്ങാൻ പോകുന്നവർ വായുമലിനീകരണത്തിന്റെ അളവ് അന്വേഷിച്ചിട്ടൊന്നുമല്ല തീരുമാനം എടുക്കുന്നത്. അതേ സമയം ഫാക്ടറികളും ലാൻഡ്‌ഫില്ലും ഒക്കെയുള്ള ചെന്പൂരിൽ മറ്റിടങ്ങളിലേക്കാൾ ഫ്ളാറ്റിന് വില കുറവാണ്. അപ്പോൾ എന്തോ ബന്ധമുള്ളതു പോലെ തോന്നും.
 
ഇവിടെയാണ് സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രയോജനം. നമുക്ക് രണ്ടു ഡേറ്റ എടുത്ത് പരിശോധിക്കാം.
 
ഒന്ന് ബോംബെയിലെ ലഭ്യമായ വായു മലിനീകരണത്തിന്റെ അളവ് (Air Quality Index), രണ്ട് ആ സ്റ്റേഷന് അടുത്തുള്ള ഫ്ലാറ്റുകളുടെ ശരാശരി വില. ഇത് രണ്ടും ലഭ്യമായ വിവരങ്ങളാണ്. (ഓരോ ഫ്ലാറ്റിനും അതിന്റെ ലൊക്കേഷനും, പഴക്കവും ബിൽഡറും അനുസരിച്ച് വില മാറും എന്ന് പറയാൻ വരട്ടെ, അതെനിക്കറിയാം).
 
അപ്പോൾ ആദ്യം തന്നെ എയർ ക്വാളിറ്റി ഇൻഡക്സും റിയൽ എസ്റ്റേറ്റ് വിലയും തമ്മിൽ ഒരു റിഗ്രഷൻ അനാലിസിസ് നടത്തി നോക്കുന്നു. വായുമലിനീകരണം കൂടുന്പോൾ വില കുറയുന്നുണ്ടെങ്കിൽ നമുക്ക് സിന്പിൾ ആയ ഒരു ഇക്വേഷൻ കിട്ടും. (ഇങ്ങനെ ഒരു ഇക്വേഷൻ കിട്ടിയാൽത്തന്നെ ഇവ തമ്മിൽ ബന്ധമുണ്ടാകണം എന്നില്ല, correlation is not causation എന്നത് സ്റ്റാറ്റിസ്റ്റിക്സിലെ ആദ്യ പാഠങ്ങളിൽ പെട്ടതാണ്).
 
പക്ഷെ ഇങ്ങനെ സിന്പിൾ ആയി പോകുന്നതല്ലല്ലോ ഫ്ലാറ്റിന്റെ വില. മറ്റു പല കാര്യങ്ങളും കരണങ്ങളുമുണ്ട്. അക്കാലത്ത് മുംബെയിൽ ഫ്ലാറ്റിന്റെ വിലയുമായി ഏറ്റവും ബന്ധമുണ്ടായിരുന്നത് ഫ്ലാറ്റ് നരിമാൻ പോയന്റിൽ നിന്നും എത്ര ദൂരെയാണ് എന്നതായിരുന്നു. നരിമാൻ പോയന്റിൽ ആണ് ഏറ്റവും കൂടിയ വില, അവിടെ നിന്നു ദൂരം കൂടുംതോറും വില കുറയും.
 
രണ്ടാമത്തെ പ്രധാനമായ കാര്യം ഫ്ലാറ്റ് അവിടുത്തെ ലോക്കൽ ട്രെയിൻ സ്റ്റേഷനിൽ നിന്നും എത്ര ദൂരെയാണ് എന്നതാണ്. സ്റ്റേഷനടുത്തുള്ള ഫ്ളാറ്റുകൾക്ക് വില കൂടും.
 
മൂന്നാമതായി കുറ്റകൃത്യങ്ങൾക്ക് പേര് കേട്ട പ്രദേശങ്ങൾ ആണെങ്കിൽ അവിടെ ഫ്ളാറ്റിന് വില കുറവായിരിക്കും.
 
സ്‌കൂളുകളിലേക്കുള്ള ദൂരം, ഫ്ലാറ്റിൽ നിന്നു നോക്കിയാൽ സമുദ്രം കാണാമോ?, പച്ചപ്പും പാർക്കുമുള്ള പ്രദേശമാണോ?, വെള്ളത്തിന് ക്ഷാമമുള്ള പ്രദേശമാണോ? തുടങ്ങി ഒരു ഫ്ലാറ്റിന്റെ വില നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കുന്ന അനവധി ഘടകങ്ങളുണ്ട്. ഇവ ഓരോന്നും വിലയിൽ പങ്കുവഹിക്കുമെങ്കിലും ഓരോന്നിന്റെയും പങ്ക് ഒരുപോലെയല്ല.
 
ഇവ ഓരോന്നും എത്രത്തോളം പങ്കുവഹിക്കുന്നുണ്ട് എന്നത് ഊഹാപോഹത്തിലൂടെയല്ലാതെ സ്റ്റാറ്റിസ്റ്റിക്സ് വച്ച് കണ്ടുപിടിക്കാവുന്നതാണ്.
 
ഇവിടെയാണ് റിഗ്രഷൻ അനാലിസിസിന്റെ അപ്പൂപ്പൻ മൾട്ടിപ്പിൾ റിഗ്രഷൻ അനാലിസിസ് വരുന്നത്. കോതമംഗലത്തെ ആലീസ് മത്തായി ടീച്ചർ പഠിപ്പിച്ച പാഠങ്ങൾ നന്നായി പഠിച്ചതിനാൽ ചന്തുവിനെ സ്റ്റാറ്റിസ്റ്റിക്സിൽ തോൽപ്പിക്കാനായില്ല.
 
ഇത്തരത്തിൽ മുംബെയിലെ റിയൽ എസ്റ്റേറ്റ് വിലയുടെ അടിസ്ഥാന ഘടകങ്ങൾ എന്തൊക്കെയാണെന്നും അതിൽ വായു മലിനീകരണത്തിന്റെ പങ്ക് എന്തെന്നും ഉള്ള പഠനം ഞാൻ നടത്തിയത് 1993 ലാണ്. പിൽക്കാലത്ത് പ്ലാനിംഗ് കമ്മീഷൻ അംഗമായ പദ്മഭൂഷൺ കിരിത് പരീഖ് ആയിരുന്നു ലീഡ് ! (ഖരഖ്‌പൂർ ഐ ഐ ടിയിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങ് പഠിച്ചതിനുശേഷം അമേരിക്കയിലെ എം ഐ ടി യിൽ സ്‌ട്രക്ച്ചറൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ പോയ ആളാണ് കിരിത്. പക്ഷെ പി എച്ച് ഡി എടുത്തത് ഇക്കണോമിക്‌സിൽ, ആദ്യം ജോലിക്ക് വന്നത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യുട്ടിൽ… അപ്പപ്പോൾ ഇഷ്ടപ്പെടുന്ന വിഷയങ്ങളിലേക്ക് പറന്നു കയറുന്ന ഇത്തരക്കാരിലാണ് ഞാനെന്റെ ഗുരുക്കന്മാരെ കണ്ടിരിക്കുന്നത്).
 
ഈ പഠനങ്ങൾ ഇപ്പോഴും അവിടുത്തെ ലൈബ്രറിയിൽ കാണും. അന്നൊന്നും ഈ ഓൺലൈൻ പരിപാടി അത്ര സുഗമമായിട്ടില്ല, അല്ലായിരുന്നെങ്കിൽ എടുത്തു വീശിയേനെ ! (കിരിത് പരിക്കിനോടൊപ്പം എഴുതിയ ഒരു പേപ്പർ ഇപ്പോഴും റിസർച്ച് ഗേറ്റിൽ കിടപ്പുണ്ട്, ആവശ്യമുളളവർക്ക് നോക്കാം).
 
ഇതൊക്കെ പറയാൻ കാരണം ഇന്നലെ എന്റെ സുഹൃത്തായ ഷാജൻ സ്കറിയ മറുനാടൻ ടി വി യിൽ പരാമർശിച്ച ചില കാര്യങ്ങളാണ്.
 
മൂന്ന് ചോദ്യങ്ങൾക്കാണ് ഷാജന് ഉത്തരം വേണ്ടത്.
 
1. കേരളവും ന്യൂ യോർക്ക് (സ്‌റ്റേറ്റും) (ഗ്രെയ്റ്റർ) ലണ്ടനുമായി കൊവിഡ് മരണനിരക്ക് താരതമ്യപ്പെടുത്തിയപ്പോൾ ഞാൻ അവിടുത്തെ വരുമാനവും, ആശുപത്രിയുടെ എണ്ണവും ഡോക്ടർമാരുടെ എണ്ണവും (രണ്ടും ആയിരത്തിന് എത്ര) മാത്രമേ പരിഗണിച്ചുള്ളൂ എന്നതാണ് പ്രധാന തെറ്റായി ചൂണ്ടിക്കാണിച്ചത്. ലണ്ടനിലും ന്യൂയോർക്കിലും എത്ര ചൈനീസ് വംശജരുണ്ട്, വിമാനസർവീസ് ഉണ്ടായിരുന്നപ്പോൾ എത്രയോ ആളുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരുന്നത്, അപ്പോൾ അവിടുത്തെ മരണവും ഇവിടുത്തെ മരണവും താരതമ്യപ്പെടുത്തുന്നത് ശരിയോ?
ചോദ്യങ്ങൾ മിക്കവാറും ശരിയാണ്.
 
വാസ്തവത്തിൽ കൊറോണ രോഗത്തിന്റെ വ്യാപനവും അതിൽ നിന്നുണ്ടാകുന്ന മരണവും ഞാൻ പറഞ്ഞതും ഷാജൻ പറഞ്ഞതും മാത്രമല്ല വേറെയും പല കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ഉദാഹരണത്തിന് ആശുപത്രിക്കിടക്കളേക്കാൾ ഒരു പക്ഷെ പ്രധാനം അവിടുത്തെ ഐ സി യു, വെന്റിലേറ്റർ യൂണിറ്റുകളുടെ എണ്ണമായിരിക്കും.
 
മൊത്തം ജനസംഖ്യയേക്കാൾ പ്രധാനം ജനസാന്ദ്രത ആയിരിക്കാം.
മൊത്തം രോഗികളുടെ എണ്ണത്തേക്കാൾ പ്രധാനം അവരിൽ എത്രപേർക്ക് എഴുപത് കഴിഞ്ഞു എന്നതായിരിക്കാം.
പ്രായമായവർ വീട്ടിലാണോ കഴിയുന്നത് അതോ അവർക്ക് വേണ്ടി മാത്രമുള്ള വൃദ്ധ സദനങ്ങളിൽ ആണോ എന്നതും പ്രധാനമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
 
പ്രായത്തോടൊപ്പം പ്രാധാന്യമുളളത് അവർക്ക് മുൻപേ ഉള്ള ജീവിത ശൈലീ രോഗങ്ങൾ ആയിരിക്കാം.
 
ആളുകൾ ഏത് എത്നിക്ക് ബാക്ക്ഗ്രൗണ്ടിൽ നിന്ന് വരുന്നു എന്നതിനെ ആശ്രയിച്ചിരിക്കാം.
 
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രോഗം വരാനും മരിക്കാനുമുള്ള സാധ്യത വ്യത്യസ്തമായിരിക്കാം.
 
രോഗം ഉണ്ടാകുന്നിടത്തെ ചൂട് ഒരു ഘടകമാകാം. (ശ്രീ.കെ. മുരളീധരൻ പറഞ്ഞ കാര്യം).
 
ബി സി ജി കുത്തിവയ്പ്പ് എടുത്തിരുന്നോ എന്നത് വിഷയമാകാം (ശ്രീ. ശശി തരൂർ ഈ വിഷയം പറഞ്ഞിരുന്നു).
 
രോഗം വരുന്നവരുടെ സ്വതവേ ഉള്ള ഇമ്മ്യൂണിറ്റി ഒരു വിഷയമാകാം (ഡോക്ടർ മുനീർ ഇക്കാര്യം പറഞ്ഞിരുന്നു).
 
പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർക്ക് രോഗം വന്നാൽ മൂർച്ഛിക്കാനുള്ള സാധ്യത അവർ എന്ത് മരുന്നാണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇപ്പോൾ പഠനങ്ങൾ പറയുന്നുണ്ട്.
 
വെജിറ്റേറിയൻ ആയവർക്ക് കൊറോണ വരില്ലെന്നും വന്നാൽ തന്നെ ഒന്നും സംഭവിക്കില്ലെന്നും പഠിക്കാതെ തന്നെ ആളുകൾ പറയുന്നുണ്ട്.
 
എത്ര ആളുകൾ വുഹാനിൽ നിന്നെത്തി എന്നത് പ്രസക്തമായ കാര്യമാണ്, കാരണം കൂടുതൽ ആളുകൾ എത്തുന്പോൾ രോഗബാധിതരും ആപേക്ഷികമായി കൂടുതൽ ഉണ്ടായേക്കാം. പക്ഷെ കൊറോണയുടെ കാര്യത്തിൽ രോഗം ഒരു ലക്ഷം എത്തിക്കാൻ ഒരു രോഗി ശരാശരി രണ്ടുപേർക്ക് രോഗം നൽകിയാൽ മതി. നൂറു രോഗികൾ ആദ്യമേ വന്നാൽ ഒരു ലക്ഷം എത്താൻ ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ച കൂടുതൽ എടുത്തു എന്ന് വരാം, പക്ഷെ ഒറ്റയാളെ വന്നുള്ളുവെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ കൈ വിട്ടു പോകും.
 
ഇങ്ങനെ നമുക്ക് അറിയുന്നതും അറിയാത്തതും ആയ കാര്യങ്ങളെല്ലാം മരണത്തിന് കാരണം ആയിട്ടുണ്ടാകാം. ഒന്നോ രണ്ടോ വർഷം കഴിയുന്പോൾ ലോകത്താകമാനം മരിച്ചവരുടെ കണക്കും മരിച്ചവരുടെ മറ്റു വിവരങ്ങളും ലഭ്യമായിക്കഴിയുന്പോൾ നമുക്ക് മൾട്ടിപ്പിൾ റിഗ്രഷനോ അതിലും നല്ല മോഡലുകളോ ഉപയോഗിച്ച് കൃത്യമായി എന്ത് കാരണങ്ങൾ കൊണ്ടാണ് ഓരോ നഗരത്തിലും ആളുകൾ മരിച്ചതെന്ന് കണ്ടുപിടിക്കാൻ സാധിക്കും. അങ്ങനെയുള്ള പഠനങ്ങൾ നടക്കുകയും ചെയ്യും. തൽക്കാലം അതിനുള്ള ഡേറ്റ ഇല്ല.
 
ഒരു ദുരന്തം നടക്കുന്ന സമയത്ത് നമുക്ക് എല്ലാ ഡേറ്റയും കിട്ടി, പഠനങ്ങൾ നടത്തി അതിന്റെ ഫലവും നോക്കി അഭിപ്രായരൂപീകരണം നടത്താൻ സാധിക്കില്ല. നമുക്ക് ലഭ്യമായ ഡേറ്റ ഉപയോഗിച്ച് അനുമാനങ്ങളിൽ എത്തുക. അതുകൊണ്ട് ആളുകൾക്ക് ഗുണമുള്ള എന്തെങ്കിലും ഉപദേശങ്ങൾ കൊടുക്കാൻ കഴിയുമെങ്കിൽ കൊടുക്കുക. ഈ തരം സാഹചര്യത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അല്ല ഹ്യൂറിസ്റ്റിക്സ് ആണ് താരം. ഇവിടെയാണ് പതിറ്റാണ്ടുകളുടെ അനുഭവബലം നമ്മെ സഹായിക്കുന്നത്.
 
കൊറോണ ഇരുന്നൂറിലധികം രാജ്യങ്ങളെയും ടെറിറ്ററികളെയും ബാധിച്ചിരിക്കുന്നു. മുപ്പത് ലക്ഷത്തിലധികം പേർ രോഗബാധിതരായി, മരണം മൂന്നു ലക്ഷം അടുക്കുന്നു.
 
സാന്പത്തികമായി ഏറെ ഉയരത്തിൽ നിൽക്കുന്ന രാജ്യങ്ങൾ, ആശുപത്രികളും ഡോക്ടർമാരും ധാരാളമുള്ള പ്രദേശങ്ങൾ, അവിടെ പോലും മരണം സംഹാര താണ്ഡവം ആടിയിരിക്കയാണ്.
ഇത്തരത്തിൽ പണമോ, ആശുപത്രിയോ, ഡോക്ടർമാരോ ഇല്ലാത്ത പ്രദേശങ്ങൾ ഇത് കണ്ടു ഞെട്ടുന്നു. ആഫ്രിക്കയിൽ കൊറോണ ഒരു ലക്ഷത്തിലധികം പേരുടെ പോലും മരണകാരണം ആയേക്കാമെന്നാണ് ഇന്നത്തെ റിപ്പോർട്ട്.
 
ഈ സാഹചര്യത്തിലാണ് കേരളം പ്രസക്തമാകുന്നത്. ജനുവരി അവസാനം ആദ്യ കേസ് ഉണ്ടായിട്ടും, രോഗലക്ഷണം ഇല്ലാതെ തന്നെ രോഗം പകരുമായിരുന്നിട്ടും, ഒരാളിൽ നിന്നും ശരാശരി രണ്ടാളിലേക്ക് രോഗം പകർന്നാൽ പോലും ലക്ഷങ്ങളിലേക്ക് രോഗം എത്തിയേക്കാവുന്ന സാഹചര്യം ഉണ്ടായിട്ടും പരിമിതമായ വിഭവങ്ങളുള്ള കേരളം ഈ രോഗത്തെ രണ്ടു റൌണ്ട് പിടിച്ചു കെട്ടിയിരിക്കയാണ്.
 
ഇത് അനവധി പ്രദേശങ്ങൾക്ക് പ്രത്യാശ നൽകുന്നു, പ്രത്യേകിച്ചും സാന്പത്തികമായി ഉന്നതിയിൽ അല്ലാത്ത പ്രദേശങ്ങൾക്ക്. ഇവിടെയാണ് വരുമാനവും ആശുപത്രിയും കിടക്കയും പ്രസക്തമാകുന്നത്. കേരളത്തെ ന്യൂ യോർക്കും ലണ്ടനും മാതൃകയാക്കണം എന്നല്ല മറിച്ച് ന്യൂ യോർക്കിനെപ്പോലെയും ലണ്ടനെപ്പോലെയും പണമില്ലെങ്കിലും മറ്റു നയങ്ങളും കർമ്മപരിപാടികളും കൊണ്ട് ഈ രോഗത്തെ പിടിച്ചുകെട്ടാം എന്ന സാധ്യതയാണ് എന്റെ ലേഖനം മുന്നോട്ട് വെച്ചത്. ഫൈസി തിരിച്ചൊന്ന് ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.
 
എന്ത് നയങ്ങളും കർമ്മ പരിപാടികളുമാണ് കേരളം നടപ്പിലാക്കിയത്? ഇതിൽ ഏതൊക്കെയാണ് മറ്റു പ്രദേശങ്ങൾക്ക് അനുകരിക്കാൻ പറ്റുന്നത്? ഇതാണ് നാം ഇനി ലോകത്തോട് പറയേണ്ടത്. അവർ അത് നടപ്പിലാക്കി ആളുകളുടെ ജീവൻ രക്ഷപ്പെട്ടാൽ വളരെ നല്ലത്. അതിലും നല്ല മാതൃകകൾ ലോകത്ത് ഉണ്ടെങ്കിൽ അത് മറ്റുള്ളവർ സ്വീകരിച്ചാൽ അതിലും നല്ലത്. പക്ഷെ നമുക്കറിയാവുന്നത് നാം ഇപ്പോൾ പറയണം. ഇക്കാര്യത്തിൽ നൂറു ശതമാനം ശാസ്ത്രീയമായ പഠനങ്ങൾ വരുന്നത് വരെ നോക്കിയിരുന്നാൽ അത് ആർക്കും ഗുണകരമാവില്ല.
 
കേരളത്തിന് പുറത്തു നിന്നും കേരളത്തെയും കേരളത്തിനകത്ത് നിന്നും ലോകത്തെയും നോക്കിക്കാണുന്ന ഒരാളെന്ന നിലക്ക് അത്രയുമേ ഉള്ളൂ എന്റെ ദൗത്യം. ഇതിനെ അടുത്ത തിരഞ്ഞെടുപ്പിലെ സീറ്റുമായി കൂട്ടിക്കുഴക്കരുത്, പ്രേത്യേകിച്ചും ഇപ്പോൾ. അടുത്ത് വരുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്, അതിനൊരു സീറ്റു കിട്ടിയാൽ പിന്നെ അസംബ്ലിയിൽ കിട്ടാനുള്ള ചാൻസ് പോകും, അത് വേണ്ട.
2. രണ്ടാമത്തെ ചോദ്യം, പാശ്ചാത്യരാജ്യങ്ങളിൽ വ്യക്തി സ്വാതന്ത്ര്യമാണ് പ്രധാനം എന്ന് മുരളി ചേട്ടനറിയില്ലേ, അവർക്ക് സ്വാതന്ത്ര്യമാണ് ജീവനേക്കാൾ പ്രധാനം എന്നാണ്. ശരിയാണ്. ‘പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം’ എന്ന് നമ്മുടെ കവിയും പാടിയിട്ടുണ്ട്. ഈ തത്വം കൊറോണക്കാലത്തും ബാധകമാണോ എന്ന് കവി ജീവനോടെ ഉണ്ടെങ്കിൽ ചോദിക്കാമായിരുന്നു. വ്യക്തിപരമായി ഈ കൊറോണക്കാലത്ത് ഞാൻ ജീവൻ നിലനിർത്താൻ വേണ്ടി അല്പം അസ്വാതന്ത്ര്യം അനുഭവിക്കാൻ തയ്യാറാണ്. “മനുഷ്യാ നീ നിന്റെ ജീവൻ നഷ്ടപ്പെടുത്തിയും ബിവറേജസിൽ പോയിട്ട് എന്തുകാര്യം” എന്ന് ഡിങ്കപുരാണം പറയുന്നു. പക്ഷെ മറ്റുതരത്തിൽ ചിന്തിക്കുന്നവരും ഉണ്ടാകാമല്ലോ.
 
ഈ കൊറോണക്കാലത്ത് ലോക്ക് ഡൌൺ ചെയ്ത് ആളുകളുടെ തൊഴിലും രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയും കുഴപ്പത്തിലായാലും ആളുകളുടെ ജീവൻ രക്ഷിക്കുന്നതാണോ അതോ ആളുകളുടെ ജീവൻ ഏറെ പോയാലും സ്വാതന്ത്ര്യവും തൊഴിലും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുന്നതാണോ ശരിയായ പബ്ലിക് പോളിസി എന്നത് ഇപ്പോൾ വലിയൊരു വെല്ലുവിളിയാണ്. ലോക്ക് ഡൌൺ ഇല്ലത്ത സ്വീഡനിൽ, ഒരു കോടി ജനസംഖ്യയുള്ളതിൽ മൂവായിരം ആളുകളുടെ ജീവൻ ഇതുവരെ നഷ്ടപ്പെട്ടു എന്നാണ് ഷാജൻ പറയുന്നത്. ഇന്ത്യയിലാകട്ടെ പ്രധാനമന്ത്രി തീരുമാനിച്ചത് മറ്റൊന്നാണ്, ലോക്ക് ഡൌൺ ചെയ്യുക, സ്വാതന്ത്ര്യവും തൊഴിലും നഷ്ടപ്പെട്ടാലും പരമാവധി ജീവൻ രക്ഷിക്കാൻ ശ്രമിക്കുക.
 
കൊറോണക്കാലം തുടങ്ങിയതിൽ പിന്നെ പല രാജ്യങ്ങളും ഒരു പോളിസിയിൽ നിന്നും മറ്റൊന്നിലേക്ക് മാറിയിട്ടുണ്ട്. ഈ വിഷയത്തിൽ ഇനിയും അവസാനമായിട്ടില്ല, മരണ സംഖ്യ കൂടിയാൽ സ്വീഡൻ ഒരു ദിവസം ലോക്ക് ഡൌൺ പ്രഖ്യാപിച്ചേക്കാം. സമ്പദ്‌വ്യവസ്ഥ കുഴപ്പത്തിലാകുമെന്ന് കണ്ടാൽ ഇന്ത്യയുൾപ്പടെയുള്ള മറ്റു രാജ്യങ്ങൾ ലോക്ക് ഡൌൺ മാറ്റിയെന്നും വരാം. ഇതിലൊന്നും ആളുകളുടെ വ്യക്തിപരമായ അഭിപ്രായം ചോദിക്കാനായുള്ള അവസരമില്ല. നേതൃത്വം അവരുടെ ജഡ്ജ്മെന്റ് ഉപയോഗിക്കുകയാണ്, അതിനാണ് നമ്മൾ അവരെ നേതാക്കളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇൻവിക്റ്റസ് സിനിമയിൽ നെൽസൺ മണ്ടേലയുടെ കഥാപാത്രം പറയുന്നത് പോലെ “യു ഹാവ് എലെക്റ്റഡ് മി യുവർ ലീഡർ, ലെറ്റ് മി ലീഡ് യു നൗ.” അവരുടെ തീരുമാനത്തിന്റെ ഫലം അനുഭവിക്കുന്നത് എല്ലാ പൗരന്മാരും ആണെങ്കിലും ജനാധിപത്യ രാജ്യങ്ങളിൽ എങ്കിലും ഈ നേതാക്കൾ അവരുടെ ജൻഡ്ജ്‌മെന്റിന് ഉത്തരം പറയേണ്ടി വരും. കാത്തിരുന്ന് കാണുക.
 
3. “പാശ്ചാത്യ രാജ്യങ്ങളിൽ വയസ്സായവരും രോഗികളും മരിച്ചാൽ അവർ അത് കാര്യമാക്കില്ല, കാരണം അവരുടെ സംസ്കാരം അങ്ങനെയാണ്.” ഇതാണ് മൂന്നാമത്തെ പോയന്റ്. സംസ്കാരം എന്നത് എഴുതപ്പെട്ട ഒന്നല്ല. ഷാജൻ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ള ആളാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവിടുത്തെ സംസ്കാരം അങ്ങനെയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ എനിക്ക് മറുത്തു പറയാൻ പറ്റില്ല. ഞാനും അവിടെ ജീവിച്ചിട്ടുണ്ട്, അങ്ങനെയാണ് അവിടുത്തെ സംസ്കാരം എന്ന് പൊതുവിൽ തോന്നിട്ടിട്ടില്ല. പക്ഷെ ഈ കൊറോണക്കാലത്ത് വെന്റിലേറ്ററിനേക്കാൾ കൂടുതൽ കൊറോണ രോഗികൾ ഉണ്ടായപ്പോൾ ആരുടെ ജീവനാണ് വലുത്, ആരെയാണ് ഉപേക്ഷിക്കേണ്ടത് എന്ന് ചിന്തിക്കേണ്ട സാഹചര്യം പലയിടത്തും ഉണ്ടായി. ജീവിതകാലം മുഴുവൻ ഉത്തരവാദിത്തത്തോടെ ജീവിച്ചിട്ടും (അതുകൊണ്ടാണല്ലോ എൺപത് വയസ്സ് വരെ ഒക്കെ ജീവിക്കുന്നത്) ഒരു പാൻഡെമിക് വന്നപ്പോൾ വയസ്സായവരുടെ ജീവന് മറ്റുള്ളവരുടെ ജീവനേക്കാൾ വില കുറവാണോ എന്ന് ചിന്തിക്കേണ്ട ഒരു സാഹചര്യം ഉണ്ടായതിനെ പറ്റി പാശ്ചാത്യ ലോകത്ത് ചർച്ചകൾ വരാനിരിക്കുന്നതേ ഉള്ളൂ.
 
ഷാജൻ പറഞ്ഞത് പോലെ അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഞാൻ ദിവസവും മറുനാടൻ വായിക്കുന്ന ആളുമാണ്, മറുനാടന് വേണ്ടി മാത്രം ഞാൻ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്, ഇപ്പോഴും എന്റെ ലേഖനങ്ങൾ അദ്ദേഹത്തിന്റെ പത്രം സ്ഥിരമായി കൊടുക്കാറുമുണ്ട്. ഇതിലൊക്കെ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ഇന്നിപ്പോൾ ബോംബെ കാലം ഓർക്കാൻ അവസരം തന്നെ ഷാജന് നന്ദി.
ഈ പോസ്റ്റ് എന്റെ ചിന്തകൾ വിശദീകരിക്കാനുള്ളതാണ്, അല്ലാതെ ഷാജനെ കുറ്റം പറയാനുളളതല്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ഉത്തമബോധ്യത്തോടെ പറഞ്ഞതാണ്.
 
അതുകൊണ്ട് തന്നെ ഷാജനെയോ മറുനാടനെയോ കുറ്റം പറയുന്ന കമന്റുകൾക്ക് ഇവിടെ പ്രസക്തിയില്ല, ഞാൻ വെട്ടി മാറ്റുകയും ചെയ്യും.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment