പൊതു വിഭാഗം

പഴയിടങ്ങളും പുതിയിനങ്ങളും…

എൻറെ അച്ഛൻ ഉദ്യോഗമണ്ഡലിലെ എഫ്.എ.സി.ടി.യിലെ കാന്റീൻ ജീവനക്കാരൻ ആയിരുന്നു. 1944 മുതൽ 1984 വരെ.

എഫ്.എ.സി.ടി.യുടെ പ്രതാപ കാലമാണ്. ഓരോ ദിവസവും ഉച്ചക്ക് ശരാശരി അയ്യായിരത്തിന് മുകളിൽ ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കണം.

പാചകം ആയിരുന്നില്ല അച്ഛന്റെ പണി, പാചകത്തിന്റെ മേൽനോട്ടം ആയിരുന്നു. എന്നാലും പാചകത്തോടുള്ള താല്പര്യം കൊണ്ടും പലപ്പോഴും ജീവനക്കാർ കുറവായിരിക്കുന്പോൾ നേരിട്ട് ഇടപെടേണ്ടി വരുന്നത് കൊണ്ടും അച്ഛന് പാചകം നല്ല വശമായിരുന്നു.

ചോറും അവിയലും, ഇഡ്ഡലിയും ഉള്ളി സാന്പാറും, ചപ്പാത്തിയും കിഴങ്ങു കറിയും ഉൾപ്പടെ സാധാരണ വെജിറ്റേറിയൻ ഭക്ഷണത്തിന് അന്നും ഇന്നും എൻറെ ഗോൾഡ് സ്റ്റാൻഡേർഡ് അച്ഛന്റെ പാചകം ആണ്.

ഒറ്റക്കാര്യത്തിലേ അന്നെനിക്ക് ഒരു വിഷമം ഉണ്ടായിരുന്നുള്ളൂ. എഫ്.എ.സി.ടി.യുടെ കാന്റീനിൽ അന്ന് നോൺ വെജ് ഇല്ല.

അതുകൊണ്ട് അച്ഛന് നോൺ വെജ് പാചകം ചെയ്ത് ശീലമില്ല. വീട്ടിൽ മുട്ടക്കറി മുതൽ മട്ടൻ കറി വരെ ഉണ്ടാക്കണമെങ്കിൽ അത് അമ്മയോ ചേട്ടനോ ഒക്കെയാണ് ചെയ്യുന്നത്. അവരൊക്കെ നന്നായി ഉണ്ടാക്കുമെങ്കിലും അച്ഛന്റെ പ്രൊഫഷണലിസം അതിൽ ഉണ്ടാകില്ലല്ലോ.

അച്ഛൻ നോൺ വെജ് പാചകം ചെയ്തിരുന്നെങ്കിൽ എന്ത് അടിപൊളി ആകുമായിരുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്ത് കൊണ്ടാണ് എഫ്.എ.സി.ടി.യിൽ നോൺ വെജ് ഉണ്ടാകാതിരുന്നതെന്നും.

അക്കാലത്ത് തന്നെ റിഫൈനറിയിൽ ഒക്കെ നോൺ വെജ് ഉണ്ടായിരുന്നതായി അച്ഛൻ പറഞ്ഞിട്ടുണ്ട്.

എന്തെങ്കിലും കാരണവശാൽ വെജ് ആയി തുടങ്ങിക്കാണും. പിന്നെ ഒരു ശീലം പോലെ അത് തുടർന്നും കാണും. ഇപ്പോൾ അത് മാറിയോ എന്നറിയില്ല.

കേരളത്തിലെ സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദം ശ്രദ്ധിക്കുകയായിരുന്നു.

അനവസരത്തിലുള്ള വിവാദം ആയാണ് തോന്നിയത്.

സ്‌കൂൾ യുവജനോത്സവം നടക്കുന്പോൾ അവിടെ വെജിറ്റേറിയൻ മാത്രമല്ല നോൺ വെജും വേണമെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല.

സ്‌കൂൾ യുവജനോത്സവം ഉത്സവം പോലെ നടക്കുന്പോൾ അത് നടക്കുന്ന നാടുകളിലെ ഭക്ഷണം പ്രമോട്ട് ചെയ്യാനുള്ള അവസരമായി ഉപയോഗിക്കണം എന്നതും ന്യായമായ കാര്യമാണ്.

ഇന്ത്യയിലെ അനവധി പ്രദേശങ്ങളിലൂടെ തീവണ്ടികൾ പോകുന്പോഴും ഒരേ ബോറൻ ഭക്ഷണം തന്നെ തന്നുകൊണ്ടിരുന്ന കാലത്തെപ്പറ്റി, അത് നമ്മുടെ ഭക്ഷണ വൈവിധ്യത്തെ പറ്റി നാട്ടുകാരെ അറിയിക്കാനുള്ള അവസരമായി ഉപയോഗിക്കാവുന്നതിനെ പറ്റി ഞാൻ നേരത്തെ എഴുതിയിട്ടുമുണ്ട്.

പാർട്ടി സമ്മേളനം ആണെങ്കിലും യുവജനോത്സസവം ആണെങ്കിലും ഇത്തരം അവസരങ്ങൾ നാടിനെ അറിയാനും അറിയിക്കാനും ഉപയോഗിക്കണം.

പക്ഷെ ഇതൊക്കെ യുവജനോത്സവം തുടങ്ങുന്ന അന്ന് നടത്തേണ്ട ചർച്ചകൾ അല്ല. അതിൻറെ കൂട്ടത്തിൽ ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ ജാതിയും മതവും കൂട്ടിക്കുഴച്ച് വിവാദം ആക്കേണ്ട ചർച്ചകൾ അല്ല.

ഏതായാലും വിവാദത്തിലൂടെ ആണെങ്കിലും ചർച്ച വന്നു.

അടുത്ത യുവജനോത്സവത്തിന് നോൺ വെജ് ഉണ്ടാകും എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നല്ലത്.

അടുത്ത യുവജനോത്സവത്തിന് പാചകത്തിന് ഇല്ല എന്നും ഈ തവണ തന്നെ പേടിച്ചു എന്നും പഴയിടവും പറഞ്ഞു.

വെജും നോൺ വെജും പാചകം ചെയ്യുന്ന ആളായതിനാൽ അദ്ദേഹം മാറി നിൽക്കേണ്ട ആവശ്യം ഒന്നുമില്ല. അടുത്ത മെനുവിനും ക്വോട്ടേഷൻ കൊടുക്കണം, കിട്ടിയാൽ പാചകം ചെയ്യാമല്ലോ.

പക്ഷെ അദ്ദേഹം പറഞ്ഞ പേടിയുടെ ന്യായം ശരിയാണ്. സത്യത്തിൽ എനിക്ക് പോലും പേടി ഉണ്ടായിരുന്നു.

ആയിരക്കണക്കിന് കുട്ടികൾക്ക് പാചകം ചെയ്യുന്നത് വലിയ റിസ്ക് ഉള്ള പണിയാണ്. ആവശ്യത്തിന് ഭക്ഷണം ഉണ്ടാവുക, അതിന് രുചി ഉണ്ടാവുക, അതിൽ മോശമായി എന്തെങ്കിലും കാണാതിരിക്കുക, അത് കഴിച്ചവർക്ക് കുഴപ്പം ഉണ്ടാകാതിരിക്കുക, എല്ലാം ഇത്രയും ഭക്ഷണം തയ്യാറാക്കുന്നവരുടെ ഉറക്കം കെടുത്തുമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.

ഇതുപോലുളള വിഷയങ്ങൾ അനവസരത്തിൽ ചർച്ച ആക്കുന്നവരോ അത് അവസരമായി കാണുന്നവരോ ഒരു പാര വച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടാകും. ഒരു പതിറ്റാണ്ടായുണ്ടാക്കിയ പാചകക്കാരന്റെ നല്ല പേര് പോകും. അപ്പോൾ പേര് നന്നായിരിക്കുന്പോൾ പിന്തിരിഞ്ഞത് ഒരു കണക്കിന് നന്നായി. ഈ വിഷയത്തിൽ ഞാൻ കണ്ടിടത്തോളം അദ്ദേഹത്തിൻറെ പ്രതികരണം പക്വതയോടെ തന്നെ ആയിരുന്നു.

അടുത്ത വർഷം നോൺ വെജ് ഉണ്ടാക്കുന്ന സമയത്ത് മെനു തീരുമാനിക്കുന്നത് അമ്മാവന്മാർ മാത്രം ചെയ്യേണ്ട എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്.

കുട്ടികളുടെ ഇടയിൽ ഒരു അഭിപ്രായ സർവ്വേ നടത്തട്ടെ. പുട്ടും സദ്യയും പായസവും വേണോ?

നൂൽ പുട്ടും ബിരിയാണിയും സുലൈമാനിയും വേണോ? ചോകലെറ്റ് ബ്രെഡും ബർഗറും പെപ്സിയും വേണോ?

എല്ലാത്തിന്റേയും കോന്പിനേഷൻ വേണോ, ചോയ്‌സ് വേണോ?

അതൊക്കെ അവർ തീരുമാനിക്കുന്നതല്ലേ നല്ലത്?

എന്നിട്ട് അതിനുള്ള ടെണ്ടർ വിളിക്കാം, പരിചയവും താല്പര്യവും ഉള്ളവർ പങ്കെടുക്കട്ടെ, അതിൽ വിജയിക്കുന്നവർ ഭക്ഷണം ഉണ്ടാകട്ടെ.

കുട്ടികൾ സന്തോഷിക്കട്ടെ,

ഈ വിവാദത്തിൽ ഒരു കാര്യത്തിൽ എനിക്ക് ആശ്വാസം ഉണ്ട്. ഇതുണ്ടായത് എൽ.ഡി.എഫ്. ഭരണകാലത്താണ്.

ഇത് യു.ഡി.എഫ്. കാലത്തായിരുന്നെങ്കിൽ പാചകക്കാരൻറെ മാത്രമല്ല വിദ്യാഭ്യാസ മന്ത്രിയുടെ ജാതിയും മതവും കൂടി വിഷയം ആയേനെ. തീരുമാനം എടുക്കുന്നത് ഇത്ര എളുപ്പമായിരിക്കുകയുമില്ല.

ഏറെ മലയാളികൾക്ക് അറിയാത്ത ഒരു ഭയം കൂടി ഉണ്ട് എനിക്ക്. ഓരോ തവണ ഡെൽഹിയിൽ പോകുന്പോഴും എന്റെ അടുത്ത വടക്കേ ഇന്ത്യൻ സുഹൃത്തുക്കളോട് സംസാരിക്കാറുണ്ട്. ഇപ്പോൾ തന്നെ കേരളത്തെ പറ്റി വടക്കേ ഇന്ത്യയിൽ ഉള്ള പ്രചാരണം വളരെ മോശമാണ്. കേരളം ആകുന്ന കിണറ്റിൽ ഇരിക്കുന്ന ആളുകളും മാധ്യമങ്ങളും ഒന്നും ഇത് കാണുന്നില്ല എന്നേ ഉള്ളൂ. ഈ വിവാദം ഏതൊക്കെ തരത്തിൽ ആണ് ആ പ്രൊപ്പഗാണ്ടക്ക് ആഴം കൂട്ടുന്നത് എന്ന് കണ്ടറിയണം കോശി.

എന്താണെങ്കിലും വിവാദം അച്ഛനെ ഓർമ്മിപ്പിച്ചു. നന്ദി.

എൻറെ അച്ഛന്റെ സ്മരണ മാത്രമല്ല ഉണ്ടായതെന്നും സ്മരിക്കുന്നു.

മുരളി തുമ്മാരുകുടി

Leave a Comment