പൊതു വിഭാഗം

പരീക്ഷണശാലയിലെ സുരക്ഷ

ചെറുപ്പത്തിൽ പറഞ്ഞു കേട്ട കഥയാണ്.
 
ലോകത്ത് ഏറ്റവും കൊടിയ വിഷം പൊട്ടാസ്യം സയനൈഡ് എന്ന രാസവസ്തുവാണ്, ഉപ്പുകല്ല് പോലിരിക്കുന്ന ഈ വസ്തുവിന്റെ ഒരു തരി നാവിൽ വീണാൽ ഉടൻ മരണമാണെന്നും, അതുകൊണ്ട് ഈ വസ്തുവിന്റെ രുചി എന്തെന്ന് പോലും ആർക്കും അറിയില്ലത്രേ. ഒരിക്കൽ ഒരു ശാസ്ത്രജ്ഞൻ ഇതിന്റെ രുചി അറിയാനായി സ്വയം മരിക്കാൻ തയ്യാറായി. ഒരു പേപ്പറും പേനയും കൈയിൽ വെച്ച് ഒരു തരി സയനൈഡ് വായിലിട്ട അദ്ദേഹം S എന്നെഴുതിയപ്പോഴേക്കും മരിച്ചുവീണു. ഇപ്പോഴും സയനൈഡിന്റെ രുചി ഉപ്പോ (salty), ചവർപ്പോ (sour), മധുരമോ (sweet) എന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലത്രെ.
 
ഈ കഥ സത്യമാണോ എന്നെനിക്കറിയില്ലെങ്കിലും പൊട്ടാസ്യം സയനൈഡ് വിഷമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. സ്വർണ്ണപ്പണിക്കാരാണ് ഇത് പൊതുവെ ഉപയോഗിക്കുന്നത്. ഇലക്ട്രോ പ്ളേറ്റിങ്ങിലും ഉപയോഗിക്കും. കൊലയും മരണവും അനായാസമാകുന്നതുകൊണ്ട് ആത്മഹത്യ ചെയ്യുന്ന അല്ലെങ്കിൽ കൊലപാതകം ചെയ്യുന്ന സ്വർണ്ണപ്പണിക്കാർ പൊതുവെ ഇതാണ് ഉപയോഗിക്കാറ്. കേരളത്തിൽ വർഷത്തിൽ ഒന്നിൽ കൂടുതൽ മരണങ്ങൾ പൊട്ടാസ്യം സയനൈഡ് കൊണ്ട് സംഭവിക്കാറുണ്ട്.
ഐ ഐ ടിയിൽ എം ടെക്കിന്റെ തീസിസ് ചെയ്യാൻ തുടങ്ങിയ എനിക്ക് പ്രൊഫസർ നൽകിയത് ഇലക്ട്രോ പ്ളേറ്റിങ് വ്യവസായത്തിലെ മലിനജല ശുദ്ധീകരണമാണ്. അന്ന് കാൺപൂരിൽ ഇലക്ട്രോ പ്ളേറ്റിങ് ഫാക്ടറി ഇല്ല. അതുകൊണ്ട് വിവിധ രാസവസ്തുക്കൾ കലക്കി പ്ളേറ്റിങ് സ്ഥാപനത്തിലെ മലിനജലം കൃത്രിമമായി ഉണ്ടാക്കിയെടുക്കണം. അതിൽ ഒരു രാസവസ്തു സയനൈഡാണ്.
 
ഒരു സേഫിലാണ് പൊട്ടാസ്യം സയനൈഡ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടുപേർ ഒപ്പിട്ടാലേ അത് തുറക്കാൻ അനുവാദം ഉള്ളൂ. അതിൽനിന്നും എത്രയളവ് എടുത്തുവെന്നും രജിസ്റ്ററിൽ എഴുതിവെക്കണം. ചെറിയൊരു അളവാണ് എനിക്ക് തരുന്നത്. അതിനെ ജലത്തിൽ അലിയിച്ച് ലായനിയാക്കിയ ശേഷം ഖരലോഹങ്ങളുടെ ലവണങ്ങൾ കലർത്തിയ ലായനിയുമായി മിക്സ് ചെയ്യണം. അത് നേർപ്പിച്ച് പ്ളേറ്റിങ്ങ് വ്യവസായത്തിൽ നിന്നും പുറത്തു വരുന്ന മലിനജലത്തിന്റെ തോതിൽ ആക്കണം. എന്നിട്ടാണ് പരീക്ഷണങ്ങൾ. (ഞാൻ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമ്മേളനം ഉൽഘാടനം ചെയ്യുന്നതിനെതിരെ ഒരു നീക്കം ഉണ്ടായപ്പോൾ തുമ്മാരുവധത്തിന്റെ ചില വക്താക്കൾ പറഞ്ഞത് “മുരളി എൻജിനീയർ ആണ്, ശാസ്ത്രജ്ഞൻ ഒന്നുമല്ല എന്നാണ്. സത്യത്തിൽ എൻറെ ആദ്യത്തെ ജോലി ശാസ്ത്രജ്ഞൻ ആയിട്ടായിരുന്നു, ലാബിലെ കോട്ടിട്ട് നിൽക്കുന്ന പടം ഇപ്പോഴും കയ്യിലുണ്ട്. പിന്നെ നാട്ടിൽ ശാസ്ത്രവും ആയിരിക്കുന്നതിന് ശോഭനമായ ഭാവിയില്ലെന്ന് കണ്ടു മറുകണ്ടം ചാടിയതാണ്).
 
അതവിടെ നിൽക്കട്ടെ. നമുക്ക് സയനൈഡിലേക്ക് വരാം. ഏറ്റവും കുഴപ്പം പിടിച്ച പണി സയനൈഡ് ലായനി നേർപ്പിക്കുന്നതാണ്. പത്ത് മി.ലി സയനൈഡ് ലായനി പിപ്പറ്റ് വെച്ച് വലിച്ചെടുത്ത് തൊണ്ണൂറ് മി.ലി ജലവുമായി മിക്സ് ചെയ്യണം. ബീക്കറിൽ ഉള്ള കോൺസെൻട്രേറ്റഡ് ലായനിയിൽ നിന്നും പിപ്പറ്റ് വായിൽവെച്ച് സൂക്ഷ്മമായി വേണം വലിച്ചെടുക്കാൻ.
 
“It is very risky, you know.”
എന്റെ ലാബിലെ സീനിയർ സയന്റിഫിക് ഓഫീസർ പറഞ്ഞു.
“I know.” ഞാൻ നെഞ്ചിടിപ്പോടെ പറഞ്ഞു.
 
പക്ഷെ, നമ്മൾ സി ഐ ഡി കൾ ആയിപ്പോയില്ലേ, സഹിച്ചല്ലേ പറ്റൂ… എന്ന് മോഹൻലാൽ പറഞ്ഞതുപോലെ “ഞാൻ ശാസ്ത്രജ്ഞൻ ആയിപ്പോയില്ലേ, ചെയ്തല്ലേ പറ്റൂ.”
 
ജീവൻ പണയംവെച്ച് ശാസ്ത്രത്തിനു വേണ്ടി പലവട്ടം ഞാൻ സയനൈഡ് പിപ്പറ്റിലൂടെ വലിച്ചെടുത്തു. ഭാഗ്യത്തിന് ചത്തില്ല. (നല്ല ആളുകളേ ചെറുപ്പത്തിൽ മരിക്കൂ എന്ന് അമ്മ).
ഒരു വർഷം കഴിഞ്ഞ് നാഗ്‌പൂരിൽ ശാസ്ത്രജ്ഞനായി ജോലിക്കെത്തിയപ്പോഴാണ് അന്പരപ്പിക്കുന്ന ആ സത്യം ഞാൻ മനസ്സിലാക്കിയത്. വെറും ഇരുപത്തിയഞ്ച് രൂപയുള്ള ഒരുപകരണം പിപ്പറ്റിന്റെ പുറകിൽ ഘടിപ്പിച്ചാൽ കൈ കൊണ്ടുതന്നെ ലായനി വലിച്ചെടുക്കുകയും തിരിച്ച് ഒഴിക്കുകയും ചെയ്യാം.
 
ഐ ഐ ടിയിലെ ഓഫീസർക്ക് അതറിയാമായിരുന്നോ, അതോ ആ വസ്തു വാങ്ങാനുള്ള പണം അക്കൗണ്ടിലില്ലായിരുന്നോ എന്നൊന്നും അറിയില്ല.
 
ഒന്നുറപ്പാണ്. വ്യക്തി സുരക്ഷയോ രാസവസ്തുക്കളുടെ സുരക്ഷയോ, ഉപയോഗം കഴിഞ്ഞ രാസവസ്തുക്കൾ എങ്ങനെയാണ് നശിപ്പിച്ചു കളയേണ്ടതെന്നോ ആരും ഞങ്ങളെ പഠിപ്പിച്ചില്ല. എന്തിന്, ലോകത്ത് നിർമ്മിക്കപ്പെടുന്ന ഓരോ രാസവസ്തുവിന്റെയും ഘടന, ഉപയോഗങ്ങൾ, ഗുണങ്ങൾ, എന്നിവ കൂടാതെ അത് ഉപയോഗിക്കുന്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, അത് മറിഞ്ഞുവീണാൽ എടുക്കേണ്ട കരുതലുകൾ, ബാക്കി വരുന്നവ എങ്ങനെയാണ് നശിപ്പിച്ചുകളയേണ്ടത് എന്നൊക്കെ വിശദീകരിക്കുന്ന Material Safety Data Sheet (MSDS) എന്നൊന്നുണ്ടെന്ന് പോലും ആരും ഞങ്ങളെ പഠിപ്പിച്ചില്ല. ഐ ഐ ടിയിലെ കാര്യം ഇങ്ങനെയാണെങ്കിൽ മറ്റുള്ള സ്ഥലങ്ങളിലെ കാര്യം എന്തായിരിക്കും?
 
ഇന്ത്യയുടെ അഭിമാനമായ സി വി രാമൻ ജോലി ചെയ്തിട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) പരീക്ഷണശാലയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ ഒരു ഗവേഷകൻ മരിച്ചു എന്ന് കേട്ടപ്പോഴാണ് ഞാൻ ഇതൊക്കെ ഓർത്തത്. കാര്യങ്ങൾക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു.
 
IIT യിലെയും IISc യിലെയും അവസ്ഥ ഇങ്ങനെയാണെങ്കിൽ നമ്മുടെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും സ്‌കൂളുകളിലെയും കാര്യം പറയാനുണ്ടോ. ആരെങ്കിലും ഇവരെ വ്യക്തിസുരക്ഷ, MSDS ഒക്കെ പഠിപ്പിക്കുന്നുണ്ടോ? ലാബിൽ ഏതെങ്കിലും രാസവസ്തു കണ്ണിൽ വീണാൽ കഴുകിക്കളയാനുള്ള eye wash സംവിധാനം എവിടെയുണ്ട്? രാസവസ്തുക്കൾ താഴെ വീണാലോ ബാക്കി വന്നാലോ കാലാവധി തീർന്നാലോ എവിടെയാണ് കളയേണ്ടത്? സിങ്കിൽ ഒഴിച്ചുകളയുന്ന ലായനികൾ എവിടെയാണ് എത്തിച്ചേരുന്നത്?. രാസവസ്തുക്കളുടെ കാര്യം പോകട്ടെ, ബയോളജി പരീക്ഷണങ്ങൾ നടത്തുന്നവരുടെ ബാക്ടീരിയയും വൈറസും ഒക്കെ ഏതു വഴി എവിടേക്ക് പോകുന്നു?
 
ഇതിനൊന്നിനും ഉത്തരമുണ്ടാകാൻ വഴിയില്ല. സാധാരണ ഒരിടത്ത് പ്രളയം വന്നാൽ വെള്ളം കയറിയ രാസവസ്തു ഗോഡൗണിന്റെയും സ്‌കൂൾ ലാബിന്റെയും പരിസരത്തെ മണ്ണും ജലവും പരിശോധിച്ചിട്ടേ അവിടം സുരക്ഷിതമാണെന്ന് പറയാറുള്ളൂ. കേരളത്തിലെ പ്രളയം കഴിഞ്ഞപ്പോൾ സ്‌കൂളുകളിലെയും കിണറുകളിലെയും വെള്ളമുൾപ്പെടെ രാസപരിശോധനക്ക് വിധേയമാക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. സ്‌കൂളുകൾ പോയിട്ട് രാസവസ്തുക്കളുടെ വലിയ ശേഖരമുണ്ടായിരുന്ന ഇടയാർ ഉദ്യോഗമണ്ഡൽ വ്യാവസായിക മേഖലയിലെ ഫാക്ടറിയുടെ പരിസരത്തു പോലും ഒരു പരിശോധനയും നടന്നില്ല. എല്ലാ പരീക്ഷണങ്ങളും നടക്കുന്നത് ആളുകളുടെ ആരോഗ്യത്തിന്മേലാണ്.
 
കാര്യങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലല്ല ഇതൊന്നും എഴുതുന്നത്. നിങ്ങളിൽ സ്‌കൂൾ അധ്യാപകർ മുതൽ ഗവേഷണ വിദ്യാർഥികൾ വരെയുള്ളവരോട് ചുരുങ്ങിയത് പരീക്ഷണശാലകളിലെ വ്യക്തിസുരക്ഷക്കും രാസവസ്തുക്കളുടെ സുരക്ഷക്കും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെന്ന് പറയാൻ കൂടിയാണ്. പൊട്ടാസ്യം സയനൈഡിന്റെ MSDS ഇവിടെ ചേർക്കുന്നു.
 
ഒരു കാര്യം കൂടി പറഞ്ഞേക്കാം, സയനൈഡിന് ഉപ്പും അല്ല മധുരവും അല്ല, ഒടുക്കത്തെ കയ്പ്പാണ് !!. എങ്ങനെയാണ് അത് മനസ്സിലാക്കിയത് എന്നൊന്നും ചോദിക്കരുത്. ഒന്ന് നാക്കിൽ വച്ചാൽ ചത്തുപോകും എന്നൊക്കെ ചുമ്മാ പറയുന്നതാണ്.
 
രുചി നോക്കേണ്ട, ലാബുകളിൽ സുരക്ഷിതരായിരിക്കുക !
 
മുരളി തുമ്മാരുകുടി

Leave a Comment