പൊതു വിഭാഗം

പതിനെട്ടിന്റെ പാഠങ്ങൾ  തുടങ്ങുന്നു.

2018, കേരളചരിത്രത്തിൽ ദുരന്തത്തിന്റെ വർഷമായി സ്ഥാനം പിടിക്കുകയാണ്. 1924 ലെ ദുരന്തം മറന്നതു പോലെ ഈ ദുരന്തവും നമ്മൾ മറക്കും, അടുത്ത ദുരന്തം ഉണ്ടാകുന്നത് വരെ. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് അതിനിനി നൂറുവർഷം പോലും വേണ്ടിവരില്ല.  

ആദ്യമായി നമ്മൾ ഓർത്തിരിക്കേണ്ടത് പതിനെട്ടിലെ ദുരന്തം എന്നത് ആഗസ്റ്റിലെ പ്രളയം മാത്രം ആയിരുന്നില്ല എന്നതാണ്. ജൂൺ മാസത്തിൽ തുടങ്ങി സെപ്റ്റംബർ വരെ നീണ്ട കുട്ടനാട്ടിലെ പ്രളയമാണ് ഒന്നാമത്തെ ദുരന്തം. പെരുമഴക്കാലത്ത് മലനാട്ടിലുണ്ടായ ആയിരക്കണക്കിന് മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമാണ് ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയത്. എന്നാൽ ടി വി കാമറകൾ അവിടെ ഇല്ലാതിരുന്നതിനാൽ ഇതിന്റെ രൂക്ഷത ആളുകൾക്ക് മനസ്സിലായില്ല. മലനാട്ടിലെ ദുരിതം ഇനിയും അവസാനിച്ചിട്ടില്ല. തുലാവർഷക്കാലത്തും മണ്ണിടിച്ചിലുണ്ടാകും. ആഗസ്റ്റ് പത്തുമുതൽ ഇരുപത് വരെ കേരളത്തിന്റെ ഇടനാട്ടിൽ ഉണ്ടായ പ്രളയമാണ് മൊത്തം കേരളത്തെ പിടിച്ചു കുലുക്കിയതും ലോക ശ്രദ്ധ ആകർഷിച്ചതും. ക്ലാരയും സൗന്ദര്യവും ആയിരുന്നു ഇതുവരെ മിക്കവാറും മലയാളികൾക്ക് ‘മഴ’ എങ്കിൽ, പ്രളയത്തിൽ അകപ്പെട്ടവർക്ക് മഴ ഇനിയങ്ങോട്ട് ആധിയാണ്. ഓരോ മഴക്കാലവും ആശങ്കയുടേതും.

ഈ ദുരന്തങ്ങളുടെ അടിസ്ഥാന കാരണങ്ങൾ, മുന്നറിയിപ്പുകൾ, ദുരന്തത്തിന് മുൻപ് സർക്കാരിന്റെയും ജനങ്ങളുടെയും തയ്യാറെടുപ്പുകൾ, ദുരന്തം ഉണ്ടായതിന് ശേഷം സർക്കാരും ജനങ്ങളും പ്രതികരിച്ച രീതി, ദുരന്തത്തിൽ നിന്നും പുനർനിർമ്മിക്കുന്ന കേരളത്തെപ്പറ്റിയുള്ള ചിന്തകൾ ഇതെല്ലാമാണ് പുതിയ സീരീസ് ആയി വരുന്നത്. ആരെയും കുറ്റപ്പെടുത്തുക ലേഖനത്തിന്റെ ലക്ഷ്യമല്ല. അതേസമയം ഇക്കാര്യത്തിൽ ഉണ്ടായ നല്ല മാതൃകകളോടൊപ്പം എന്തൊക്കെ ശരിയായി നടന്നില്ല എന്നുംകൂടി പറഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നാം പാഠങ്ങൾ പഠിക്കുക.

കുറച്ചു വിഷയങ്ങൾ ആദ്യമേ പറയാം.

 

  1. എങ്ങനെയാണ് പ്രളയാനന്തര പാഠങ്ങൾ പഠിക്കുന്നത്?
  2. എങ്ങനെയാണ് ദുരന്തത്തിന്റെ നഷ്ടം അളക്കുന്നത്?
  3. ഡാമുകൾ ദുരന്തത്തിന്റെ ആഘാതം  വർദ്ധിപ്പിച്ചോ?
  4. ദുരന്തത്തിലെ മരണ സംഖ്യ എത്രയാണ്?
  5. എന്താണ് യു എൻ സഹായം?
  6. ദുരന്ത – പുനർനിർമ്മാണത്തിന് പണം കണ്ടെത്തുന്നത് എങ്ങനെ?
  7. ദുരന്ത – പുനർ നിർമ്മാണത്തിന്റെ ചില ലോക മാതൃകകൾ.
  8. പരിസ്ഥിതി നാശവും ദുരന്തവും
  9. കാലാവസ്ഥ വ്യതിയാനം – ദുരന്തം – തയ്യാറെടുപ്പുകൾ
  10. മുല്ലപ്പെരിയാറിന്റെ ഭാവി എന്താകാം?
  11. നാളത്തെ കുട്ടനാട്
  12. ഭൂവിനിയോഗവും ദുരന്ത സാധ്യതകളും
  13. ഉയരത്തിലേക്ക് വളരുന്ന കേരളം
  14. യുവാക്കളുടെ പ്രാതിനിധ്യം: ദുരന്തത്തിലും ശേഷവും.
  15. ദുരന്തവും ദുരന്ത ലഘൂകരണവും – സ്ത്രീകളുടെ പങ്ക്
  16. സ്‌കൂൾ – വിദ്യഭ്യാസം – ദുരന്ത ലഘൂകരണം
  17. കേരളത്തിന് വിദേശ സഹായം ആവശ്യമാണോ ?

 

ഇതൊരു സാമ്പിൾ മാത്രം. ബാക്കി പിന്നാലെ വരും. ഏതെങ്കിലും വിഷയം കൂടുതലായി ഞാൻ എഴുതണം എന്നുണ്ടെങ്കിൽ നിങ്ങൾ അറിയിച്ചാൽ മതി. ഒന്നും മുൻ‌കൂർ എഴുതിവെക്കുന്ന രീതിയില്ല. ഓരോ ദിവസത്തെയും മൂഡ് അനുസരിച്ച് എഴുതുന്നതിനാൽ ഇതേ സീക്വൻസിൽ തന്നെ ആയിരിക്കണമെന്നില്ല.

 

ഇനി കുറച്ചു ഗ്രൗണ്ട് റൂൾസ് കൂടി.

 

  1. ദുരന്തത്തിന് ശേഷം അനവധി ആളുകൾ “ചേട്ടാ/സാർ ഞങ്ങളുടെ പത്രത്തിന്/മാസികയ്ക്ക് വേണ്ടി ഒരു ലേഖനം എഴുതണം” എന്ന് പറഞ്ഞു സമീപിക്കുന്നുണ്ട്. സമയക്കുറവ് കാരണം ആർക്കും വേണ്ടി ഒന്നും പ്രത്യേകം എഴുതാൻ പറ്റുന്നില്ല, ക്ഷമിക്കുമല്ലോ.

 

  1. അതേ സമയം ഞാൻ എഴുതുന്ന ലേഖനങ്ങൾ ഏതു വേണമെങ്കിലും എടുത്ത് നിങ്ങൾക്ക് പുനഃ പ്രസിദ്ധീകരിക്കാം, എന്നോട് ചോദിക്കേണ്ടതില്ല. പ്രസിദ്ധീകരിച്ചതിന് ശേഷം ഒരു കോപ്പിയോ ലിങ്കോ അയച്ചു തന്നാൽ സന്തോഷം.

 

  1. പതിവ് പോലെ ഓരോ ലേഖനവും മുൻപ് അഡ്ഡ്രസ്സ്‌ അയച്ചു തന്ന എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും അയയ്ക്കുന്നതാണ്. ഇനിയും എൻറെ അഡ്രസ്സ് ലിസ്റ്റിൽ ഇല്ലാത്ത മാധ്യമ സുഹൃത്തുക്കളും വാട്ട്സ്ആപ്പ് അഡ്മിൻമാരും thummarukudy@gmail.com ലേക്ക് എഴുതിയാൽ മതി.

 

  1. ഈ ലേഖനങ്ങൾ എല്ലാം നിങ്ങൾ ശ്രദ്ധിച്ചു വായിക്കും എന്ന് കരുതുന്നു. ഓരോ ലേഖനത്തിലേയും ശരി തെറ്റുകൾ ചർച്ച ചെയ്യാൻ സന്തോഷമേ ഉള്ളൂവെങ്കിലും ഒരു ലേഖനം മാത്രമെടുത്ത് അത് ‘സർക്കാരിനെ അനുകൂലിച്ചാണ്’, ‘എതിരായിട്ടാണ്’ എന്നൊന്നും ആലോചിച്ചു സമയം കളയരുത്. ഞാൻ കേരളത്തിലെ ജനങ്ങളുടെ പക്ഷത്തു നിന്നാണ് കാര്യങ്ങളെ കാണുന്നത്. അവരുടെ ഭാവി, നമ്മുടെ മക്കളുടേയും കൊച്ചു മക്കളുടേയും ഭാവി, അവർക്ക് സുരക്ഷിതമായ ഒരു കേരളം എങ്ങനെ ബാക്കിവെച്ചിട്ട് പോകാം എന്നതാണ് ഈ ലേഖന പരമ്പരയുടെ ഉദ്ദേശം.    

 

  1. ഓരോ പോസ്റ്റിന്റെയും എല്ലാ കമന്റുകളും ഞാൻ വായിക്കും. അങ്ങനെയാണ് എൻറെ അറിവിൻറെ ചക്രവാളവും വികസിക്കുന്നത്. അതുകൊണ്ട് തീർച്ചയായും കമന്റുകൾ അയക്കണം.

 

  1. സീരീസ് എഴുതുന്ന സമയത്ത് എൻറെ ‘സഹിഷ്ണുത’ നില ഏറെ താഴെയാണ്. അതിനാൽ ചൊറിച്ചിലോ സർക്കാസമോ ആയി വരുന്നവരെ ഉടൻ തന്നെ ബ്ലോക്ക് ഓഫീസിൽ ഇരുത്തും. അവിടെ ഇപ്പോൾ ബിരിയാണി ഒക്കെ ഉള്ളതിനാൽ കുഴപ്പമില്ല. പരമ്പര കഴിഞ്ഞാൽ തുറന്നു വിടും. അപ്പോൾ ഞാൻ എഴുതുന്ന കാര്യങ്ങൾ വായിക്കണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ ചൊറിച്ചിലുമായി വരരുത്.

 

  1. ദൂരെ എവിടെയെങ്കിലും മാറിയിരുന്ന് എന്നെ ചൊറിയുന്നതിൽ കുഴപ്പമില്ല. പക്ഷെ എൻറെ സുഹൃത്തുക്കൾ അവിടെ പോയി എന്നെ ടാഗരുത്, ആ കാര്യം എന്നെ അറിയിക്കാൻ  ഇൻബോക്സിൽ വരികയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന സുഹൃത്തുക്കളെയും ഞാൻ ബ്ലോക്കും. ചുരുക്കിപ്പറഞ്ഞാൽ എഴുതുന്ന സമയത്ത് മൂഡ് കളയുന്ന പരിപാടികൾ ആരും നടത്തരുത്. നടത്തിയാൽ വെട്ടി നിരത്തും, അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല.

 

  1. ദിവസവും ഓരോ ലേഖനം എഴുതണം എന്നാണ് ആഗ്രഹമെങ്കിലും ഇപ്പോൾ നാട്ടിലാണ്, ഔദ്യോഗികമായ ഉത്തരവാദിത്തങ്ങളും യാത്രകളുമുണ്ട്. പോരാത്തതിന് ഇൻഡോനേഷ്യയിലെ സുനാമിയെ തുടർന്നുള്ള പ്രശ്നങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ ചിലപ്പോൾ എഴുത്തിൽ ഗ്യാപ്പ് വരും.

 

അപ്പോൾ എല്ലാം പറഞ്ഞതു പോലെ, നാളെ ഹർത്താലാണെങ്കിലും അല്ലെങ്കിലും പരമ്പര തുടങ്ങും. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും (പുരുഷന്മാർക്കും), വിവാഹിതർക്കും അവിവാഹിതർക്കും വായിക്കാം. സുപ്രീം കോടതിയുടെ വിധി ഒന്നും ഇക്കാര്യത്തിൽ ബാധകമല്ല.

 

മുരളി തുമ്മാരുകുടി.  

 

2 Comments

  • Dear Sir,

    Nammude keralam duranthathe neritta reethiyude grading kudi ulpeduthavo??
    disaster management in Kerala Vs other disasters in worldwide!!!

  • Sir ,
    Your articles are very informative and digestive to everyone. Sir , I want to know whether the deforestation and the human interference did adversely affect the ecosystem… and all these had any role in increasing the intensity of the flood …..and if yes …. what kind of precautions we have to take to reduce the risk of another calamity…

Leave a Comment