പൊതു വിഭാഗം

പഠനവും ജോലിയും…

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിലെ ഒരു വലിയ വെല്ലുവിളി പുതിയ തലമുറയുടെ വിദ്യാഭ്യാസവും ജോലിയും രണ്ടുവഴിക്കാണ് പോകുന്നത് എന്നാണ്. സിവിൽ എഞ്ചിനീയറിങ്ങ് പഠിച്ചവർ ബാങ്കിലെ ക്ലർക്കാവാൻ കൊല്ലത്ത് പോയി ഉറക്കമിളച്ചിരുന്ന് പഠിക്കുന്നു, ചരിത്രം പഠിച്ചവർ ബസ് കണ്ടക്ടറാവാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ്.
 
ഇത് മൂന്നു തരത്തിലാണ് കുഴപ്പം ഉണ്ടാക്കുന്നത്. ഒന്നാമത് തൊഴിലിന് വേണ്ട വിദ്യാഭ്യാസം ലഭിക്കാതെ എത്തുന്ന ഉദ്യോഗാർത്ഥികൾ തൊഴിൽ ദാതാക്കൾക്ക് ഇരട്ടിപ്പണി ഉണ്ടാക്കുന്നു. പുതിയതായി ജോലി കിട്ടി വരുന്നവരെ ജോലി പഠിപ്പിച്ചെടുക്കുക എന്നത് തൊഴിൽ ദാതാക്കളുടെ ഉത്തരവാദിത്തം ആകുന്നു. രണ്ടാമത് സ്വന്തം വിദ്യാഭ്യാസത്തിനനുസരിച്ചു തൊഴിൽ ലഭിക്കാത്തവർ ജീവിതകാലം മുഴുവൻ അപകർഷതാ ബോധവുമായി നടക്കുന്നു. മൂന്നാമത് പഠിക്കുന്ന വിഷയവും ചെയ്യാൻ പോകുന്ന തൊഴിലും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഡിഗ്രി വിദ്യാഭ്യാസം വെറും മനഃപാഠം പഠിക്കലും പരീക്ഷ എഴുത്തുമായി മാറുന്നു. സമൂഹത്തിന് മൊത്തം നഷ്ടക്കച്ചവടമാണ്. ഇത് മാറിയേ തീരു.
 
പുതിയതായി നയങ്ങൾ ഉണ്ടാക്കണം എന്നത് ഉറപ്പാണ്. പക്ഷെ എങ്ങനെയാണ് പുതിയ നയങ്ങൾ ഉണ്ടാക്കുന്നത്? എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുന്പോൾ (ദുരന്തം, മരണം, സമരം) പൊതുബോധത്തിന് അനുസരിച്ചു പുതിയ നയങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇന്ത്യയിലെ രീതി. പക്ഷെ Public Policy എന്നത് ഇപ്പോൾ വികസിത ലോകത്ത് കൂടുതൽ “ശാസ്ത്രീയമായി” ആണ് കൈകാര്യം ചെയ്യുന്നത്. “Evidence Based Policymaking” എന്നതാണ് ഒരു രീതി. അതായത് ഒരു വിഷയത്തിൽ ലഭ്യമായ തെളിവുകൾ അനുസരിച്ചു നയങ്ങൾ രൂപീകരിക്കുക. അപ്പോൾ ഓരോ വിഷയത്തിലും വേണ്ടത്ര തെളിവുകൾ സംഘടിപ്പിക്കാനും വിശകലനം ചെയ്യുവാനും “Public Policy Institute” അല്ലെങ്കിൽ “Think Tank” ഒക്കെ സാധാരണമാണ്. രണ്ടാമതൊരു കൂട്ടർ പറയുന്നത് നയരൂപീകരണം എന്നത് അടിസ്ഥാനമായി ഒരു രാഷ്ട്രീയ വിഷയമാണെന്നും അതിനാൽ “Evidence based policymaking” അല്ല evidence informed policymaking” ആണ് കൂടുതൽ ശരി എന്നുമാണ്. ഇക്കൂട്ടരും evidence വേണം എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം പറയുന്നില്ല.
 
ഈ സാഹചര്യത്തിൽ വേണം നമ്മുടെ വിദ്യാഭ്യാസരംഗത്തെ പുതിയ നയങ്ങൾ കൊണ്ടുവരാൻ. കഴിഞ്ഞ ഇരുപത് വർഷമായി നമ്മുടെ യൂണിവേഴ്സിറ്റികളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ എന്ത് തൊഴിലാണ് ചെയ്യുന്നത്. നൂറുകണക്കിന് എൻജിനീയറിങ്ങ് കോളേജിൽ ഓരോ വർഷവും തോറ്റിറങ്ങുന്ന ആയിരക്കണക്കിന് തോറ്റ എൻജിനീയർമാർ ഏതു തൊഴിലിലാണ് എത്തിപ്പെടുന്നത്? കേരളത്തിൽ ഓരോ വർഷവും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് History, Zoology, Botany വിദ്യാർഥികളിൽ ഒരു ശതമാനം എങ്കിലും ചരിത്രവും ജന്തുശാസ്ത്രവും ആയി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നുണ്ടോ? ഇല്ലെങ്കിൽ പിന്നെ ഈ കോഴ്‌സുകളെല്ലാം കാലാകാലം കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അപ്പൂപ്പൻ കുത്തിയ കിണറാണെന്ന് കരുതി അതിൽ ഇപ്പോൾ കിട്ടുന്നത് ഉപ്പു വെള്ളമാണെങ്കിൽ അത് ഉപയോഗിക്കാൻ പോകരുതെന്നല്ലേ പഴമൊഴി.
 
നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് പുതിയൊരു തൊഴിൽ ലോകത്തിന് നാം തയ്യാറാകണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായം അടിമുടി അഴിച്ചു പണിതേ പറ്റൂ. അതിന് ആദ്യമായി ചെയ്യേണ്ടത് നമ്മുടെ വിദ്യാഭ്യാസവും തൊഴിൽ രംഗവും തമ്മിലുള്ള ബന്ധം (ഉണ്ടെങ്കിൽ) അത് കണ്ടുപിടിക്കുകയാണ്.
 
നമ്മുടെ നൂറുകണക്കിന് സ്ഥാപനങ്ങൾ ഓരോ വർഷവും സമൂഹത്തിന് ഒരാവശ്യവും ഇല്ലാത്ത രംഗങ്ങളിൽ ബിരുദധാരികളെ പഠിപ്പിച്ചു വിടുന്നു. അവരിൽ ചിലർ അധ്യാപകരായി അത്തരം കുട്ടികളെ വീണ്ടും സൃഷ്ടിക്കുന്നു. ഈ ശൃംഖല മുറിച്ചേ പറ്റൂ.
 
മുരളി തുമ്മാരുകുടി
 

Leave a Comment