പൊതു വിഭാഗം

പച്ച ജ്യൂസിന്റെ കുപ്പി…

കഴിഞ്ഞ മാർച്ചിൽ അഫ്‌ഗാനിസ്ഥാനിൽ നിന്നും ജനീവയിലേക്ക് പോകുന്ന വഴി ഒരു ദിവസം ദുബായിൽ ഇറങ്ങിയതും ഫുജൈറയിലെ മലമുകളിൽ കഴിഞ്ഞതും എഴുതിയിരുന്നു. അന്നാണ് കൊടകര പുരാണത്തിന്റെ അധിപനായ, വിനയത്തിൻറെ പര്യായമായ സജീവിനെ Sajeev Edathadan പരിചയപ്പെടുന്നത്. “കേരളത്തിനെ മാറ്റിമറിക്കാൻ പോന്ന ആശയങ്ങളുള്ളയാളാണ് മുരളിച്ചേട്ടൻ, ഞാനോ ചുമ്മാ തോന്നുന്നതെല്ലാം എഴുതുന്ന ഒരു സാധാരണക്കാരൻ” എന്നൊക്കെ പറഞ്ഞുകളയും.
 
അന്ന് അത്ര വിനയമില്ലാത്ത, മലകയറി ‘ഞാൻ’ അവിടെ എത്തിയിട്ട് എന്നെ പരിചയപ്പെടാൻ പോലും വരാത്ത വേറൊരാളെയും കൂടി പരിചയപ്പെട്ടു.
 
കുറച്ചു കുട്ടികളുടെ നടുക്ക് ഒരാൾ മലർന്ന് കിടക്കുന്നു, ആകാശത്തേക്ക് നോക്കി ഓരോ നക്ഷത്രങ്ങളെ പരിചയപ്പെടുത്തുന്നു. അതാണ് സീൻ ഒന്ന്.
 
കുറച്ചു കഴിഞ്ഞ് കുട്ടികൾ പോയ ശേഷം അവിടെ വലിയ ഒച്ചപ്പാട് കേട്ടു. ആളും ഒരു പെൺകുട്ടിയും തമ്മിൽ എന്തോ പറഞ്ഞ് പൊരിഞ്ഞ വാഗ്വാദമാണ്. രണ്ടുപേരും വിട്ടുകൊടുക്കുന്നില്ല. ശാസ്ത്രവും സമൂഹവുമാണ് വിഷയം.
 
കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു സംഘം ആളുടെ ചുറ്റുമെത്തി. ഇത്തവണ മലയാളം കമ്പ്യൂട്ടിങ്ങ് ആണ് വിഷയം.
പറയുന്നതിൽ അപാരമായ ആത്മവിശ്വാസമുണ്ട്. എതിർ വാദങ്ങൾ ഇഷ്ടമാണെങ്കിലും പറയുന്നവരെ നിഷ്കരുണം അടിച്ചു മലർത്തിക്കളയും.
 
ഇരുട്ടിനിടയിലും അവിടെ നടക്കുന്ന ചർച്ചകൾ ശ്രദ്ധിച്ചു. പറയുന്നതെല്ലാം യുക്തിസഹമാണ്, എൻറെ വിചാരങ്ങളും ചിന്തകളുമായി ഏറെ യോജിച്ചു പോകുന്നതും. പക്ഷെ അങ്ങോട്ട് പോയി പരിചയപ്പെടുന്നില്ലെന്നു തീരുമാനിച്ചു. കാരണം, പുള്ളിയുടെ സ്റ്റൈൽ ഞാനുമായി ചേർന്നുപോകില്ലെന്ന് എനിക്കുറപ്പാണ്. തികച്ചും വൈരുധ്യമായ ആശയങ്ങളുള്ളവരെ എങ്ങനെ ഒരുമിപ്പിച്ചു കൊണ്ടുപോകാം എന്ന ഗവേഷണമാണ് എൻറെ ജീവിതം. മിക്കവാറും കാര്യങ്ങളിൽ ഒരുമയുണ്ടെങ്കിലും സ്വന്തം വാദഗതികളിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്തതാണ് ‘അജ്ഞാതന്റെ’ രീതി. നമ്മളില്ലേ…
 
ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് ഡിന്നറിനാണ് പരിചയപ്പെടുന്നത്, നിഷാദ് Nishad Kaippally ഗൾഫിൽ ജനിച്ചു വളർന്ന, ശാസ്ത്രത്തിൽ അപാര താല്പര്യവും പാണ്ഡിത്യവുമുള്ള ആൾ. “പിന്നെ അല്പം പച്ച ജ്യൂസും കയ്യിലുണ്ട്” അത് സജീവിന്റെ വക പ്രയോഗമാണ്.
 
ഗൾഫിൽ ചിലപ്പോൾ സൂപ്പർമാർക്കറ്റിൽ പല ജ്യൂസ് പാക്കറ്റുകൾ കൂട്ടിയിട്ട് നല്ലൊരു റിഡക്ഷൻ സെയിൽ നടക്കും. മിക്കവാറും ജ്യൂസുകൾ നമുക്ക് ഇഷ്ടപ്പെട്ടതായിരിക്കുമെങ്കിലും നമുക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു പാക്കറ്റ് പച്ച ജ്യൂസും കാണും. നമ്മൾ ധർമ്മസങ്കടത്തിലാകും. നല്ല ജ്യൂസ് പലതുള്ളതിനാൽ ഡീലിൽ അത് വാങ്ങണോ അതോ പച്ച ജ്യൂസ് ഉള്ളതിനാൽ വേണ്ടെന്ന് വെക്കണോ?.
 
അത് വളരെ കൃത്യമായ നിരീക്ഷണമാണെന്ന് തോന്നിയതോടെ ഞങ്ങൾ ഒറ്റ ടീം ആയി. പിന്നെ രാത്രി രണ്ടുമണി വരെ കഥകൾ പറയാൻ നിഷാദും സജീവും ഞാനും ഒരുമിച്ചായിരുന്നു. കക്കൂസ് മുതൽ ധൂമകേതു വരെയുള്ള വിഷയത്തിൽ ചർച്ചകൾ നടന്നു. സരസമായി സജീവ്, ഡിപ്ലോമാറ്റിക് ആയി ഞാൻ, പച്ച ജ്യൂസുമായി കൈപ്പള്ളി.
 
ദുബായിൽ നിന്നും പോന്നതിനു ശേഷമാണ് അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിഞ്ഞത്. ശരിക്കും പുലിയാണ്, പണ്ടേ തന്നെ. മലയാളം കമ്പ്യൂട്ടിംഗിൽ ഗുരുസ്ഥാനീയനാണെന്ന് പറയാം.
ഡയലോഗ് വെട്ടൊന്ന് മുറി രണ്ട് എന്ന രീതി ആണെങ്കിലും ആള് പരോപകാരിയാണ്. ശാസ്ത്രമാണ് മുഖ്യവിഷയം, ദുബായ് എഫ് എം ഇൽ സ്ഥിരമായി വിജ്ഞാനകരമായ പരന്പര ചെയ്തിരുന്നു.
 
കേരളത്തിൽ ശാസ്ത്രരംഗത്ത് ഉള്ളവരല്ലാത്തവർക്ക് ഇദ്ദേഹത്തെ അറിയാൻ വഴിയില്ല. ഫോളോ ചെയ്യണം. ഫേസ്ബുക്കിലെ ചില പോസ്റ്റുകൾ പച്ച ജ്യൂസ് ആയിക്കണ്ടാൽ മതി. മൊത്തം ബെസ്റ്റ് പാക്കേജാണ്. സമൂഹത്തിന് ഏറെ സംഭാവന ചെയ്യാൻ കഴിവുള്ള ഇദ്ദേഹത്തെ കൊണ്ട് കൂടുതൽ എഴുതിക്കണം. അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒന്നുകൂടി പോസ്റ്റ് ചെയ്യാൻ ഞാൻ പറയാം.
Nishad Kaippally
 
മുരളി തുമ്മാരുകുടി

Leave a Comment