പൊതു വിഭാഗം

നോത്രദാമിന് തീ പിടിക്കുന്പോൾ…

ഞാൻ ഒട്ടും ദൈവവിശ്വാസി അല്ലെങ്കിലും പാരിസിൽ ആരുടെ കൂടെ പോയാലും അവരെ നിർബന്ധമായി കൊണ്ടുപോകാറുള്ള സ്ഥലമാണ് നോത്രദാം കത്തീഡ്രൽ.
ആയിരത്തിലേറെ വർഷം പഴക്കമുള്ള, നെപ്പോളിയന്റെ കിരീടധാരണം ഉൾപ്പടെയുള്ള ചരിത്ര സംഭവങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ്. വിക്ടർ ഹ്യൂഗോയുടെ വിശ്വപ്രസിദ്ധമായ ‘നോത്രദാമിലെ കൂനൻ’ എന്ന നോവലിലെ പല സംഭവങ്ങളും നടക്കുന്നത് ഇവിടെയാണ്. ഒരുകാലത്ത് നോത്രദാമിൽ അഭയം പ്രാപിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നൊരു നിയമം നിലവിലുണ്ടായിരുന്നു.
 
ഇന്നലെ വരെ ചരിത്രത്തിന്റെ മാത്രമല്ല – പഴയതും മനോഹരവും വിലപിടിപ്പുള്ളതുമായ കലാവസ്തുക്കളുടെ പ്രദർശന സ്ഥലം കൂടിയായിരുന്നു ഇത്. കൂടാതെ നോത്രദാമിലെ നിധികൾ എന്ന പേരിൽ ഒരു നിലവറ തന്നെ അവിടെയുണ്ടായിരുന്നു. കാശ് കൊടുത്താൽ അത് കാണാനുള്ള സൗകര്യവുമുണ്ടായിരുന്നു.
ഇനിയിപ്പോൾ അവിടെ എന്തൊക്കെ ബാക്കിയുണ്ടെന്നറിയില്ല. പള്ളി പുനർ നിർമ്മിക്കാൻ എഴുന്നൂറ് കോടി രൂപ കൊടുക്കാമെന്ന് ഇപ്പോൾ തന്നെ ഒരാൾ വാഗ്ദാനം ചെയ്തു കഴിഞ്ഞു. വേറെയും ആളുകൾ അതിനു തയ്യാറാവും. പക്ഷെ നൂറ്റാണ്ടുകളെടുത്ത് നിർമ്മിച്ച പള്ളി ഒറിജിനൽ മരത്തിൽ പുനർനിർമ്മിക്കാനുള്ള കരവിരുതുള്ള ആളുകൾ ഉണ്ടാകുമോ? ഒരു പതിറ്റാണ്ടേക്കെങ്കിലും ഇനി നോത്രദാം പുറമേ നിന്നുള്ള കാഴ്ച മാത്രമാകാനാണ് വഴി.
പാഠങ്ങൾ നമുക്കും ഉണ്ട്. അഗ്നിബാധ നമ്മുടെ പുരാതന കെട്ടിടങ്ങളിലും ഉണ്ടാകാം. എന്തൊക്കെ അഗ്നിശമന സംവിധാനങ്ങളാണ് അവിടെയുള്ളത്?
 
സാൻ ഫ്രാന്സിസ്കോയിലെ വരാനിരിക്കുന്ന ഭൂമികുലുക്കത്തിന് നഗരത്തെ തയ്യാറാക്കാൻ ഉപദേശം നൽകിയ എൻറെ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞാൻ ഓർക്കുന്നു. പഴയതും ചരിത്ര പ്രസിദ്ധവുമായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയെ പൂർണ്ണമായും സുരക്ഷിതമാക്കുക സാധ്യമല്ലെങ്കിലും അവക്കകത്തുള്ള വില പിടിപ്പുള്ള വസ്തുക്കൾ ആധുനികമായ സജ്ജീകരണങ്ങളുള്ള സ്ഥലത്തേക്ക് മാറ്റാമല്ലോ. ഉദാഹരണത്തിന് വളരെ പഴയ മ്യൂസിയം കെട്ടിടത്തിൽ ഏറ്റവും വിലപിടിപ്പുള്ള കലാവസ്തുക്കൾ സൂക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. അതിനാൽ അപകടമുണ്ടായാലും നഷ്ടപ്പെട്ടാലും സാന്പത്തികമോ ചരിത്രപരമോ ആയ നാശങ്ങൾ ഉണ്ടാകാത്ത വസ്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിക്കുക. പഴയതും പ്രധാനമായതും പുതിയ കെട്ടിടത്തിലും.
 
കാലിഫോർണിയയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്നു ഈ സുഹൃത്ത്. “ഇതേ തത്വ ശാസ്ത്രം അനുസരിച്ചാണ് ഞാൻ എൻറെ യൂണിവേഴ്സിറ്റിയെയും ഭൂകന്പത്തിന്യൂ തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളെയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി, പ്രസിഡന്റിനെയും അഡ്മിനിസ്ട്രേഷനെയും ഒക്കെ പഴയ കെട്ടിടത്തിലും”
അവർ തമാശ പറഞ്ഞതാണോ എന്നറിയില്ല. എന്തായാലും പഴയ കെട്ടിടങ്ങളും, അതിൽ നിധികളും നിലവറകളും ഉള്ളവർക്ക് ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട്.
 
മുരളി തുമ്മാരുകുടി

Leave a Comment