പൊതു വിഭാഗം

നൊന്പരങ്ങളുടെ സ്നേഹചിത്രങ്ങൾ..!

നൊന്പരങ്ങളുടെ സ്നേഹചിത്രങ്ങൾ..! 

ഒരു പുസ്തകമോ കുറിപ്പോ വായിച്ച ശേഷം “it brought me to tears” എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. ഇതൊരു ആലങ്കാരിക പ്രയോഗമാണ്, മനസ്സിനെ സ്പർശിച്ചു എന്നേ അതിനർത്ഥമുള്ളൂ. “നിലത്തു കിടന്നു ചിരിച്ചു” (rolling on the floor laughing, ROFL) എന്ന് പ്രയോഗിക്കുന്പോൾ ആരും ചിരിച്ച് നിലത്തു കിടന്ന് ഉരുളാറില്ലല്ലോ !

അപൂർവമായെങ്കിലും ഒരു പുസ്തകം വായിച്ച് നമ്മൾ ശരിക്കും കറയാറുണ്ട്. ഏഴാം ക്ലാസിൽ പഠിച്ചപ്പോൾ ‘ബ്ലാക്ക് ബ്യൂട്ടി’ എന്ന കുതിരയുടെ കഥ, ഒൻപതാം ക്ലാസിൽ വായിച്ച അങ്കിൾ ടോമിന്റെ കഥ  (Uncle Tom’s Cabin), ബെന്യാമിന്റെ ആടുജീവിതം എന്നിങ്ങനെ അപൂർവം ബുക്കുകൾ വായിച്ചാണ് ഞാൻ കരഞ്ഞു പോയിട്ടുള്ളത്. അടുത്ത കാലത്തായി ദുഃഖമുണ്ടാകുന്ന സിനിമകൾ കാണുകയോ കഥകൾ വായിക്കുകയോ ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നതിനാൽ അത്തരത്തിൽ ഒരനുഭവം ഉണ്ടാകാറില്ല.

എന്നാൽ ഇന്നലെ രാത്രി ഒരു പുസ്തകം വായിച്ച് ഞാൻ കരഞ്ഞു. അത് ഒരു ലോക പ്രശസ്തമായ പുസ്തകമോ കഥയോ നോവലോ ആയിരുന്നില്ല. നമ്മളെല്ലാം അറിയുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ബാല്യത്തെ കുറിച്ചുള്ള ചില കുറിപ്പുകൾ. ശ്രീ ടി എൻ പ്രതാപന്റെ “ഓർമ്മകളുടെ സ്നേഹ തീരം.”

വളരെ നാളായി ഞാൻ ടി എൻ പ്രതാപൻ എം പി യെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ട് കാണുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. അന്ന് അദ്ദേഹം എഴുതിയ  പുസ്തകം എനിക്ക് സമ്മാനിച്ചു.   

നേരത്തെ പ്ലാൻ ചെയ്തിരുന്ന ഒരു സൂം കോൾ മാറ്റിവെച്ചതിനാൽ ഇന്നലെ ഉറങ്ങുന്നതിനു മുൻപ് കിട്ടിയ ഒരു മണിക്കൂർ സമയത്ത് അദ്ദേഹത്തിന്റെ ബുക്കെടുത്ത് കൈയിൽ പിടിച്ചതേ എനിക്ക് ഓർമയുള്ളു, നൂറു പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല.

കഴിഞ്ഞ നാല് പതിറ്റാണ്ടായി പൊതുരംഗത്ത് ഓടിനടക്കുന്ന അദ്ദേഹത്തിന് കൊറോണയുടെ തുടക്കകാലത്ത് ഡൽഹിയിൽ നിന്നും വീട്ടിലെത്തിയ രണ്ടാഴ്ച ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നു. വിശ്രമം എന്നത് നമ്മുടെ രാഷ്ട്രീയക്കാരുടെ നിഘണ്ടുവിലും അജണ്ടയിലുമില്ല. അപ്പോഴാണ് ഈ നിർബന്ധിത അവധി വരുന്നത്. വീടിനും മുറ്റത്തുമായി ചിലവാക്കിയ പതിനാല് നാളുകളിൽ കിട്ടിയ സമയം അദ്ദേഹം ബാല്യം തൊട്ടുള്ള ജീവിതം കുറിച്ചിടാൻ ഉപയോഗിച്ചു, അതാണ് ‘ഓർമകളുടെ സ്നേഹതീരം.’

സ്ഥിരമായി എഴുതുന്ന ഒരാളല്ല ശ്രീ. പ്രതാപൻ. അതിനാൽ തന്നെ എഴുത്തിന്റെ ശക്തിയോ ശുദ്ധിയോ അല്ല നമ്മെ പിടിച്ചിരുത്തുന്നതും പിടിച്ചുലയ്‌ക്കുന്നതും. അദ്ദേഹത്തിന്റെ അനുഭവങ്ങളാണ്. കടലിൽ മീൻ പിടിക്കാൻ പോകുന്ന നാരായണന്റെയും വീടുകളിൽ പണിക്കു പോകുന്ന കാളിക്കുട്ടിയുടെയും ഒൻപത് മക്കളിൽ രണ്ടാമനായി പട്ടിണിയുടെ നാടുവിലേക്കാണ് അദ്ദേഹം പിറന്നുവീണത്. അവിടെ നിന്നങ്ങോട്ട് ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ഘോഷയാത്രയായിരുന്നു. മുലകുടിക്കുന്ന കുഞ്ഞിനെ അടുത്ത വീട്ടിലേൽപ്പിച്ച് പണിക്ക് പോകുന്ന അമ്മ, കടലിൽ പോയി പലപ്പോഴും ഒന്നും കിട്ടാതെ തിരിച്ചുവരുന്ന അച്ഛൻ. പതിനൊന്ന് പേർക്ക് താമസിക്കാൻ അമ്മ ഓല മെടഞ്ഞുണ്ടാക്കിയ ഒരു വീട്. അതിഥികൾ വന്നാൽ വീടിന് വെളിയിൽ കിടന്നുറങ്ങേണ്ടി വരുന്ന അവസ്ഥ. മഴ പെയ്യുന്ന കാലത്ത് അതിഥികൾ വരല്ലേ എന്ന് പ്രാർത്ഥിക്കുന്ന വീട്ടുകാർ, വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ നേരം വെളുത്താൽ ഇരുട്ട് വീഴുന്നത് വരെ മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന അമ്മയും സഹോദരിമാരും.

ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. എന്റെ തലമുറയിലെ അനവധി ആളുകളുടെ ജീവിത ചിത്രമാണ്. പതിനഞ്ചു വർഷം എം എൽ എ യും ഇപ്പോൾ  എം പി യും ആയ ഒരാൾ കഥ എഴുതുന്പോൾ ആ കഥയുടെ നടുക്ക് സ്വയം പ്രതിഷ്ഠിച്ച് സ്വന്തം വിജയങ്ങളെയും, സമൂഹത്തിലെ ഉന്നതരുമായുള്ള ബന്ധങ്ങളെയും, ചെയ്തു തീർത്ത കാര്യങ്ങളെയും പറ്റി എഴുതാവുന്നതേ ഉള്ളൂ.  എന്നാൽ അതൊക്കെ മാറ്റിവെച്ച് അദ്ദേഹം വന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കി വരും തലമുറക്കായി ആ കഥകൾ എഴുതിവെച്ചിരിക്കുകയാണ്. 

അമ്മ പണിക്കു പോയപ്പോൾ തന്നെ തന്നെ മുലയൂട്ടിയ അടുത്ത വീട്ടിലെ റാവിയുമ്മയുടെയും പ്രതാപൻ  പത്താം ക്ലാസ് പാസായപ്പോൾ ബോംബെയിലെ ഹോട്ടൽ ജോലിക്കയക്കാൻ തീരുമാനിച്ചിരുന്ന അച്ഛനെ പറഞ്ഞു മനസിലാക്കി നാട്ടിൽ കോളേജിൽ ചേർന്ന് പഠിക്കാൻ പറഞ്ഞയച്ച കുഞ്ഞു ബാപ്പു സാഹിബിന്റെയും കഥ. ഇത്തരത്തിൽ  നിസ്വാർത്ഥികളായ – ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ സ്നേഹിച്ച – ലോകമൊരിക്കലും അറിയാൻ ഇടയില്ലാത്ത  കഥകളെല്ലാം അദ്ദേഹം ഓർത്തോർത്ത് പറയുന്പോൾ പ്രതാപൻ എന്ന  ചെറിയ മനുഷ്യൻ നമ്മുടെ മുന്നിൽ പേജുകൾ തോറും വളരുകയാണ്. 

എന്നെ കരയിപ്പിച്ചത് അദ്ദേഹത്തിന് പത്ത് വയസുള്ളപ്പോൾ നടന്ന സംഭവമാണ്. പണിയില്ലാതെ വീടിന് മുന്നിൽ കുത്തിയിരിക്കുന്ന അച്ഛൻ, കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനില്ലാത്തതിനാൽ കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മ, പട്ടിണി കൊണ്ട് വിശന്നിരിക്കുന്ന സഹോദരങ്ങൾ. മറ്റൊരു വഴിയും കാണാതെ രാത്രി അദ്ദേഹം അടുത്ത വീട്ടിലെ കപ്പത്തോട്ടത്തിൽ കയറി കപ്പ മോഷ്ടിച്ച് സഹോദരങ്ങൾക്ക് വേവിച്ച് കൊടുക്കുന്നു. കപ്പ മോഷ്ടിച്ചതാണെന്ന് മനസിലാക്കിയ അമ്മ അത് കഴിക്കുന്നില്ല. കുറ്റബോധത്താൽ പിറ്റേന്ന് തന്നെ കപ്പത്തോട്ടത്തിന്റെ ഉടമയായ സ്ത്രീയെ കണ്ട് പ്രതാപൻ മാപ്പ് പറയുന്നു. കൂടെ അമ്മ ഒന്നും കഴിച്ചിട്ടില്ലെന്നും. ആ കുട്ടിയുടെ കൈയും പിടിച്ച് വടക്കേപ്പറന്പിലെ ഐസുകുട്ടിത്താത്ത പ്രതാപന്റെ വീട്ടിലെത്തി അമ്മയോട് ഒരു ചോദ്യമാണ്, 

“നിങ്ങളെന്തേ ഇന്നലെ കപ്പ കഴിക്കാത്തത്?”

അത് കേട്ട് കരഞ്ഞ അമ്മയോട് ഐസുകുട്ടിത്താത്ത പറയുന്നു, 

“ഇവിടെ കഴിക്കാൻ ഒന്നുമില്ലെങ്കിൽ എന്നോട് ഒരു വാക്ക് പറയണ്ടേ? നിങ്ങൾ വിശന്നിക്കുന്പോൾ ഞങ്ങൾ അവിടെ ഭക്ഷണം കഴിക്കുമോ? ഇത് ശരിയാണോ? എന്നോട് നിങ്ങൾ ഒരു വാക്ക് പറയണ്ടേ കാളിക്കുട്ടിയേടത്തി… ആ പറന്പിലെ കപ്പ എടുക്കാൻ നിങ്ങൾക്ക് ആരുടേയും അനുവാദം വേണ്ട.” 

ഇങ്ങനെ ആ കുടുംബത്തെ ആശ്വസിപ്പിച്ചാണ് ഐസുകുട്ടിത്താത്ത തിരിച്ചു പോകുന്നത്. 

എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ഞാൻ അപ്പോൾ ഓർത്തത് എന്റെ ചെറുപ്പകാലമാണ്. 1970 കളിൽ കേരളത്തിൽ ഭക്ഷ്യക്ഷാമമുണ്ടായി. അരി ഒരിടത്തും കിട്ടാനില്ല. കരിഞ്ചന്തയിൽ വാങ്ങാൻ ആളുകൾക്ക് പണവുമില്ല. അക്കാലത്ത് പാർട്ടി ഒരു പ്രസ്താവനയിറക്കി. ‘ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവർ അടുത്ത വീടുകളിലെ മരച്ചീനി പറിച്ചു കഴിക്കുന്നതിൽ തെറ്റില്ല.’

എന്റെ അമ്മാവൻ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നു. എന്റെ വീട്ടിൽ ഭാഗ്യത്തിന് ഭക്ഷ്യക്ഷാമമില്ല എങ്കിലും അമ്മയും അമ്മാവനുമൊക്കെ പട്ടിണി അറിഞ്ഞിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ അമ്മാവൻ ഒരു കാര്യം ചെയ്തു. രണ്ട് തൂന്പയെടുത്ത് കപ്പത്തോട്ടത്തിൽ കൊണ്ടുവെച്ചു. 

“കപ്പ പറിക്കാൻ വരുന്നവർ വലിച്ചു പറിച്ചു ബുദ്ധിമുട്ടേണ്ട.” 

 അന്ന് അമ്മാവൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. മനുഷ്യത്വത്തിന്റെ ശബ്ദം ലോകത്തെവിടെയും ഒന്നാണ്. 

നിങ്ങളുടെ രാഷ്ട്രീയം എന്താണെങ്കിലും ശ്രീ. പ്രതാപന്റെ പുസ്തകം നിങ്ങൾ വായിക്കണം. ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തിന്റെ – നല്ല മനുഷ്യരുടെ – അതിജീവനത്തിന്റെ കഥയാണ്. ഇത് നിങ്ങളെ കരയിക്കും, നവീകരിക്കും. തീർച്ച!!!

(ഗ്രീൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഇപ്പോൾ തന്നെ രണ്ടാമത്തെ പതിപ്പ് ആയി. വാങ്ങാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു).

https://greenbooksindia.com/Ormakalute-Snehatheeram

മുരളി തുമ്മാരുകുടി

Image may contain: 1 person, standing, text that says "രണ്ടാം പതിപ്പ് ഓർമ്മ കളുടെ സ്‌നേഹ തീരം"

Leave a Comment