പൊതു വിഭാഗം

നിപ എമർജൻസി കൈകാര്യം ചെയ്യുമ്പോൾ…

 രണ്ടു ദിവസമായി നിപ വൈറസ് മൂലമുണ്ടായ മരണത്തെ തുടർന്ന ചർച്ചകളാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അറിവുള്ളവരും അറിവില്ലാത്തവരും വേണ്ടതും വേണ്ടാത്തതും പറയുന്നു. ശരിയും തെറ്റും നിർദേശങ്ങൾ വാട്ട്സ് ആപ്പിൽ പറന്നു കളിക്കുന്നു. ഒരു പന്നിപ്പനിക്കാലത്ത് ചൈനയിലെ ക്വറന്റൈനിയിൽ കുടുങ്ങിയതിൻറെ വ്യക്തിപരമായ അനുഭവും എബോള വൈറസിനെ നേരിട്ടതിൽ നിന്നും യു എൻ നേടിയ പാഠങ്ങളും അടിസ്ഥാനമാക്കി ചില കാര്യങ്ങൾ പറയാം.
 
1. എപ്പോഴും പറയാറുള്ളതു പോലെ ദുരന്തങ്ങൾ വരുന്നതിന് മുൻപാണ് മുൻകരുതൽ തയ്യാറെടുപ്പുകൾ വേണ്ടത്. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ മുന്നേ പ്ലാൻ ചെയ്തതു പോലെ ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീഡിയർ’ ഒന്നൊന്നായി നടപ്പിലാക്കുകയാണ് വേണ്ടത്. ഹെൽത്ത് എമർജൻസിക്ക് അങ്ങനെയുള്ള സംവിധാനങ്ങൾ കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ പക്കലുണ്ടാകുമെന്ന് തന്നെയാണ് എൻറെ പ്രതീക്ഷ. ഇനി പറയുന്ന കാര്യങ്ങൾ ആളുകൾക്ക് ഈ വിഷയത്തെപ്പറ്റി കൂടുതൽ അറിവുണ്ടാകാനായി എഴുതുന്നതാണ്.
 
2. ചെറിയൊരു ഭൂപ്രദേശത്തു നിന്നു മാത്രമാണ് നിലവിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത് പടരുന്നതായോ പുതിയ പ്രദേശങ്ങളിൽ സംഭവിക്കുന്നതായോ റിപ്പോർട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു പ്രതിസന്ധി സാഹചര്യം ആകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതേ സമയം കാര്യങ്ങൾ കൂടുതൽ വഷളായാൽ എന്ത് ചെയ്യണമെന്ന് ചിന്തിക്കുകയും വേണം.
 
3. ഏറ്റവും പ്രധാനമായിട്ടുള്ളത് അധികാരികൾ ജനങ്ങളോട് സത്യസന്ധമായി വിവരങ്ങൾ പങ്കുവെക്കുക എന്നതാണ്. കാര്യങ്ങൾ നിയന്ത്രണാധീനമാണെങ്കിലും അല്ലെങ്കിലും ജനങ്ങൾ അതറിയണം. നിയന്ത്രണത്തിൽ അല്ലെങ്കിൽ അതിനായി എന്താണ് ചെയ്യുന്നത് എന്ന് പറയണം. “ആശങ്ക വേണ്ട” എന്ന് മാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല.
 
4. ഈ പ്രശ്നം കൈകാര്യം ചെയ്യാൻ പ്രശ്നബാധിത പ്രദേശത്ത് ലഭ്യമായതിനേക്കാൾ കൂടുതൽ സാങ്കേതിക ജ്ഞാനം ആവശ്യമായതിനാലും കേരളത്തിന്റെ റെപ്യൂട്ടേഷനെ ബാധിക്കുന്ന പ്രശ്നമായതിനാലും ഇത് സംസ്ഥാന തലത്തിലുള്ള ഒരു എമർജൻസിയായി വേണം കൈകാര്യം ചെയ്യാൻ.
 
5. ഡോക്ടർമാരും, മാധ്യമ വിദഗ്ദ്ധരും, ഭരണാധികാരികളും ഉൾപ്പെട്ട ഒരു ക്രൈസിസ് മാനേജ്‌മെന്റ്റ് ടീം തിരുവനനന്തപുരത്തും പ്രശ്നബാധിത ജില്ലയിലും ഉണ്ടായിരിക്കണം. ഇതിന്റെ നേതൃത്വം വഹിക്കുന്നവർ എല്ലാ ദിവസവും അഞ്ചു മിനുട്ടെങ്കിലും മാധ്യമങ്ങളെ കണ്ട് കാര്യങ്ങളുടെ നിജസ്ഥിതി നാട്ടുകാരെ അറിയിക്കണം. ശരിയായ വിവരങ്ങൾ ഏറ്റവും ഉയർന്ന നേതൃത്വത്തിൽ നിന്നും വരുന്നത് ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാൻ അത്യാവശ്യമാണ്.
 
6. മാധ്യമങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ തത്സമയം നൽകാൻ ഒരു വെബ്‌സൈറ്റ് ഉണ്ടായിരിക്കണം. അവർക്ക് സദാസമയവും ബന്ധപ്പെടാവുന്ന ഒരു ഡോക്ടറെയും ചുമതലപ്പെടുത്തണം.
 
7. സാങ്കേതികമായി ഇതിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെയും അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും അനവധി മാർഗ്ഗരേഖകൾ ലഭ്യമാണ്. അതിനെപ്പറ്റി കൂടുതൽ പറയുന്നില്ല. ഷെയർ ചെയ്യാം.
 
8. ഈ വിഷയത്തിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് നല്ല പരിശീലനവും, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങളും, എല്ലാ വിധത്തിലുള്ള പരിരക്ഷയും സർക്കാർ നൽകണം. ഏതൊക്കെ വ്യക്തി സുരക്ഷ സംവിധാനങ്ങളാണ് വേണ്ടത് എന്നതിനും ധാരാളം മാർഗ്ഗരേഖകൾ ലഭ്യമാണ്. ഷെയർ ചെയ്യാം.
 
9. ആരോഗ്യ എമർജൻസി എന്നാൽ ഡോക്ടർമാർ മാത്രം കൈകാര്യം ചെയ്യുന്നതോ ചെയ്യേണ്ടതോ ആയ ഒന്നല്ല. രോഗത്തിന്റെ ഉത്ഭവം അന്വേഷിക്കുന്ന എപ്പിഡെമിയോളസ്റ്റുകൾ, രോഗികളെ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, മരിച്ചുകഴിഞ്ഞാൽ അവരെ ആദരപൂർവ്വവും എന്നാൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടാക്കാതെയും മറവു ചെയ്യുന്നവർ, രോഗം പടരാതെ മുൻ‌കൂർ നടപടികൾ എടുക്കുന്ന പൊതുജനാരോഗ്യ പ്രവർത്തകർ, രോഗത്തെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുവാനുള്ള സംഘം എന്നിങ്ങനെ ചുരുങ്ങിയത് അഞ്ചു ടീം എങ്കിലും വേണം. ഇവർക്കെല്ലാം ആവശ്യമായ സംരക്ഷണം നൽകാനുള്ള പോലീസിങ്ങും സജ്ജമായിരിക്കണം. കേന്ദ്ര ദുരന്ത നിവാരണ സംവിധാനങ്ങളിൽ ബയോളജിക്കൽ എമർജൻസി നേരിടാൻ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട ടീമുകളുണ്ട്. അവരുടെ സഹായം തേടണം.
 
10. അറിഞ്ഞോ അറിയാതേയോ തെറ്റായ വാർത്തകൾ പരത്തുന്നവർ ഈ സമയങ്ങളിൽ വലിയ പ്രശ്നമാണ്. ഇതിൽ അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ പരത്തുന്നവരെ കർശനമായി നിയന്ത്രിക്കണം, വേണ്ടി വന്നാൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യണം. നാലു പേരെ അറസ്റ്റ് ചെയ്യുന്നതോടെ ഈ പ്രശ്നം ഇല്ലാതാകും. ശരിയായ വിവരങ്ങൾ സർക്കാർ തന്നെ എപ്പോഴും പുറത്തു വിട്ടു കൊണ്ടിരുന്നാൽ തെറ്റായ വിവരങ്ങളുടെ ഒഴുക്ക് താനെ കുറയും.
 
11. കേരളത്തിൽ ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നും മറുനാടൻ തൊഴിലാളികൾ താമസിക്കുന്നുണ്ട്. മലയാളത്തിലോ ഇംഗ്ളീഷിലോ നമ്മുടെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അവരിൽ എത്തില്ല. അവർ ഒരാവശ്യവും ഇല്ലാതെ പേടിച്ചോടാനുള്ള സാധ്യത ഒരു വശത്ത്, യഥാർത്ഥത്തിൽ അസുഖം ഉണ്ടായാൽ അവരിലൂടെ ഇന്ത്യ മുഴുവൻ പടരാനുള്ള സാധ്യത മറുവശത്ത്. അത് രണ്ടും മുൻകൂട്ടി കണ്ട് മറുനാട്ടുകാരിൽ ശരിയായ വിവരങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
 
12. ബി ബി സി യിൽ വരെ വാർത്ത എത്തിയതിനാലും എബോള വീണ്ടും തല പൊക്കുന്ന സമയമായതിനാലും കേരളത്തിലേക്ക് വരാൻ പ്ലാൻ ചെയ്യുന്നവരിൽ ഈ വിഷയം ആശങ്കയുണ്ടാക്കും എന്നത് ഉറപ്പാണ്. ഇവരോടും “ആശങ്ക വേണ്ട” എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. പ്രശ്നത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്, എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്, ഇവിടെ വരുന്നവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് കൈകാര്യം ചെയ്യാൻ എന്ത് സംവിധാനങ്ങളാണുള്ളത് എന്നീ വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റുകളിൽ ലഭ്യമാക്കണം. ഇപ്പോൾ നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റിലോ നോർക്ക വെബ്‌സൈറ്റിലോ ഒന്നും യാതൊരു വിവരവും ലഭ്യമല്ല. ആരോഗ്യ വകുപ്പിന്റെ വെബ്‍സൈറ്റിൽ അല്പം വിവരങ്ങൾ മലയാളത്തിൽ മാത്രം ലഭ്യമാണ്. ഇത് പോരാ. മുൻപ് പറഞ്ഞതു പോലെ ശരിയായ വിവരങ്ങൾ കൊടുക്കാതിരുന്നാൽ തെറ്റായ വിവരമാണ് ആ സ്ഥലം ഏറ്റെടുക്കുന്നത്. ‘സത്യം പാന്റിട്ട് വരുമ്പോഴേക്കും നുണ പകുതി ലോകം സഞ്ചരിച്ചിരിക്കും’ എന്ന ചർച്ചിലിന്റെ വാക്കുകൾ എപ്പോഴും ഓർക്കുക.
 
13. രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരോ ആ ഗ്രാമങ്ങളിൽ നിന്നും അല്ലാത്തവരോ ആയവർക്ക് വ്യകതിപരമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി ശരിയെന്ന് ഉറപ്പില്ലാത്ത വിവരങ്ങൾ പങ്കുവക്കാതിരിക്കുക. രണ്ടാമത് അമിതമായി പേടിച്ച് തീരുമാനങ്ങൾ എടുക്കാതിരിക്കുക. ഞാൻ ഇപ്പോൾ കേരളത്തിലുണ്ട്, നിപ പേടിച്ച് സ്ഥലം വിടാൻ പോകുന്നില്ല. ഇങ്ങോട്ട് വരുന്ന ആളുകളെ നിരുത്സാഹപ്പെടുത്തുന്നുമില്ല. പ്രശ്നം കൂടുതൽ സ്ഥലങ്ങളിലേക്ക് ബാധിക്കുന്നുണ്ടെങ്കിൽ അപ്പോൾ ഈ ഉപദേശം ഞാൻ മാറ്റും.
 
14. രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടവർ (ആരോഗ്യപ്രവർത്തകർ അല്ലാതെ) ആ പ്രദേശങ്ങളിൽ ഉള്ളവരും ഡോക്ടർമാരും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ പൂണ്ണമായും പാലിക്കുക. അല്പം അമിതമായി തോന്നിയേക്കാമെങ്കിലും നിങ്ങളുടെയും നാടിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഒരിക്കൽ ഒരു പന്നിപ്പനിയുടെ കാലത്ത് കുറെ നാൾ ഞാൻ ചൈനയിലെ ഒരു പ്രത്യേക ആശുപത്രിയിൽ മറ്റാരുമായി ബന്ധപ്പെടാൻ പോലുമാകാതെ കഴിച്ചു കൂട്ടിയിട്ടുണ്ട്. വ്യക്തിപരമായി ഏറെ വിഷമിപ്പിച്ചതാണെങ്കിലും നമുക്കും സമൂഹത്തിനും വേണ്ടി അത്തരം നടപടികൾ അംഗീകരിച്ചേ തീരു.
 
15. എബോള രോഗബാധയുടെ സമയത്തെ ഒരു പ്രധാന പ്രശ്നം മരിച്ചവരുടെ ശവശരീരം മറവു ചെയ്യന്നതിന് മുൻപുള്ള ചടങ്ങുകളായിരുന്നു. മൃതദേഹം കുളിപ്പിക്കുന്നതൊക്കെ രോഗം പടർത്തുന്ന കാര്യങ്ങളാണ്. നിപയുടെ കാര്യവും അതുപോലെ തന്നെ. അതുകൊണ്ട് നിപ ബാധിച്ച് ആരെങ്കിലും മരിച്ചാൽ അവരുടെ ശരീരം പ്രത്യേകം പരിശീലനം ലഭിച്ചവർ മാത്രം കൈകാര്യം ചെയ്യണം. ഇക്കാര്യത്തിൽ കുടുംബവും മത നേതാക്കളും വിട്ടുവീഴ്ചകൾ ചെയ്യണം.
 
ഔദ്യോഗികമായി ഞാൻ കേരള ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഭാഗമല്ല എന്നറിയാമല്ലോ. അതുകൊണ്ടു തന്നെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എൻറെ വ്യക്തിപരമായ അഭിപ്രായമാണ്. കേരളത്തിലെ കാര്യങ്ങൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ഏറെ കാര്യങ്ങൾ നിങ്ങളോട് പറയാറുമുണ്ട്. അതുപോലെ ഈ പ്രശ്നവും തീരുന്നതു വരെ എനിക്കറിയാവുന്ന വിവരങ്ങളും ഉപദേശങ്ങളും ഇവിടെ പങ്കുവെക്കാം.
 
ഗുണപരമായ ധാരാളം വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അവ വേറൊരു പോസ്റ്റായി ഇടാം.
 
മുരളി തുമ്മാരുകുടി
 

1 Comment

  • I have been reading you from the time Mr. Shanto Jose from Vazhakkulam (Quarto Pro Software) mentioned about you some time during 2011. ( I was teaching at Nirmala College, Muvattupuzha during that period. Currently, I am with St. Thomas’ College Thrissur). Your views based on your experience and expertise has been really mature and rational. And yes, you have a flair for story telling!

    It is quite sad that our State is not able to make full use of such excellent world class talent for the benefit of our society. And it is heartening that, inspite of that, you are trying to keep Kerala in your radar and paying close attention to the developments in various sectors of our society.

    Your post on Nipa virus emergency, as usual, is really sincere and authentic. As you suggested, lack of authentic information from higher level will leave space for rumours. Similarly, it is very important to be transparent and truthful to save the image of the State among the global community.

    Let us hope that the outbreak will get contained quickly.

    Thank you for writing.

Leave a Comment