പൊതു വിഭാഗം

നമുക്ക് നാമേ പണിവത് നാകം, നഗരവും അതുപോലെ…

‘പ്രവചനം എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും ഭാവിയെ പറ്റി ആകുമ്പോൾ’ എന്ന് എം ടി ഒന്നാമന്റെ ഒരു ചൊല്ലുണ്ട്. പക്ഷെ സത്യത്തിൽ ഭാവിയെ പറ്റിയുള്ള പല പ്രവചനങ്ങളും അത്ര ബുദ്ധിമുട്ടല്ല. ഭൂതവും വർത്തമാനവും കൂട്ടി വായിച്ചാൽ പലപ്പോഴും ഭാവി അറിയാൻ പറ്റും. സ്ഥിരം കള്ളുകുടിച്ച് വണ്ടി ഓടിക്കുന്ന ആൾ ഒരു ദിവസം അപകടത്തിൽ തട്ടിപ്പോകുമെന്നും നന്നായി പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങൾ രക്ഷപെട്ടു പോകുമെന്നും ഒക്കെ മിക്കവാറും ശരിയായി പ്രവചിക്കാം. ജന സംഖ്യയുടെ വളർച്ച, ഭൂഗർഭജലത്തിന്റെ ക്ഷാമം ഇതൊക്കെ ഇത്തരത്തിൽ പ്രവചിക്കാവുന്നതാണ്.

കേരളത്തിലെ നഗരവൽക്കരണത്തിന്റെ കാര്യവും ഏതാണ്ട് ഇതുപോലെ ആണ്. കേരളത്തിലെ നഗരവൽക്കരണം ഇന്ത്യയിലെ തന്നെ മുൻ നിരയിലാണ്. കേരളത്തിലെ നാൽപ്പത്തിയേഴ് ശതമാനം ജനങ്ങളും രണ്ടായിരത്തി പതിനൊന്നിൽ നഗരത്തിലായിരുന്നു ജീവിച്ചിരുന്നത്. ഇരുപത്തിയേഴ് ശതമാനം എന്ന നിരക്കിലാണ് 2001 – 11 കാലത്ത് ഈ വളർച്ച. ഇപ്പോൾ തന്നെ കേരളത്തിലെ ജനങ്ങളുടെ പകുതിയിൽ ഏറെ നഗരത്തിൽ എത്തിയിട്ടുണ്ടാകണം. ഇനി അത് കൂടുകയേ ഉള്ളു. രണ്ടായിരത്തി അൻപതാകുമ്പോഴേക്കും അഞ്ചിൽ നാല് മലയാളിയും നഗര വാസികൾ ആയിരിക്കും എന്ന് ഏതാണ്ട് ഉറപ്പിക്കാം. പക്ഷെ ഏതു തരം നഗരത്തിൽ ആയിരിക്കും അവർ ജീവിക്കുന്നത് ?

തിരക്കിൻറെ കേന്ദ്രങ്ങൾ ആയിട്ടാണ് നഗരങ്ങൾ വളർന്നത്. വളർന്ന് വളർന്ന് നഗരങ്ങൾ ജീവിക്കാൻ വയ്യാതെയായി. നമ്മുടെ നഗരങ്ങളും ഏതാണ്ട് ഈ സ്ഥിതിയിൽ ആണ്. യൂറോപ്പിലെ നഗരവൽക്കരണത്തിന്റെ ഏറ്റവും പുതിയ ട്രെൻഡ് നഗരമദ്ധ്യങ്ങളെ ശാന്തമാക്കുക എന്നതാണ്. നഗരമധ്യത്തിലേക്ക് വരും തോറും വാഹനങ്ങളുടെ വേഗതയും ശബ്ദമലിനീകരണവും വായുമലിനീകരണവും ഒക്കെ കുറച്ചു കൊണ്ടുവരിക എന്നതൊക്കെ ഇതിന്റെ ഭാഗമാണ്. ദീർഘയാത്രക്കുള്ള എക്സ്പ്രസ്സ് വേകൾ നഗരത്തിന് പുറത്തു കൂടിയോ നഗരത്തിനടിയിൽ തുരങ്കത്തിലൂടെയോ കടത്തി വിടും.. ദീർഘദൂര ട്രെയിനുകളുടെ കാര്യവും അതുപോലെ തന്നെ. ഹൈവേയിൽ സ്പീഡ് ലിമിറ്റില്ലാത്ത
ജർമ്മനിയിൽ പോലും നഗരത്തിലേക്ക് കടന്നാൽ അൻപത് കിലോമീറ്ററും അതിൽ താഴെയുമാണ് സ്‌പീഡ്‌. ഒരുകാലത്ത് ഔട്ട് ഓഫ് ഫാഷൻ ആയിരുന്ന ട്രാമുകൾ തിരിച്ചുവരുന്നു. ആയിരക്കണക്കിനാളുകളെ ഒച്ചയും ബഹളവുമില്ലാതെ നഗരത്തിൽ അപ്പുറവും ഇപ്പുറവും ട്രാമുകൾ എത്തിക്കുന്നു. നഗരകേന്ദ്രം കാറുകളിൽ
നിന്നും മോട്ടോർ വാഹനങ്ങളിൽ നിന്നും വിമുക്തമാക്കി കാൽനടക്കാർക്ക് വിട്ടുകൊടുക്കുന്നു. വൈകിട്ട് നഗരത്തിലേക്ക് പോകുന്നത് ആഹ്ളാദകരമായ ഒരനുഭവമാകുന്നു. നഗരമധ്യത്തിൽ എവിടെയും ഇരിക്കാനും കിടക്കാനും നടക്കാനുമുള്ള സൗകര്യങ്ങളുണ്ട്. അമ്മാനാട്ടം മുതൽ തെരുവ് മാജിക്കുകൾ വരെയായി
തെരുവ് എപ്പോഴും സജീവമാണ്. തെരുവോരത്തെ കോഫീഷോപ്പുകൾ സൗഹൃദത്തിനും ചർച്ചക്കും ബിസിനസ്സിനും വരെ വേദിയാകുന്നു.

കേരളത്തിലും നഗരങ്ങളും ഒരു തരത്തിൽ ശാന്തമാകുകയാണ്. ഒച്ചയുടെയും
മലിനീകരണത്തിന്റെയും കാര്യത്തിലല്ല, ട്രാഫിക്കിന്റെ വേഗതയുടെ കാര്യത്തിലാണെന്ന് മാത്രം. ചെറു പട്ടണങ്ങൾ പോലും രാവിലെ ഏഴു മുതൽ ഗതാഗതക്കുരുക്കിന്റെ പിടിയിലാണ്. എം സി റോഡിലായാലും ഹൈവേയിൽ ആയാലും രണ്ടു കിലോമീറ്ററിൽ താഴെ നീളമുള്ള ഒരു ചെറു പട്ടണം കടന്നു കിട്ടാൻ ശരാശരി ഇപ്പോൾ ഒരു മണിക്കൂർ വരെ എടുക്കാം. ഒരു യൂറോപ്യൻ നഗരത്തിലും ഇത്രമാത്രം “calming of traffic” എത്തിപ്പിടിക്കാനായിട്ടില്ല.

ഇതിന് പ്രധാനമായും മൂന്നു കാരണങ്ങളാണ് ഞാൻ കാണുന്നത്.

1. പരിധിയും നിയന്ത്രണവും ഇല്ലാതെ വർദ്ധിച്ചുവരുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം.

2. വാഹനങ്ങളുടെ വർദ്ധനവ് മുൻകൂട്ടി കണ്ട് പര്യാപ്തമായ റോഡുകളും, ട്രാഫിക് നിയന്ത്രണങ്ങളും ഉണ്ടാക്കുന്നതിനുള്ള കാലതാമസം.

3. വാഹനം ഓടിക്കുന്നതിലും പാർക്ക് ചെയ്യുന്നതിലും നിയമങ്ങൾ പാലിക്കുന്നതിലുമുള്ള പൗരബോധത്തിന്റെ അഭാവം.

പത്തുവർഷം മുന്നോട്ട് നോക്കിയാൽ ഈ രംഗത്ത് നല്ല വാർത്തകൾ
ഒന്നും തന്നെ ഉണ്ടാകാൻ സാധ്യത കാണുന്നില്ല. എന്നാൽ ചീത്ത വാർത്തകൾ അനവധി ഉണ്ടുതാനും. ഗ്രാമങ്ങളിൽ റോഡുകൾ ഉണ്ടാക്കുന്നതിലും ടാർ ചെയ്യുന്നതിലും ഒക്കെ പുരോഗതിയുണ്ടായെങ്കിലും നഗരത്തിലെ ട്രാഫിക് കുറക്കുന്ന തരത്തിലുള്ള ശാസ്ത്രീയമായ പഠനമോ വികസനമോ പരിഷ്കാരമോ നടക്കുന്നില്ല.

ഇതിന്റെ പ്രത്യാഘാതം നാം ഇപ്പോൾ തന്നെ അനുഭവിക്കുകയാണ്. എവിടെ എങ്കിലും സമയത്തിന് എത്തണമെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ അധികം കൂട്ടി പ്ലാൻ ചെയ്യണം. വെറും എട്ടു കിലോമീറ്റർ അകലെയുള്ള നെടുമ്പാശ്ശേരിയിൽ എത്താൻ പെരുമ്പാവൂരിൽ നിന്നും വേണ്ടതിലും ഒരുമണിക്കൂർ എങ്കിലും മുൻപേ പുറപ്പെടണം. എറണാകുളത്തു നിന്നും ഇരുനൂറു കിലോമീറ്റർ ദൂരെയുള്ള തിരുവന്തപുരത്തെത്തണമെങ്കിൽ ആറു മണിക്കൂർ വേണം. റോഡിൽ ഇഴഞ്ഞു തീരുന്ന നമ്മുടെ സമയം ഗുണകരമായ പലതിനും ചിലവാക്കാവുന്നതാണ്. ഇതൊരു സാമൂഹ്യ നഷ്ടമാണ്.

നമ്മുടെ ഓരോ നഗരത്തിലേയും ട്രാഫിക് പ്രശ്നമെല്ലാം ഓരോ ജംഗ്ഷനിലെയും പ്രശ്നമായിക്കണ്ട് അവിടെ ഒരു പോലീസുകാരനെ വെച്ചോ സിഗ്നൽ സംവിധാനം ഉപയോഗിച്ചോ ഫ്ലൈ ഓവർ പണിതോ ബൈപ്പാസ് ഉണ്ടാക്കിയോ മാത്രം ഒഴിവാക്കാൻ പറ്റുന്നതല്ല. നമ്മുടെ നഗരങ്ങൾ ജീവിത യോഗ്യമാകണമെങ്കിൽ നഗരവൽക്കരണത്തിന്റെ കാര്യത്തിൽ ഒരു രാഷ്ട്രീയ സമവായം ഉണ്ടായേ പറ്റൂ.

1. കേരളത്തിന്റെ ഭാവി നഗരങ്ങളിൽ ആണെന്ന സത്യം അംഗീകരിക്കുക. നഗരത്തെയും ഗ്രാമത്തെയും നാം എങ്ങനെ പ്ലാൻ ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും നഗരം നാകം ആകുമോ നരകം ആകുമോ എന്നത്. ഇത് ട്രാഫിക്കിന്റെ മാത്രം കാര്യമല്ല, ഖരമാലിന്യ സംസ്കരണം, സീവേജിന്റെ ശേഖരണവും സംസ്കരണവും, നഗരമധ്യത്തിലെ പച്ചപ്പുകൾ ഇതെല്ലാം ഇപ്പോഴേ പ്ലാൻ ചെയ്താലേ നടക്കൂ.
കേരളത്തെ ആകമാനം കണക്കിലെടുത്ത് ചുരുങ്ങിയത് 2050 വരെയെങ്കിലും ഉള്ള ട്രാഫിക് വളർച്ച കണക്കിലെടുത്ത് കൊണ്ട് വേണം ഗതാഗത സംവിധാനങ്ങൾ പ്ലാൻ ചെയ്യാൻ.

2. സ്വകാര്യ വാഹനങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ഏറെ ചെലവുള്ളതാക്കുക. സിംഗപ്പൂരിലെ സർട്ടിഫിക്കറ്റ് ഓഫ് എലിജിബിലിറ്റി (COE), ലണ്ടനിലെ കൺജഷൻ ചാർജ്ജ്, (തിരക്കുള്ള സമയത്ത് നഗരത്തിനകത്തേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്ന പദ്ധതി), ജപ്പാനിലെ പോലെ ഉയർന്ന പാർക്കിങ് ഫീ എല്ലാം ഉൾപ്പെടുത്തിയ പുരോഗമനപരമായ നയങ്ങളും നിയമങ്ങളും ഉണ്ടാക്കുക.

3. പൊതുഗതാഗതം സുഖകരമാകുന്നതോടൊപ്പം പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്നത് മോശമാണെന്ന ചിന്തയും മാറ്റിയെടുക്കുക.

4. നഗരകേന്ദ്രങ്ങൾ കുട്ടികൾക്ക് കളിക്കാൻ പാകത്തിന് സൗകര്യങ്ങളുള്ള വാഹനങ്ങൾ
ഇല്ലാത്ത, മലിനീകരണം ഇല്ലാത്ത, തെരുവുപട്ടികൾ ഇല്ലാത്ത സ്ഥലമാകട്ടെ.

ഇതൊക്കെ അല്പം കൂടിയ ആഗ്രഹങ്ങളാണെങ്കിലും മനസ്സു വെച്ചാൽ നടക്കുന്നതാണ്.

എന്നാൽ നടക്കാൻ കൂടുതൽ സാധ്യതയുള്ളത് മറ്റൊന്നാണ്. ബാങ്കോക്കിലും മനിലയിലും ജക്കാർത്തയിലും ഉള്ളതുപോലെ മോട്ടോർ സൈക്കിൾ ടാക്‌സികൾ നമ്മുടെ നഗരങ്ങളിൽ വലിയ താമസമില്ലാതെ ഉണ്ടാകും. മരിച്ചു കിടക്കുന്ന ട്രാഫിക്കിലൂടെ സമയത്ത് ലക്ഷ്യത്തിലെത്താൻ ഇനി അതേയുള്ളു ഒരു വഴി.

Leave a Comment