പൊതു വിഭാഗം

ദൈവത്തിന്റെ സ്പീഡോ?

ഞാൻ കഴിഞ്ഞയാഴ്ച നൈജീരിയയിൽ ഒരു മീറ്റിങ്ങിലായിരുന്നു എന്നു പറഞ്ഞല്ലോ. അവിടെയുണ്ടായിരുന്ന ഒരു നൈജീരിയക്കാരന് മറ്റൊരു ഉന്നത ഉദ്യോഗം കിട്ടിയതിനാൽ അദ്ദേഹത്തിന് യാത്രയയപ്പിനുള്ള അവസരം കൂടിയായി ആ മീറ്റിങ്.

അദ്ദേഹത്തെ അനുമോദിച്ച് സംസാരിച്ച നൈജീരിയക്കാരെല്ലാം ‘ഗോഡ്സ്പീഡ്’ എന്നുപറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്. മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ അപൂർവമായ ഒരുദാഹരമാണ് നൈജീരിയ. അവിടെ ഔദ്യോഗിക മീറ്റിങ്ങുകൾ തുടങ്ങുന്നതും അവസാനിക്കുന്നതും മതപ്രാർത്ഥനയോടെയാണ്. ക്രിസ്തുമതക്കാരും മുസ്ലിമുകളും ഏതാണ്ട് തുല്യ അനുപാതത്തിലാണ് രാജ്യത്ത്. ക്രിസ്തീയപ്രാർത്ഥന കൊണ്ടാണ് യോഗം തുടങ്ങുന്നതെങ്കിൽ അവസാനിപ്പിക്കുന്നത് ഇസ്ലാമിക പ്രാർത്ഥനയിലാകും, തിരിച്ചും. അതുകൊണ്ടുതന്നെ ആശംസകളുടെ അവസാനത്തിൽ ഗോഡ് കടന്നുവന്നത് എനിക്ക് അത്ഭുതമായില്ല. എന്നാൽ സ്പീഡ്?

ദൈവത്തിന്റെ കരുണയെപ്പറ്റിയും, കരുതലിനെപ്പറ്റിയും, ശക്തിയെപ്പറ്റിയും, എന്തിന് കോപത്തെപ്പറ്റി പോലും അനവധി കഥകൾ കേട്ടിട്ടുണ്ട്. എന്നാൽ സ്പീഡിനെപ്പറ്റി കേട്ടിട്ടേയില്ല. ലോകത്തിൽ എന്തിനാണ് ഏറ്റവും കൂടുതൽ വേഗത എന്ന് ചോദിച്ച യക്ഷനോട് ‘ചിന്തക്കാണ്’ എന്നാണ് ധർമ്മപുത്രർ ഉത്തരം പറഞ്ഞത്, ദൈവത്തിനാണ് എന്നല്ല. ദൈവത്തിന് സ്പീഡ് ഉണ്ടെങ്കിൽ അതിലും മേലേ വരില്ലല്ലോ ഒന്നും.

പുതിയൊരു വാക്ക് കേട്ടാൽ അതെന്താണെന്ന് അന്വേഷിച്ചറിയുന്നതും പിന്നീട് പറ്റിയ സാഹചര്യത്തിൽ പ്രയോഗിച്ച് സ്വായത്തമാക്കുകയുമാണ് എന്റെ രീതി എന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇന്റർനെറ്റ് കിട്ടിയപ്പോൾ ആദ്യം തന്നെ ഗോഡ്‌സ്പീഡ് എന്താണെന്നു നോക്കിയ ഞാൻ പൊട്ടിച്ചിരിച്ചു പോയി.

ഗോഡ്‌സ്പീഡിന് ഇപ്പോൾ ഗോഡുമായോ സ്പീഡുമായോ യാതൊരു ബന്ധവുമില്ല. ഒരു യാത്രയോ, ജോലിയോ, സംരംഭമോ ആരംഭിക്കുന്നതിനു മുൻപ് ‘ഗുഡ്‌ലക്ക്’ എന്നു പായയുന്നതു പോലൊരു സംഗതിയാണിത്. പതിമൂന്നാം നൂറ്റാണ്ട് തൊട്ടുള്ള ഒരു ഇംഗ്ലീഷ് പ്രയോഗമാണ്. ‘Spede’ (fortune) എന്ന വാക്കുമായാണ് ഇതിനു ബന്ധം. ‘May god cause you to prosper’ എന്നാണ് പ്രയോഗത്തിന്റെ അർത്ഥം.

ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയിട്ട് നാൽപ്പത് വർഷവും, ആ ഭാഷ മാത്രം സംസാരിക്കുന്ന സാഹചര്യത്തിൽ എത്തിയിട്ട് ഇരുപത്തിയഞ്ചു വർഷവും കഴിഞ്ഞു. ഇന്ത്യയിലും പുറത്തും അനവധി രാജ്യങ്ങളിൽ, ഇംഗ്ലീഷിന്റെ മാതൃരാജ്യമായ ഇംഗ്ലണ്ടിൽ ഉൾപ്പെടെ നിരവധി
സ്വാഗത – യാത്രയയപ്പ് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെയൊന്നും ഒരിക്കൽപ്പോലും കേൾക്കാത്ത വാക്കാണ് ഒറ്റദിവസത്തിൽ അഞ്ചു തവണ എന്റെ നേർക്ക് പാഞ്ഞുവന്നത്.

ഇതങ്ങനെ അതിശയിക്കേണ്ട കാര്യമൊന്നുമല്ല. ഭാഷ അതിന്റെ ജന്മഭൂമി കടന്ന് മറുനാടുകളിൽ ചെന്നുകഴിഞ്ഞാൽ അവിടങ്ങളിൽ സ്വതന്ത്രമായി വികസിക്കുന്നു. അപ്പോൾ ഒരുകാലത്ത് ഇംഗ്ലീഷിൽ ഉണ്ടായിരുന്നതും പിൽക്കാലത്ത് ഇംഗ്ലണ്ടിൽ ചുരുങ്ങിവന്നതുമായ വാക്കുകൾ മറുനാടുകളിൽ പ്രചാരത്തിലാകും. ആ രാജ്യങ്ങളിലും പുതിയ വാക്കുകൾ ഉണ്ടാകുകയും അത് ഇംഗ്ലണ്ടിൽ അംഗീകരിക്കപ്പെടുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്യാം.

ഇത് ഇംഗ്ലീഷിന്റെ മാത്രം കാര്യമല്ല. ഹെയ്ത്തിയിലെത്തിയ ഫ്രഞ്ചും, മലേഷ്യയിലെത്തിയ തമിഴും, ഫിജിയിലെത്തിയ ഹിന്ദിയുമെല്ലാം ഇപ്പോൾ ഫ്രാൻസിലെ ഫ്രഞ്ചും, തമിഴ്‌നാട്ടിലെ തമിഴും, ഉത്തരേന്ത്യയിലെ ഹിന്ദിയുമായി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതൊരു തെറ്റൊന്നുമല്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നമ്മൾ വ്യാപകമായി ഉപയോഗിക്കുന്ന prepone, (postpone എന്നതിന്റെ വിപരീതമായി നമ്മൾ ഉപയോഗിക്കുന്നത്) എന്ന വാക്ക് നമ്മൾ ഉണ്ടാക്കിയെടുത്തതാണ്. ഓക്സ്ഫോർഡ് ഡിക്ഷനറിയിൽ ഒക്കെ കയറിപ്പറ്റിയെങ്കിലും ബ്രിട്ടീഷുകാരുടെ വൊക്കാബുലറിയിൽ അതിപ്പോഴും എത്തിയിട്ടില്ല.

ഇങ്ങനെയുള്ള വാക്കുകൾ പ്രാദേശികമായി ഉപയോഗിക്കുന്നതിന് ഒരു കുഴപ്പവുമില്ല. എന്നാൽ നമ്മൾ നമ്മുടെ നാടിൻറെ അതിർത്തി കടന്ന് മറുനാട്ടിൽ ചെല്ലുമ്പോൾ വാക്കുകളുടെ അർത്ഥത്തിൽ വരുന്ന മാറ്റം ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ കുഴപ്പത്തിൽ പെടും. ജനീവയിൽ വന്നയിടക്ക് എനിക്കങ്ങനെ ഒരു പറ്റുപറ്റി.

ഇന്ത്യയിൽ നല്ല സാമ്പത്തികസ്ഥിതിയിൽ നിന്നും വന്ന ഒരാളെ അതാണാണെങ്കിലും പെണ്ണാണെങ്കിലും well endowed എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല. ഡിക്ഷനറിയനുസരിച്ച് well endowed എന്നുവെച്ചാൽ “having a lot of something, especially money or resources” എന്നാണ്. അപ്പോൾ കാശുള്ള വീട്ടിലെ കുട്ടിയെ he/she is well endowed എന്നു പറയുന്നത് ശരിയായ പ്രയോഗമാണെന്ന് ഹൈസ്‌കൂളിൽ ഇംഗ്ലീഷ് പഠിപ്പിച്ച വർഗീസ് സാർ വരെ സമ്മതിച്ചു തരുന്ന കാര്യമാണ്.

കുഴപ്പം അവിടെയല്ല. ഇംഗ്ലീഷുകാർ ഇപ്പോൾ ആ പ്രയോഗത്തെ പിടിച്ച് അശ്ലീലമാക്കിക്കളഞ്ഞു. ആ നാട്ടിലിപ്പോൾ ഒരാൾ well endowed ആണെന്നു പറഞ്ഞാൽ അയാൾ പുരുഷനാണെങ്കിൽ അയാൾക്ക് സമൃദ്ധമായ പുല്ലിംഗമുണ്ടെന്നും സ്ത്രീയാണെങ്കിൽ അവർക്ക് വലിയ മാറിടമുണ്ടെന്നുമാണ് അർത്ഥം. പ്രീ ഡിഗ്രി ക്ലാസ്സിൽ അൽപ്പമൊക്കെ പ്രോഗ്രസീവ് ആയിരുന്ന ശങ്കരാ കോളേജിലെ ഗീതാലയം ഗീതാകൃഷ്ണൻ സാർ പോലും ഇതൊന്നും പറഞ്ഞു തരാത്തതിനാൽ ജനീവയിൽ വെച്ച് ഒരാളെപ്പറ്റി well endowed പ്രയോഗിച്ച് ഞാൻ ഇളിഭ്യനായി.

ഓരോ ഭാഷയെപ്പറ്റിയും ഇതുപോലെ രസകരമായ കഥകൾ പറയാനുണ്ടാകും. ഇംഗ്ലീഷിനെ പറ്റിത്തന്നെ കഥകൾ ഇനിയും ഏറെയുണ്ട്. ഓരോ രാജ്യത്തെയും വ്യത്യസ്തമായ പ്രയോഗങ്ങൾ വായനക്കാർ ഇവിടെ പങ്കുവെച്ചാൽ രസകരവും ഉപകാരപ്രദവുമായിരിക്കും. ഒരു ഭാഷയിലെ വാക്കിന് മറ്റു ഭാഷയിൽ വേറെ അർത്ഥം ഉണ്ടാകുന്ന കഥയോ, ഒരു ഭാഷയിൽ തികച്ചും അശ്ലീലമായ പദം മറ്റൊരു സ്ഥലത്ത് സ്ഥലപ്പേരായി വരുന്നതോ ആയ ഉദാഹരങ്ങൾ വേണ്ട, കാരണം അത് ഒരു ആകസ്മികതയായതിനാൽ അതിൽനിന്ന് നാം ഒന്നും പഠിക്കുന്നില്ല.

തൽക്കാലം മലയാളികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്തുപോകാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു ഇംഗ്ളീഷ് പ്രയോഗത്തിന്റെ കാര്യം പറയാം.

നമ്മൾ സംസാരിക്കുന്നിടത്തോ, മീറ്റിങിനിടക്കൊ, ഇന്റർവ്യൂവിലോ, എന്തിന് ഫേസ്‌ബുക്കിൽ കമന്റ് ചെയ്യുമ്പോഴോ, വേറൊരാളോട് (പ്രത്യേകിച്ച് നമ്മളെക്കാൾ മുതിർന്ന, ഔദ്യോഗികമായി ഉയർന്ന, അല്ലെങ്കിൽ കൂടുതൽ അറിവുള്ള ഒരാളോട്) എതിരഭിപ്രായം പറയേണ്ടിവരുമ്പോൾ ‘sir with all due respect’ എന്നുപറഞ്ഞ് നമ്മുടെ വാദം തുടങ്ങുന്നതാണ് ശരി എന്ന് ഏറെയാളുകൾ വിശ്വസിക്കുന്നുണ്ട്. അർത്ഥം കൊണ്ട് അത് ശരിയാണെങ്കിലും ഇപ്പോൾ ഈ പ്രയോഗത്തിന്റെ അർത്ഥം നേരെതിരിച്ചാണ്.

‘I think you are an idiot’ അല്ലെങ്കിൽ ‘I think you are talking nonsense’ എന്നാണിതിന്റെ ഇപ്പോഴത്തെ പ്രയോഗാർത്ഥം. ഇംഗ്ലണ്ടിലേക്ക് ഒരു സ്കൈപ്പ് ഇന്റർവ്യൂ നടത്തുമ്പോഴോ അവിടുത്തെ ക്ലയന്റുമായി ഇൻഫോപാർക്കിൽ മീറ്റിങ് നടത്തുമ്പോഴോ ഭക്ത്യാദരപൂർവ്വം അവരുടെ നേരെ ഈ പ്രയോഗം നടത്തിയാൽ എന്തായിരിക്കും സ്ഥിതി?

Godspeed !!!

Leave a Comment