പൊതു വിഭാഗം

ദുരന്തമുണ്ടാകുന്പോൾ ആർക്കാണ് പണം കൊടുക്കേണ്ടത്?

ഒരു ദുരന്തത്തെ നേരിടാനുള്ള സഹായം പരമാവധി പണമായി കൊടുക്കണമെന്ന് പറഞ്ഞുവല്ലോ. എന്നാൽ ആർക്കാണ് പണം കൊടുക്കേണ്ടതെന്ന് മിക്കവർക്കും സംശയമാണ്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് സഹായമായി പണം എത്തണമെന്നു തന്നെയാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും അതെങ്ങനെ ഉറപ്പിക്കാമെന്നതാണ് പ്രശ്നം.
 
ഇക്കാര്യത്തിൽ കുറച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാം.
 
1. ദുരന്തനിവാരണം എന്നത് ഒരു നൂറുമീറ്റർ ഓട്ടമല്ല. മാരത്തൺ ആണ്. ഒന്നാമത്തെ ദിവസം തന്നെ പണം നൽകണമെന്നോ ഉള്ള പണം ഒരുമിച്ചു നൽകണമെന്നോ ഇല്ല. പത്രവാർത്തയോ ഫേസ്‌ബുക്ക് പോസ്റ്റോ കണ്ട് ഒരാൾക്ക് ആയിരമോ രണ്ടായിരമോ സഹായം അയക്കുന്നത് പോലെയല്ല, ദുരന്തനിവാരണത്തിന് പണം നൽകുന്നത്. കൂടുതൽ പണം കൊടുക്കേണ്ടി വരും, കൂടുതൽ ആളുകൾക്കും പ്രസ്ഥാനങ്ങൾക്കും കൊടുക്കേണ്ടി വരും. ഒന്നിൽ കൂടുതൽ തവണ കൊടുക്കേണ്ടിയും വരും. ഇതൊക്കെ ആദ്യമേ ഓർക്കണം. വൻ ദുരന്തം കാണുമ്പോൾ ഉണ്ടാകുന്ന സഹാനുഭൂതികൊണ്ട് അപ്പോഴേ ഓടിപ്പോയി അധികം വസ്തുക്കളോ പണമോ ഏതെങ്കിലും ഒരു ഏജൻസിക്ക് നൽകുന്നത് നല്ല കാര്യമല്ല.
 
2. നമ്മുടെ കുടുംബത്തിൽ ബന്ധുക്കളിൽ സുഹൃത്തുക്കളിൽ ആർക്കെങ്കിലും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്ക് സഹായമായി ഒരു തുക വാഗ്ദാനം ചെയ്യണം. ദുരന്തത്തിൽ നഷ്ടമുണ്ടായവർ മാനസികമായും തളർന്നിരിക്കും. സർക്കാർ സഹായം കിട്ടുമെന്ന് ഒരുറപ്പും ആർക്കുമില്ലാത്തതിനാൽ തൊട്ടടുത്ത ആളുകളിൽനിന്ന് കിട്ടുന്ന വാഗ്ദാനങ്ങൾ അവരെ മാനസികമായി പോസിറ്റിവായിരിക്കാൻ സഹായിക്കും. സ്വന്തക്കാരാണെങ്കിലും നാം ആരെയെങ്കിലും സഹായിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അവരെ കൂടുതൽ സഹായിക്കേണ്ടി വരില്ല. അങ്ങനെ അത് സമൂഹത്തിനെ സഹായിക്കുന്നതിന് തുല്യമാകും.
 
3. കേരളത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകൾ വളരെ ശക്തമായും കാര്യക്ഷമമായും ധാരാളം ഇടങ്ങളിൽ പ്രവർത്തിക്കുന്നു. ഓരോ റെസിഡന്റ്‌സ് അസോസിയേഷനുകളിലും ഒരുപക്ഷെ സഹായം ആവശ്യമുള്ളവർ ഉണ്ടായി എന്നുവരാം. അതെല്ലാം അതിന്റെ ഭാരവാഹികൾക്ക് അറിയുകയും ചെയ്യാം. പണം സ്വീകരിക്കാനും കൈകാര്യം ചെയ്യാനും അവർക്ക് രീതികളുണ്ട്. അഥവാ നമ്മുടെ റെസിഡന്റ്‌സ് അസോസിയേഷനുകളിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും മറ്റു സ്ഥലങ്ങളിൽ ഒരു അസോസിയേഷൻ എന്ന നിലയിൽ സഹായമെത്തിക്കാൻ അവർക്കു കഴിയും. പരസ്പരം എപ്പോഴും കണ്ടുമുട്ടേണ്ടവർ ആയതിനാൽ തട്ടിപ്പുണ്ടാവില്ല. മിക്കവാറും റെസിഡന്റ്‌സ് അസോസിയേഷനിൽ റിട്ടയർ ചെയ്തവരൊക്കെയാണ് കണക്കു നോക്കുന്നതും കാര്യങ്ങൾ നടത്തുന്നതും. അതുകൊണ്ട് നമ്മുടെ റെസിഡന്റ്‌സ് അസോസിയേഷൻ എന്താണ് ചെയ്യുന്നതെന്ന് അറിയാനും നേരിട്ട് അഭിപ്രായം പറയാനും സാധിക്കും.
 
4. കേരളത്തിൽ സന്നദ്ധ സംഘടനകൾ ഏറെയുണ്ടെങ്കിലും ഇവയിൽ ഏതിനെയാണ് വിശ്വസിക്കാൻ പറ്റുക എന്നറിയില്ല. നല്ല പ്രസ്ഥാനങ്ങളെ പോലെ തട്ടിപ്പുകാരും ഏറെ ഉണ്ട്. ദുരന്തകാലം തട്ടിപ്പുകാർക്ക് ചാകരക്കാലം ആണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
നമുക്ക് വിശ്വാസമുള്ളവർ അംഗങ്ങളായത്, വിശ്വാസമുള്ളവർ ശുപാർശ ചെയ്യുന്നത് എല്ലാം നമുക്ക് പരിഗണിക്കാവുന്നതാണ്. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, കൃത്യമായ പദ്ധതിയോടെയാണോ അവർ പണം പിരിക്കുന്നത്, അതോ പണം വന്നിട്ട് പദ്ധതിയുണ്ടാക്കാം എന്ന രീതിയാണോ. രണ്ട്, നമ്മൾ കൊടുക്കുന്ന പണത്തിന് എത്ര ശതമാനമാണ് പദ്ധതിയുടെ മേൽനോട്ടത്തിന് ഉപയോഗിക്കുന്നത്, കൂടുതൽ പണം ഓവർ ഹെഡ് ആയി ചെലവാക്കുന്ന പ്രസ്ഥാനങ്ങൾക്ക് കുറച്ചു പണമേ നൽകാവൂ.
 
5. കോംപാഷനേറ്റ് കേരളം പോലെ നേരിട്ട് പണം മേടിക്കാതെ ആവശ്യമുള്ളവരേയും സഹായിക്കാൻ ആഗ്രഹമുള്ളവരേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം ഏറെ നല്ലതാണ്. ഇവിടെ നമ്മൾ ആർക്കാണ് പണം കൊടുക്കുന്നത് അല്ലെങ്കിൽ എന്തിനാണ് പണം നൽകുന്നത് എന്ന് നമുക്ക് ഉറപ്പാണ്. നമ്മുടെ പണം നൂറു ശതമാനവും ഉപഭോക്താക്കൾക്കായാണ് പോകുന്നതും.
 
6. ഈ പ്രളയകാലത്ത് കേരളം മൽസ്യത്തൊഴിലാളികളെയും യുവാക്കളെയും ആർമിയെയും ആഘോഷിച്ചു. എന്നാൽ ആഘോഷിക്കപ്പെടാതെ പോയവരാണ് നമ്മുടെ ജനപ്രതിനിധികൾ. എം എൽ എ മുതൽ പഞ്ചായത്ത് മെന്പർ വരെയുള്ളവരും രാഷ്ട്രീയമായി പൊതുരംഗത്ത് നിൽക്കുന്നവരും രാപകലില്ലാതെ ദുരിതാശ്വാസ രംഗത്ത് ഉണ്ടായിരുന്നു. ദുരന്തശേഷം സർക്കാരിൽനിന്ന് സഹായം നേടിയെടുക്കാനും, മറ്റു തരത്തിൽ സഹായം സംഘടിപ്പിക്കാനും അവർ മുന്നിൽ നിൽക്കുന്നു. ഓരോ സ്ഥലത്തും ഏറ്റവും സഹായം അർഹിക്കുന്നവർ ആരാണെന്ന് നമ്മുടെ ജനപ്രതിനിധികളെപ്പോലെ കൃത്യമായി ആർക്കും അറിയില്ല. അവർ ചൂണ്ടിക്കാണിക്കുന്നവർക്ക്, അത് വീടുവെക്കാനായാലും വിദ്യാഭ്യാസത്തിനായാലും സഹായം നൽകുന്നത് ശരിയായ തീരുമാനമാണ്.
 
7. സർക്കാർ സംവിധാനങ്ങൾക്ക് പല തരത്തിൽ പണം കൊടുക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കുക എന്നതാണ് ഒന്ന്. ചില ആളുകൾക്ക് ഇതിന് വിമുഖതയുണ്ട്. ദുരന്തം ഉണ്ടാകുമ്പോൾ ബന്ധുക്കളെ സഹായിക്കുന്നത് പോലെ തന്നെയാണ് സർക്കാരിനെ സഹായിക്കുന്നതും. നാട്ടുകാരിൽ നിന്നും കൂടുതൽ പണം വരുമ്പോൾ സർക്കാരിന്റെ ആത്മവിശ്വാസം കൂടും. തീർച്ചയായും ഇത്തരം ഫണ്ടുകൾക്ക് സോഷ്യൽ ഓഡിറ്റിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തണം.
 
8. സർക്കാർ തിരഞ്ഞെടുത്തിരിക്കുന്ന പ്രോജക്ടുകൾക്ക് വേണ്ടി മുഴുവനായോ ഭാഗികമായോ പണം മുടക്കുക എന്നതാണ് അടുത്തത്. ക്രൗഡ് ഫണ്ടിങ് എന്ന രീതിയാണ് കെ പി എം ജി യുടെ സഹായത്തോടെ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഒരു സ്‌കൂൾ നിർമ്മിച്ച് നൽകാൻ അവിടുത്തെ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ശ്രമിച്ചാൽ സാധിക്കുമല്ലോ. അതുപോലെ വലിയ കമ്പനികൾക്ക് തകർന്ന ആശുപത്രിയൊക്കെ നിർമ്മിച്ചു നൽകാൻ പറ്റും. ഓരോ ഗ്രാമത്തിലും പത്തു വീടുകൾ നിർമ്മിക്കാൻ ക്രൗഡ് ഫണ്ടിങ്ങ് വഴി പണം കണ്ടെത്താം. ഇവിടെ ഓരോ ഗ്രാമത്തിലെയും പ്രവാസികൾക്കും ‘കുടുംബയോഗക്കാർക്കും’ മുൻകൈ എടുക്കാവുന്നതേ ഉള്ളൂ.
 
9. മറ്റു രാജ്യങ്ങളിലെ ദുരന്തങ്ങളിലേക്കാണ് പണം അയക്കുന്നതെങ്കിൽ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും റെഡ്‌ക്രോസ്സും യു എന്നും നമുക്ക് പണം കൊടുക്കാവുന്ന സ്ഥാപനങ്ങളാണ്. ഇവയിൽ പലതിനും ഇപ്പോൾ ക്രൗഡ് ഫണ്ടിങ്ങ് സംവിധാനം ഉണ്ട്. ഇവരുടെ കാര്യത്തിലും രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, കൃത്യമായ പദ്ധതിയോടെയാണോ അവർ പണം പിരിക്കുന്നത്, അതോ പണം വന്നിട്ട് പദ്ധതിയുണ്ടാക്കാം എന്ന രീതിയാണോ. രണ്ട്, നമ്മൾ കൊടുക്കുന്ന പണത്തിന് എത്ര ശതമാനമാണ് പദ്ധതിയുടെ മേൽനോട്ടത്തിന് ഉപയോഗിക്കുന്നത്.
 
10. നമുക്ക് ഓരോരുത്തർക്കും ദുരന്ത നിവാരണത്തിന് കൊടുക്കാൻ പറ്റുന്ന പണത്തിന് പരിധിയുണ്ട്. പക്ഷെ പണം മാത്രമല്ല ദുരന്ത നിവാരണത്തിന് നമുക്ക് നൽകാൻ പറ്റുക. നമ്മുടെ സമയം, നമ്മുടെ ആശയങ്ങൾ, നമ്മുടെ പിന്തുണ ഇതൊക്കെ നവ കേരളത്തിന് ആവശ്യമുണ്ട്. പണമില്ല എന്ന് കരുതി നവകേരള നിർമ്മിതിയിൽ പങ്കാളിയാവാതിരിക്കേണ്ട.
 
മുരളി തുമ്മാരുകുടി.
 

Leave a Comment