പൊതു വിഭാഗം

ദുഃഖകാലത്തെ സന്തോഷത്തിന്റെ തുണ്ട്…

ചേട്ടന്റെ മകൻ അനന്തു കുട്ടിയായിരുന്ന കാലത്ത് വീടിനു ചുറ്റുമുള്ളവരെ അവരുടെ തൊഴിലിനനുസരിച്ചുള്ള പേര് ചേർത്താണ് വിളിച്ചിരുന്നത്. രാവിലെ പാല് കൊണ്ട് വരുന്നത് പാല് ചേട്ടൻ, അവനെ ഓട്ടോയിൽ കൊണ്ടുപോകുന്നത് ഓട്ടോ ചേട്ടൻ, വൈകീട്ട് പുല്ലരിയാൻ വരുന്നത് പുല്ലു ചേച്ചി, ജംഗ്‌ഷനിൽ കടയിട്ടിരിക്കുന്നത് കടച്ചേട്ടൻ എന്നിങ്ങനെ.

ഞാൻ നാട്ടിലുള്ള കാലമാണ്. ‘നീ എനിക്കെന്താണ് പേരിട്ടിരിക്കുന്നത്’ എന്ന് ഞാൻ ചോദിച്ചു.
‘സംശയം എന്താ, പാർട്ടിച്ചേട്ടൻ’ അവന്റെ മറുപടി.

സംഗതി സത്യമാണ്. ഞാൻ വീട്ടിലുള്ള വീക്കെൻഡിലെല്ലാം അവിടെ പാർട്ടിയാണ്. പഴയ സ്‌കൂൾ സുഹൃത്തുക്കളുമായി, പുതിയ മാധ്യമ സുഹൃത്തുക്കളുമായി, പത്താം ക്ലാസിലെ ക്രിക്കറ്റ് ക്ലബ് അംഗങ്ങളുമായി, പുതിയതായി വന്ന ഇന്റേൺസിന് വേണ്ടി, എല്ലാ ആഴ്ചയും എന്തെങ്കിലും കാരണത്താൽ ഞാൻ ഒരു പാർട്ടി സംഘടിപ്പിക്കും. അപ്സരയിലെ ബിരിയാണി തൊട്ട് കമ്മത്തിൻറെ മസാലദോശ വരെ എന്തുമാകാം വിഭവം.

സത്യത്തിൽ എന്റെ വ്യക്‌തിജീവിതത്തിൽ ഏറ്റവും ദുഖമുള്ള കാലമായിരുന്നു അത്. പക്ഷെ അതും പറഞ്ഞു ദുഖിരിച്ചിക്കുന്നതുകൊണ്ട് എന്ത് കാര്യം. അതിനാൽ മനഃപൂർവ്വം സംഘടിപ്പിക്കുന്നതായിരുന്നു ഈ പാർട്ടികൾ. ദുരന്തരംഗത്തെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച ഒരു പാഠമാണ് ഇത്. ലോകത്തെ ദുരന്തങ്ങൾക്ക് ഇടവേളകൾ ഇല്ല, അതിനാൽത്തന്നെ വ്യക്‌തിപരമായി അതിനുള്ളിൽ നമ്മൾ സന്തോഷത്തിന്റെ കുമിളകൾ മനഃപൂർവം ഉണ്ടാക്കിയെ പറ്റൂ. അല്ലെങ്കിൽ ആരെയാണോ നമ്മൾ സഹായിക്കേണ്ടത് അവരെ നമുക്ക് വേണ്ട വിധം സഹായിക്കാൻ പറ്റിയെന്നു വരില്ല.

രണ്ടു കാര്യങ്ങൾ കൊണ്ടാണല്ലോ നമുക്ക് പൊതുവെ ദുഃഖം ഉണ്ടാകുന്നത്. ഒന്ന് നമുക്കിട്ട് വേണ്ടപ്പെട്ട ആരെങ്കിലും അപ്രതീക്ഷിതമായി വലിയ പാര പണിയുമ്പോൾ, അല്ലെങ്കിൽ നമുക്കോ വേണ്ടപ്പെട്ട ആർക്കെങ്കിലുമോ ഒരു ദുഃസ്ഥിതി വന്നു പെടുമ്പോൾ. രണ്ടാണെങ്കിലും ദുഖിച്ചിരിക്കുന്നത് ഒരു പരിഹാരമല്ല. മറ്റുള്ളവർ നമുക്കിട്ട് പണിയുമ്പോൾ നമ്മൾ ദുഃഖിച്ചിരുന്നാൽ അവരുടെ ലക്ഷ്യത്തിൽ അവർ വിജയിച്ചു എന്നാണർത്ഥം. ആരെങ്കിലും നമ്മെ വിഷമിപ്പിക്കാൻ ശ്രമിച്ചാൽ അതിന് മുകളിൽ നിന്നും സന്തുഷ്ട ജീവിതം നയിക്കുന്നതിലും വലിയ വിജയമില്ല. അതുപോലെ നമ്മുടെയോ മറ്റുള്ളവരുടെയോ എന്തെങ്കിലും ദുസ്ഥിതി (രോഗം, അപകടം, സാമ്പത്തികപ്രശ്നങ്ങൾ, നിയമക്കുരുക്കുകൾ, തൊഴിൽ പ്രശ്നങ്ങൾ) ഒക്കെയാണ് നമ്മെ വിഷമിപ്പിക്കുന്നതെങ്കിൽ നമ്മൾ സന്തോഷമായിരുന്നാൽ മാത്രമേ ആ പ്രശ്നങ്ങളെ നമുക്ക് നേരിടാൻ പറ്റൂ. നമ്മുടെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ നമ്മൾ ആദ്യമേ “ഡൌൺ” ആയാൽ അതുകൊണ്ട് ആരെയാണോ നമ്മൾ സഹായിക്കേണ്ടത് അവർക്ക് ഒരു ഗുണവും ഉണ്ടാവില്ല. അപ്പോൾ ആ ദുർഘട സമയത്ത് പോലും നമ്മൾ കുറച്ചു നേരമെങ്കിലും സന്തോഷിക്കേണ്ടത് അവർക്ക് വേണ്ടി കൂടിയാണ്.

ഇതൊക്കെ പറയാൻ എളുപ്പമാണ്, പ്രയോഗിക്കാൻ ഏറെ വിഷമവും. നമ്മൾ രണ്ടു കാര്യത്തിൽ മനസ്സിരുത്തിയാൽ ഇതൊക്കെ പ്രയോഗത്തിൽ വരുത്താൻ സാധിക്കും.

1. നമ്മൾ ഓരോരുത്തർക്കും എല്ലാ സമയത്തും വിവിധ മുൻഗണനകളുണ്ട്. നമ്മുടെ ആരോഗ്യം, സമ്പാദ്യം, തൊഴിൽ, അയൽക്കാർ, കുട്ടികൾ, പങ്കാളി, കുടുംബം, കൂട്ടുകാർ, ബന്ധുക്കൾ എന്നിങ്ങനെ. സാധാരണ ഗതിയിൽ ഇതിൽ എവിടെ നിന്നെങ്കിലും ഒരിടത്തു നിന്നാണ് നമ്മുടെ ദുഖത്തിന്റെ തുടക്കം. ചിലപ്പോൾ ഒന്നിൽ കൂടുതലും ആകാം (തൊഴിൽ രംഗത്തും സാമ്പത്തിക രംഗത്തും ഒരുപോലെ ബുദ്ധിമുട്ട് വരാം). എന്നാലും ഏതു സമയത്തും നമ്മുടെ ഭൂരിഭാഗം മാനങ്ങളും പ്രശ്നമേഖല ആയിരിക്കില്ല. അപ്പോൾ ചീത്ത കാലത്ത് അവിടെ നിന്നാണ് നാം സന്തോഷം കണ്ടെത്തേണ്ടത്. പക്ഷെ നമ്മുടെ തലമുറയുടെ പ്രശ്നം എന്തെന്ന് വച്ചാൽ ഇത്തരം പല മാനങ്ങളിൽ രണ്ടിലോ മൂന്നിലോ ആണ് നാം നമ്മുടെ നിക്ഷേപങ്ങൾ ഒക്കെ നടത്തിയിരിക്കുന്നത്. സ്വന്തം കുടുംബത്തിനും തൊഴിലിനും അപ്പുറം ഒട്ടും ചിന്തിക്കാതെ ജീവിക്കുന്നവർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ പിടിക്കാൻ ഒരു വള്ളിയും ബാക്കി ഉണ്ടാവില്ല. അതിനാൽ നല്ല കാലത്ത് നമ്മുടെ ചുറ്റും നമ്മൾ തന്നെ ചിലത് നിക്ഷേപിക്കണം.

2. നമുക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അത് നമ്മുടെ തെറ്റാണെന്ന കുറ്റബോധം നമുക്ക് ഉണ്ടാകരുത്. ദുഃഖകാലത്ത് സന്തോഷിക്കുന്നതിലും ഒരു മനസ്സാക്ഷിക്കുത്ത് വേണ്ട. വീട്ടിൽ ആർക്കെങ്കിലും കാൻസർ ഉള്ള സമയത്ത് ഒരാഴ്ച്ച ടൂർ പോകുന്നതിനെ സമൂഹം കുറ്റം പറയും എന്നതിൽ സംശയം വേണ്ട. പക്ഷെ വർഷത്തിൽ മുന്നൂറ്റി അറുപത് ദിവസവും ആതുര സേവനവും ആയിരുന്നാൽ ആർക്കാണെങ്കിലും മനസ്സ് മടുക്കും, എത്ര അടുത്ത ആളാണെങ്കിലും രോഗിയോടുള്ള നമ്മുടെ ചിന്താഗതി മാറി വരും. അപ്പോൾ ഇടക്കൊക്കെ നമ്മുടെ സന്തോഷത്തിന് സ്വന്തം സമയം ചിലവാക്കുന്നത് നമുക്ക് മാത്രമല്ല രോഗിക്കും ഗുണമായിട്ടേ വരൂ.

നമ്മുടെ ദുഖങ്ങളുടെ ദൈർഘ്യവും രൂപവും അനുസരിച്ച് നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെ തുണ്ടുകൾ കുത്തിക്കയറ്റാൻ നമ്മൾ മനഃപൂർവ്വം ശ്രമിക്കണം. വർഷത്തിൽ ഒരു മാസം, മാസത്തിൽ ഒരാഴ്ച്ച, ആഴ്‌ചയിൽ ഒരു ദിവസം, ദിവസത്തിൽ ഒരു മണിക്കൂർ എന്നിങ്ങനെ എത്ര ബുദ്ധിമുട്ടുള്ള സമയം ആണെങ്കിലും അതിനിടയിൽ സന്തോഷിക്കാൻ സമയം കണ്ടെത്തണം. അത് നമുക്ക് ഇഷ്ടമുള്ള എന്തും ചെയ്താകാം. പാർട്ടി ആകാം, ഷോപ്പിംഗ് ആകാം, ക്ഷേത്രത്തിൽ പോക്കാകാം, വെടിക്കെട്ട് കാണാൻ പോകുന്നതാകാം, സിനിമക്ക് പോകുന്നതാകാം, പുതിയ വസ്ത്രം ധരിക്കുന്നതാകാം, ബ്യൂട്ടി പാർലറിൽ പോകുന്നതാകാം, കൂട്ടുകാരോട് ചാറ്റ് ചെയ്യുന്നതാകാം. ഇതിലൊന്നും ഒരു മനസ്സാക്ഷിക്കുത്തിന്റെയും ആവശ്യമില്ല.

നമ്മുടെ സന്തോഷം നമ്മുടെ അവകാശം ആണ്. ഏത് ദുഖത്തിന്റെ നടക്കും നമുക്കത് ഉണ്ടാക്കിയെടുക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം എവിടെയും ഉണ്ട്.

1 Comment

Leave a Comment