പൊതു വിഭാഗം

തൊഴിൽ അറിയാവുന്ന തൊഴിലാളികൾ…

സൗദി അറേബ്യയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങി വിവിധ തൊഴിലുകൾ ചെയ്യുന്നവർക്ക് തൊഴിൽ നന്നായി അറിയാമോ എന്ന ഒരു പരീക്ഷ നടത്താൻ പോകുന്നുവെന്ന് വായിച്ചു.
 
വാസ്തവത്തിൽ കേരളത്തിലും ഇത്തരത്തിലുള്ള ഒരു പരീക്ഷ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പല തൊഴിലുകൾക്കും കേരളത്തിൽ ആളെ കിട്ടാത്ത സാഹചര്യത്തിൽ മറുനാട്ടിൽ നിന്നുള്ള തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. ഒരു തൊഴിലിലും പ്രത്യേകിച്ച് പരിശീലനമൊന്നും ഇല്ലാതെയാണ് ഓരോ ദിവസവും ആയിരക്കണക്കിന് മറുനാട്ടുകാർ കേരളത്തിൽ ട്രെയിൻ ഇറങ്ങുന്നത്. അവരെ ആദ്യം പരിചയപ്പെടുന്ന കോൺട്രാക്ട് ഏജന്റിനെ ആശ്രയിച്ചിരിക്കും അവർ ബാർബർ ആകുമോ പാചകക്കാരൻ ആകുമോ എന്നത്. നിർമ്മാണരംഗത്ത് ഉൾപ്പടെ എല്ലാ രംഗങ്ങളിലും ആളുകളുടെ തൊഴിലിലെ അറിവും വൈദഗ്ദ്ധ്യവും വർഷം തോറും കുറഞ്ഞുവരികയാണ്. കൂടാതെ അറിയാത്ത പണി ചെയ്യുന്പോൾ പല ആരോഗ്യ – സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
 
ഗൾഫിലെ പ്രശ്നവും ഇതുതന്നെയാണ്. ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നും മറ്റനവധി രാജ്യങ്ങളിൽ നിന്നും തൊഴിൽ പഠിച്ചും അല്ലാതേയും, കിട്ടുന്ന ജോലി ചെയ്യാൻ തയ്യാറായി ആളുകൾ അവിടെയെത്തുന്നു. അത് തൊഴിലിനേയും സുരക്ഷയേയും ബാധിക്കുന്നു. അതിനാൽ സൗദിയിൽ ചെയ്യാൻ പോകുന്ന കാര്യം നമുക്കും മാതൃകയാക്കാം.
 
കേരളത്തിൽ എല്ലാ തൊഴിൽരംഗത്തും ഒരു മിനിമം പരിശീലനവും പരിചയവും വേണമെന്ന് നിഷ്‌ക്കർഷിക്കേണ്ട സമയം അതിക്രമിച്ചു. മറുനാട്ടുകാരെ ഒഴിവാക്കാനുള്ള തന്ത്രമൊന്നുമല്ല ഇത്. ലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികളാണ് ഇപ്പോൾ കേരളത്തിലുള്ളത്. അവരെ ഒഴിവാക്കിയാൽ നിർമ്മാണം ഉൾപ്പടെയുള്ള മേഖലകൾ സ്തംഭിക്കും. ഓരോ തൊഴിലിനും അടിസ്ഥാന പരിശീലനവും അറിവും നിർബന്ധമാക്കുകയും അവ പരീക്ഷിക്കുകയും ചെയ്യുന്നത് അവർക്കും ഉപകാരപ്രദമാണ്. അറിവുള്ളവർക്ക് കൂടുതൽ വേതനം ആവശ്യപ്പെടാം, അറിവില്ലാത്തവർക്ക് പഠിക്കാൻ പ്രോത്സാഹനമാകും. ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് ആവശ്യമെങ്കിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കണം (ഫീസ് ഈടാക്കിയിട്ടാണെങ്കിലും). അത്യാവശ്യം ഭാഷ, സുരക്ഷ, എല്ലാം പരിശീലനത്തിന്റെ ഭാഗമാക്കുകയും ചെയ്യാം.
 
മുരളി തുമ്മാരുകുടി
https://www.mathrubhumi.com/gulf/saudi-arabia/pravasi-professional-examination-for-foreign-workers-in-saudi-arabia-1.4276624

Leave a Comment