പൊതു വിഭാഗം

തൊഴിലിലെ ആത്മാർത്ഥതയാണ് ചിലരുടെ സന്ദേശം.

ശ്രീ ഏലിയാസ് ജോർജിനെ ഞാൻ ഒരിക്കലേ കണ്ടിട്ടുള്ളൂ. ഈ വർഷം ആദ്യം കൊച്ചി മെട്രോയുടെ ഓഫീസിൽ ഒരു ചെറിയ പ്രഭാഷണത്തിന് പോയപ്പോൾ. മെട്രോയുടെ പണി തകൃതിയായി നടക്കുകയാണ്, നൂറു കൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്, എന്നിട്ടും അദ്ദേഹം ഒരു തിരക്കും കാണിക്കാതെ എന്നെ സ്വീകരിച്ചു, പ്രഭാഷണം മുഴുവൻ സമയം ഇരുന്നു കേട്ടു, അവസാനം നല്ല വാക്കുകൾ പറയുകയും ചെയ്തു.

കൊച്ചി മെട്രോയുടെ പത്തിലൊന്ന് തിരക്കില്ലാത്ത സ്ഥാപനങ്ങളിൽ പ്രഭാഷണത്തിന് ഞാൻ പോയിട്ടുണ്ട്, അവിടുത്തെ തലവന്മാരെ കാണാൻ പുറത്ത് കാത്തിരുന്നിട്ടുണ്ട്. എന്റെ പ്രഭാഷണം ‘ഉദ്ഘാടനം ചെയ്ത്’ ‘ഏറെ തിരക്കുള്ളതിനാൽ’ അവർ ഉടൻ സ്ഥലം വിട്ടിട്ടുണ്ട്. അതുകണ്ടു ഞാൻ സന്തോഷിച്ചിട്ടുണ്ട്, കാരണം അത്തരം ആളുകളോട് സംസാരിക്കേണ്ടി വരുന്നതിലും കഷ്ടമായി മറ്റൊന്നില്ല.

കേരളം ജനാധിപത്യം ആഴത്തിൽ വേരൂന്നിയ സ്ഥലം ആണെന്നൊക്കെ പറയുമെങ്കിലും ഓഫിസുകളിൽ ഇപ്പോഴും സർവ്വാധിപത്യം ആണ്. എല്ലാം അറിയാവുന്ന ബോസുമാർ, അത് സമ്മതിച്ചു നിൽക്കുന്ന താഴെയുള്ള ഉദ്യോഗസ്ഥർ. പക്ഷെ ശ്രീ ഏലിയാസ് ജോർജ്ജ് വളർത്തിക്കൊണ്ടുവന്ന കൊച്ചി മെട്രോ സംസ്കാരം അതല്ല. ഭൂരിഭാഗം ആളുകളും ചെറുപ്പക്കാർ, എല്ലാ നിലയിലുള്ളവരും പരസ്പരം സ്വതന്ത്രമായി ഇടപെടുന്നു.

ഒരേ സമയത്ത് രണ്ടു കാര്യങ്ങളാണ് ശ്രീ ഏലിയാസ് ജോർജ്ജ് ചെയ്തത്. ഒന്ന്, സമയ ബന്ധിതമായി ആധുനികമായ ഒരു മെട്രോ പണിതുയർത്തുക. നമ്മൾ ഇപ്പോൾ കാണുന്നതിലും വളരെ വലുതാണ് മെട്രോ കൊച്ചിക്ക് വേണ്ടി അദ്ദേഹം പ്ലാൻ ചെയ്തിട്ടുള്ളത്. രണ്ട് ചെറുപ്പക്കാരിൽ വിശ്വാസം അർപ്പിച്ച് ഒരു സ്ഥാപനം വളർത്തിയെടുക്കുക. ഇതിൽ രണ്ടിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്.

അധികം സംസാരിക്കുകയോ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയോ ചെയ്യുന്ന ആളല്ല അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവർത്തിയാണ് അദ്ദേഹത്തിന്റെ സന്ദേശം. ഇതുപോലെയുള്ള ഉദ്യോഗസ്ഥർ നമ്മുടെ സംവിധാനത്തിലൂടെ ഇപ്പോഴും വളർന്നുവരുന്നു എന്നതാണ് ഭാവിയെപ്പറ്റി നമുക്ക് പ്രതീക്ഷ തരുന്നത്.

ശ്രീ ഏലിയാസ് ജോർജ്ജ്, താങ്കളുടെ അടുത്ത ജോലി എന്താണെങ്കിലും നന്നായി ചെയ്ത ഒരു ജോലിക്ക് നന്ദി. ഇനിയും ഇതിലും വലിയ സംരംഭങ്ങൾ നടത്താൻ താങ്കൾക്ക് അവസരം ലഭിക്കട്ടെ…

Leave a Comment