പൊതു വിഭാഗം

തൂമ്പയും ഷവലും പിന്നെ നമ്മളും!

മലയാളികൾ മണ്ണിൽ പണിയാനുപയോഗിക്കുന്ന പ്രധാന ആയുധമാണ് തൂമ്പ അഥവാ മൺവെട്ടി. തൂമ്പയുടെ ഒരു പ്രത്യേകത നമ്മൾ നിൽക്കുന്ന വശത്തേക്കാണ് അത് മണ്ണ് വെട്ടി ഇടുന്നത് എന്നതാണ്. അയൽ വാസിയുടെ വരമ്പ് വെട്ടി നമ്മുടെ കണ്ടത്തിലേക്കിടാൻ ഇതിലും പറ്റിയ ആയുധം വേറെയില്ല.
 
ഷവലും മണ്ണ് വെട്ടാൻ ലോകത്ത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ കേരളത്തിൽ അത് കോൺക്രീറ്റും ടാറും മിക്സ് ചെയ്യാൻ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഷവൽ തൂമ്പയുടെ എതിർ ദിശയിലേക്കാണ് പ്രവർത്തിക്കുന്നത്. നമ്മുടെ അടുത്തേക്ക് വെട്ടിയിടുകയല്ല, നമ്മിൽ നിന്നും അകലേക്ക് മറിക്കുകയാണ്. രണ്ടാണെങ്കിലും മണ്ണിളകും.
 
മനുഷ്യന്റെ സ്വഭാവവും ഇതുപോലെ രണ്ടു തരത്തിലുണ്ട്. സമൂഹത്തിൽ മറ്റുള്ളവരിൽ നിന്നും കിട്ടാവുന്നത് നമ്മിലേക്ക് വെട്ടി മറിക്കാൻ ശ്രമിക്കുന്നവർ. നമുക്കുള്ളത് സമൂഹത്തിന് നൽകുവാൻ ശ്രമിക്കുന്നവർ.
 
ലോകത്തിലെ ബഹുഭൂരിപക്ഷവും ഇതിൽ രണ്ടിലും പെടില്ല എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ പറയുന്നത്. നമ്മിൽ മിക്കവരും കിട്ടുന്നത് തിരിച്ചു കൊടുക്കുന്നവരാണ്.
 
സമൂഹത്തിൽ ഇതൊരു പ്രശ്നമാണ്. നമ്മുടെ ചുറ്റും നിൽക്കുന്ന കൂടുതൽ പേർ ഷവലിനെ പോലെ നമ്മിലേക്ക് എന്തെങ്കിലുമൊക്കെ (അറിവോ, പണമോ, സമയമോ) തരുന്നവരാണെങ്കിൽ നമ്മളും തിരിച്ചു കൊടുക്കാൻ ശ്രമിക്കും, അങ്ങനെ സമൂഹം മൊത്തം പുരോഗമിക്കും.
 
നമ്മുടെ ചുറ്റും നിൽക്കുന്നവർ തൂമ്പകൾ ആണെങ്കിൽ നമ്മളും അകത്തേക്ക് വലിയാൻ നോക്കും. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ പുരോഗമിക്കില്ല.
 
ഡിന്നറിന് പോകുമ്പോൾ പണം പങ്കുവെക്കിന്നിടത്ത് മുതൽ ഇൻകം ടാക്സ് കൊടുക്കുന്നത് വരെയുള്ള മനുഷ്യ സ്വഭാവത്തിൽ നമ്മുടെ ചുറ്റുമുള്ള സമൂഹം നമ്മെ സ്വാധീനിക്കുമെന്ന് നമുക്കറിയാമല്ലോ. ഫ്രീ റൈഡ് ചെയ്യുന്ന ഒരുത്തൻ കൂടെ കൂടിയാൽ നമ്മൾ ഭക്ഷണം കഴിക്കുന്നത് ചുരുക്കും, പറ്റിയാൽ പുറത്ത് ഡിന്നറിന് പോകുന്നതേ നിറുത്തും. ചുറ്റുമുള്ളവർ ടാക്സ് കൊടുക്കാത്തത് കാണുമ്പോൾ നമ്മളും ടാക്സ് തട്ടിക്കാൻ നോക്കും.
 
ലോകം നന്നാക്കാൻ ഒന്നുമല്ല ഇതെഴുതിയത്. അങ്ങനെ നന്നാവും എന്നുള്ള പ്രതീക്ഷയുമില്ല. നമ്മുടെ ചുറ്റും നാം കൊണ്ടുവരുന്നവർ, അത് ഫേസ്ബുക്കിൽ ആയാലും പുറത്തായാലും, കൂടുതൽ അവർക്കുള്ളത് (സമയമോ, അറിവോ, പണമോ), പങ്കുവെക്കാൻ താല്പര്യം ഉള്ളവർ ആകാൻ നമ്മൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ പൊതുവെ മാന്യന്മാരായ നമ്മൾ പോലും തൂമ്പയെടുത്ത് പോകും. നഷ്ടം എല്ലവരെയും ബാധിക്കും…
 
മുരളി തുമ്മാരുകുടി.
 

Leave a Comment