പൊതു വിഭാഗം

തുർക്കിയയിലെ ഭൂകന്പം

തുർക്കിയയിലെയും സിറിയയിലെയും ഭൂകന്പം നടന്ന സമയത്ത് തന്നെ മാധ്യമങ്ങൾ ഉൾപ്പെടെ അനവധി ആളുകൾ എന്നോട് പ്രതികരണങ്ങൾ ചോദിച്ചിരുന്നു. ഇപ്പോൾ എൻറെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ മാറിയത് കൊണ്ട് അതിനെ പറ്റി പറയാനും എഴുതാനും ചില പരിമിതികൾ ഉള്ളതുകൊണ്ടാണ് എഴുതാതിരുന്നത്.

ഇപ്പോഴത്തെ കണക്കനുസരിച്ച് അന്പതിനായിരത്തോളം ആളുകൾ മരിച്ചു കഴിഞ്ഞു. തുർക്കി രക്ഷാ പ്രവർത്തനങ്ങൾ മിക്കവാറും അവസാനിപ്പിച്ച് ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സിറിയയിൽ നിന്നുള്ള വാർത്തകൾ വരുന്നതേ ഉള്ളൂ. മരണ സംഖ്യ ഇനിയും കൂടും.

രാത്രിയിലാണ് ദുരന്തമുണ്ടായത് എന്നത് മരണസംഖ്യ കൂട്ടാൻ ഇടയാക്കി. തണുപ്പുകാലം ആയതും ദുരിതം വർദ്ധിപ്പിക്കും. കാമറകളിലും മാധ്യമങ്ങളിലും നിന്ന് ഈ ദുരന്തം മാറി തുടങ്ങിയെങ്കിലും വരുന്ന ഒരു പതിറ്റാണ്ടെങ്കിലും വേണം അവിടെ ഉള്ളവരുടെ ജീവിതം ഏതാണ്ട് ഒന്ന് തിരിച്ചു വരാൻ. അന്താരാഷ്ട്ര സംവിധാനങ്ങളുടെ സാങ്കേതികവും സാന്പത്തികവുമായ സഹായങ്ങൾ തുടർന്നും വേണ്ടി വരും.

ദുരന്ത സമയത്ത് ഇന്ത്യ നൽകിയ സഹായങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഭൂകന്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ പെട്ടുകിടക്കുന്ന ആളുകളെ അന്വേഷിക്കാനും കണ്ടെത്താനും ഉള്ള “Urban Search and Rescue” സംവിധാനങ്ങൾ ഇന്ത്യക്ക് കാര്യക്ഷമമായി ഉണ്ട്, ഇത്തരം സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ഉടന്പടിയും. അതുകൊണ്ട് തന്നെ ഇന്ത്യൻ സംവിധാനം ഏറ്റവും വേഗത്തിൽ അവിടെ എത്തി. പിന്നാലെ തന്നെ നമ്മുടെ മറ്റുള്ള സഹായങ്ങളും എത്തി.

ദുരന്തത്തെ നേരിടാനുള്ള “National Disaster Response Force” ഇന്ത്യയുടെ ഒരു സവിശേഷതയാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ ഇവർ ഇന്ത്യക്ക് പുറത്തും സേവനം അനുഷ്ഠിക്കാറുണ്ട്. 2011 ൽ ജപ്പാനിൽ സുനാമിക്ക് ശേഷം, 2014 നേപ്പാളിൽ ഭൂകന്പത്തിൽ ഒക്കെ ഇവർ നല്ല സേവനമാണ് നൽകിയത്. ഇവരുടെ ഒരു സംഘവും തുർക്കിയിൽ ഉണ്ട്. ഇവരുടെ സേവനം വളരെ വിലപ്പെട്ടതാണ്.

ഏഷ്യയുടെയും യൂറോപ്പിന്റെയും മധ്യത്തിൽ അവയെ ബന്ധിച്ചു കിടക്കുന്ന വലിയ രാജ്യമാണ് ടർക്കി (ഇപ്പോൾ തുർക്കിയ എന്നാണ് ഔദ്യോഗിക നാമം). ഒരു കാലത്ത് മധ്യേഷ്യ മുതൽ ആഫ്രിക്കയുടെ വടക്ക് വരെ നീണ്ട സാമ്രാജ്യം ആയിരുന്നു. ഇന്നും ഒരു വൻശക്തിയാണ്. എന്നിരുന്നാലും ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ എല്ലാവർക്കും മറ്റു രാജ്യങ്ങളുടെ സഹായം വേണ്ടി വരും.

ദുരന്തങ്ങൾ ഉണ്ടാകുന്നതിന് ശേഷം പ്രതികരിക്കുന്നതിന് പകരം ദുരന്തങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് നല്ലത് എന്ന് ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. ഇത്തരത്തിൽ ദുരന്ത ലഘൂകരണത്തിന് വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര സംവിധാനം ഇന്ത്യ മുൻകൈ എടുത്ത് ന്യൂ ഡൽഹിയിൽ സ്ഥാപിച്ചിട്ടുണ്ട്. “Center for Disaster Resilient Infrastructure”. ഇന്ത്യ ലോകത്തിന് മാതൃകയാകുന്ന മറ്റൊരു ഉദാഹരണമാണ് ഇത്.

മുരളി തുമ്മാരുകുടി

Leave a Comment