പൊതു വിഭാഗം

തുമ്മാരുകുടി മ്യൂസിയം

മരിച്ചു പോയ നമ്മുടെ സാംസ്‌കാരിക നായികമാരുടെയും നായകന്മാരുടെയും പേരിൽ ആവശ്യത്തിന് സ്മാരകങ്ങളും മ്യൂസിയങ്ങളും ഉണ്ടാക്കുന്നില്ല എന്നും ഉണ്ടാക്കുന്നവ തന്നെ വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നതും പത്തന്പത് വർഷമായി കേൾക്കുന്ന പരാതിയാണ്. പത്രക്കാർക്ക് വേറെ വാർത്ത ഒന്നും കിട്ടാനില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും വർത്തയാക്കാവുന്ന ഒന്ന്.

ഇതിന് സർക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വിഷയത്തിൽ  ജീവിച്ചിരിക്കുന്പോൾ തന്നെ സാംസ്കാരികനായകന്മാരും നായികമാരും അല്പം ശ്രദ്ധ കൊടുക്കണം.

എന്താണ് അവർക്ക് സ്മാരകമായി വേണ്ടത്, എങ്ങനെ വേണം, അവിടെ പ്രദർശിപ്പിക്കാനായി എന്തൊക്കെ വസ്തുക്കൾ (മാനുസ്ക്രിപ്റ്റുകൾ, ശബ്ദം, അവാർഡുകൾ എന്നിങ്ങനെ)  ആദ്യമേ അവർക്ക് തിരുമാനിക്കാമല്ലോ. സ്വന്തം സന്പാദ്യത്തിൽ ഒരു പങ്ക് വേണമെങ്കിൽ അതിനായി മാറ്റിവെക്കുകയും ചെയ്യാം.

അമേരിക്കയിലെ ഒരു പ്രസിഡന്റിന്റെ രണ്ടാമത്തെ ഭരണകാലം കഴിയുന്നതിന് മുൻപ് അവരുടെ മ്യൂസിയത്തെ പറ്റിയുള്ള ചർച്ച തുടങ്ങും. അവരാണ് അമേരിക്കയിൽ എവിടെ വേണം മ്യൂസിയം എന്നൊക്കെ തീരുമാനിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ആയാലും സാംസ്‌കാരിക നായകന്മാർ ആയാലും ജീവിച്ചിരിക്കുന്പോൾ അവർക്ക് കുറച്ചു വിലയൊക്കെ ഉണ്ട്. അപ്പോൾ അവർ പറഞ്ഞാൽ മ്യൂസിയം പണി വളരെ വേഗത്തിൽ നടക്കും. തട്ടിപ്പോയാൽ എല്ലാവരും കണക്കു തന്നെ.

ഒബാമയുടെ മ്യൂസിയം ഷിക്കാഗോയിൽ ആണ് വരുന്നത് (Obama Presidential Center). 2021 ൽ ഇതിന്റെ പണി ആരംഭിച്ചു കഴിഞ്ഞു.

നമ്മുടെ സാംസ്‌കാരിക നായകന്മാർ ഈ മാതൃക പിന്തുടരണം എന്ന് ഞാൻ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട്. അന്ന് ഞാൻ കേരളം ഉറപ്പായും മ്യൂസിയം ഉണ്ടാക്കാൻ പോകുന്ന മൂന്നു പേരുടെ പേര് പറഞ്ഞിരുന്നു. അതിലൊരാൾ ഇപ്പോൾ ഇല്ല. മറ്റുളളവരെങ്കിലും ശ്രദ്ധിച്ചാൽ നല്ലത്. അല്ലെങ്കിൽ പത്തു കൊല്ലം കഴിയുന്പോൾ ഇതുപോലുള്ള ലേഖനങ്ങൾ അവരെ പറ്റിയും വരും.

അത് വേണോ

എനിക്കേതാണെങ്കിലും സർക്കാർ മ്യൂസിയം ഉണ്ടാക്കും എന്നൊരു പ്രതീക്ഷയില്ല. അതേ സമയം നിങ്ങൾക്ക് ഒരു പണി തരാതെ ഞാൻ പോകാൻ ഉദ്ദേശിക്കുന്നുമില്ല. ഒരു മ്യൂസിയത്തിന്റെ ഡിസൈൻ ഇപ്പോഴേ തയ്യാറാക്കി കൊണ്ടിരിക്കയാണ്. റിട്ടയർ ചെയ്യുന്പോഴേക്കും അത് ശരിയാകും. “Thummarukudy’s Blue Center” എന്നാണ് പേരിട്ടിരിക്കുന്നത്. യു. എൻ. ആയത് കൊണ്ടും മറ്റു സാഹചര്യങ്ങൾ കൊണ്ടുമാണ് നീല വരുന്നത്.

തട്ടിപ്പോകുന്നത് വരെ അതിലെ ആദ്യത്തെ എക്സിബിറ്റ് ഞാൻ തന്നെ ആയിരിക്കും.

മുരളി തുമ്മാരുകുടി

Leave a Comment