പൊതു വിഭാഗം

തുമ്മാരുകുടിയിലെ ഓണം

ഗോളാന്തര വാർത്ത എന്ന പഴയ മലയാള സിനിമയിൽ കാരക്കൂട്ടിൽ ദാസൻ എന്ന ചട്ടമ്പിയും സുശീലൻ എന്ന കള്ള വാറ്റുകാരനും ഉണ്ട്. അവർ തമ്മിൽ പ്രഥമ ദൃഷ്ട്യാ ബന്ധം ഒന്നുമില്ലെങ്കിലും അന്തർധാര വ്യക്തമാണ്. ഒരു ചട്ടമ്പി വിറപ്പിച്ചു നിർത്തിയിരിക്കുന്ന നാട്ടിൽ ധൈര്യമായി വാറ്റു ചാരായം വിൽക്കാം, ചാരായം അടിച്ചു കിറുങ്ങിയിരിക്കുന്ന ആളുകളെ പേടിപ്പിച്ചു നിർത്താൻ എളുപ്പമാണ്. അപ്പോൾ ഒറ്റക്കൊറ്റക്ക് അവരുടെ പണി നടത്താമെങ്കിലും അവരുടെ പാരസ്പര്യം കൊണ്ട് രണ്ടു കൂട്ടർക്കും ഗുണമാണ്.

സിനിമാക്കാരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധവും ഏതാണ്ട് ഇതുപോലെ തന്നെ ആണ്. അർത്ഥശൂന്യമായ വാർത്തകളും വിവാദങ്ങളും ചർച്ചകളും ഒക്കെ സ്ഥിരം കൊടുത്തു മാധ്യമങ്ങൾ വളർത്തി (തളർത്തി) യിട്ടിരിക്കുന്ന ഒരു ജനതയെ, സൂപ്പർ താര സിനിമകൾ കാണിച്ചു പറ്റിക്കാൻ കൊമേഴ്‌സ്യൽ സിനിമാക്കാർക്ക് എളുപ്പമാണ്. സൂപ്പർ താരങ്ങളെ ഓണത്തിനും വിഷുവിനും പിന്നെ പറ്റുമ്പോഴൊക്കെയും വിളിച്ച് സുഖിപ്പിക്കുന്ന ചോദ്യങ്ങൾ മാത്രം ചോദിച്ചു പ്രോഗ്രാം ഉണ്ടാക്കി ആളെ കൂട്ടാൻ മാധ്യമങ്ങൾക്കും എളുപ്പമാണ്.

ഇപ്പോൾ സിനിമാക്കാരെ “സെലിബ്രിറ്റി” സ്ലോട്ടിൽ നിന്നും മാറ്റി “വിവാദ” സ്ലോട്ടിലിട്ട് മാധ്യമങ്ങൾ പൊരിക്കുന്നു. പകരം ചായം തേച്ച് ഓണക്കോടി ഉടുത്ത് ആരെങ്കിലും ഒക്കെ എഴുതിക്കൊടുക്കുന്ന ഓണ വിശേഷങ്ങൾ “പങ്കു വെക്കില്ല” എന്ന് പറഞ്ഞു മാധ്യമങ്ങളെ വരുതിയിലാക്കാൻ സിനിമാക്കാരും ശ്രമിക്കുന്നു.

ഇതൊക്കെ അങ്ങ് നീണ്ടുനിൽക്കും എന്ന പ്രതീക്ഷ വേണ്ട കേട്ടോ. രണ്ടു കൂട്ടരും അന്യോന്യം വേണ്ടവരായതിനാൽ ഈ കഥക്ക് ശുഭമായ അന്ത്യമേ ഉണ്ടാകൂ. ഇതിപ്പോ ഓണത്തിന് മുൻപ് എല്ലാം പറഞ്ഞു തീർക്കുമോ ഇല്ലയോ എന്നേ സംശയം ഉള്ളൂ.

ഇനി അഥവാ പ്രശ്നം തീർന്നില്ലെങ്കിലും കുഴപ്പമില്ല, നമ്മുടെ സമൂഹത്തിൽ അറിയപ്പെടേണ്ട എത്രയോ വ്യക്തിത്വങ്ങൾ ഉണ്ട്, അവരെ ഒക്കെ പരിചയപ്പെടുത്താനുള്ള അവസരമായി ഓണക്കാല പരിപാടികൾ ഉപയോഗിക്കണം എന്ന് ഞാൻ കഴിഞ്ഞ വർഷം തന്നെ എഴുതിയിരുന്നു. ഇപ്പോൾ ഉർവശി ശാപം ഉപകാരം എന്ന മട്ടിൽ അങ്ങനെ ഒന്നുണ്ടായാൽ അത് സമൂഹത്തിന് നല്ല കാര്യമാണ്.

ഏതാണെങ്കിലും മാധ്യമങ്ങളിൽ ധാരാളം സുഹൃത്തുക്കൾ ഉള്ളതിനാൽ കാര്യം നേരെ പറയാം. ഈ ഓണത്തിന് ഞാൻ നാട്ടിൽ ഉണ്ട്. പാടത്തു പോയി ചിറ്റാടയും ചെറിയാടയും പറിച്ചു പൂവിടുന്ന ഓണം ഇപ്പോഴും തുമ്മാരുകുടിയിൽ തുടരുന്നുമുണ്ട്. ഓണമായിട്ടും നിങ്ങളുടെ ചക്കളത്തി പോരാട്ടം ഒന്നും കഴിഞ്ഞില്ലെങ്കിൽ കാമറയും ആയി അങ്ങോട്ട് പോരൂ.

Leave a Comment