പൊതു വിഭാഗം

തുമ്മാരുകുടിയിലെ ഒന്നാം റബ്ബർ യുദ്ധം!

ഞാൻ ജനിച്ച വീട്, വല്യമ്മയുടെ വീട്, അമ്മൂമ്മയുടെ ഇളയ സഹോദരിയുടെ മകളുടെ വീട്, മൂത്ത സഹോദരിമാരുടെ മക്കളുടെ വീട് എന്നിങ്ങനെ ആറ് വീടുകളും അതിനിടയിലുള്ള പാടവും തോടും കുളവും ഒക്കെ ഉൾപ്പെട്ട പ്രദേശമാണ് തുമ്മാരുകുടി. ഇരുപതോ ഇരുപത്തി അഞ്ചോ ഏക്കറുള്ള ഈ പ്രദേശം ഇപ്പോൾ ഇരുപതു ഭാഗമായി വിഭജിച്ചു പോയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇപ്പോഴും ‘തുമ്മാരുകുടിക്കാരുടെ’ കൈയിൽ തന്നെയാണ്.
 
എൻറെ ചെറുപ്പകാലത്ത് ഈ സ്ഥലത്തെല്ലാം അനവധി ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നു. മാവും പ്ലാവും ആഞ്ഞിലിയും എല്ലാ വീട്ടിലും ഉണ്ടായിരുന്നു. ഓരോ വേനൽക്കാലത്തിന്റെയും ഓർമ്മകൾ കൂടുതൽ മധുരതരമാക്കുന്നത് കൂട്ടുകാരോടൊപ്പം ആഞ്ഞിലിയിന്മേൽ കയറിയതും മാന്പഴം പെറുക്കിയതുമാണ്. എന്നാൽ പതുക്കെപ്പതുക്കെ റബർ മരങ്ങൾ വന്നു തുമ്മാരുകുടിയെ മുഴുവനായി കീഴടക്കി. പഠിക്കുന്ന കാലത്ത് ഫീസ് കൊടുക്കാൻ സഹായിച്ചതിനാൽ റബറിനെ തള്ളിപ്പറയുന്നില്ല, എന്നാലും പ്ലാവും മാവും ഒക്കെയുള്ള തുമ്മാരുകുടി തന്നെയാണ് എനിക്ക് അന്നും ഇന്നും ഇഷ്ടം.
 
തുമ്മാരുകുടിയിൽ ഞാൻ ഒരു റബ്ബർ യുദ്ധം തുടങ്ങുകയാണ്. എനിക്കിപ്പോൾ കൈവശമുള്ള ഭൂമിയിലെ റബ്ബർ ഈ വർഷം വെട്ടി നിരത്തി. ആ സ്ഥലത്ത് ഇനി പഴവർഗ്ഗങ്ങൾ മാത്രം കൃഷി ചെയ്യാനാണ് തീരുമാനം. പ്ലാവും മാവും ഉറപ്പായും ഉണ്ടാകും. ചാന്പയും ബബ്ലൂസ് നാരകവും കൂട്ടിനുണ്ടാകും. മറുനാടൻ ആണെങ്കിലും റംബുട്ടാനും തുമ്മാരുകുടിയിൽ എത്തും. വേലിയിൽ പാഷൻ ഫ്രൂട്ട് പടർത്താനാണ് പരിപാടി. ഇടവിളയായി പൈൻ ആപ്പിൾ ഉണ്ടാകും. ആഞ്ഞിലി വേണം എന്നുണ്ടെങ്കിലും അധികം ഉയരത്തിൽ പോകാത്തതും വേഗത്തിൽ കായ്ക്കുന്നതുമായ ആഞ്ഞിലി മരം ഇനിയും നേഴ്സറികളിൽ എത്തിയിട്ടില്ല. ഇനി കേരളത്തിന് പറ്റിയതും വേഗത്തിൽ ഉണ്ടാകുന്നതുമായ മറ്റേതെങ്കിലും ഫലവൃക്ഷം ഉണ്ടെങ്കിൽ പറയണം.
 
ഐഡിയ മാത്രമേ എന്റേതുള്ളൂ. എനിക്കീ വിയർപ്പിന്റെ അസുഖം ഉള്ളതുകൊണ്ട് സുഹൃത്തായ Siby Munnar ആണ് പ്ലോട്ടിന്റെ ഡിസൈനും തൈകൾ കണ്ടുപിടിക്കലും ചെയ്യുന്നത്. Sasikumar Sasikumarചേട്ടനാണ് കൂട്ടുകൃഷിയും മേൽനോട്ടവും. സമയം ഉണ്ടെങ്കിൽ മഴ പെയ്തു കഴിയുന്പോൾ നാട്ടിൽ വരണമെന്നും, കൂട്ടുകാരെയെല്ലാം കൂട്ടി ആഘോഷമായി ഫല വൃക്ഷങ്ങളുടെ തൈകൾ നടണമെന്നും, റബറിനെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തണം എന്നുമൊക്കെയുണ്ട്. ഓഫീസിൽ തിരക്കായതിനാൽ നടക്കുമോ എന്ന് പറയാൻ പറ്റില്ല. ഞാൻ ജൂണിലോ ജൂലൈയിലോ വരുന്നുണ്ടെങ്കിൽ പറയാം, എല്ലാവരെയും പ്രത്യേകം ക്ഷണിക്കുകയും ചെയ്യാം.
 
സത്യത്തിൽ ഇതൊരു തുടക്കം മാത്രമാണ്. ഇതിലും വിശാലമായ പ്ലാനാണ് മനസ്സിൽ. റിട്ടയർ ചെയ്താൽ Prasanthബ്രോ സ്വാമിയും ആയി ചേർന്ന് ഒരു ആശ്രമം തുടങ്ങണമെന്നാണ് പ്ലാൻ. ആശ്രമത്തിന്റെ ചുറ്റും ഫലവൃക്ഷങ്ങൾ ഉണ്ടാകണം എന്നതാണല്ലോ ആചാരം. ആശ്രമത്തിലെ ആവശ്യങ്ങൾക്ക് കായും കനികളും തമിഴ്‌നാട്ടിൽ നിന്നും കൊണ്ട് വരേണ്ടല്ലോ. മൂത്ത സ്വാമിയുടെ ആവശ്യത്തിന് വീഞ്ഞുണ്ടാക്കാൻ മുന്തിരി പടർപ്പും പ്ലാനിലുണ്ട്.
 
കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം.
 
മുരളി തുമ്മാരുകുടി

Leave a Comment