പൊതു വിഭാഗം

തീരെ അറിയപ്പെടാത്ത ഒരാൾ

നാട്ടിൽ വരുന്നതിന് മുൻപേ തന്നെ “മുരളി സാർ/ചേട്ടൻ, ഞങ്ങളുടെ കോളേജിൽ വരണം” എന്ന് അനവധി പേർ പറഞ്ഞിരുന്നു. കോളേജിൽ പോകാനും കുട്ടികളോട് സംവദിക്കാനും എനിക്കും വളരെ ഇഷ്ടമായതുകൊണ്ട് സാധിച്ചപ്പോളൊക്കെ കോളേജുകളിൽ എത്തി. മമ്പാട് തൊട്ട് തിരുവനന്തപുരം വരെ ഒരു പത്തു കാമ്പസിലെങ്കിലും പോയിക്കാണണം.

എല്ലാ സ്ഥലത്തും പതിവുപോലെ ആദരോവോടുള്ള സ്വീകരണമായിരുന്നു. മുൻ‌കൂർ പറഞ്ഞിരുന്നതുകൊണ്ട് മീറ്റിങ്ങുകൾ സമയത്തിന് തുടങ്ങി, സ്വാഗത പ്രസംഗം ഓവർ ആക്കിയില്ല.

എന്റെ പ്രസംഗം തുടങ്ങുന്നതിന് മുൻപ് ഞാൻ ഒരു ചോദ്യം കുട്ടികളോട് ചോദിച്ചു.

“ഇവിടെത്തെ പ്രോഗ്രാമിന് വരുന്നതിന് മുൻപ് എന്റെ പേര് എത്ര പേർ കേട്ടിട്ടുണ്ട് ?”

ഇതിന്റെ ഉത്തരം ഏതാണ്ട് ഒരു ശതമാനത്തിനും താഴെയായിരുന്നു. ആയിരം പേർ വന്ന ഒരു സദസ്സിൽ മൂന്നുപേർ ഉണ്ടായിരുന്നു. ഇരുന്നൂറു പേർ വന്നിടത്ത് ആരും കേട്ടിട്ടില്ല !!

എന്റെ ഈഗോക്ക് വലിയ ഇടിവായി. പക്ഷെ അതല്ല പ്രധാന പ്രശ്നം.

മനോരമയിലും മാതൃഭൂമിയിലും ദേശാഭിമാനിയിലും വനിതയിലും കരിയറിനെപ്പറ്റി എഴുതിയിട്ടും ഒരു ശതമാനം കോളേജ് കുട്ടികൾ പോലും അത് വായിച്ചിട്ടില്ല എന്നത് എന്നെ അല്പം പേടിപ്പിക്കുന്നുണ്ട്. ഈ കുട്ടികൾ കരിയറിനെപ്പറ്റി എവിടെ നിന്നാണ് അറിയുന്നത് ?

രണ്ടാമത്തെ ചോദ്യം “നിങ്ങളിൽ എത്ര പേർക്ക് ലിങ്ക്ഡ് ഇൻ അക്കൗണ്ട് ഉണ്ട്” എന്നതായിരുന്നു. ഇവിടെ ഉത്തരം ശരാശരി പത്തു ശതമാനം ആയിരുന്നു. എല്ലാവർക്കും ഒന്നോ അതിലധികമോ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്. പക്ഷെ തൊഴിൽജീവിതത്തിന് പ്രധാനമായ സമൂഹമാധ്യമത്തിൽ അവരില്ല.

ആരും ഇവരോട് ഇതൊന്നും പറഞ്ഞുകൊടുക്കുന്നില്ലേ?

റോബോട്ടുകളുടെയും കൃത്രിമ ബുദ്ധിയുടെയും കാലമാണ് വരാൻ പോകുന്നതെന്നും, ഇന്നത്തെ ലോകത്തെ പോലെയുള്ള തൊഴിലുകൾ നാളത്തെ ലോകത്ത് ഉണ്ടാവില്ല എന്നും, ഇന്ത്യൻ സിവിൽ സർവ്വീസ് ഉൾപ്പടെ ഏത് തൊഴിൽ ഇന്നെത്തിപ്പിടിച്ചാലും ഇനിയുള്ള കാലം എപ്പോൾ വേണമെങ്കിലും ആ ജോലി പോകാമെന്നും, ഒരു തരം ജോലിയിൽ നിന്നും മറ്റൊരു തരം ജോലിയിലേക്ക് മാറാനും, വീണ്ടും വീണ്ടും പുതിയ കാര്യങ്ങൾ പഠിക്കാനും ഒക്കെ അവർ തയ്യാറായിരിക്കണം എന്നും, പെൻഷൻ എന്നത് ഭാവിയിൽ മിക്കവാറും ഒരു സ്വപ്നം മാത്രമാകും എന്നും ഞാൻ പറഞ്ഞത് കേട്ട് കുട്ടികൾ അന്തം വിട്ടു. അതുകൊണ്ടെങ്കിലും കുറച്ചുപേർ ഈ വിഷയത്തെക്കുറിച്ച് അല്പം താല്പര്യം എടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

രണ്ടു കാര്യങ്ങൾ എനിക്ക് വ്യക്തമായി. കേരളത്തിലെ ഒരു ശരാശരി കോളേജ് വിദ്യാർത്ഥിക്ക് പുതിയ ലോകത്തെ തൊഴിൽ ജീവിതത്തെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ല. മുൻപേ ഗമിക്കുന്നവരുടെ വഴിക്ക് ചുമ്മാ കണ്ണടച്ച് അങ്ങ് പോവുകയാണ്. ഇത് മാറിയേ പറ്റൂ.

രണ്ടാമത്തേത്, കേരളത്തിലെ വിദ്യാർത്ഥികളിൽ ഒരു സന്ദേശം എത്തിക്കണമെങ്കിൽ അത് ഫേസ്ബുക്ക് വഴിയോ പത്ര മാധ്യമങ്ങൾ വഴിയോ പറ്റില്ല. കേരളത്തിലെ ഏതെങ്കിലും ചാനലിലെ കോമഡി പരിപാടിയിൽ അതിഥിയായാൽ കിട്ടുന്ന വിസിബിലിറ്റിയും റീച്ചും ഒന്നും ഒരു പ്രാസംഗികനും ഇല്ല. അല്ലെങ്കിൽ പിന്നെ ഏതെങ്കിലും സിനിമയിൽ വഴിമുട്ടി നിൽക്കുന്ന നായകനായി അഭിനയിക്കുന്ന ദുൽഖർ സൽമാനെക്കൊണ്ടൊ നിവിൻ പോളിയെക്കൊണ്ടോ, “ആ മുരളി തുമ്മാരുകുടിയുടെ കരിയർ ലെക്ച്ചർ കേട്ടിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു” എന്നൊന്ന് പറയിക്കണം.

(മീശപ്പുലിമലയിലെ മഞ്ഞിന്റെ കാര്യം ഒരു പ്രാവശ്യം പറഞ്ഞ് അവിടം പ്രശസ്തമാക്കിയ കാര്യം ഓർക്കുക)

കോമഡി പരിപാടിയുടെ പ്രൊഡ്യൂസർമാരോ ഹിറ്റ് സിനിമയുടെ തിരക്കഥക്കാരോ ഉണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കണം, പ്ലീസ് … യുവതലമുറക്ക് വേണ്ടിയാണ്…

 

Leave a Comment