പൊതു വിഭാഗം

തിരുവനന്തപുരത്തു നിന്നും…

സുഹൃത്തുക്കളെ, ഇന്നലെ മുഴുവൻ തിരുവനന്തപുരത്തായിരുന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്കാണ് എത്തിയത്. എട്ടുമണിക്ക് ആദ്യത്തെ മീറ്റിംഗ്, പിന്നെ ഒന്നൊഴിയാതെ രാത്രി പത്തുമണിവരെ. മുഖ്യമന്ത്രിയെ രണ്ടു പ്രാവശ്യം കണ്ടു. ദുരന്ത നിവാരണത്തിന്റെ ചുമതല വഹിക്കുന്ന ശ്രീ പി എച്ച് കുര്യൻ, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശ്രീ ശേഖർ കുരിയാക്കോസ്, ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ്, ഡി ജി പി ശ്രീ ലോക്‌നാഥ് ബെഹ്‌റ, തുടങ്ങിയവരേയും കാണാൻ പറ്റി. ചൊവ്വാഴ്ച്ച രാത്രി ഉറങ്ങാതിരുന്നതിനാൽ ഇന്നലെ രാത്രി നന്നായി ഉറങ്ങി.
 
മീറ്റിങ്ങുകൾ ഇന്നും തുടരുന്നതിനാൽ ഇന്നും വിശദമായ പോസ്റ്റിങ്ങ് ഉണ്ടാവില്ല. ഒരു കാര്യം മാത്രം പറയാം. ഈ ദുരന്തത്തെ നമ്മുടെ സർക്കാരും ബ്യൂറോക്രസിയും കൈകാര്യം ചെയ്യുന്നത് മാതൃകാപരമായാണ്. പലരും ദിവസങ്ങളായി ഉറങ്ങിയിട്ട് തന്നെ ഇല്ല. ഈ ഓണത്തിന് ആരും ഒരു ദിവസം പോലും അവധി എടുക്കുന്നില്ല. എല്ലാവരുടെയും സംസാരത്തിൽ നിറയെ ആത്മവിശാസമാണ്.
 
ലോകത്തെമ്പാടു നിന്നുമുള്ള സഹായങ്ങളുടെ വേലിയേറ്റം അവരുടെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിക്കുന്നുണ്ട്. നമ്മുടെ പൊതുസമൂഹവും മാധ്യമങ്ങളും ദുരന്തസമയത്ത് കാണിച്ച ഒത്തൊരുമ, ഔചിത്യബോധം, ഇടപെടൽ എല്ലാം സർക്കാരിന്റെ കരങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
 
സമാനതകൾ ഇല്ലാത്ത ഒരു ദുരന്തത്തിലൂടെയാണ് നാം കടന്നു പോയത്. ഇതൊരു പുതിയ കേരളത്തെ സൃഷ്ടിക്കാനായുള്ള അവസരമാണെന്ന സന്ദേശമാണ് ഞാനും നൽകിയത്. ദുരന്തത്തിന്റെ വ്യാപ്തി നിശ്ചയിക്കുന്നതിലും, ദുരന്ത നിവാരണത്തിന് പണം കണ്ടെത്തുന്നതിലും, പുനർനിർമ്മാണം നടത്തുന്നതിലും നല്ല ലോക മാതൃകകൾ ഞാൻ മുഖ്യമന്ത്രിയോട് പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നിൽ സഹായധനമായി ചെക്കുകൾ കൊടുക്കാൻ എത്തിയവരുടെ വലിയ നിരയാണ്. കൂടാതെ ഇന്നലെ സർവ്വ കക്ഷി യോഗം, അതിനു ശേഷം പ്രതിദിന റിവ്യൂ, പഴയ ചീഫ് സെക്രട്ടറിമാരുമായുള്ള മീറ്റിങ്, ഇതെല്ലം കഴിഞ്ഞു രാത്രി എട്ടുമണിമുതൽ ഒരു മണിക്കൂർ ഞാൻ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി ശ്രദ്ധയോടെ കേട്ടു. ചീഫ് സെക്രട്ടറിക്കും മറ്റുള്ളവർക്കും അപ്പോൾ തന്നെ നിർദേശങ്ങൾ നൽകി.
 
കൂടുതൽ വിവരങ്ങൾ പിന്നീട്. ഒരു കാര്യം മാത്രം ഇപ്പോൾ പറയാം. നമ്മുടെ സർക്കാർ തീർച്ചയായും അവസരത്തിനൊത്ത് ഉയർന്നിട്ടുണ്ട്. അത് നമുക്ക് ആശ്വാസകരമാണ്, അഭിമാനകരമാണ്.
 
ഇന്ന് രാത്രി കൊച്ചിയിലേക്ക്. നാളെ മുതൽ കൂടുതൽ വിശദമായ പോസ്റ്റിങ്ങ് ഉണ്ടാകും.
 
മുരളി തുമ്മാരുകുടി.

Leave a Comment