പൊതു വിഭാഗം

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ആരും കൊതിക്കുന്നില്ലിപ്പോൾ …

എവിടെയെങ്കിലും വൻ ദുരന്തങ്ങളുണ്ടായാൽ ഒരാഴ്ചക്കകം അവിടം സന്നദ്ധസംഘടനകളെയും സന്നദ്ധപ്രവർത്തകരെയും കൊണ്ടുനിറയും. ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ ഓട്ടോറിക്ഷ മുതൽ വിമാനം പിടിച്ചു വരെ എത്തിച്ചേർന്നവരുണ്ടാകും സ്ഥലത്ത്. ഇവരിൽ പലരും ആദ്യമായിട്ടായിരിക്കും ഒരു ദുരന്തം നേരിട്ടുകാണുന്നത്. പലർക്കും ദുരന്തനിവാരണരംഗത്ത് വലിയ പരിചയമൊന്നും ഉണ്ടാവുകയുമില്ല.

‘സാർ, എന്തു സഹായമാണ് ചെയ്യേണ്ടത്?’ എന്ന് പലരും ചോദിക്കും.
‘അനിയന് ദുരന്തനിവാരണരംഗത്ത് എന്തെങ്കിലും പ്രത്യേക പരിചയമുണ്ടോ?’
‘ഇല്ല സാർ, പക്ഷെ ദുരന്തം അനുഭവിക്കുന്ന ആളുകളെ സഹായിക്കണമെന്നുണ്ട്’
‘കൈയിൽ പണം എന്തെങ്കിലും?’
‘ഉണ്ട് സാർ, എന്താണ് ചോദിച്ചത്?’
‘അനിയൻ മറ്റൊന്നും വിചാരിക്കരുത്. ദുരന്തനിവാരണം എന്നത് ഒരു പ്രൊഫഷണൽ ജോലിയാണ്. അതിനാൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കണമെന്ന് അനിയന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ കൈയിലുള്ള പണം ഇവിടുത്തെ റെഡ്‌ക്രോസിന്റെയോ യുണിസെഫിന്റെയോ ലോക്കൽ ഓഫീസിൽ കൊടുത്ത് അടുത്ത വണ്ടിക്ക് സ്ഥലം കാലിയാക്കണം. അതാണ് താങ്കൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സഹായം.’
ഇത് ശരിയായ നിർദേശം ആണെങ്കിലും ആളുകൾക്ക് ഈ ഉത്തരം അത്ര ഇഷ്ടപ്പെടാറില്ല.
ഇതേ തരത്തിലുള്ള മറ്റൊരു ചോദ്യം എനിക്കിപ്പോൾ ഇടക്കിടെ നേരിടേണ്ടിവരുന്നുണ്ട്. ഏതാണ്ട് പത്തുവർഷമായി കേരളത്തിനു പുറത്ത് നല്ല നിലയിൽ പ്രൊഫഷണൽ ആയി ജോലിചെയ്യുന്ന ആളുകളുടേതാണ് ഈ പ്രശ്നം.

‘ചേട്ടാ, എനിക്ക് കേരളത്തിൽ പോയി ജോലി ചെയ്യണമെന്നും നമ്മുടെ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്നും ഒക്കെ ആഗ്രഹമുണ്ട്.’
ഇതിനും എന്റെ പ്രതികരണം ദുരന്തസ്ഥലത്ത് എത്തുന്നവരോടുള്ളത് പോലെ തന്നെയാണ്.

‘അനിയന് നാട്ടിൽ നിങ്ങളുടെ പഠനത്തിനും പ്രവർത്തി പരിചയത്തിനും അനുസരിച്ച എന്തെങ്കിലും പണി ശരിയായിട്ടുണ്ടോ?”
‘ഇല്ല’
‘സ്വന്തമായിട്ട് എന്തെങ്കിലും തുടങ്ങാൻ കൃത്യമായ പ്ലാനുണ്ടോ? എൻ ജി ഓ, കൃഷി എന്നിങ്ങനെ?’
‘ഇല്ല ചേട്ടാ, പക്ഷെ നാട്ടിൽ അനവധി പ്രശ്നങ്ങളുണ്ടല്ലോ. ഖരമാലിന്യം മുതൽ റോഡ് സുരക്ഷ വരെ, ഓർഗാനിക്ക് ഫാമിംഗ് മുതൽ കരിയർ കൗൺസലിംഗ് വരെ. അതിൽ ഏതെങ്കിലും വിഷയത്തിൽ ഇടപെടണം.’
‘അനിയന് അതിൽ വല്ല പ്രത്യേക സ്കില്ലും?’
‘ഇല്ല’.
‘ആട്ടെ, അനിയന്റെ കൈയിൽ കാശു വല്ലതും?’
‘കുറച്ചുണ്ട്, എന്തിനാ ചേട്ടാ?’
‘അനിയാ, നാടിനെ സഹായിക്കണമെന്നുണ്ടെങ്കിൽ അവിടെ പുതിയ ഒരു സംഘടനയുടെ അത്യാവശ്യം ഒന്നുമില്ല. നാട്ടിൽ നല്ലകാര്യങ്ങൾ ചെയ്യുന്ന അനവധി ആളുകളും സംഘടനകളുമുണ്ട്. നാട്ടിലെ സന്നദ്ധ സംഘടനകളുടെ പ്രധാന പ്രശ്നം സാമ്പത്തികം ആണ്, അല്ലാതെ സന്നദ്ധ സേവകരുടെ എണ്ണമല്ല. അക്കാര്യത്തിൽ അവരെ പുഷ്ടിപ്പെടുത്താനാണ് നിങ്ങൾ നോക്കേണ്ടത്. ചെയ്യേണ്ട കാര്യം സാമ്പത്തികമായ സഹായമാണ്. അല്ലാതെ നിങ്ങൾ നേരിട്ട് അവിടെ ചെല്ലുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എന്നാൽ കുറച്ചു നഷ്ടം ഉണ്ടുതാനും.’
‘നഷ്ടം എന്താണ് ചേട്ടാ?’
ഒന്നാമത് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ കൂടുതലുള്ള സ്ഥലമാണ് കേരളം. അപ്പോൾ അവിടെനിന്ന് ഒരാൾ പുറത്തുപോയാൽ തന്നെ തൊഴിലില്ലായ്മ അത്രയും കുറയും. പുറത്ത് ജോലി ചെയ്യുന്ന ആൾ തിരിച്ചുചെന്നാൽ അതുപോലെ കൂടുകയും ചെയ്യും.

രണ്ടാമത് കേരളത്തിൽ നിന്ന് നിങ്ങൾ പുറത്തേക്ക് പോന്നതുകാരണം പ്രത്യേകിച്ച് ഒരു തൊഴിൽരംഗത്തും ആളെ കിട്ടാതെ വരുന്നൊന്നുമില്ല. നമ്മുടെ അധ്യാപകരോ നേഴ്‌സുമാരോ കേരളത്തിന് പുറത്തു വന്നതുകൊണ്ട് നാട്ടിൽ അധ്യാപകരെയോ നേഴ്‌സുമാരെയോ കിട്ടാത്ത അവസ്ഥയില്ല. അപ്പോൾ ഒരു തൊഴിൽ രംഗവും പുഷ്ടിപ്പെടുത്താൻ നിങ്ങൾ തിരിച്ച് ഓടി ചെല്ലേണ്ട കാര്യം ഒന്നുമില്ല.

മൂന്നാമത് മെട്രോ ഒക്കെ വന്നെങ്കിലും പൊതുവിൽ കേരളം ഇപ്പോഴും ഒരു ഗ്രാമം ആണ്. മെട്രോയിലും വൈദ്യശാസ്ത്രരംഗത്തും ഐ ടി യിലും ഒഴിച്ച് മറ്റൊരു രംഗത്തും ഇപ്പോൾ ലോകത്ത് ലഭ്യമായ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള പദ്ധതികളോ അവസരങ്ങളോ കേരളത്തിൽ ഇല്ല. ഉദാഹരണത്തിന് കേരളത്തിലെ പരിസ്ഥിതിപ്രശ്‌നം ഗുരുതരമാണെങ്കിലും ഖരമാലിന്യ നിർമാർജ്ജനം ഇപ്പോഴും ശൈശവാവസ്ഥയിൽ ആണ്, സീവേജ് ട്രീറ്റ്മെന്റ് തുടങ്ങിയിട്ടില്ല എന്ന് തന്നെ പറയാം, നാല്പതിലേറെ നദികൾ ഉണ്ടെങ്കിലും ഒന്നിൽ പോലും കൃത്യമായ മോണിറ്ററിങ് നടക്കുന്നില്ല. ഡിപ്ലോമ കഴിഞ്ഞ എഞ്ചിനീയർക്ക് ചെയ്യാൻ പറ്റാത്ത എൻജിനീയറിങ് ഒന്നും നമ്മുടെ പി ഡബ്ലൂ ഡി നടത്തുന്നില്ല. സ്വകാര്യ മേഖലയും ഏതാണ്ട് ഇതുപോലെയാണ്. നാല്പത് നിലയുള്ള കെട്ടിടം പണിയുന്നിടത്തു പോലും ഒരു സ്കാഫൊൾഡിങ് ഇൻസ്‌പെക്ടർ ഇല്ല. ഒരു ഡിഗ്രിയോ പോസ്റ്റ് ഗ്രാജുവേഷനോ നേടിക്കഴിഞ്ഞാൽ നിങ്ങൾ “educated yourself out of Kerala employment market” ആണ്. നല്ല ബിരുദവും, പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനവുമായി തിരിച്ചു ചെന്നാൽ പ്രൊഫഷണൽ ആയ സ്റ്റാഗ്നേഷനും നിരാശയും ആയിരിക്കും ഫലം.

നാലാമത് കേരളത്തിൽ വിദ്യാഭ്യാസമുള്ളവരുടെ ശമ്പളം തീരെ കുറവാണ്. സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി ഉള്ള എത്ര പേരെ വേണമെങ്കിലും പതിനയ്യായിരം രൂപക്ക് നാട്ടിൽ ജോലിക്ക് കിട്ടും. പുതിയ സിവിൽ എൻജിനീയറിങ് രീതികൾ ഒന്നും നാട്ടിൽ എത്താത്ത സ്ഥിതിക്ക് ഇരുപത് വർഷം അന്താരാഷ്ട്ര പരിചയമുള്ള സിവിൽ എഞ്ചിനീയർക്ക് വലിയ ശമ്പളം കൊടുത്തു നിയമിച്ചിട്ട് ഒരു കാര്യവുമില്ല.

അപ്പോൾ മറുനാട്ടിൽ ജോലി ചെയ്ത് നല്ല ജോലിയും ശമ്പളവും ഉള്ളവർ സ്വന്തമായി ബിസിനസ്സ് എന്തെങ്കിലും തുടങ്ങാനല്ലാതെ, അതും കൃത്യമായ പ്ലാനോടെ അല്ലാതെ, നാടിനോടുള്ള സ്‌നേഹം കാരണം നാട്ടിലേക്ക് ഓടിച്ചെല്ലാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്.
നാടിനെപ്പറ്റിയുള്ള ആശങ്കയും സ്നേഹവും കരുതലുമൊക്കെ വളരെ നല്ലതാണ്.

‘അതുകൊണ്ട് അനിയൻ ഒരു പണിചെയ്യുക, കിട്ടുന്ന ശമ്പളത്തിന്റെ പത്തിലൊന്ന് കേരളത്തിൽ എന്തെങ്കിലും നന്മകൾ ചെയ്യാനായി മാറ്റിവെക്കുക. പിന്നെ പുറത്ത് ജോലി ചെയ്യുമ്പോൾ പണം മാത്രമല്ല നിങ്ങൾക്ക് ഉണ്ടാകുന്നത്, നിങ്ങളുടെ തൊഴിൽ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായുള്ള പരിചയം, ലോകത്തെമ്പാടുമുള്ള ആളുകളും സംഘടനകളും ആയുള്ള ബന്ധങ്ങൾ, ഇവയൊക്കെ നാട്ടിൽ ചെല്ലുമ്പോൾ ചുറ്റുള്ളവരും ആയി പങ്കു വക്കുക. അല്ലാതെ ദയവ് ചെയ്ത് നാട്ടിലേക്ക് ചെന്ന് കാര്യങ്ങൾ കുളമാക്കരുത്”.

(ഒരു കാര്യം പറയാതെ വയ്യ, ആണുങ്ങൾക്കാണ് കേരളത്തിൽ പോയി നാട് നന്നാക്കണം എന്ന ആഗ്രഹം ഏറ്റവും കൂടുതൽ. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീ പോലും തിരിച്ച് കേരളത്തിൽ പോയി ജോലി ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് കേട്ടിട്ടില്ല. സമ്പൂർണ്ണ സാക്ഷരതയും സാംസ്കാരിക പാരമ്പര്യവും ഒക്കെ പറയുമെങ്കിലും കേരളം ഒരു സ്ത്രീ സൗഹൃദ പ്രദേശം അല്ല എന്നത് നമ്മൾ സമ്മതിച്ചില്ലെങ്കിലും, കേരളത്തിന് പുറത്ത് വന്നിട്ടുള്ള മലയാളി സ്ത്രീകൾക്ക് നന്നായിട്ട് അറിയാം)

2 Comments

    • തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ആരും കൊതിക്കുന്നില്ലിപ്പോൾ …

      Sariyaano? Veruthe parayunnathhayirikkum alle? Aarum kothichillenkilum thirike povaan thayyaretukkukayanu oro divasavum..

Leave a Comment