പൊതു വിഭാഗം

തായ്‌ലൻഡിലെ രക്ഷാ പ്രവർത്തനം തുടങ്ങി..

തായ്‌ലൻഡിലെ കുട്ടികൾ നാലുമാസമെങ്കിലും ഗുഹയിൽ കഴിച്ചു കൂട്ടേണ്ടി വരുമെന്നായിരുന്നല്ലോ ആദ്യ റിപ്പോർട്ടുകൾ. അത് വേണ്ടി വരില്ലെന്നും അതിന് മുൻപ് തന്നെ അവരെ രക്ഷ പെടുത്താനുള്ള മാർഗ്ഗങ്ങൾ സുരക്ഷാ വിദഗ്‌ദ്ധർ കണ്ടെത്തുമെന്നും ഞാൻ പറഞ്ഞിരുന്നു. ഡസൻ കണക്കിന് ആശയങ്ങളാണ് തായ്‌ലൻഡിൽ പരിശോധിക്കപ്പെട്ടത്. അവസാനം കുട്ടികളെ പരിശീലനം ലഭിച്ച ഡൈവേഴ്‌സിന്റെ കൂടെ ഓരോരുത്തരെയായി പുറത്തെത്തിക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഗുഹകളിലെ വെള്ളത്തിൽ മുങ്ങി പരിചയമുള്ള പതിമൂന്ന് അന്താരാഷ്ട്ര വിദഗ്‌ദ്ധരും കഠിനമായ ഡൈവിങ് പരിശീലനം നേടിയ അഞ്ചു തായ് മിലിട്ടറി ഉദ്യോഗസ്ഥരും കൂടിയാണ് രക്ഷാ പ്രവർത്തനത്തിന് ഗുഹയിൽ എത്തുന്നത്. പുറത്തെത്തുന്നവരെ സഹായിക്കാൻ വൈദ്യ സംഘം, മറ്റു സാങ്കേതിക വിദഗ്ദ്ധർ (വാർത്താ വിനിമയം, ഓക്സിജൻ സപ്പ്ളൈ, ഡീകംപ്രഷൻ ചേമ്പറും അതിലെ സുരക്ഷാ പ്രവർത്തകരും, വെള്ളം പമ്പ് ചെയ്തു നിയന്ത്രിക്കാനുള്ള ടെക്‌നീഷ്യന്മാർ), ഇവരെ കൂടാതെ അനാവശ്യമായി ഉണ്ടാകുന്ന ആൾക്കൂട്ടം നിയന്ത്രിക്കാൻ സുരക്ഷാ സേന ഇവരാണ് ഗുഹാമുഖത്ത് ഉള്ളത്. ബാക്കിയുള്ളവരെ പിൻ നിരയിലേക്ക് മാറ്റിയിട്ടുണ്ട്.
 
ഏതൊരു രക്ഷാപ്രവർത്തനവും പോലെ ഇതിലും കുറച്ചു റിസ്ക്ക് ഉണ്ട്. കൂടാതെ ഇതുപോലെ കുട്ടികൾ ഉൾപ്പെട്ട സാഹചര്യത്തിലാണ് മറ്റുള്ളവരുടെ സുരക്ഷക്ക് വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കരുത് എന്ന സുരക്ഷാ രംഗത്തെ ഉപദേശത്തിന്റെ പരിധി പരിശോധിക്കപെടുന്നത് (testing the limits). അവസാനത്തെ ആളും പുറത്തു വരുന്നത് വരെ ദുരന്ത സാധ്യതകൾ മുന്നിൽ കണ്ടേ പറ്റൂ. ഇന്ന് രാത്രിയോടെ ആദ്യത്തെ കുട്ടികൾ പുറത്തു വരേണ്ടതാണ്. കാലാവസ്ഥ വലുതായി മാറി അപകടം ഒന്നും ഉണ്ടായില്ലെങ്കിൽ നാല്പത്തി എട്ടു മണിക്കൂറിനകം രക്ഷാ ദൗത്യം അവസാനിക്കേണ്ടതാണ്.
 
താഴെ കൊടുത്തിരിക്കുന്ന ബി ബി സി ലിങ്ക് ഒന്ന് തുറക്കണം. സാധാരണക്കാർ എങ്ങനെയാണ് രക്ഷാ ദൗത്യത്തെ സഹായിക്കുന്നത് എന്ന് ഒരു വീഡിയോ ഉണ്ട്, തീർച്ചയായും കാണണം. രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ കണ്ട ഒരു സ്ത്രീ ശ്രദ്ധിച്ചത് അവരുടെ ഒക്കെ വസ്ത്രങ്ങൾ എത്ര അഴുക്കുപിടിച്ചിരിക്കുന്നു എന്നതാണ്. അവർക്ക് ഒരു അലക്കുശാല ഉണ്ട് (laundry), അവർ നേരെ പോലീസിനെ വിളിച്ചു, നാല് ദിവസമായി രക്ഷാ പ്രവർത്തകർ വസ്ത്രം മാറിയിട്ട് എന്ന് പോലീസ് പറഞ്ഞു. പിന്നെ അവരൊന്നും നോക്കിയില്ല, എല്ലാ ദിവസവും ഗുഹാ മുഖത്ത് ചെല്ലും, രക്ഷാ പ്രവർത്തകരുടെ വസ്ത്രം വാങ്ങും, രാത്രി മുഴുവൻ ഓവർടൈം ചെയ്ത് അത് അലക്കിയും തുന്നി കേടുപാടുകൾ തീർത്തും തേച്ചു മടക്കി രാവിലെ തിരിച്ചെത്തിക്കും. ഏതെങ്കിലും ഒരു ദുരന്തപ്രദേശത്തെ ചിത്രങ്ങൾ കാണുമ്പോൾ രക്ഷാ പ്രവർത്തകരുടെ വസ്ത്രത്തെ പറ്റിയോ ബുദ്ധിമുട്ടുകളെ പറ്റിയോ നാം ചിന്തിക്കാറുണ്ടോ ?
 
കുട്ടികൾ സുരക്ഷിതരായി പുറത്തു വരട്ടെ, നല്ല പാഠങ്ങൾ എല്ലാവരും പഠിക്കട്ടെ. അടുത്ത തവണ നമ്മുടെ ചുറ്റും ദുരന്തമുണ്ടാകുമ്പോൾ ആളുകളെ രക്ഷപെടുത്തുന്നതിലും രക്ഷാ പ്രവർത്തകരെ സഹായിക്കുന്നതിലും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിലും നാം ശ്രദ്ധിക്കണം എന്നൊരു തോന്നലെങ്കിലും നമുക്ക് ഉണ്ടാകട്ടെ.
 
ഇനി കുട്ടികൾ പുറത്തെത്തിയ ശേഷം എന്തൊക്കെ തെറ്റുകളാണ് പറ്റിയത്, ഇനി അങ്ങനെ തെറ്റുണ്ടാകാതെ എങ്ങനെ നോക്കാം എന്നുള്ള ചർച്ചകൾ നടക്കണം, നടക്കും.
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/world-asia-44755452

Leave a Comment