പൊതു വിഭാഗം

തട്ടടിക്കുന്ന  ജോലി

പുറ്റിങ്ങൽ ക്ഷേത്രത്തിൽ വീണ്ടും ഒരപകടം, ഇത്തവണ സ്റ്റേജ് പണിക്ക് കോൺക്രീറ്റ് ചെയ്യാനുണ്ടാക്കിയ തട്ട് പൊളിഞ്ഞുവീണതാണ്. ഭാഗ്യത്തിന് ആൾ നാശമുണ്ടായിട്ടില്ല.

 

ഈ താൽക്കാലിക തട്ടുകൾ (scaffolding) നിർമ്മാണ ജോലികളുടെ  അടിസ്ഥാനമാണ്. ഒരു എൻജിനീയറുടെ ചിന്തയിൽ വിരിയുന്ന രൂപത്തിൽ കോൺക്രീറ്റിനെ വാർത്തെടുക്കാൻ പറ്റും എന്നതാണ് അന്നുവരെ ലഭ്യമായിരുന്ന മറ്റു നിർമ്മാണ വസ്തുക്കളിൽ നിന്നും കോൺക്രീറ്റിനെ വ്യത്യസ്തമാക്കിയത്. അതിനാൽ scaffolding എങ്ങനെയാണ് സുരക്ഷിതമായി ഉണ്ടാക്കേണ്ടത് എന്നതിൽ ഒരു സിവിൽ എൻജിനീയറായ  എനിക്ക് നല്ല വിവരം ഉണ്ടാകേണ്ടതാണ്. പക്ഷെ നിർഭാഗ്യവശാൽ അതില്ല. കാരണം 1980 -ലെ കേരള  സിവിൽ  എൻജിനീയറിങ്   സിലബസിൽ ‘Scffolding’ ഒരു വിഷയമല്ല.  നാല്പത്തി ഒൻപത് കോഴ്‌സുകൾ പഠിച്ചു എൻജീനിയർ ആകാൻ.  കണക്കു തന്നെ അഞ്ചെണ്ണം ഉണ്ടായിരുന്നു, എന്നിട്ടും ‘ഒരിത്തിരി സുരക്ഷ’, ‘ഒരിത്തിരി സ്കാഫോൾഡിങ്’, ങേ ഹേ… ഒന്നുമുണ്ടായില്ല. എഞ്ചിനീറിംഗിൽ ഇത് രണ്ടും പഠിച്ചിട്ടില്ല എന്ന് ഇന്ത്യക്ക് പുറത്തു  പോയി പറഞ്ഞപ്പോൾ “സത്യം പറ, നീ സിവിൽ എൻജിനീയർ തന്നെയാണോ” എന്ന ചോദ്യം കേട്ട് എന്റെ മാനം പോയി.

 

Scaffolding,  അല്ലെങ്കിൽ താൽക്കാലികമായി ഉണ്ടാക്കുന്ന തട്ടുകൾ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഇതിനൊക്കെ ലോകത്ത് ചില കോഡ് ഓഫ് പ്രാക്ടീസ് ഉണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഡിസൈൻ ചെയ്തതുപോലെയാണ് കോൺക്രീറ്റ്  നിർമ്മിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നത് ഈ തട്ടാണ്. എല്ലാ എൻജിനീയറിങ് നിർമ്മിതിയിലും നിർമ്മിക്കുന്നവരുടെ ജീവൻ  സ്കാഫോൾഡിങ്ങിന്റെ ഉറപ്പിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നല്ല പരിശീലനമുള്ളവർ മാത്രം ചെയ്യേണ്ട പണിയാണ്.  ഒരു സ്‌കാഫോൾഡിങ് ഉണ്ടാക്കിക്കഴിഞ്ഞാൽ  അത് പരിശോധിക്കാനായി മാത്രം സ്കാഫോൾഡിങ് ഇൻസ്‌പെക്ടർ എന്നൊരു ജോലിയുണ്ട്, ആ ജോലി കിട്ടാനായി മാത്രം ചില പരിശീലനങ്ങളുണ്ട്. അങ്ങനെ പരിശീലനമുള്ളവർ നിർമ്മിച്ച്, അധികാരമുള്ളവർ  ഇൻസ്‌പെക്ഷൻ നടത്തിയാൽ  മാത്രമേ സ്കാഫോൾഡിങ് ഉപയോഗിക്കാൻ പറ്റൂ. പക്ഷെ ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലെ  കേരളത്തിലെ  സിവിൽ എഞ്ചിനീയറിങ്ങിന്റെ സിലബസ് പരിശോധിച്ചപ്പോഴും  സ്കാഫോൾഡിങ് ഒരു വിഷയമല്ല. നമ്മുടെ എൻജിനീയർമാർ ബാങ്കിലെ ക്ലർക്ക് ആവാൻ  പോയി എന്ന് കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. അവർ ചെയ്യേണ്ട ജോലിക്ക് അവരെ നമ്മൾ ശരിയായി പരിശീലിപ്പിക്കുന്നുണ്ടോ?

 

കേരളത്തിൽ  തൽക്കാലം  തട്ടടിക്കാൻ വലിയ നിബന്ധന ഒന്നുമില്ല.   ആർക്കും എന്ത് വസ്തു ഉപയോഗിച്ചും എപ്പോൾ വേണമെങ്കിലും എവിടെയും തട്ടടിക്കാം. അതിടിഞ്ഞു വീണ് കെട്ടിടമോ പാലമോ താഴെ പോയാലും ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല, കാരണം എങ്ങനെയാണത് ചെയ്യേണ്ടതെന്നതിന് പ്രത്യേകിച്ച് കണക്കൊന്നുമില്ലല്ലോ.  വീട് തൊട്ടു പാലം വരെ പൊളിഞ്ഞു വീഴുന്ന കഥകൾ നാം സ്ഥിരമായി കേൾക്കുന്നു.  ആരെയെങ്കിലുമൊക്കെ രണ്ടു ദിവസം കുറ്റപ്പെടുത്തുന്നു, അതോടെ തീർന്നു കാര്യങ്ങൾ…

 

ഇതൊന്നും തട്ടടിക്കുന്ന വിഷയത്തിൽ മാത്രം ബാധകമല്ല. മുടി വെട്ടുന്നത് മുതൽ ഭക്ഷണം ഉണ്ടാക്കുന്നത് വരെ, തിരുമ്മൽ ജോലി മുതൽ മാൻഹോളിൽ  ഇറങ്ങി പണിയുന്നത് വരെ ഏറെ പരിശീലനം നൽകി ചെയ്യേണ്ട ജോലികൾക്കൊന്നും കേരളത്തിൽ യാതൊരു നിബന്ധനയും ഇല്ല. നാളെ രാവിലെ എനിക്ക് ഇതിൽ ഏതൊരു തൊഴിലിനും പോകാം, ആരും ഒരു സർട്ടിഫിക്കറ്റും ചോദിക്കില്ല. ഇപ്പോൾ ആളെ കിട്ടാൻ ബുദ്ധിമുട്ടില്ലാത്തതിനാൽ പ്രവർത്തി പരിചയവും വേണ്ട, സ്വഭാവ സർട്ടിഫിക്കറ്റും വേണ്ട. ഇതിന്റെ ഒക്കെ പരിണതഫലമാണ് നാം ഇപ്പോൾ കാണുന്നത് .  

 

കഴിഞ്ഞ  ദിവസം ഞാനെഴുതിയ പോസ്റ്റിൽ കേരളത്തിലെ ഓരോ തൊഴിൽ രംഗത്തും സ്കിൽ കുറഞ്ഞുവരികയാണെന്ന് പറഞ്ഞിരുന്നു. നല്ല തൊഴിൽ പരിശീലനമുള്ള മലയാളികൾ പുറത്തു പോകുന്നു, യാതൊരു തൊഴിൽ പരിശീലനവുമില്ലാത്ത മറുനാട്ടുകാരെക്കൊണ്ട് നമ്മൾ തൊഴിൽ ചെയ്യിക്കുന്നു. ഇതാരും ശ്രദ്ധിക്കുന്നില്ല (സെക്യൂരിറ്റിക്കാരനെക്കുറിച്ചുള്ള  പോസ്റ്റിലാണ് ഈ കാര്യം പറഞ്ഞത്. എന്നാൽ ഇക്കാര്യം മിക്കവാറും പേർ ശ്രദ്ധിച്ചില്ല, അങ്ങനെ ആ പോസ്റ്റ് ഫ്ലോപ്പ് ആയി). (ഇത് നാട്ടുകാരും മറുനാട്ടുകാരും തമ്മിലുള്ള ഒരു പ്രശ്നമല്ല. ആരാണെങ്കിലും പരിശീലനവും തൊഴിൽ പരിചയവും വേണം. അതാണ് പ്രധാനം)

 

ആധുനികമായ  എൻജിനീയറിങ് കോഡനുസരിച്ച് സ്കാഫോൾഡിങ് ഉണ്ടാക്കാൻ പരിശീലനം ലഭിച്ച ധാരാളം മലയാളികൾ ഇപ്പോൾ ഗൾഫിലുണ്ട്. സ്കാഫോൾഡിങ് ഇന്സ്പെക്ഷനിൽ സർട്ടിഫിക്കറ്റ് കിട്ടിയവരും. നാട്ടിൽ നിർമ്മാണ രംഗം നവീകരിക്കുകയും, സ്കാഫോൾഡിങിൽ പരിശീലനമുള്ളവർ വേണമെന്ന് നിയമം വരികയും ചെയ്‌താൽ ഈ പ്രൊഫഷന്  ഡിമാൻഡ് കൂടും, ഗൾഫിലുള്ളവർ നാട്ടിലെത്തും, അപകടം ഇല്ലാതാകും, ഇന്ത്യയിൽ നിർമ്മാണ രംഗത്ത് കേരളം നമ്പർ വൺ ആകും. ഇത്തരം അപകടങ്ങൾ ഒരവസരമായി എടുക്കുക. എന്തൊക്കെ  സാധ്യതകളാണുള്ളതെന്ന് ശ്രദ്ധിക്കുക.

 

ഇതൊക്കെ  നടക്കുമെന്നുള്ള പ്രതീക്ഷ കൊണ്ട് പറയുന്നതല്ല, നടക്കാവുന്നതാണെന്ന് സൂചിപ്പിക്കുന്നതാണ്.  ഇത്തരം അപകടങ്ങൾ ഇനിയും കൂടിവരും, സംശയം വേണ്ട. അതിനെതിരെ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എന്നെനിക്കറിയില്ല.  അമ്പലത്തിൽ ദൈവത്തിന്റെ തൊട്ടു മുന്നിൽ  വരെ അപകടമുണ്ടാകുന്നതിനാൽ  നിങ്ങൾ വീടുണ്ടാക്കുകയാണെങ്കിൽ  തട്ടുപൊളിഞ്ഞു കീഴോട്ട് പോരാതെ  നിങ്ങളെ “ദൈവം രക്ഷിക്കട്ടെ” എന്ന്  പോലും പറയാൻ പറ്റാത്ത സ്ഥിതിയായി.

 

മുരളി തുമ്മാരുകുടി

1 Comment

  • njan industrial and Commercial projects il work cheyuna aal anu. Electrical Engineer ayit. Scuffolding vach kore work cheyikendi vannitund. Ennal ende site il epozhum ath undakuna labours ne depend cheythitanu. Nammalk athil abiprayam parayan ariyilla..and safety officer vannu check cheyum.. aadhikarikamayi onnum parayan ariyilla and enthelum sambavichal safety officer ku anu budhimut.. sir scuffolding thudangi kru engineer ku avasyamaya palathum Engg syllabus il illa

Leave a Comment