പൊതു വിഭാഗം

തടി കുറക്കാൻ ഒരു കാരണം കൂടി…

വീണ്ടും ജനീവയിൽ തിരിച്ചെത്തി. പ്രളയശേഷം കൂടുതൽ സമയം കേരളത്തിലാണ് ചിലവഴിച്ചത്. അവധിക്കായാണ് വന്നതെങ്കിലും പ്രൊഫഷണൽ കാര്യങ്ങൾക്കാണ് കൂടുതൽ സമയം ചിലവാക്കിയത്.

ദുരന്താനന്തര പുനർനിർമ്മാണത്തിൽ വ്യക്തിപരമായും ഔദ്യോഗികമായും സാധ്യമായതൊക്കെ ചെയ്യണമെന്നുണ്ട്. ദുരന്തശേഷം എഴുതാമെന്ന് പറഞ്ഞിരുന്ന സീരീസ് അഞ്ചെണ്ണത്തിൽ കൂടുതൽ സാധിച്ചില്ല. ഇപ്പോൾ ആളുകളുടെ മുഴുവൻ ശ്രദ്ധയും ശബരിമലയിലായതിനാൽ ദുരന്തത്തെക്കുറിച്ച് പറഞ്ഞാൽ ആര് കേൾക്കാൻ. അതുകൊണ്ട് തൽക്കാലം അത് മാറ്റിവെക്കുന്നു.

ഈ വർഷം നാട്ടിൽ കൂടുതൽ വന്നതിന്റെ ഗുണം ശരീരത്തിൽ കാണുന്നുണ്ട്. വർഷം തുടങ്ങിയതിൽ പിന്നെ പത്തുകിലോ കൂടി. ഇക്കണക്കിന് പോയാൽ ആയുസ്സെത്തി മരിക്കില്ല എന്നൊരു തോന്നലുണ്ട്. തടി കുറക്കാൻ എന്തെങ്കിലും ചെയ്തേ പറ്റൂ. ഇനിയുള്ള രണ്ടു മാസം യാത്രകൾ കുറച്ചിട്ട് ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
തടി കുറക്കാൻ പല മാർഗ്ഗങ്ങളുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചത്തെ എക്കണോമിസ്റ്റ് വായിച്ചപ്പോൾ ഒരു കാരണം കൂടി കിട്ടി.

സാങ്കേതികവിദ്യ പുരോഗമിച്ചതോടെ കാറുകൾ സ്വന്തമായി ഓടാൻ പോവുകയാണെന്ന് ഞാൻ പലവട്ടം പറഞ്ഞല്ലോ. അമേരിക്കയിലും ലണ്ടനിലും ട്രയൽ നടന്നു കൊണ്ടിരിക്കുന്നു. അടുത്തമാസം മുതൽ കാലിഫോർണിയയിൽ ടാക്സി ആയി ആട്ടോണോമസ് കാറുകൾ ഓടിത്തുടങ്ങും. സ്വിറ്റസർലാണ്ടിൽ ഇപ്പോൾ തന്നെ സ്വയം ഓടിക്കുന്ന സിറ്റി ബസ് ഉണ്ട്. വലിയ താമസമില്ലാതെ അത് ഇന്ത്യയിലും വരും.
ഇത്തരം കാറുകൾ വ്യാപകമാകാൻ തടസ്സം സാങ്കേതികവിദ്യയുടെ അഭാവമല്ല. അതിപ്പഴേ ഉണ്ട്. ലോകത്തെ ട്രാഫിക്ക് അപകടങ്ങളിൽ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഡ്രൈവർമാർ ഉണ്ടാക്കുന്നതായതിനാൽ, ഡ്രൈവിങ് സീറ്റിൽ കംപ്യുട്ടർ വരുന്പോൾ അപകടങ്ങൾ ഏറെ കുറയും. ഒരു ലക്ഷത്തി അൻപതിനായിരം പേർ അപകടത്തിൽ മരിക്കുന്ന ഇന്ത്യയിൽ ഇത്തരം കാറുകൾ വന്നാൽ ഒരു ലക്ഷത്തി നാല്പത്തിനായിരത്തോളം ആളുകളുടെ ജീവൻ രക്ഷപെടും.

എങ്കിലും ചില അപകടങ്ങൾ ഓട്ടോണമസ് കാറുകളും ഉണ്ടാക്കും. സ്വയം ഓടിക്കുന്ന കാറുകൾ അപകടമുണ്ടാക്കിയാൽ കാറുണ്ടാക്കിയ കന്പനി ആണോ, കാറിന്റെ സോഫ്റ്റ്‌വെയർ ഉണ്ടാക്കിയവരാണോ, കാറിന്റെ ഉടമയാണോ, യാത്രക്കാരനാണോ ഉത്തരവാദി എന്ന നിയമപ്രശ്നത്തിന് ഇപ്പോഴും തീരുമാനം ആയിട്ടില്ല.
അപകടം കുറക്കാൻ ശ്രമിക്കുന്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും എങ്ങനെയാണ് അപകടങ്ങൾ ഒഴിവാക്കേണ്ടത് അല്ലെങ്കിൽ അതിൻറെ വ്യാപ്തി കുറക്കേണ്ടത് എന്ന് കാറിനെ നിയന്ത്രിക്കുന്ന കംപ്യൂട്ടറിനെ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. ഇവിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.

ഉദാഹരണത്തിന് അപകട മരണങ്ങൾ പരമാവധി കുറക്കുക എന്നതാണ് കംപ്യൂട്ടറിനോട് നമ്മൾ കൊടുക്കുന്ന നിർദ്ദേശം എന്ന് വക്കുക. അപ്പോൾ ചില സാഹചര്യങ്ങളിൽ ഈ കാറുകൾക്ക് പ്രശസ്തമായ ‘ട്രോളി ധർമ്മസങ്കടം’ കൈകാര്യം ചെയ്യേണ്ടി വരും.
ഈ ട്രോളി ഡിലമ്മയെപ്പറ്റി കേട്ടിട്ടില്ലാത്തവർക്ക് വേണ്ടി ചുരുക്കി പറയാം. നിങ്ങൾ ഒരു റെയിൽവേ ട്രാക്കിന്റെ സൈഡിൽ നിൽക്കുന്നു. ട്രാക്കിൽ ദൂരെ അഞ്ച് ജോലിക്കാർ പണി ചെയ്യുന്നുണ്ട്. മറു വശത്തു നിന്നും ഡ്രൈവർ ഇല്ലാത്ത ഒരു ട്രോളി വേഗത്തിൽ വരുന്നു. പണിയിൽ മുഴുകിയതിനാൽ അവർ ട്രോളി വരുന്നത് കാണുന്നില്ല. ഈ ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ സമയവുമില്ല. അതേസമയം ഈ റയിൽവേ ലൈനിന്റെ ഒരു ബ്രാഞ്ച് ലൈനിൽ മറ്റൊരാൾ ജോലി ചെയ്യുന്നുണ്ട്. അയാൾക്കും മുന്നറിയിപ്പ് നല്കാൻ സമയമില്ല. നിങ്ങളുടെ മുന്നിലുള്ള ലിവർ വലിച്ചാൽ ട്രെയിൻ മെയിൻ ലൈനിൽ നിന്നും ബ്രാഞ്ച് ലൈനിലേക്ക് മാറും. നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിൽ ട്രോളി കയറി അഞ്ചുപേർ മരിക്കും. നിങ്ങൾ ലിവർ വലിച്ചാൽ ബ്രാഞ്ച് ലൈനിൽ നിൽക്കുന്ന ഒരാൾ (തീർത്തും നിരപരാധിയായ) മരിക്കും.

ചോദ്യം ഇതാണ്. നിങ്ങൾ എന്ത് ചെയ്യും?

ഏറെക്കാലം ഇതൊരു തിയറി മാത്രം ആയിരുന്നു. പക്ഷെ കാറുകൾ സ്വയം ഓടാൻ തുടങ്ങുന്പോൾ ഇത്തരം സാഹചര്യം ഉണ്ടാകും, ഒരു അപകട സാഹചര്യം വന്നാൽ അതിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്പോൾ മറ്റൊരാളെ അപകടപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാൽ കാർ എന്താണ് ചെയ്യേണ്ടതെന്ന് കംപ്യൂട്ടർജിയെ മുൻകൂട്ടി പറഞ്ഞു മനസ്സിലാക്കണം. ഇതിനുള്ള നിയമങ്ങൾ ഇപ്പോൾ ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്.
ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ പ്രശസ്തമായ എം ഐ ടി ‘മോറൽ മെഷീൻ’ എന്ന വെബ്‌സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ സാഹചര്യങ്ങളിൽ രണ്ടു സാധ്യതകളുണ്ടെങ്കിൽ ഓട്ടോണോമസ് കാർ എന്ത് ചെയ്യണം എന്ന ചോദ്യമാണ് ഇവിടെയുള്ളത്. ലോകത്തെന്പാടുനിന്നുമുള്ള ആളുകൾ നാലുകോടിയോളം തവണ വിവിധ സാധ്യതകൾക്ക് ഉത്തരം നൽകിക്കഴിഞ്ഞു. അതിൽ നിന്നും കിട്ടിയ കുറച്ചു വിവരങ്ങളാണ് ചിത്രത്തിലുള്ളത്.

പ്രായപൂർത്തിയായ ഒരാളെ രക്ഷിക്കുന്നതിനെ അപേക്ഷിച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ആളുകൾക്കുള്ള താല്പര്യമാണ് ചിത്രം പറയുന്നത്. കുട്ടികളെ, കുട്ടികളുമായി നടക്കുന്നവരെ, ഡോക്ടർമാരെ, അത്‌ലറ്റുകളെ ഒക്കെ രക്ഷിക്കാൻ ആളുകൾ കൂടുതൽ താല്പര്യം കാണിക്കുമെന്നാണ് പഠനം പറയുന്നത്. അതേസമയം തടിയൻ, തടിച്ചി, വയസ്സായവർ ഇവരെ രക്ഷിക്കാൻ താല്പര്യം കുറവും ആണ്. ഒരു പട്ടിയെ രക്ഷിക്കുന്നതിനാണ് ആളുകൾ പൂച്ചയെ രക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുത്തത്. ഒരു കുറ്റവാളിയെ രക്ഷിക്കുന്നതിന് പട്ടിയെ രക്ഷിക്കുന്നത്ര താല്പര്യം പോലും ആളുകൾക്ക് ഇല്ലത്രെ !.

ഇതൊക്കെ നാളെ നിയമം ആകുമോ എന്ന് പറയാൻ പറ്റില്ല. ഏതെങ്കിലും ഒക്കെ നിയമം ഉണ്ടായേ പറ്റൂ. നിയമം ഉണ്ടാകുന്ന കാലത്ത് റോഡിൽ ഇറങ്ങുന്ന തടിയന്മാരുടെ കാര്യം പോക്കാണ് എന്ന് തോന്നുന്നു. വയസ്സായവർ തടിയനും കൂടി ആണെങ്കിൽ പൂർത്തിയായി. അതുകൊണ്ട് വയസ്സാകുന്ന മുറക്ക് തടി കുറച്ചു കൊണ്ട് വരണം !!
മോറൽ മെഷീന്റെ വെബ്‌സൈറ്റ് ഒന്ന് പോയി ടെസ്റ്റ് ചെയ്യണം. നമ്മെ ഏറെ ചിന്തിപ്പിക്കും അത്.

മുരളി തുമ്മാരുകുടി

No automatic alt text available.

Leave a Comment