പൊതു വിഭാഗം

ഡോക്ടർമാരെ തല്ലുന്പോൾ  നഷ്ടം പറ്റുന്നതാർക്കാണ്?

ഡോക്ടർമാർ അവരുടെ തൊഴിൽ സ്ഥലത്ത് രോഗികളാലോ അവരുടെ ബന്ധുക്കളാലോ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ നാം ഇടക്കിക്കിടക്ക് കേൾക്കാറുണ്ട്. അടുത്തയിടയായി അതല്പം കൂടി എന്ന് തോന്നുന്നു.

ഇതൊരു വലിയ കഷ്ടമാണ്. കാരണം, കൊറോണ പോലെ നമുക്ക് പരിചയമില്ലാത്ത ഒരു രോഗം നമ്മുടെ നേരെ വന്നപ്പോൾ, സമൂഹം ആകെ ഭയപ്പെട്ട് വീടുകളിൽ ഇരുന്നപ്പോൾ പോലും,  വ്യക്തിപരമായി എന്തൊക്കെ ഉത്തരവാദിത്തങ്ങളും ഭയപ്പാടുകളും ഉണ്ടായിരുന്നിട്ടും അതൊന്നും വക വെക്കാതെ ഓരോ ദിവസവും ജോലിക്കിറങ്ങിയവരാണ് നമ്മുടെ ഡോക്ടർമാർ. അവരെ ആദരിച്ചില്ലെങ്കിൽ വേണ്ട, അസഭ്യം പറയാതിരിക്കാനും അടിച്ചു വീഴ്ത്താതിരിക്കാനും ഉള്ള മനഃസാക്ഷി എങ്കിലും ആളുകൾക്ക് വേണം. 

പക്ഷെ, അത്തരത്തിൽ മനസ്സാക്ഷി ഇല്ലാത്തവർ നമുക്ക് ചുറ്റും ഉണ്ടെന്നാണ് ഡോക്ടർമാരെ തല്ലി വീഴ്‌ത്തുന്ന വീഡിയോ ചിത്രങ്ങൾ നമ്മളോട് പറയുന്നത്. എത്ര വിഷമം ഉണ്ടാക്കുന്ന ഒന്നാണ് ഇത്? അതിലേറെ വിഷമിപ്പിക്കുന്നത്, ഇത്തരത്തിൽ ഡോക്ടർമാരെ അസഭ്യം പറയുന്നവരും തല്ലി വീഴ്ത്തുന്നവരും  മിക്കവാറും ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു എന്നതാണ്. അക്രമികളിൽ ചിലരെ അറസ്റ്റ് പോലും ചെയ്യുന്നില്ല എന്ന് കാണുന്പോൾ സങ്കടം മാത്രമല്ല അന്പരപ്പും ദേഷ്യവും ഉണ്ടാകുന്നു.

രോഗികളോ അവരുടെ ബന്ധുക്കളോ നാട്ടുകാരോ ഡോക്ടർമാരെയോ മറ്റ് ആരോഗ്യ പ്രവർത്തകരേയോ ആക്രമിക്കാൻ പല കാരണങ്ങളുണ്ട്. അത് ഞാൻ പിന്നീട് പറയാം. കാരണം എന്ത് തന്നെ ആണെങ്കിലും ഡോക്ടറെയോ നേഴ്സിനെയോ മറ്റ് ആരോഗ്യ പ്രവർത്തകരെയോ അവരുടെ തൊഴിലിടത്തിലോ മറ്റിടങ്ങളിലോ തൊഴിൽപരമായ കാരണങ്ങളാൽ അസഭ്യം പറയുന്നതിനും ശാരീരികമായി അക്രമിക്കുന്നതിനും യാതൊരു ന്യായീകരണവും ഇല്ല. അത് ഒരു കാരണവശാലും അംഗീകരിക്കാൻ പാടില്ല. സ്വന്തം തൊഴിൽ ചെയ്യുന്പോൾ ശാരീരികമായി അക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുമെന്ന ഭയം ഒരു തൊഴിലാളിക്കും ഉണ്ടാകാൻ പാടില്ല. അതൊക്കെ പരിഷ്‌കൃത സമൂഹം നൂറ്റാണ്ടുകൾ മുന്നേ ഉപേക്ഷിച്ച രീതിയാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ തൊഴിൽ സ്ഥലത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്നു എന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മെ നാണിപ്പിക്കണം. ഇത്തരം കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും സമൂഹത്തിന് “സീറോ ടോളറൻസ്” ഉണ്ടാകണം. അക്രമം ചെയ്യുന്നവർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുകയും വേണം.

ഡോക്ടർമാരെ രോഗികളോ അവരുടെ ബന്ധുക്കളോ അക്രമിക്കുകയോ നേരിട്ടോ സമൂഹ മാധ്യമങ്ങൾ വഴിയോ അസഭ്യം പറഞ്ഞപമാനിക്കുകയോ ചെയ്യുന്നതിന് പല കാരണങ്ങൾ ഉണ്ട്. ഇതെല്ലാം അപലപനീയം ആണെങ്കിലും അവ തമ്മിൽ വ്യത്യാസം ഉണ്ട്. ഇവയിൽ എനിക്ക് മനസ്സിലായത് ചിലത് താഴെ പറയാം. അവ അറിഞ്ഞിരിക്കുന്നത് ഈ വിഷയം വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ സമൂഹത്തെയും ഡോക്ടർമാരെയും സഹായിക്കും.

  1. മദ്യപിച്ച്/മയക്കുമരുന്ന് കഴിച്ചു വരുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ ഇവരാണ് അക്രമത്തിൽ മുന്നിൽ നിൽക്കുന്ന ഒരു കൂട്ടം.
  2. എന്തെങ്കിലും അക്രമം നടത്തിയതിന് ശേഷം ആശുപത്രിയിൽ എത്തുന്നവർ, അവരുടെ കൂടെ ഉള്ളവർ.
  3. ആശുപത്രിയിൽ വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല/വേണ്ടത്ര വേഗത്തിൽ ശ്രദ്ധ കിട്ടുന്നില്ല എന്ന് തോന്നുന്നവർ.
  4. ആശുപത്രിയിൽ നിന്നും തെറ്റായ ചികിത്സ കിട്ടിയതിനാൽ രോഗിക്ക് കൂടുതൽ അപകടം സംഭവിച്ചു അല്ലെങ്കിൽ മരണം സംഭവിച്ചു എന്ന് വിശ്വസിക്കുന്നവർ.

ഈ പറയുന്ന ആളുകൾ മിക്കവാറും മുൻകൂട്ടി പ്ലാൻ ചെയ്യാതെ അക്രമം നടത്തുന്നവരാണ്. എന്നാൽ കരുതിക്കൂട്ടി അക്രമം നടത്തുന്നവരും ഉണ്ട്.

  1. ആശുപത്രിയിലെ ബില്ല് കൊടുക്കാതിരിക്കുവാനായി അക്രമത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുന്നവർ.
  2. ഒരു ഡോക്ടർക്കോ ആശുപത്രിക്കോ ചീത്തപ്പേരുണ്ടാക്കാൻ വേണ്ടി മനഃപൂർവം പ്രശ്നം ഉണ്ടാക്കുന്നവർ.

ഞാൻ ആദ്യം പറഞ്ഞത് പോലെ അക്രമത്തിന്റെ കാരണം എന്താണെങ്കിലും അവരെ ഉടൻ അറസ്റ്റ് ചെയ്യണം, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം, മാതൃകാ പരമായി ശിക്ഷിക്കണം. കരുതിക്കൂട്ടി ഉണ്ടാക്കുന്ന അക്രമങ്ങൾക്ക് ആശുപത്രിയിൽ ഉണ്ടാക്കുന്ന ഭൗതികമായ നഷ്ടത്തിനും അവരുടെ റെപ്യൂട്ടേഷൻ നഷ്ടം വഴി ഉണ്ടാക്കുന്ന നഷ്ടം കൂടി അക്രമം നടത്തുന്ന വ്യക്തിയിൽ നിന്ന് അല്ലെങ്കിൽ അവരുടെ സംഘത്തിൽ നിന്നും പിഴയായി ഈടാക്കണം. പൊതു മുതൽ നശിപ്പിക്കുന്ന സാഹചര്യത്തിൽ അത് കെട്ടിവച്ചാൽ മാത്രമേ ജാമ്യം നൽകൂ എന്നൊക്കെ കോടതി ചിലപ്പോൾ വിധിക്കുന്നത് കണ്ടിട്ടുണ്ട്. ഇതൊക്കെ ആശുപത്രിയുടെ കാര്യത്തിൽ കൂടി ബാധകമാക്കണം.

ഒരു ഡോക്ടർ അക്രമിക്കപ്പെട്ടാലോ അപമാനിക്കപ്പെട്ടാലോ അതിൻറെ പ്രത്യാഘാതം ആ ഡോക്ടറിലോ ആശുപത്രിയിലോ തീരുന്നതല്ല എന്ന് നമ്മൾ മനസ്സിലാക്കണം. കേരളത്തിൽ എവിടെയാണ് ഇത് സംഭവിക്കുന്നത് എങ്കിലും അതിന് കേരളത്തിൽ മൊത്തം പ്രത്യാഘാതം ഉണ്ടാകും, അത് നമ്മളെ എല്ലാവരേയും ബാധിക്കുകയും ചെയ്യും. അതെങ്ങനെ ആണെന്ന് നോക്കാം.

ഒന്നാമത് ഒരു രോഗി ആശുപത്രിയിലേക്ക് വരുന്പോൾ, പ്രത്യേകിച്ചും അപകടം പറ്റിയോ മറ്റോ ഗുരുതരാവസ്ഥയിൽ എത്തുന്പോൾ, എങ്ങനെയും അവരെ രക്ഷിക്കാനായിരിക്കും സാധാരണ ഗതിയിൽ ഡോക്ടർമാർ ശ്രമിക്കുക. പക്ഷെ അങ്ങനെ ചെയ്ത് രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ തനിക്കെതിരെ അക്രമം ഉണ്ടാകും എന്ന് ഡോക്ടർമാർ ഭയക്കുന്ന സാഹചര്യം ഉണ്ടായാൽ ഏറ്റവും വേഗത്തിൽ വേറെ എങ്ങോട്ടെങ്കിലും രോഗിയെ പറഞ്ഞു വിടാനായിരിക്കും ജീവനിൽ കൊതിയുള്ള ഡോക്ടർമാർ ശ്രമിക്കുക. രോഗിക്ക് (അല്ലെങ്കിൽ അപകടം പറ്റിയ ആൾക്ക്) ഏറ്റവും വേഗത്തിൽ ചികിത്സ ലഭിക്കേണ്ട ഗോൾഡൻ അവർ അങ്ങനെ നഷ്ടപ്പെടും. ആളുകൾ മരിക്കും. ഇത് നിങ്ങളോ ഞാനോ ആകാം.

ഏതൊരു ആശുപത്രിയിലും എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാകാം എന്നൊരു സാഹചര്യം വന്നാൽ ആശുപത്രികളിലെ സുരക്ഷാ സൗകര്യങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടാകും. എല്ലായിടത്തും സി. സി. ടി. വി. കാമറ മുതൽ സെക്യൂരിറ്റി ഗാർഡും ബൗൺസർമാരും വരെ ഉണ്ടാകും. ഇതിന്റെ  ചിലവ് വഹിക്കാൻ പോകുന്നത് ആശുപത്രിയിൽ അടി ഉണ്ടാക്കാൻ പോകുന്നവർ മാത്രമല്ല, എല്ലാവരും കൂടിയാണ്.

തൊഴിലിടത്തിൽ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് ജോലി ചെയ്യേണ്ടി വരുന്ന ഒരു പ്രൊഫഷൻ ആയി ഡോക്ടർമാർ മാറിക്കഴിഞ്ഞാൽ പിന്നെ ഈ തൊഴിൽ ആഗ്രഹിക്കുന്ന ഏറെ ആളുകൾ, പ്രത്യേകിച്ചും സ്ത്രീകൾ,  ഈ ജോലിയിലേക്ക് തിരിയാതിരിക്കുകയോ അഥവാ ഡോക്ടർ ആയാൽ തന്നെ കേരളത്തിന് പുറത്ത് താരതമ്യേന  പ്രാണഭയം ഇല്ലാതെ ജോലി ചെയ്യാൻ പറ്റുന്ന ഏതെങ്കിലും പ്രദേശത്ത് ജോലി ചെയ്യാൻ പോകും. സമൂഹത്തിന് മൊത്തം ഏറ്റവും നല്ല ഡോക്ടർമാരെ നഷ്ടപ്പെടുക എന്നതായിരിക്കും ഇതിന്റെ ഫലം.

ഇത്തരം സാഹചര്യം ഒഴിവാക്കാൻ പൊതു സമൂഹം മൊത്തമായി ഈ വിഷയത്തിൽ ഇടപെടണം. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം (അത് ശാരീരികമോ മാനസികമോ, നേരിട്ടോ സമൂഹ മാധ്യമങ്ങളിലൂടെയോ) ഉണ്ടായാൽ അത് കൈകാര്യം ചെയ്യാൻ പ്രത്യേകം മാർഗ്ഗ നിർദ്ദേശങ്ങളോ, വേണമെങ്കിൽ നിയമമോ ഉണ്ടാക്കണം. ഇത്തരം കേസുകൾ സമയബന്ധിതമായി തീർക്കണം, ശിക്ഷ മറ്റുള്ളവർക്ക് മാതൃകയാവുന്നതും ആകണം. അക്രമത്തിന് ഇരയാവുന്നതവർക്ക് കൗൺസലിംഗ്, ചികിത്സാ ചിലവ്, നിയമ സഹായം വേണമെങ്കിൽ മറ്റു സുരക്ഷിതമായ പ്രദേശങ്ങിലേക്ക് സ്ഥലം മാറ്റം(സർക്കാർ ഡോക്ടർമാർ ആണെങ്കിൽ), ആവശ്യമെങ്കിൽ പോലീസ് പ്രൊട്ടക്ഷൻ ഇതൊക്കെ ഉറപ്പായും നൽകണം.

ഡോക്ടർമാർക്ക് എതിരെയുള്ള ആക്രമണങ്ങൾ തടയാൻ ആവുന്നതെല്ലാം നമ്മൾ ചെയ്തേ തീരൂ. അത് ഡോക്ടര്മാരുടെയോ പോലീസിന്റെയോ മാത്രം ഉത്തരവാദിത്തം അല്ല, പൊതു സമൂഹത്തിന്റെ മൊത്തം ആണ്. ഇതറിഞ്ഞു ചെയ്തില്ലെങ്കിൽ നഷ്ടം വരാൻ പോകുന്നത് നമുക്ക് മൊത്തം ആണ്.

മുരളി തുമ്മാരുകുടി

 

Leave a Comment