പൊതു വിഭാഗം

ഡേറ്റയും ചർച്ചയും

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേരളത്തിൽ ചെയ്യാൻ സാധിച്ചതിൽ എനിക്കേറ്റവും സന്തോഷമുള്ള കാര്യം 2017 ആഗസ്ത് ഇരുപത്തി മൂന്നാം തിയതി കേരള നിയമസഭയിലെ അംഗങ്ങൾക്ക് വേണ്ടി കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ഒരു ലെക്ച്ചർ നല്കാൻ സാധിച്ചതാണ്. മുഖ്യമന്ത്രിയും, മന്ത്രിസഭയിലെ പകുതിയിലേറെ മന്ത്രിമാരും ഉൾപ്പെടെ 80 എം. എൽ. എ. മാർ ഒരു മണിക്കൂർ ലെക്ച്ചറും ഒന്നരമണിക്കൂർ ചർച്ചയും ആയി ശങ്കരനാരായണൻ തന്പി ഹാളിൽ ഉണ്ടായിരുന്നു. ഏതോ ഒരു വിഷയത്തിൽ പ്രതിപക്ഷ എം. എൽ. എ. മാർ അസംബ്ലിയുടെ മുന്നിൽ നിരാഹാരം കിടക്കുന്ന സമയമായിരുന്നു അത്, അല്ലെങ്കിൽ പങ്കാളിത്തം നൂറു കവിയുമായിരുന്നു എന്നതിൽ എനിക്കൊരു സംശയവും ഇല്ല.
 
കാലാവസ്ഥ വ്യതിയാനം കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ പറ്റി കൃത്യമായി ഞാൻ അന്ന് പറഞ്ഞു. കേരളത്തിൽ ഉണ്ടാകാൻ പോകുന്ന ദുരന്തങ്ങളെ പറ്റിയും സംസാരിച്ചു. കേരളത്തിൽ ഒരു വലിയ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും അത് തൊണ്ണൂറ്റി ഒന്പതിലെ വെള്ളപ്പൊക്കത്തെക്കാൾ നാശങ്ങൾ ഉണ്ടാക്കുമെന്നും അന്ന് പറഞ്ഞിരുന്നു. ഒരു വർഷത്തിനകം അതൊക്കെ യാഥാർഥ്യമായി.
 
അടുത്ത മാസം പുതിയ നിയമസഭ വരികയാണ്. പഴയവരും പുതുമുഖങ്ങളുമായി 141 പേർ വീണ്ടും നിയമസഭയിൽ എത്തും. ആ നിയമസഭയിൽ ഏറ്റവും വേഗത്തിൽ “നിർമ്മിത ബുദ്ധിയും ബിഗ് ഡേറ്റയും” എന്ന വിഷയത്തെ പറ്റി നിയമസഭാ സാമാജികരോട് സംസാരിക്കണം എന്നതാണ് എൻറെ ഈ വർഷത്തെ ഏറ്റവും വലിയ ആഗ്രഹം.
 
കാരണമുണ്ട്.
 
ലോകം മാറുകയാണ്.
 
നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകൾ നമ്മുടെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഇന്ന് നില നിൽക്കുന്ന തൊഴിലുകളിൽ പകുതിയും പത്തു വർഷം കഴിയുന്പോൾ ഉണ്ടാകില്ല എന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത്. ഇന്ന് നമ്മൾ കേട്ടിട്ട് പോലുമില്ലാത്ത അനവധി തൊഴിലുകൾ പുതിയതായി ഉണ്ടാവുകയും ചെയ്യും. എല്ലാ തൊഴിലുകളിലും നിർമ്മിത ബുദ്ധിയുടെ പ്രയോഗം ഉണ്ടാകും. പുതിയ സാങ്കേതിയ വിദ്യകൾ അറിയാത്തവർ മൊത്തമായി തള്ളപ്പെട്ട് പോകും. പുതിയ സാങ്കേതിക വിദ്യകൾ അറിയുന്നവർക്ക് വച്ചടി കയറ്റമായിരിക്കുകയും ചെയ്യും. ഇതൊന്നും ചെയ്യാത്തവർ സന്പദ്വ്യവസ്ഥയിൽ നിന്നും പുറത്തായി സർക്കാർ സഹായത്തിന് ക്യൂ നിൽക്കേണ്ടി വരും.
 
സ്‌കൂളിൽ ചേരുന്ന വിദ്യാർഥികൾ എല്ലാം തന്നെ പന്ത്രണ്ടാം ക്‌ളാസിൽ എത്തുന്ന കേരളം, വിദ്യാഭ്യാസത്തിന് വേണ്ടി എത്ര പണവും ലോൺ എടുത്ത് പോലും ചിലവാക്കാൻ തയ്യാറായ മാതാപിതാക്കൾ, ഓൺ ലൈൻ ആയി ലോകത്തെവിടെനിന്നും ഉള്ള നല്ല അധ്യാപകരിൽ നിന്നും ലോകത്തെ ഏറ്റവും പുതിയ സിലബസ്സിൽ കാര്യങ്ങൾ പഠിക്കാനുള്ള സാഹചര്യം, കേരളത്തിൽ ഇരുന്നു തന്നെ ലോകത്തെവിടെയും ജോലി ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യകൾ ഇതൊക്കെ പുതിയ നാലാം വ്യവസായ വിപ്ലവത്തിനെ നമ്മുടെ സന്പദ്‌വ്യവസ്ഥയെ അതിവേഗതയിൽ മുന്നോട്ട് കുതിപ്പിക്കാനുള്ള എഞ്ചിനായി പ്രവർത്തിപ്പിക്കാനുള്ള സാദ്ധ്യതകൾ തുറന്നിടുന്നു.
 
പക്ഷെ ഒരു കുഴപ്പം ഉണ്ട്. നമ്മൾ ഈ വിഷയത്തിൽ ഇടത് കാലു വച്ചാണ് കാര്യങ്ങൾ തുടങ്ങിയിരിക്കുന്നത്. (ആലങ്കാരികമായി പറഞ്ഞതാണ്, എനിക്ക് വലതുകാലിലൊന്നും ഒരു വിശ്വാസവും ഇല്ല, പിന്നെ ഒരു നല്ലകാര്യം ആകുന്പോൾ….).
 
2017 ൽ അസംബ്ലിയിലെ ലെക്ച്ചറിന് തയ്യാറെടുക്കുന്പോൾ ലോകത്ത് സോളാർ വിപ്ലവം നടക്കുകയാണെന്നും, വർഷത്തിൽ പകുതി കാലവും തണുപ്പുള്ള ജർമ്മനിയും ചൈനയും സോളാറിൽ മുന്നോട്ട് പോകുന്പോൾ 365 ദിവസവും സൂര്യപ്രകാശം കിട്ടുന്ന കേരളത്തിൽ സോളാർ വേണ്ടത്ര പ്രചാരത്തിൽ ഇല്ല എന്നത് ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. ആ ലെക്ച്ചറിന് വേണ്ടി ഗവേഷണം ചെയ്യുന്പോൾ “സോളാർ, വേൾഡ്” “സോളാർ, ചൈന”, സോളാർ ജർമ്മനി”, സോളാർ, ഇന്ത്യ” എന്നൊക്കെ ഞാൻ ഗൂഗിൾ ചെയ്തു. വേണ്ടത്ര വിവരങ്ങൾ ലഭിക്കുകയും ചെയ്തു. പക്ഷെ അന്ന് “സോളാർ, കേരള” എന്ന് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയത് മുഴുവൻ അതിന് മുൻപിലെ ഗവൺമെന്റിന്റെ കാലത്തെ സോളാർ കേസുകളെ പറ്റി തന്നെ ആയിരുന്നു. ഇത്തരത്തിൽ സാങ്കേതികമായ ഒരു വിഷയം വിവാദം ആകുന്പോൾ പുതിയതായി ആ വിഷയത്തിൽ നയം ഉണ്ടാക്കാനും പ്രോജക്ടുകൾ കൊണ്ടുവരാനും ആളുകൾ മടിക്കും. സോളാർ രംഗത്ത് നമ്മളെ പല വർഷം പിന്നോട്ടടിച്ചു സോളാർ വിവാദം.
 
ഡേറ്റയുടെ രംഗത്തും ഇപ്പോൾ അതാണ് സംഭവിക്കുന്നത്.
 
നിർമ്മിത ബുദ്ധിയുടെ അടിസ്ഥാന ഇന്ധനം ഡേറ്റ ആണ്. അതുകൊണ്ടാണ് “ഡേറ്റ ഈസ് ദി ന്യൂ ഓയിൽ” എന്നൊക്കെ ആളുകൾ പറയുന്നത്. അറേബ്യൻ മരുഭൂമിയിയുടെ അടിയിലും ആഴക്കടലിൻറെ അടിയിലും സഹസ്രാബ്ദങ്ങൾ ആയി എണ്ണ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി, കുഴിച്ചെടുത്ത്, ശുദ്ധീകരിക്കാനുള്ള അറിവും അനുമതിയും ഉണ്ടായ കാലത്താണ് എണ്ണകൊണ്ട് രാജ്യങ്ങൾ സന്പന്നമായത്. ഇതുപോലെ ആണ് ഡേറ്റയും. നമ്മുടെ ചുറ്റും, സർക്കാർ വകുപ്പുകളിൽ ഉൾപ്പടെ, അക്ഷയ ഖനിയായി ഡേറ്റ ഇരിക്കുന്നുണ്ട്. പക്ഷെ അത് ഉപയോഗിക്കാനുള്ള അറിവും അനുമതിയും സാങ്കേതിക വിദ്യയും വേണം. പക്ഷെ നമ്മുടെ പാരന്പര്യമായിട്ടുള്ള രീതി എന്നത് ഡേറ്റ പരമാവധി സംഘടിപ്പിക്കുക, ഒരിക്കലും ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഏതൊക്കെ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കുകളിലും എത്രയോ ഫോം ആണ് നാം പൂരിപ്പിച്ചിട്ടുള്ളത്. ആ ഡേറ്റ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ?.
 
ഈ കൊറോണക്കാലത്ത് സർക്കാർ കുറച്ചു ഡേറ്റ അനലൈസ് ചെയ്യാൻ ഒരു അമേരിക്കൻ കന്പനിയുമായി കരാറുണ്ടാക്കി എന്നത് വലിയ വിവാദമായി. ഡേറ്റ കൊടുത്തു, അത് വിദേശത്ത് പോയി, അതിന് പതിനായിരം കോടി രൂപയുടെ വിലയുണ്ടായിരുന്നു എന്നൊക്കെ വെണ്ടക്കയും ചർച്ചയും വന്നു. “ഡേറ്റ ഈസ് ദി ന്യൂ ഓയിൽ” എന്ന് ആളുകൾ പലകുറി കേട്ടു. കരാർ റദ്ദാക്കി.
 
ഈ വിവാദത്തിലെ ശരി തെറ്റുകൾ അല്ല എൻറെ വിഷയം. ആ വിവാദം സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന മൈൻഡ് സെറ്റ് ആണ്. ഇന്നിപ്പോൾ ഡേറ്റയുടെ എന്ത് കാര്യം പറയുന്പോഴും സർക്കാർ സംവിധാനത്തിൽ ഉള്ളവർക്ക് പേടിയാണ്. സർക്കാരിൽ ഏതൊക്കെ ഡേറ്റ ഉണ്ടെന്ന് സർക്കാരിന് പോലും അറിയില്ല, അതിൽ വിലയുള്ളതെന്ത്, വിലയില്ലാത്തതെന്ത് എന്നുമറിയില്ല, സർക്കാർ ഡേറ്റ അമേരിക്കൻ കന്പനിക്ക് കൊടുക്കുന്നത് പോയിട്ട് അടുത്ത സർക്കാർ വകുപ്പിന് കൊടുക്കുന്നത് പോലും പൊതുവിൽ നമ്മുടെ ശീലമല്ല. പക്ഷെ ഈ വിവാദം വന്നതോടെ ഡേറ്റ എന്ന വാക്ക് പോലും പേടിപ്പെടുത്താൻ തുടങ്ങി. ഏത് ഡേറ്റ എന്ത് ചെയ്താലാണ് അത് വിവാദമാകുന്നതെന്ന് ആർക്കും അറിയില്ല. ഇത്തരം സാഹചര്യത്തിൽ സർക്കാറിനകത്തുള്ളവർ “പ്ലേ സേഫ്” പരിപാടി എടുക്കും. അതായത് ആ വഴിക്ക് പോകില്ല. സർക്കാർ പ്രോജക്ടുകൾ പിന്തുണക്കില്ല എന്ന് കാണുന്പോൾ സ്വകാര്യ മേഖലയും ആ തരത്തിൽ പ്രോജക്ട് ഉണ്ടാക്കില്ല. സോളാർ വിവാദം സോളാർ രംഗത്തെ പുരോഗതിയെ ബാധിച്ച പോലെ ഡേറ്റ വിവാദം കേരളത്തിലെ നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ വലുതായി ബാധിക്കും, സംശയം വേണ്ട.
 
കേരളത്തിൽ അടുത്ത വർഷം ഡേറ്റ സയൻസിന്റെ അനവധി കോഴ്‌സുകൾ തുടങ്ങുകയാണ്. സ്വകാര്യ മേഖലയിലുള്ള യൂണിവേഴ്സിറ്റികളും ചെറുകിട സ്ഥാപനങ്ങളും ഐ. ഐ. ടി. ചെന്നൈയും ഇപ്പോൾ തന്നെ ഡേറ്റ സയൻസിൽ കോഴ്‌സുകൾ തുടങ്ങി കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ നിന്നും പണം വാരിത്തുടങ്ങി. പക്ഷെ “ഡേറ്റ” എന്ന് കേൾക്കുന്പോൾ “വിവാദം” എന്ന് ഓർമ്മ വരുന്ന നമ്മുടെ ഇപ്പോഴത്തെ മൈൻഡ് സെറ്റ് മാറിയേ തീരൂ. അല്ലെങ്കിൽ ഇവിടെ ഡേറ്റ സയൻസ് പഠിക്കുന്ന വിദ്യാർഥികൾ പുറം നാടുകളിൽ തൊഴിലെടുക്കുകയും നമ്മുടെ നാട്ടിൽ തൊഴിലില്ലാതെ ഇരിക്കുകയും ചെയ്യുന്ന രീതി വരും. (ഇപ്പോൾ തന്നെ ജോഗ്രഫിക്കൽ ഇൻഫോർമേഷൻ സിസ്റ്റം എന്ന കോഴ്സിന് ഈ ഗതിയുണ്ട്, ഐ. എസ്. ആർ. ഓ. യും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്‌നോളജിയും ജി. ഐ. എസ്. പഠിപ്പിക്കുന്ന അനവധി സ്ഥാപനങ്ങളും കേരളത്തിൽ ഉണ്ടെങ്കിലും നമ്മുടെ വിവിധ മേഖലകളിൽ ജി. ഐ. എസിന്റെ സാധ്യതയുടെ ഒരു ശതമാനം പോലും ഉപയോഗിക്കപ്പെടുന്നില്ല, നമ്മുടെ ഒരു പഞ്ചായത്തിലും ഇന്നും ഒരു ജി. ഐ. എസ്. എക്സ്പെർട്ട് ഇല്ല എന്നത് എന്നെ അന്പരപ്പിക്കുന്നുണ്ട്, കൂടുതൽ പിന്നീട് എഴുതാം).
 
അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഈ പതിറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ സാങ്കേതിക മുന്നേറ്റമാണ് നിർമ്മിത ബുദ്ധിയുടെ രംഗത്ത് നടക്കുന്നത്. യു. എ. ഇ. യിൽ നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രമായി ഒരു മന്ത്രി പോലും ഉണ്ട്.
 
അതുകൊണ്ടാണ് നമ്മുടെ മുഴുവൻ നിയമസഭാ സാമാജികർക്കും എന്താണ് നിർമ്മിത ബുദ്ധി എന്താണ് ബിഗ് ഡേറ്റ, എന്ത് സാന്പത്തിക സാദ്ധ്യതകൾ ആണ് അത് തുറക്കുന്നത് എന്നതിനെ പറ്റി ഒന്നര മണിക്കൂർ സെഷൻ എടുക്കണം എന്ന തീവ്രമായ ആഗ്രഹം ഉള്ളത്.
 
മുരളി തുമ്മാരുകുടിയുടെ മോഹങ്ങൾ പൂവണിയുമോ, അടുത്ത നിയമസഭയിൽ നിർമ്മിത ബുദ്ധിയെപ്പറ്റി ചർച്ചകൾ ഉണ്ടാകുമോ?
 
കാത്തിരുന്ന് കാണാം.
 
മുരളി തുമ്മാരുകുടി
 

Leave a Comment