പൊതു വിഭാഗം

ഡീറ്റോക്സ് എന്ന (തട്ടിപ്പ്) ആരോഗ്യ പദ്ധതി

ഒരു വാട്ട്സ്ആപ്പ് ശാസ്ത്ര ലേഖനം തട്ടിപ്പാണോ എന്നറിയാനുള്ള ചില ‘ക്ലൂ’കൾ ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നാസ, യുനെസ്കോ, മയോ ക്ലിനിക്ക് എന്നെങ്ങാനും മെസേജിലുണ്ടെങ്കിൽ ഉടൻ മനസ്സിൽ ബൾബ് കത്തണം ‘ഹാൻഡിൽ വിത്ത് കെയർ’ എന്ന്.
 
ആരോഗ്യ രംഗത്തെ ഒരു ലേഖനമോ ഇന്റർവ്യൂവോ ശ്രദ്ധയിൽ വരുന്പോൾ നോക്കേണ്ട ഒരു വാക്കാണ് ‘ഡീറ്റോക്സ്.’ രണ്ട് വിഷയങ്ങളിലുള്ള ആളുകളുടെ അറിവില്ലായ്മയാണ് ആരോഗ്യ കച്ചവടക്കാർ ഇവിടെ മുതലെടുക്കുന്നത്. ആധുനിക ജീവിത രീതികൊണ്ട് നമ്മുടെ ശരീരത്തിൽ പലവിധ വിഷങ്ങൾ അടിഞ്ഞുകൂടുന്നുവെന്നും പട്ടിണി കിടന്നോ പാവയ്ക്കാ ജ്യൂസ് കഴിച്ചോ ആവണക്കെണ്ണ കുടിച്ച് വയറിളക്കിയോ അത്തരം വിഷങ്ങളെ പുറത്തുകളഞ്ഞാൽ പിന്നെ ആരോഗ്യം വീണ്ടെടുക്കാൻ എളുപ്പമാണെന്നുമാണ് ഡീറ്റോക്സ് വയവസായത്തിന്റെ അടിസ്ഥാന തത്വം. ശരീരത്തിലേക്ക് എത്തുന്ന എല്ലാ ‘രാസ’വസ്തുക്കളും വിഷമാണെന്നും അതിനെ എളുപ്പവഴിയിൽ പുറത്തെത്തിക്കാൻ മാർഗ്ഗമുണ്ടെന്നുമാണ് അവർ പറയുന്നത്. കെമിക്കൽസ് എന്ന് കേൾക്കുന്പോഴുള്ള പേടി ലോകത്തെവിടെയും ഉള്ളതിനാൽ ഈ ഡീറ്റോക്സ് ബിസിനസ്സ് ലോകത്താകമാനം ശതകോടികളുടെ വ്യവസായമാണ്.
 
സത്യത്തിൽ നമ്മൾ സാധാരണ കേൾക്കുന്ന ഈ ‘ഡീറ്റോക്സ്’ ശാസ്ത്രം വെറും തട്ടിപ്പാണ്. ആരോഗ്യ ശാസ്ത്രത്തെപ്പറ്റിയുള്ള ആളുകളുടെ അറിവില്ലായ്മയെ മുതലെടുത്ത് വളരുന്ന ഒരു പ്രസ്ഥാനം. നമ്മൾ കഴിക്കുന്നതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കെമിക്കൽസ് തന്നെയാണ്. ഇതിൽ ശരീരത്തിന് ആവശ്യമില്ലാത്തത് പുറത്തു കളയാൻ ശരീരത്തിന് തന്നെ സംവിധാനങ്ങളുണ്ട്. അല്ലാതെ നമ്മുടെ ജീവിതരീതി കൊണ്ട് ശരീരത്തിൽ അവിടെയും ഇവിടെയും വിഷം നിറഞ്ഞിരിക്കുന്നില്ല. രക്തത്തിലെ കൊഴുപ്പോ, മൂത്രത്തിലെ ഷുഗറോ, കിഡ്‌നിയിൽ എത്തുന്ന ഘനലോഹങ്ങളോ പച്ചവെള്ളം കുടിച്ചതു കൊണ്ടോ വിലപിടിച്ച ചൈനീസ് കൂൺ കഴിച്ചതു കൊണ്ടൊ തിരിച്ചുപിടിക്കാനും പറ്റില്ല.
 
എന്നാൽ ഡീറ്റോക്സ് എന്നൊരു പ്രവർത്തി ശരിക്കും ആരോഗ്യരംഗത്തുണ്ട്. ആളുകൾ അറിഞ്ഞോ അറിയാതെയോ വലിയ തോതിൽ വിഷ വസ്തുക്കൾ (കീട നാശിനികൾ, മരുന്നുകളുടെ ഓവർ ഡോസ്, മെർക്കുറി പോലുള്ള ഘനലോഹങ്ങൾ) വയറ്റിൽ എത്തുന്ന സ്ഥിതിയുണ്ടായാൽ ജീവൻ രക്ഷക്കായി ചെയ്യുന്ന പ്രവർത്തികൾക്കാണ് പൊതുവേ ഡീറ്റോക്സ് എന്ന് പറയുന്നത്. ആക്ടിവേറ്റഡ് കാർബൺ കഴിപ്പിക്കുന്നത് ഇത്തരത്തിൽ ഒരു ഡീറ്റോക്സ് പ്രവൃത്തിയാണ്. ചില സാഹചര്യങ്ങൾ ഘനമൂലകങ്ങളെ വേർതിരിക്കാൻ കഴിവുള്ള ചില രാസവസ്തുക്കൾ (കിലേഷൻ ഏജന്റ്) കൊടുക്കാറുമുണ്ട്. പക്ഷെ ഇത് ആധുനിക വൈദ്യശാസ്ത്രം ഒരാളുടെ ആരോഗ്യനിലയുടെ പ്രത്യേക സാഹചര്യം അറിഞ്ഞു ചെയ്യുന്നതാണ്. വെറുതെ ഇരിക്കുന്ന ആളെ ചിരട്ടക്കരി തീറ്റിച്ച് ഡീറ്റോക്സ് ചെയ്യേണ്ട കാര്യമൊന്നുമില്ല.
 
കപട ശാസ്ത്രക്കാരുടെ ഡീടോക്‌സിൽ ശാസ്ത്രം ഇല്ലെങ്കിലും അതുകൊണ്ട് അപകടം ഒന്നുമില്ലല്ലോ എന്ന് ഒറ്റയടിക്ക് തോന്നാം. ഇതും ശരിയല്ല. ഉദാഹരണത്തിന് ആക്ടിവേറ്റഡ് ചാർക്കോളിന് മലിനജലത്തിൽ നിന്നും പല രാസവസ്തുക്കളേയും വലിച്ചെടുക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് ചില സാഹചര്യങ്ങളിൽ ഡോക്ടർമാർ ഇത് വിഷം വയറ്റിൽ എത്തിയവർക്ക് കൊടുക്കുന്നത്. അതേ സമയം കുഴപ്പമില്ലാത്ത സമയത്ത് ആളുകൾ ചാർക്കോൾ കഴിച്ചാൽ നമ്മുടെ ഭക്ഷണത്തിലുള്ള പല ഘനലോഹങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കളെയും ഇത് വലിച്ചെടുക്കും. ഇവയൊക്കെ ചെറിയ അളവിൽ നമ്മുടെ ശരീരത്തിന് വേണമെങ്കിലും അവ കൂടുതൽ വലിച്ചെടുത്താൽ ആരോഗ്യത്തിന് നഷ്ടമാണുണ്ടാകുന്നത്.
 
സാധാരണഗതിയിൽ ശുദ്ധജലമാണ് നമ്മൾ കുടിക്കേണ്ടതെങ്കിലും ഹൈഡ്രജനും ഓക്സിജനും മാത്രമുള്ള വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം ശരീരത്തിന് കിട്ടേണ്ട ധാരാളം മൈക്രോന്യൂട്രിയന്റ്സ് വെള്ളത്തിലൂടെയാണ് ശരീരത്തിൽ എത്തുന്നത്. അതുകൊണ്ടാണ് കടൽ വെള്ളത്തിൽ നിന്നും ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം നേരിട്ട് കുടിക്കാൻ കൊടുക്കാതെ അത് രാസവസ്തുക്കളുള്ള ജലവുമായി മിക്സ് ചെയ്ത് മൈക്രോന്യൂട്രിയന്റ്സ് ഉണ്ട് എന്നുറപ്പു വരുത്തി വിതരണം ചെയ്യുന്നത്. അതിൻറെ ഇടയിൽ ചിരട്ടക്കരി കൊണ്ട് മൈക്രോന്യൂട്രിയന്റിനെ ഡീറ്റോക്സ് ചെയ്യുന്നത് എത്ര മണ്ടത്തരമാണെന്ന് നോക്കൂ. ഇതിലും കഷ്ടമാണ് ഡീറ്റോക്സ് എന്ന പേരിൽ നമ്മൾ കഴിക്കുന്നത് എന്ത് രാസവസ്തുവാണ്? നമ്മുടെ ശരീരത്തിൽ അത് എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്? എന്നതിനെ പറ്റിയൊന്നും നമുക്ക് ഒരറിവുമില്ലാത്തത്.
 
ഒരു കാര്യം കൂടിയുണ്ട്. ഡീറ്റോക്സ് എന്ന പേരിട്ട് കാപ്സ്യൂൾ ആക്കിക്കഴിഞ്ഞാൽ നമ്മുടെ പറന്പിൽ നിൽക്കുന്ന കൂണ് കിലോക്ക് നാല്പതിനായിരം രൂപക്ക് നാം തന്നെ മേടിക്കുന്ന കഥ ഞാൻ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട്. പണം ബുദ്ധിയുള്ളവരെ തേടുന്നു എന്നൊരു ചൊല്ലുണ്ട്. അതായത് മണ്ടന്റെ കയ്യിലിരിക്കുന്ന പണം അതിവേഗതയിൽ അതിലും ബുദ്ധിയുള്ള മറ്റൊരാളുടെ കൈയിലെത്തും. ഈ ഡീറ്റോക്സ് വ്യവസായം അതിൻറെ ഉത്തമ ഉദാഹരണമാണ്.
 
മുരളി തുമ്മാരുകുടി

Leave a Comment